ഇപിഎഫ്: ശന്പളക്കാരുടെ നിക്ഷേപാശ്രയം
ജോലിയും ശന്പളവുമൊക്കെയുള്ള നാളുകൾ ഒരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകളുമില്ലാതെ കടന്നു പോകും. പെട്ടന്ന് ഒരു അസുഖം വന്നാൽ, മക്കളുടെ കല്യാണത്തിന്, വിദ്യാഭ്യാസത്തിന്,വീടു വാങ്ങിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കൊക്കെ പണം വേണം. എല്ലാ മാസവും കിട്ടുന്ന ശന്പളത്തെ ചെലവാക്കി തീർത്താൽ ഇത്തരം ആവശ്യങ്ങൾക്ക് എവിടുന്ന് പണം ലഭിക്കും. ഈ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് ജോലിയും ശന്പളവുമൊന്നുമില്ലാത്ത ഒരു കാലം കൂടിയുണ്ടെന്ന് ഓർക്കണം. റിട്ടയർമെന്‍റ് കാലം.
അവിടെ പണം നൽകാനും സഹായിക്കാനും ആരുമുണ്ടാകില്ല. അതുവരെ സന്തോഷത്തോടെ ജീവിച്ചതിനാൽ പല സന്തോഷങ്ങളെയും ഒഴിവാക്കാനും സാധിക്കില്ല. അപ്പോൾ പിന്നെ റിട്ടയർമെന്‍റ് കാലത്ത് സന്തോഷത്തോടെ ജീവിക്കാൻ എന്താണ് വഴി? വഴിയുണ്ട്. ശന്പളം കിട്ടി തുടങ്ങുന്പോൾ മുതൽ റിട്ടയർമെന്‍റിനായി നിക്ഷേപിച്ചു തുടങ്ങുക.
ശന്പളക്കാരായ തൊഴിലാളികൾക്ക് ദീർഘകാലത്തിൽ നിക്ഷേപിക്കാനുള്ള മികച്ച നിക്ഷേപ ഉപകരണമാണ് എംപ്ലോയി പ്രോവിഡന്‍റ് ഫണ്ട്(ഇപിഎഫ്). തൊഴിലാളിയുടെ ശന്പളത്തിൽ നിന്നുള്ള നിശ്ചിത ശതമാനത്തോടൊപ്പം തൊഴിലുടമയുടെ നിശ്ചിത ശതമാനവും കൂടി ഈ നിക്ഷേപത്തിലേക്ക് ചേരുന്നു. മാത്രവുമല്ല, ഇതു നിർബന്ധവുമാണ്.

ഒരാൾ തൊഴിലെടുക്കാൻ ആരംഭിക്കുന്പോൾ മുതൽ ഇപിഎഫിലേക്ക് എല്ലാ മാസത്തെയും വരുമാനത്തിന്‍റെ നിശ്ചിത പങ്ക് നീക്കിവെക്കണം. തൊഴിൽ സ്ഥാപനങ്ങളിൽ നിന്നും ഇപിഎഫിലേക്ക് നിക്ഷേപം നടത്തുന്പോൾ തൊഴിലാളികളുടെ ശന്പളത്തിൽ നിന്നും സ്ഥാപനം തന്നെ ഇപിഎഫിൽ നിക്ഷേപം നടത്തും. ക്രമമായ നിക്ഷേപശീലം തൊഴിലാളികൾ ഉണ്ടാക്കുവാനും ഇതു സഹായിക്കുന്നു.

റിട്ടയർമെന്‍റ് മാത്രമല്ല പല ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റുവാനും ഇപിഎഫ് സഹായിക്കും ഇപിഎഫിലേക്കുള്ള തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം 12 ശതമാനമാണ്. ജോലിക്കാർക്ക് വേണമെങ്കിൽ കൂടുതൽ നിക്ഷേപം നടത്താം. പക്ഷേ, തൊഴിലുടമയുടെ വിഹിതം 12 ശതമാനം തന്നെയായിരിക്കും.

