എടുക്കാം ആരോഗ്യ ഇൻഷുറൻസ് നേടാം സുരക്ഷിതത്വം
അനിലിന് ഇരുപത്തിമൂന്നാം വയസിൽ ജോലി ലഭിച്ചു. മോശമല്ലാത്ത ശന്പളവും. സുഹൃത്തിന്‍റെ നിർബന്ധം മൂലം ലൈഫ് ഇൻഷുറൻസ് പോളിസിയും ആരോഗ്യ പോളിസിയുമെടുത്തു. അച്ഛനും അമ്മയേയും അനിയത്തിയേയും കൂട്ടിച്ചേർത്തുള്ള ഫ്ളോട്ടർ പോളിസിയാണ് എടുത്താണ്. രണ്ടു വർഷം പോളിസി പുതുക്കി. മുന്നാം വർഷം വന്നപ്പോൾ അനിലിന്‍റെ ചിന്ത മറ്റൊരു വിധത്തിലായി.

രണ്ടു വർഷമായി വെറുതെ പണം അടയ്ക്കുകയാണ്. ആവശ്യം വന്നില്ല. മൂന്നാംവർഷം ആരോഗ്യ പോളിസി പുതുക്കിയില്ല. പ്രശ്നങ്ങളില്ലാതെ ആ വർഷവും കടന്നുപോയി. പെട്ടന്നാണ് അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലായത്. ചെറിയ തുകയിൽ ആശുപത്രി വിട്ടു. താമസിയാതെ തന്നെ വീണ്ടും അച്ഛൻ ആശുപത്രിയിലായി. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് രോഗം മാരകമാണെന്നു കണ്ടെത്തിയത്. ഇതോടെ ചികിത്സാച്ചെലവുകൾ ഉയർന്നുതുടങ്ങി. സാന്പത്തികമായി അത്ര വലിയ സ്ഥിതിയിലൊന്നുമായിരുന്നില്ല അനിലിന്‍റെ കുടുംബം. ചികിത്സയ്ക്ക് കൂടുതൽ പണം വേണ്ടി വന്നതോടെ അവരുടെ സാന്പത്തിക ബുദ്ധിമുട്ടുകളും വർധിച്ചു തുടങ്ങി.
അന്നെടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതുക്കി തുടർന്നിരുന്നുവെങ്കിൽ.... എന്ന് അനിൽ അറിയാതെ ആശിച്ചുപോയി.

ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ് പക്ഷേ...

അനിലിന്‍റെ സ്ഥിതിയിലായ പലരേയും നമുക്കു ചുറ്റുപാടും കാണാനാകും. ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണെന്ന് കരുതുന്പോൾപോലും അത് എത്ര മാത്രം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് പലരും മറുന്നുപോകുന്നു. ഒന്നോ രണ്ടോ മൂന്നോ വർഷം പോളിസി ഉപയോഗിക്കേണ്ടി വന്നില്ല എന്ന കാരണത്താൽ ആരോഗ്യ പോളിസിക്ക് പ്രധാന്യം കൊടുക്കാതിരിക്കരുത്. പുതുക്കലും മറ്റും നീട്ടി വയ്ക്കുന്നതും മറക്കുന്നതും മറ്റും അതിന്‍റെ ഗൗരവം മനസിലാക്കാത്ത തുകൊണ്ടാണ്.

വ്യക്തമായ ധാരണയോടുകൂടിത്തന്നെ വേണം ആരോഗ്യ ഇൻഷുറൻസ് പോളിസികൾ തെരഞ്ഞെടുക്കാൻ. രോഗം വന്ന് മാനസികമായും സാന്പത്തികമായും തകർന്നു പോകുന്ന ഘട്ടത്തിൽ ഒരു സഹായമാണ് ആരോഗ്യ ഇൻഷുറൻസുകൾ. ആരോഗ്യ ഇൻഷുറൻസ് എന്നു കേട്ട ഉടനെ കൂടുതലൊന്നും ചിന്തിക്കാതെ വാങ്ങിക്കുന്നവരുണ്ട്. അങ്ങനെ പെട്ടന്നു വാങ്ങിക്കേണ്ടതുമല്ല ഈ പോളിസികൾ. അതിനാൽ വളരെ ശ്രദ്ധിച്ചു വേണം പോളിസികൾ തെരഞ്ഞെടുക്കാൻ.

