ഹാൻഡ് ലൂം ഡോർമാറ്റുകളിലൂടെ വരുമാനം നേടാം
സ്വയം സംരംഭകയാകുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ള സ്ത്രീകളിലേക്ക് തൊഴിലും അതോടൊപ്പം സാന്പത്തിക സുരക്ഷിതത്വവും പകരുകയാണ് ആലുവ എടത്തല സ്വദേശി കൊനക്കാട്ടുപറന്പിൽ സജീന സലാം. സജീന സലാമിന്‍റെ നേതൃത്വത്തിലുള്ള ഒന്പതു പേരടങ്ങുന്ന സ്ത്രീകൂട്ടായ്മയാണ് ്ധ ഡോർമാറ്റുകൾ നിർമ്മിക്കുന്നത്.

സംരംഭകയിലേക്ക്

തയ്യലൊന്നും പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം തയ്യൽ അറിയാവുന്നയാളാണ് സജീന. ആ കഴിവ് തന്‍റെ സംരംഭക യാത്രയിൽ മുതൽക്കൂട്ടായെന്ന് സജീന പറയുന്നു. ഭർത്താവ് സലാം വിദേശത്തായിരുന്നു. അൽപ്പം തയ്യലുമൊക്കെയായി സജീന നാട്ടിലും. വിദേശത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷമായതോടെ ഭർത്താവ് സലാം നാട്ടിലേക്ക് തിരിച്ചു പോന്നു. സലാം പുതിയ തൊഴിലൊക്കെ കണ്ടെത്തിയെങ്കിൽ കൂടി അദേഹത്തിന് ഒരു സഹായമാകുന്ന വിധത്തിൽ എന്തെങ്കിലും പഠിക്കണമെന്നും ചെയ്യണമെന്നുമുള്ള ആഗ്രഹം സജീനക്ക് ഉണ്ടായിരുന്നു. തനിക്കു പറ്റിയതെന്തെങ്കിലും വന്നാൽ അറിയിക്കണമെന്ന് പരിചയക്കാരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് കാക്കനാട് ജില്ല വ്യവസായിക കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സുഹൃത്ത് ജില്ല വ്യവസായിക കേന്ദ്രം ഡോർമാറ്റുകളുടെ നിർമ്മാണത്തിൽ ഒരു പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിൽ പങ്കെടുത്തോളു എന്നു പറയുന്നത്.

അങ്ങനെ അതിൽ പങ്കെടുക്കാൻ തന്നെ തീരുമാനിച്ചു. കാലടിയിൽ രാജേഷ് എന്നയാളുടെ കീഴിലായിരുന്നു പരിശീലനം. രണ്ടാഴ്ച്ചത്തെ പരിശീലനത്തിന് മൂന്നു ദിവസം മാത്രമേ സജീന പോയുള്ളു എങ്കിലും എല്ലാം കൃത്യമായി തന്നെ പഠിച്ചു. പിന്നെ വീട്ടിലിരുന്ന് മാറ്റുകൾ ചെയ്യാൻ ആരംഭിച്ചു. പരിശീലനം നൽകിയ ആൾ തന്നെ മെഷീനും മറ്റും എത്തിച്ചു നൽകിയതോടെ അതും എളുപ്പമായി എന്ന് സജീന പറയുന്നു. മൂന്നു വർഷത്തോളം സജീന ഒറ്റക്കു തന്നെയായിരുന്നു ഡോർമാറ്റുകൾ ചെയ്തിരുന്നത്.

വളർച്ചയിലേക്ക്

ചാലക്കുടിയാണ് സജീനയുടെ സ്വദേശം. നാലു വർഷത്തോളമായി എടത്തലയിൽ താമസമാക്കിയിട്ട്. സ്വയം ചെയ്തു തുടങ്ങിയതോടെ ലാഭകരവും സ്ത്രീകൾക്ക് ചെയ്യാവുന്നതുമായ ഒരു തൊഴിലാണ് ഇതെന്നു മനസിലാക്കി സജീന തനിക്ക് ചുറ്റുമുള്ള സ്ത്രീകളെയും തന്‍റെ സംരംഭത്തിൽ പങ്കാളിയാക്കാൻ തീരുമാനിച്ചു. അങ്ങനെ ജില്ല വ്യാവസായിക കേന്ദ്രം വഴി 13.5 ലക്ഷം രൂപ എസ്ബിഐയിൽ നിന്നും വായ്പ എടുത്തു. മുപ്പതു ശതമാനം സബ്സിഡിയോടെയാണ് വായ്പ നൽകിയിരിക്കുന്നത്. കണ്ണൂര് നിന്നുമാണ് മെഷീനറികൾ എത്തിച്ചിട്ടുള്ളത്. പന്ത്രണ്ട് ഹാൻഡ് ലൂം ഡോർമാറ്റ് മെഷീനുകളാണ് സജീനയുടെ യൂണിറ്റിലുള്ളത്. ഹാൻഡ് ലൂം മെഷീനുകളായതിനാൽ ഉൗർജം എന്ന പ്രശ്നം കടന്നു വരുന്നതേയില്ല. 2016 മാർച്ചിലാണ് ചുറ്റുമുള്ള സ്ത്രീകളെക്കൂടി ഉൾപ്പെടുത്തി യൂണിറ്റ് വിപുലീകരിച്ചത്.