ഇപിഎഫ്ഒ

എംപ്ലോയിമെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനാണ് ഇപിഎഫ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതും അവയെ നടത്തിക്കൊണ്ടുപോകുന്നതും.
ഇതിനൊക്കെപ്പുറമേ ഇപിഎഫ്ഒയും സ്മാർട്ടാകുകയാണ്. അതിനായി എം-ഇപിഎഫ് എന്ന മൊബൈൽ ആപ്ലിക്കേഷൻ, ബാലൻസ് അറിയാൻ മിസ്ഡ് കോൾ, എസ്എംഎസ് സംവിധാനങ്ങൾ. ക്ലെയിമുകൾ പരിഹരിക്കാൻ ഇ-കോർട്ട് സംവിധാനം എന്നിങ്ങനെ ഇപിഎഫിൽ കൊണ്ടു വരുന്ന പരിഷ്കാരങ്ങൾ നിരവധിയാണ്.

അതോടൊപ്പം തന്നെ ഭാഗികമായി തുക പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. വീടുവയ്ക്കാൻ നിക്ഷേപത്തിന്‍റെ 90 ശതമാനത്തോളം പിൻവലിക്കാം തുടങ്ങിയ മാറ്റങ്ങളുമുണ്ട്. സമൂലമായ മാറ്റത്തിലൂടെ പുതുമ നേടുകയാണ് ഇപിഎഫ്.

ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ

ഇപിഎഫ്ഒയാണ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇപിഎഫ് നിക്ഷേപങ്ങളുടെ 2016-17 വർഷത്തെ പലിശ നിരക്ക് 8.65 ശതമാനമാക്കാനുള്ള എംപ്ലോയിമെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ അത് പ്രാബല്യത്തിൽ വന്നു.

തുക പിൻവലിക്കാൻ ലളിതമായ നടപടിക്രമങ്ങൾ

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ആശുപത്രി ചെലവുകൾ, വീടുവാങ്ങിക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇപിഎഫിലെ തുക ഭാഗികമായി പിൻവലിക്കുവാൻ അനുവദിക്കും.
പക്ഷേ അതിനായുള്ള നടപടിക്രമങ്ങൾ നിരവധിയാ യിരുന്നു. തൊഴിലുടമയുടെ ഒപ്പ്, എന്തിനുവേണ്ടിയാണോ പണം പിൻവലിക്കുന്നത് ആ മേഖലയുമായി ബന്ധപ്പെട്ടവരുടെ ഒപ്പ് എന്നിവയെല്ലാം വേണ്ടിയിരുന്നു. എന്നാൽ ഈ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്.
ഇനി മുതൽ ഉപഭോക്താവ് പണം പിൻവലിക്കാൻ അനവധി രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. ഓരോ ആവശ്യത്തിനുമുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അതോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തലും മാത്രം മതി.

ഇരുപതു വർഷമോ അതിനു മുകളിലോ ഇപിഎഫിൽ നിക്ഷേപം നടത്തുന്നവർക്ക് റിട്ടയർമെന്‍റ് കാലത്ത് ലോയാൽറ്റി കം ബെനഫിറ്റായി 50,000 രൂപ വരെ നൽകും. സ്ഥിരമായി അംഗവൈകല്യമുള്ളയാളാണെങ്കിൽ 20 വർഷത്തിൽ താഴെ മാത്രമേ നിക്ഷേപം നടത്തിയിട്ടുള്ളുവെങ്കിൽ കൂടി ഈ തുക നൽകും.

ഇപിഎഫ് തുക 10 ദിവസത്തിനുള്ളിൽ

എംപ്ലോയി പ്രോവിഡന്‍റ് ഫണ്ടിൽ നിന്നും എന്തെങ്കിലും ആവശ്യത്തിനായി തുക പിൻവലിക്കണമെങ്കിൽ ഇനി അത് പത്തു ദിവസത്തിനുള്ളിൽ സാധ്യമാകും. 2015 ജൂലൈയിൽ ഇത് 20 ദിവസമായി കുറച്ചിരുന്നു അതാണ് വീണ്ടും പത്തു ദിവസത്തിലേക്ക് ചുരുക്കിയിരിക്കുന്നത്.