പല പോളിസികൾക്കും നിയന്ത്രണങ്ങൾ ഒരുപാടായിരിക്കും. അതെല്ലാം നോക്കി വേണം തെരഞ്ഞെടുപ്പ് നടത്താൻ. നിയന്ത്രണങ്ങൾ അധികമുള്ള പോളിസി തെരഞ്ഞൈടുക്കേണ്ടതില്ല. കാരണം കവറേജിൽ ഇതു വലിയ കുറവ് വരുത്താനിടയുണ്ട്.
കാതൽ പോളിസിയോട് ആവശ്യമില്ലാത്ത പോളസികൾ ( ആഡ് ഓണ്‍ പോളിസി) കൂട്ടിച്ചേർത്ത് പ്രീമിയം കൂട്ടാതിരിക്കാം. പൊതുവായി ഒരു പോളിസി എടുക്കുക. ക്രിട്ടിക്കൽ ഇൽനെസ് പോലുള്ള ഒരു സ്വതന്ത്ര പോളിസി കൂടി എടുക്കാം.

ടോപ് അപ് ഇൻഷുറൻസ് പോളിസി

നിലവിൽ ഒരു ഇൻഷുറൻസ് കവറേജ് ഉള്ളയാൾ അധികമായി എടുക്കുന്ന കവറേജാണ് ടോപ് അപ് ഇൻഷുറൻസ് പോളിസി. തൊഴിൽ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികളിൽ അംഗങ്ങളായിട്ടുള്ളവരാണ് പ്രധാനമായും ടോപ് അപ് പോളിസികൾ തെരഞ്ഞെടുക്കുന്നത്. കാരണം തൊഴിൽ സ്ഥാപനങ്ങളിലെ കവറേജ് വളരെ കുറവായിരിക്കും.

പ്രാഥമികമായി എടുത്തിട്ടുള്ള പോളിസിയുടെ കവറേജ് തുകയ്ക്കു മുകളിൽ പണം ആവശ്യമായി വരുന്പോഴാണ് ടോപ് അപ് പോളിസിയിൽനിന്നു പണം ലഭിക്കുക. ടോപ് അപ് പോളിസിക്ക് പ്രീമിയം കുറവാണ് എന്നതാണ് ആകർഷകമായിട്ടുള്ളത്.

ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ; ഗുരുതര രോഗങ്ങൾക്ക്

വളരെ ഗുരുതരമായ ഒരു രോഗം വന്നാൽ അത് മാനസികമായും സാന്പത്തികമായും ആളുകളെ തളർത്തികളയും. ഇവിടെ പ്രാധാന്യമുള്ള ചില പോളിസികളുണ്ട്. ക്രിട്ടിക്കൽ ഇൽനെസ് പ്ലാനാണ് ഇതിനു പരിഹാരമായുള്ളത്. ഈ പ്ലാൻ വഴി വലിയൊരു തുക തന്നെ ലഭിക്കും. കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കരൾ രോഗങ്ങൾ, കിഡ്നി രോഗങ്ങൾ എന്നിവയാണ് മാരകമായ രോഗങ്ങളിൽ പെടുന്നത്. മികച്ച ഒരു ക്രിട്ടിക്കൽ ഇൽനെസ് പ്ലാനുണ്ടെങ്കിൽ ഈ രോഗങ്ങൾക്കുള്ള കവറേജ് ലഭിക്കും.

മെഡിക്കൽ ചെക്കപ്പ് നടത്തി പോളിസി എടുക്കുക

പോളിസി എടുത്തതുകൊണ്ടു സുരക്ഷിതമായി എന്നു ചിന്തിക്കരുത്. നേരത്തെയുള്ള രോഗങ്ങൾക്കു നിശ്ചിത കാലാവധി കഴിഞ്ഞാലേ കവറേജ് ലഭിക്കുകയുള്ളു. പലരും രോഗം മറച്ചുവച്ചു പോളിസി എടുക്കാറുണ്ട്. പക്ഷേ ക്ലെയിം വരുന്പോൾ തർക്കം ഉയരുകയും ക്ലെയിം നിരാകരിക്കപ്പെടുകയും ചെയ്യാം.

