ജി.എസ്.ടി ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലുതും ധീരവും എന്നു വിശേഷിപ്പിക്കാവുന്ന നികുതി പരിഷ്കരണമാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി). 2017 ജൂലൈ ഒന്നിന് ഇതു നിലവിൽ വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
ജിഎസ്ടി വഴി ഒരു പൊതുവിപണി രൂപപ്പെടുമെന്നതും നിലവിലുള്ള നികുതി അടിത്തറ വികസിപ്പിക്കുമെന്നതും ഇന്ത്യൻ സന്പദ്ഘടനയ്ക്ക് രണ്ടു ശതമാനം വളർച്ചയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ലേഖനമെഴുതുന്ന സമയത്തു തന്നെ പത്തു സംസ്ഥാനങ്ങളിൽ സംസ്ഥാന ചരക്കു സേവന നികുതിയെ (സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്– എസ്ജിഎസ്ടി) അംഗീകരിച്ചു കഴിഞ്ഞു. മാത്രമല്ല, നിശ്ചയിക്കപ്പെട്ട ദിവസം തന്നെ ജിഎസ്ടി നിലവിൽ വരും എന്ന കാര്യത്തിൽ നിയമനിർമാണസഭകൾ ശുഭാപ്തി വിശ്വാസം പുലർത്തുകയും ചെയ്യുന്നു.

എക്സൈസ്, വാറ്റ്, സേവന നികുതി തുടങ്ങിയ പല സംസ്ഥാന -കേന്ദ്ര നികുതികളുടെ സ്ഥാനത്ത് ജിഎസ്ടി എന്ന ഒറ്റ നികുതി വരുന്നതോടെ കേന്ദ്ര സംസ്ഥാന നികുതികളെല്ലാം കൂടി ഒറ്റക്കുടക്കീഴിലാകും. ഒരു രാഷ്ട്രം, ഒരു നികുതി’ എന്ന ദർശനമാണ് ഇതിലൂടെ സാക്ഷാത്കൃതമാകാൻ പോകുന്നത്.

ജിഎസ്ടി എന്നത് ഒരു ലക്ഷ്യാധിഷ്ഠിത നികുതി ആണ്. 160-ലധികം രാജ്യങ്ങളിൽ ഈ നികുതി വ്യവസ്ഥ സ്വീകരിച്ചുകഴിഞ്ഞു. ഇൻപുട് ക്രെഡിറ്റ് ക്ലെയിംസിനെ ജിഎസ്ടി ഉത്തമീകരിക്കും. നികുതികളുടെ അതിവ്യാപനത്തിന്‍റെ തീവ്രത കുറയ്ക്കും. എല്ലാ കയറ്റുമതി വസ്തുക്കളുടെയും നികുതി ഒഴിവാക്കാനും ജിഎസ്ടി വഴി സാധിക്കും. ഉല്പാദനം വർദ്ധിപ്പിക്കാനും വിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ചെറുതല്ലാത്ത സംഭാവനയേകാൻ ചരക്കുസേവന നികുതിക്കാകും. മത്സരമേറിയ അന്തർദേശീയ വ്യാപാരമേഖലയിൽ, ഇന്ത്യൻ ചരക്കുകൾക്കും സേവനങ്ങൾക്കും മൂല്യം കൂട്ടാനും നാണയപ്പെരുപ്പം കുറയ്ക്കാനുമെല്ലാം ചരക്കു സേവന നികുതി പ്രയോജനപ്രദമാകും. ജിഎസ്ടി നടപ്പിലാക്കിയാൽ ഓരോ ഉത്പന്നത്തിനും സേവനത്തിനും നാം ഒരു നികുതിയേ അടയ്ക്കേണ്ടി വരൂ.

കച്ചവടക്കാരുടെ ആശങ്കകൾ

ചെറുകിട കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമെല്ലാം ജിഎസ്ടി നടപ്പിലാക്കുന്നത് തങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി ആശങ്കാകുലരാണെന്ന കാര്യത്തിൽ അത്ഭുതപ്പെടേണ്ടതില്ല.

തീരെ താഴേക്കിടയിലുള്ള കച്ചവടക്കാരും നിസ്സാരവസ്തുക്കൾ വിറ്റ് ഉപജീവനം നടത്തുന്നവരും നികുതിയടവിന്‍റെ ഭാരപരിധിക്കുള്ളിൽപ്പെടാതിരിക്കാൻ ജിഎസ്ടി സഹായിക്കും. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ, ഇത്തരത്തിലുള്ള ചെറുകിടക്കാർക്ക് ഒരിക്കലും നികുതിയടക്കേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിക്കാനും ജിഎസ്ടിക്ക് കഴിയും. നികുതി അടയ്ക്കേണ്ടതില്ലാത്തവരുടെ വരുമാന പരിധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്തു ലക്ഷം രൂപയും ഇതരസംസ്ഥാനങ്ങളിൽ ഇരുപത് ലക്ഷം രൂപയുമാണ്.
പഴുതുകളടച്ചുകൊണ്ടുള്ള ക്രെഡിറ്റ് സിസ്റ്റം തുടങ്ങുന്പോൾ ഒഴിവുകളുടെ (എക്സംപ്ഷൻസ്) എണ്ണം കുറയും.