2017 മെയ് ഒന്നിന് ഒരു ഓണ്‍ലൈൻ ക്ലെയിം സെറ്റിൽമെന്‍റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇപിഎഫ് അക്കൗണ്ട് ഉടമകളുടെ ക്ലെയിമുകൾ മൂന്നു മണിക്കൂറിനുള്ളിൽ തീർപ്പാക്കി നൽകാൻ കഴിയും. എന്നാൽ ഇത്തരത്തിൽ നടപ്പിലക്കുന്നതിന് എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ അത് പത്തു ദിവസത്തിനുള്ളിൽ തീർപ്പാക്കും. പ്രവർത്തനങ്ങൾ ഓണ്‍ലൈൻ ആകുന്നതോടെ കൂടുതൽ സുതാര്യമാകുകയാണ് ഇടപാടുകൾ.


പരാതി പരിഹരിക്കാൻ ഇ-കോർട്ട്

ഇതു കൂടാതെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇ-കോർട്ട് മാനേജ്മെന്‍റ് സംവിധാനം കൂടി ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രീതിയിൽ കേസുകൾ കൈകാര്യം ചെയ്യുക കൂടുതൽ സുതാര്യമാകുക എന്നതാണ് ഇതിന്‍റെയും ലക്ഷ്യം. 1952 ലെ ഇപിഎഫ് ആൻഡ് എംപി ആക്ടിലെ കോടതി നടപടി ക്രമങ്ങൾ ഇതോടെ പേപ്പർ രഹിത സംവിധാനത്തിലേക്കു നീങ്ങുകയാണ്. കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ഇത് എളുപ്പമാക്കും.
പരാതിക്കാരൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈലിലേക്ക് അയാളുടെ കേസിന്‍റെ സ്റ്റാറ്റസ് മെസേജ് ലഭ്യമാകും. കൂടാതെ ഓണ്‍ലൈനായി കേസിനെ ട്രാക്ക് ചെയ്യാനും സാധിക്കും.

ആശുപത്രി ആവശ്യങ്ങൾക്കായും ഇപിഎഫ് തുക

1952 ലെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് സ്കീമിലെ 68 ജെ, 68 എൻ എന്നീ ക്ലോസുകൾ ഭേദഗതി ചെയ്താണ് ആശുപത്രി ആവശ്യങ്ങൾക്കു ഇപിഎഫ് തുക പിൻവലിക്കൽ എളുപ്പമാക്കി തീർത്തിരിക്കുന്നത്.

ക്ലോസ് 68 ജെയിൽ നിക്ഷേപകനോ നിക്ഷേപകന്‍റെ ആശ്രിതർക്കോ രോഗം വന്നാൽ ചികിത്സക്കായി ഇപിഎഫ് തുക പിൻവലിക്കാൻ നിശ്ചിത ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി. ഡോക്ടറുടെ സാക്ഷ്യപത്രവും വേണ്ട.
വികലാംഗർക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കാനുള്ള തുക ഇപിഎഫിൽനിന്നു പിൻവലിക്കാം. ഭേദഗതി വന്നതോടെ നിശ്ചിത ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതി. ഭേദഗതി വരുത്തുന്നതിനു മുൻപ് തുക പിൻവലിക്കാൻ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ വേണമായിരുന്നു. നിശ്ചിത ഫോമുകൾ ഇപിഎഫിന്‍റെ പോർട്ടലിൽ നി്ന്നും ലഭിക്കും.

ജോലി മാറിയാലോ ഉപേക്ഷിച്ചാലോ ഇപിഎഫ് അക്കൗണ്ടിന് എന്തു സംഭവിക്കും

ജോലി മാറുകയാണെങ്കിൽ അടുത്ത സ്ഥാപനത്തിൽ ജോലിക്കു കയറുന്പോൾ ഈ ഇപിഎഫ് അക്കൗണ്ട് നന്പർ തന്നെ അവിടെ നൽകുക. ജോലി ഉപേക്ഷിക്കുകയാണെങ്കിൽ അക്കൗണ്ടിലെ തുക വേണമെങ്കിൽ പിൻവലിക്കാം.

ഇപിഎഫ്ഒ അംഗങ്ങൾക്ക് ആധാർ നിർബന്ധം

ഇപിഎഫ്ഒ അംഗങ്ങൾ നിർബന്ധമായും അവരുടെ അക്കൗണ്ടിനോട് ആധാർ നന്പർ യോജിപ്പിക്കണമെന്നു നിഷ്കർഷിക്കുന്നുണ്ട്. അതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. നേരത്തെ ഏപ്രിൽ 30 ആയിരുന്നു അതു ജൂണ്‍ 30 വരെ ഇപ്പോൾ നീട്ടിയിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അംഗങ്ങൾക്ക് സെപ്റ്റംബർ 30 വരെ ആധാർ നൽകാൻ സമയമുണ്ട്.