അതിനേക്കാൾ നല്ലത് പോളിസി എടുക്കുന്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുകയെന്നതാണ്. പോളിസ ഉടമയുടെ സുരക്ഷയ്ക്കും അതാണു നല്ലത്. പ്രീമിയം അൽപ്പം കൂടിയാൽപോലും ക്ലെയിം നിരാകരിക്കാനുള്ള സാധ്യത തീരെ കുറയുന്നു.

പോളിസി നേരത്തെ എടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

സമയവും ആർക്കും ഒന്നിനും വേണ്ടിയും കാത്തു നിൽക്കാറില്ല. ആരും ആസൂത്രണം ചെയ്തിട്ടല്ല രോഗങ്ങൾ വരുന്നത്. അതിനാൽ മെഡിക്കൽ കെയർ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും അത്യാവശ്യമാണ്.

നമ്മുടെ ജീവിത ശൈലി തന്നെ കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, ട്യൂമർ, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളിലേക്ക് നയിക്കുന്ന വിധത്തിലുള്ളവയാണ്. അതിനാൽ എത്രയും നേരത്തെ കൃത്യമായ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതാണ് നേട്ടം. പലപ്പോഴും പലരും ചിന്തിക്കും ഒരു 60 വയസൊക്കെയാകുന്പോഴാണ് രോഗങ്ങളൊക്കെ വരിക അതിനാൽ 40 വയസൊക്കെയാകുന്പോൾ പോളിസി എടുക്കാമെന്ന്. പക്ഷേ ആ ധാരണ തെറ്റാണ്. പ്രായമാകുന്തോറും ലഭിക്കുന്ന കവറേജ് കുറയും; അതേസമയം പ്രീമിയം കൂടുതൽ നൽകുകയും വേണം.

ആവശ്യ ഘട്ടങ്ങളിലേക്കുള്ള മികച്ച പ്ലാനിംഗ്

നേരത്തെ ഇൻഷുറൻസ് പോളിസി വാങ്ങിക്കുന്നത് ജീവിതത്തിന ്കൂടുതൽ സുരക്ഷിതത്വം നൽകുന്നതിനു തുല്യമാണ്. ജീവിതത്തിൽ പ്രതീക്ഷിച്ചിരിക്കാതെ ഒരു ദുരന്തമുണ്ടായാൽ കൂടി പിടിച്ചു നിൽക്കാനുള്ള പിടിവള്ളിയാണിത്. മനുഷ്യ ജീവിതം പ്രവചിക്കാനാവാത്തതാണ്. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് ഒരിക്കലും പറയാനാകില്ല. അങ്ങനെയുള്ള സ്ഥിതിക്ക് ഇൻഷുറൻസ്കവറേജ് അനിവര്യമാണ്.

ഏറ്റവും ചെറുപ്പത്തിലെ ആരോഗ്യ പോളിസികൾ എടുക്കുക. മുടക്കം കൂടാതെ അതു പുതുക്കിക്കൊണ്ടിരിക്കുക. ഒരു പോളിസി എടുത്താൽ ജീവിതകാലം മുഴുവൻ കവറേജ് ലഭിക്കുകയും ചെയ്യും.

വെയിറ്റിംഗ് പിരീഡ്

സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് 30 ദിവസം മുതൽ 90 ദിവസം വരെയാണ് വെയിറ്റിംഗ് പിരീഡ്. ഈ കാലഘട്ടത്തിൽ ഒരു തരത്തിലുമുള്ള ക്ലെയിമുകളും ലഭിക്കുന്നതല്ല.