സങ്കീർണ്ണമായ രേഖകളും കണക്കുകളും കൈകാര്യം ചെയ്യുന്നതിന് ഉതകുന്ന അറിവും വൈദഗ്ധ്യവും നേടിയിട്ടില്ലാത്ത നികുതിദായകർക്ക്, ലഘൂകരിച്ച ഒരു പദ്ധതി (കോംപോസിഷൻ സ്കീം) ജിഎസ്ടിയിലൂടെ നല്കപ്പെടുകയാണ്. ചെറുകിട നികുതിദായകർ വിട്ടുവീഴ്ചകൾ, ചെയ്യേണ്ടിവരുന്നതിൽ നിന്നുളവാകുന്ന ഭാരവും കഷ്ടപ്പാടുകളും കുറയ്ക്കുക എന്നതാണ് കോംപോസിഷൻ സ്കീമിന്‍റെ അടിസ്ഥാന തത്വം.
ഈ പദ്ധതിയിൽ ഒരാളിന്‍റെ മൊത്തം വിറ്റുവരവ് ഒരു കോടി രൂപ കവിയുന്നില്ലെങ്കിൽ, ആ വ്യക്തിക്ക് തന്‍റെ സപ്ലൈസിന്‍റെ ഉറപ്പിൽ സംസ്ഥാനത്തെ നിരക്കിന്‍റെ ഒരു നിശ്ചിത റേറ്റിൽ നികുതി അടച്ചാൽ മതിയാകും. ഉദാഹരണത്തിന്, ഒരു ഉത്പാദകന് ഈ പദ്ധതി പ്രകാരം യഥാർത്ഥ നിരക്കിന്‍റെ സ്ഥാനത്ത് അതിന്‍റെ 2 ശതമാനം തുക അടച്ചാൽ മതി.

കോന്പോസിഷൻ പദ്ധതിയുടെ കീഴിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർക്ക് വളരെ കുറച്ച് നിബന്ധനകൾ അനുസരിക്കേണ്ടതായേ വരുന്നുള്ളു. കുറഞ്ഞ തുകമാത്രം അവർ നികുതിയായി അടച്ചാൽ മതിയെന്നതാണ് സാധാരണ നികുതിദായകർക്ക് ഇവിടെ ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനം.

വർഷത്തിൽ 37 റിട്ടേണുകൾ

ഇന്നത്തെ നിയമങ്ങളിൽ നിന്ന് ജിഎസ്ടി രീതിയിലേക്ക് മാറാൻ പോകുന്നത് ഏതാണ്ട് എട്ടു ദശലക്ഷം നികുതിദായകരാണ്. എന്നാൽ ഇവിൽ ഒട്ടേറെപ്പേർക്കും മതിയായ വിഭവങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, ജിഎസ്ടി യോടു ബന്ധപ്പെട്ട നടപടിക്രമങ്ങളെ അഭിമുഖീകരിക്കാനാവശ്യമായ വൈദഗ്ധ്യവും ഉണ്ടാകണമെന്നില്ല.


ഒരു സാധാരണ നികുതിദായകൻ മാസാടിസ്ഥാനത്തിൽ കുറഞ്ഞത് മൂന്നു തവണ റിട്ടേണ്‍സ് സമർപ്പിക്കേണ്ടതാണ്. വർഷത്തിൽ ഒരു തവണ മൊത്തമായ റിട്ടേണ്‍സും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒരു വർഷത്തിൽ ഒരു വ്യക്തി 37 റിട്ടേണ്‍സ് സർക്കാരിലേക്ക് സമർപ്പിക്കണം. അപ്രകാരം ചെയ്യാതിരുന്നതിനാൽ, നികുതിത്തുകയ്ക്ക് പലിശയോ ഫൈനോ രണ്ടും കൂടിയോ നികുതിദായകൻ അടയ്ക്കേണ്ടിവരും.

ചെറുകിട കച്ചവടക്കാരനായ ഒരു നികുതിദായകൻ കണക്കുകൾ വ്യക്തമായി കാണിക്കുന്ന അക്കൗണ്ട് ബുക്കുകളും എല്ലാ ഇടപാടുകളോടും ബന്ധപ്പെട്ട വിവരങ്ങളും അതെല്ലാം തെളിയിക്കാനുള്ള രേഖകളും സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. കോന്പോസിഷൻ സ്കീമിൽ നികുതി അടയ്ക്കേണ്ട വ്യക്തി, മൂന്നു മാസം കൂടുന്പോൾ റിട്ടേണ്‍ സമർപ്പിച്ചാൽ മതി. അങ്ങനെ കണക്കുകളും രേഖകളും സൂക്ഷിക്കുക എന്ന തലവേദനയിൽ നിന്ന് അയാൾ ഒഴിവാകുന്നു. അയാൾക്ക് ബിസ്സിനസ്സിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു. അങ്ങനെ നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട രേഖകളും മറ്റും തയ്യാറാക്കി സമയം നഷ്ടപ്പെടുത്തേണ്ടതുമില്ല. എന്നാൽ ഒരു ടാക്സ് ഇൻവോയ്സ് വിതരണം ചെയ്യാനോ അതിനാൽ തന്നെ അടച്ച നികുതിയിലൂടെ ക്രെഡിറ്റ് എടുക്കാനോ അയാൾക്ക് സാധിക്കില്ല.