1995-ലെ എംപ്ലോയി പെൻഷൻ സ്കീമിൽ പുതിയതായി ചേരുന്നവരുടെ ആധാർ നന്പർ തൊഴിലുടമ നൽകണം.

ആധാറുമായി ഇപിഎഫിനെ എങ്ങനെ ബന്ധിപ്പിക്കാം

1. ഇപിഎഫ് പോർട്ടലിൽ യുഎഎൻ നന്പർ ഉപയോഗിച്ച് പ്രവേശിക്കുക.
2. സ്ക്രീനിലെ കെവൈസി ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ ആധാർ നന്പറും ആധാർ കാർഡിലെ പേരും നൽകുക.
4. വിവരങ്ങൾ നൽകിയതിനുശേഷം സേവ് ചെയ്യുക
5. പതിനഞ്ചു ദിവസത്തിനുശേഷം പെൻഡിംഗ് കെവൈസി ഡീറ്റയിൽസ് എന്നുള്ളത് മാറി. അപ്രൂവ്ഡ് കെവൈസി ഡീറ്റയിൽ എന്നായാൽ ആധാറുമായി അക്കൗണ്ടിനെ ബന്ധിപ്പിച്ചു.

സഹോദരങ്ങളുടെ കല്യാണത്തിനും ഇപിഎഫിൽ നിന്നും പിൻവലിക്കാം

ഇപിഫ് അക്കൗണ്ടുള്ള ഒരാൾക്ക് തന്‍റെ ഇപിഎഫിലെ തുക മക്കളുടെ കല്യാണത്തിനെന്നപോലെ സഹോദരങ്ങളുടെ കല്യാണത്തിനായും പിൻവലിക്കാം.
ഇപിഎഫ് അക്കൗണ്ട് തുടങ്ങി ഏഴു വർഷം കഴിഞ്ഞവർക്കേ ഈ സേവനം ഉപയോഗിക്കാനാവൂ. കല്യാണ ആവശ്യത്തിനായി മൂന്നു തവണ പണം പിൻവലിക്കാനുള്ള അവസരവുമുണ്ട്. ഇപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന്‍റെ 50 ശതമാനം വരെയാണ് പിൻവലിക്കാൻ അനുവദിക്കുക. തുക ഒറ്റതവണയായി ലഭിക്കുകയും ചെയ്യും.
ഇപിഎഫ് വെബ്സൈറ്റിൽ ലഭിക്കുന്ന ഫോം നംന്പർ 31 ഇതിനായി പൂരിപ്പിച്ചു നൽകിയാൽ മതി. കൂടാതെ ചടങ്ങിന്‍റെ തീയതി, സ്ഥലം തുടങ്ങിയ വിവരങ്ങളും കല്യാണ ക്ഷണക്കത്തിന്‍റെ ഒരു കോപ്പിയും ഇതോടൊപ്പം നൽകണം.

വീടു വാങ്ങിക്കാൻ നിക്ഷേപത്തിന്‍റെ 90 % വരെ

നാലു കോടിയിലധികം വരുന്ന ഇപിഎഫ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ നിരവധി കാര്യങ്ങൾ ഇപിഎഫ്ഒ ലഭ്യമാക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വീടു വാങ്ങിക്കാനായി നിക്ഷേപത്തിന്‍റെ 90 ശതമാനവും പിൻവലിക്കാമെന്നത്. കൂടാതെ വീടുവാങ്ങിക്കാനുള്ള ഡൗണ്‍ പേമെന്‍റ്, വായ്പ എടുത്ത് വീടുവാങ്ങിക്കുന്നവർക്ക് ഇംഎംഐ അടവ് തുടങ്ങിയവയും ഇപിഎഫ് അക്കൗണ്ടിൽ നിന്നും നടത്താമെന്നുള്ളതാണ് പുതിയ ഭേദഗതി.

നൊമിനിറ്റ ജോസ്