മിക്ക രോഗങ്ങളും പ്രായം കൂടുന്തോറും കൂടെക്കൂടുന്നവയാണ.് അതിനാൽ അവക്കുള്ള മുൻകരുതലാകും നേരത്തെ എടുക്കുന്ന പോളിസികൾ. ഇത്തരം രോഗങ്ങൾക്കുള്ള ചികിത്സകൾ നേടുന്നതോടൊപ്പം സാന്പത്തിക സുരക്ഷിതത്വവും നിങ്ങൾക്കുണ്ടാകും.
ചില രോഗങ്ങളെ ഉൾപ്പെടുത്താൻ ചില പോളിസികൾക്ക് കാലതാമസമുണ്ട്. ഉദാഹരണത്തിന് പ്രമേഹം ഉള്ളയാളാണ് പോളിസി എടുക്കുന്നത് എന്നിരിക്കട്ടെ അതിനു കവറേജ് ലഭിക്കുവാൻ നാലു വർഷത്തെ കാലതാമസമെങ്കിലും വരും. അതുവരെയുള്ള ചികിത്സക്കുള്ള ചെലവുകൾ സ്വയം മുടക്കേണ്ടി വരും. അതിനാൽ കുറഞ്ഞ കാലതാമസം വരുന്ന പോളിസികളെ തെരഞ്ഞെടുക്കുക.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, അപ്പോളോ മ്യൂണിച്ച്, മാക്സ് ബുപ, റെലിഗർ, ടിടികെ എന്നിവ ഇത്തരത്തിൽ കുറഞ്ഞ കാലതമാസമുള്ള പോളിസികളാണ്. കൂടാതെ ഇവക്ക് പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് പ്രത്യേകം ഇൻഷുറൻസ് പോളിസികളും മെറ്റേണിറ്റി പോളിസി, നവജാത ശിശു കവറേജ് എന്നിവയുമുണ്ട് അതിനാൽ ഉചിതമായ ഹെൽത്ത് ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുക എന്നുള്ളതാണ് ഭാവിയെ സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല വഴി.

നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും വരുന്നതിനായി കാത്തിരിക്കരുത്. ഇപ്പോൾ എടുക്കുന്ന തീരുമാനം ജീവിതത്തിൽ എല്ലാ കാലത്തും നിങ്ങളെ സ്വാധീനിക്കും. അതിനാൽ എത്രയും നേരത്തെ ഉചിതമായ തീരുമാനമെടുക്കുക.

കവറേജിനു മുൻഗണന നൽകാം

പലപ്പോഴും കുറഞ്ഞ പ്രീമിയം ഉള്ള പോളിസികൾ തെരഞ്ഞെടുക്കാനാണ് പലരും തയാറാവുക. പക്ഷേ, പ്രീമിയം കുറയുന്പോൾ കവറേജും കുറയുമെന്നോർക്കണം. ചെറിയ നഗരങ്ങളിലും മറ്റും മൂന്നു മുതൽ അഞ്ചു ലക്ഷം രൂപയുടെ കവറേജ് മതിയാകും. പക്ഷേ, മെട്രോ നഗരങ്ങളിലേക്ക് എത്തുന്പോൾ ചികിത്സചെലവ് ഇതിന്‍റെ ഇരട്ടിയായിരിക്കും. കവറേജ് തുക എത്രയാണെന്നുള്ളതും ഇന്നത്തെ ചികിത്സചെലവുകൾ എത്രയാണെന്നുള്ളതും താരതമ്യം ചെയതു വേണം പോളിസി തെരഞ്ഞെടുക്കാൻ.
ഒരു ശതമാനം മുറിയുടെ വാടക, രണ്ടു ശതമാനം ഐസിയു വാടക എന്നിങ്ങനെയുള്ള തരംതിരിവുകൾ കവറേജിലുണ്ടാകാം. എല്ലാ ആശുപത്രികളിലും റൂമിന്‍റെ വാടകയും മറ്റ് ചെലവുകളുമായി ഒരു ബന്ധമുണ്ടാകും. റൂമിന്‍റെ വാടക പറഞ്ഞിരിക്കുന്ന പോളിസിക്കു മുകളിലായാൽ മറ്റു ചെലവുകൾക്കു നൽകുന്ന തുകയിലും കുറവു വരും. അതിനാൽ പോളിസി എടുക്കുന്പോൾ തന്നെ ഏതൊക്കെ വിധത്തിലാണ് തരംതിരിച്ചിരിക്കുന്നതെന്ന് മനസിലാക്കണം.തരംതിരിവുകൾ ഇല്ലാത്ത പോളിസികൾ തെരഞ്ഞെടുക്കാൻ കഴിവതും ശ്രമിക്കുക.