അവശ്യസാധനങ്ങൾക്കു വില കുറയും

പൂജ്യം ശതമാനം, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ചരക്കുസേവന നികുതിയുടെ അവസാന സ്ലാബ് റേറ്റുകൾ.

ഈ സ്ലാബുകളും ഇന്നത്തെ നികുതി സന്പ്രദായങ്ങളും കണക്കിലെടുത്തു കൊണ്ട് ജിഎസ്ടി കൗണ്‍സിൽ, വിവിധ ചരക്കുകളെയും വിവിധ സേവനങ്ങളേയും തരം തിരിച്ചിരിക്കുന്നു.
ചരക്കുസേവനനികുതിയിൽനിന്നും അവശ്യസാധനങ്ങളെ ഒഴിവാക്കിയിരിക്കുന്നതിനാൽ, നാണ്യപ്പെരുപ്പനിരക്ക് താഴുക എന്ന സദ്ഫലം ഉണ്ടാകുകയും അതിലൂടെ ഈ നികുതിസന്പ്രദായത്തിന്‍റെ ന· എന്തെന്ന് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുകയും ചെയ്യും. അവശ്യസാധനങ്ങളെ ജിഎസ്ടിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നതിനാൽ ഈ ടാക്സ് സ്ലാബുകൾകൊണ്ട് പല നേട്ടങ്ങളുമുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്കു നയിക്കുക, ദാരിദ്രർക്ക് പോഷകാഹാരം ലഭ്യമാക്കുക തുടങ്ങിയവ ആ നേട്ടങ്ങളിൽ ചിലതുമാത്രം.

രണ്ടാമതായി ഇപ്പോൾ നിലവിലുള്ള സേവന നികുതി ഇളവുകൾ ജിഎസ്ടി നിലവിൽ വന്നാലും ചില മേഖലകളിൽ തുടരും. ഉദാഹരണമായി, കുറഞ്ഞ ചെലവിലുള്ള ഗൃഹനിർമ്മാണം, ഫലേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ചില അന്തർദേശീയ സംഘടനകൾ, തൊഴിൽ നൈപുണ്യം വികസിപ്പിക്കൽ തുടങ്ങിയവ.

ജിഎസ്ടിക്കു ദോഷഫലങ്ങളുമുണ്ട്. കൂടുതൽ തരംതിരിക്കൽ വരുന്പോൾ, അതിനോടു ബന്ധപ്പെട്ട തർക്കങ്ങളും പരാതികളും വർദ്ധിക്കും. തങ്ങളുടെ സേവനമേഖലയെപ്പറ്റിയുള്ള കൃത്യമായ തരംതിരിക്കൽ മറച്ചുവയ്ക്കാനും അതിലൂടെ നികുതി വെട്ടിപ്പു നടത്താനും അനേകം പേർ ശ്രമിക്കാൻ സാധ്യത ഉണ്ട് തുടങ്ങിയ ദോഷഫലങ്ങളിലുൾപ്പെടുന്നവയാണ്.
ചരക്കു സേവന നികുതി നിലവിൽ വരുന്പോൾ അത് സൃഷ്ടിക്കുന്ന തങ്ങളുടെ ബിസിനസിൽ എന്തു ഫലമുണ്ടാക്കുമെന്നു കണ്ടെത്താനും വില, തരംതിരിവ്, നിബന്ധനകകളുടെ പാലിക്കൽ ( കംപ്ളിയൻസ്) തുടങ്ങിയവ തങ്ങളുടെ ക്രയവിക്രയങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താനും നമ്മുടെ രാജ്യത്തെ വ്യാപാരികൾ ഉടനടി ശ്രമിക്കും.
ഇന്നത്തെ പരോക്ഷ നികുതി നിയമവ്യവസ്ഥയിൽ പേര് രജിസറ്റർ ചെയ്തിട്ടുള്ളവരും കൃത്യമായ പാൻ (പെർമനന്‍റ് അക്കൗണ്ട് നന്പർ) ഉള്ളവരുമായ കച്ചവടക്കാർക്ക് ജിഎസ്ടിയിലേക്കു മാറുന്നതിനുള്ള അവസ്സരം ജിഎസ്ടി കൊണ്‍സിൽ ഒരുക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏതു വ്യാപാരിക്കും രജിസ്ട്രേഷനോടു ബന്ധപ്പെട്ട ഒരു താത്ക്കാലിക സർട്ടിഫിക്കറ്റ് ആറുമാസക്കാലാവധിയിൽ നല്കും. ഈ കാലയളവിനുള്ളിൽ വ്യാപാരികൾക്കു സ്ഥിരം സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയും വേണം.

അഡ്വ. സി.എ ഷെറി സാമുവൽ ഉമ്മൻ