സജീനയെക്കൂടാതെ എട്ടു സ്ത്രീകൾകൂടിയുണ്ട് ജോലിക്ക്. ജോലിക്കാരായുള്ള എട്ടു പേരും വീട്ടമ്മമാരാണ്. വീട്ടിലെ പണികൾ തീർത്ത് മക്കളെ സ്കൂളിലയച്ചതിനുശേഷമാണ് ഇവർ ജോലിക്കെത്തുന്നത്. ജോലിക്കെത്തുന്ന സ്ത്രീകളെയെല്ലാം ഡോർമാറ്റ് നിർമ്മാണം പഠിപ്പിച്ചത് സജീനയാണ്. ഒരു ദിവസം ഒരാൾ പരമാധി 28 എണ്ണം വരെ ചെയ്യാറുണ്ടെന്ന് പറയുന്നു. ഈ വീട്ടമ്മമാർക്ക് ശരാശരി ഒരു ദിവസം 250 രൂപവരെ കൂലിയായി കിട്ടും

ആവശ്യക്കാരേറെ

മെഷീനറിക്കും യൂണിറ്റിനും അസംസ്കൃത വസ്തുക്കൾക്കും കൂടിയാണ് 13.5 ലക്ഷം രൂപ ചെലവായതെന്ന് സജീന പറയുന്നു. അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് തയ്യലിനു ശേഷമുള്ള തുണികഷ്ണങ്ങൾ, കോട്ടണ്‍ പഫ് മെറ്റീരിയൽ, ആയിരം മീറ്റർവരുന്ന ബനിയൻ തുണി എന്നിവയാണ്. അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്നതും രാജേഷാണ്. സധാരണയായി മൂന്നടി വീതിയും ആറ് അടി നീളവുമുള്ള കാർപെറ്റുകളാണ് ചെയ്യുന്നത്. ആവശ്യക്കാരുടെ താൽപര്യമനുസരിച്ച് വിവിധ അളവുകളിൽ ചെയ്തു കൊടുക്കും.

കുടുംബശ്രീയുടെയും ഐആർഡിപിയുടെയു മൊക്കെ പ്രദർശനങ്ങളിലും മറ്റുമാണ് ഏറ്റവും അധികവും ഉത്പന്നം ചെലവാകുന്നത്. ഗുണമേൻമക്കാണ് തങ്ങൾ മുൻഗണന നൽകിയിരിക്കുന്നതെന്നും സജീന പറയുന്നു. ഇരുപത് രൂപ മുതൽ 300 രൂപവരെയാണ് മാറ്റിന് വിലവരുന്നത്. ഉപഭോക്താക്കളിൽ കൂടുതലും വീട്ടുകാരാണ്. ചുറ്റുവട്ടത്തുള്ള താമസക്കാരെല്ലാം തന്നെ വന്ന് വാങ്ങിക്കും. ഉപയോഗിച്ചവരിൽ നിന്ന്ു കേട്ടറിഞ്ഞ് പലരും എത്താറുണ്ട്. പ്രദർശനങ്ങളിലും മറ്റും വാങ്ങിച്ചവർ വീണ്ടും അന്വേഷിച്ച് എത്താറുണ്ടെന്നും സജീന പറയുന്നു.

വീടിനടുത്തുള്ള മറ്റൊരു വീടിന്‍റെ ടെറസ് വാടകയ്ക്ക് എടുത്താണ് യൂണിറ്റ് നടത്തുന്നത്. സജീനയുടെ വീട്ടിലാണ് ഉത്പന്നം സ്റ്റോക്ക് ചെയ്യുന്നത്. . വാഷിംഗ് മെഷീനിലും കഴുകി ഉപയോഗിക്കാവുന്നതാണ് ഉത്പന്നം. ഒരുമാറ്റ് ഉണ്ടാക്കാൻ 20 രൂപ ചെലവായാൽ 20 രൂപയോളം തന്നെ അതിൽ നിന്നും ലാഭമായി കിട്ടാറുണ്ടെന്ന് സജീന പറയുന്നു. ബനിയൻ തുണിക്ക് 1000 മീറ്ററിന് കിലോ 55 രൂപ, കട്ടിംഗ് വേസ്റ്റിന് കിലോ 24 രൂപ, പഫ്കോട്ടണ്‍ കിലോ 30 രൂപ എന്നിങ്ങനെയാണ് അസംസ്കൃത വസ്തുക്കളുടെ വില.

സജീനക്കൊപ്പം ഇവരും

ഫിലോമിന ഫ്രാൻസിസ്, വാസന്തി, ഖദീജ, ആബിദ, ലൈല, സുനി, പ്രവിത, നെദീറ എന്നിവരാണ് സജീനക്കൊപ്പമുള്ള എട്ടുപേർ. ഇവരെക്കൂടതെ ഭർത്താവും മക്കളും സജീനക്കൊപ്പമുണ്ട്. ഭർത്താവ് സലാം കാക്കനാട് ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. മൂത്തമകൾ ജെസീന പത്താം ക്ലാസിൽ പഠിക്കുന്നു. ഇരട്ടകുട്ടികളായ സുബഹാനയും സുൽത്താനയും നാലാം ക്ലാസിലും.