ഒരു കന്പനിയിലെ ജോലിക്കാരനാണ് നിങ്ങൾ. നിങ്ങൾക്ക ് അവിടെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും മറ്റൊരു പോളിസി കൂടി എടുത്ത് വയ്ക്കുന്നത് നല്ലതാണ്. കാരണം കന്പനികൾ നൽകുന്ന ഇൻഷുറൻസ് കവറേജ് വളരെ തുച്ഛമാണ്. കൂടാതെ അവിടെ ജോലി എടുക്കുന്ന കാലത്തു മാത്രമേ കവറേജ് ലഭിക്കുകയുമുള്ളു. കന്പനിയിൽനിന്നു ലഭിക്കുന്ന കവറേജിനു പുറമേ ഫാമിലിക്കു വേണ്ടിയുള്ള ഫ്ളോട്ടർ പോളിസി കൂടി എടുക്കുക.

കുടുംബത്തിനു ഫ്ളോട്ടർ പോളസി

കുടുംബത്തിലെ മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾക്കുവരെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ സഹായിക്കുന്ന പോളിസയാണ് ഫ്ളോട്ടർ പോളിസി. വ്യക്തിഗത പോളിസികൾ എടുത്താൽ കുടുംബത്തിലെ പോളിസി എടുക്കുന്ന ആൾക്കു മാത്രമേ കവറേജ് ലഭിക്കു.എന്നാൽ ഫ്ളോട്ടർ പോളിസി വഴി കുടുംബത്തിലെ എല്ലാവർക്കും കവറേജ് ലഭിക്കും.
വർഷത്തിൽ ഓരോ അംഗങ്ങൾക്കും കവറേജ് തുകയ്ക്കുള്ള ചികിത്സ നേടുവാൻ സാധിക്കും. അതായത് കുടുംബത്തിലെ ഒരാൾക്ക് ചികിത്സ നേടി കഴിഞ്ഞ് മറ്റൊരാൾക്ക് ആവശ്യം വന്നാലും അത് പ്രശ്നമല്ല എന്നർത്ഥം. എന്നാൽ വളരെ മുതിർന്ന പൗരൻമാരോ, നിലവിൽ രോഗമുള്ളവരോ ഉണ്ടെങ്കിൽ അവർ വ്യക്തിഗത പോളിസികൾ എടുക്കുന്നതാണ് നേട്ടം.

കുടുംബത്തിനായി ഫ്ളോട്ടർ പ്ലാനുകൾ തെരഞ്ഞെടുക്കാം. കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കി കവറേജു ലഭിക്കുന്നതിനാൽ പ്രീമിയം കുറയും.

കോ-പേ: ആശുപത്രി ചെലവുകളുടെ ഒരു നിശ്ചിത ശതമാനം സ്വന്തം പോക്കറ്റിൽ നിന്നും അടയ്ക്കാവുന്ന രീതിയാണ് കോ-പേ. പ്രീമിയത്തിൽ കുറവു വരുത്താനാണ് ഇപ്രകാരം ചെയ്യുന്നത്. കോ-പേ സംവിധാനമില്ലാത്ത പോളിസകളാണെങ്കിൽ ഉയർന്ന പ്രീമിയം നൽകേണ്ടി വരും.

കവറേജ് വീണ്ടും ലഭിക്കുന്നു: ചില പോളിസികൾ ഒരു വർഷം തന്നെ രണ്ടു ചികിത്സകൾക്കായി കവറേജ് നൽകാറുണ്ട്. ഉദാഹരണത്തിന്, ഒരു രോഗം വന്നു അതിന്‍റെ ചികിത്സക്കായി കവറേജ് പൂർണമായും ഉപയോഗിക്കേണ്ടി വന്നു. അതേ വർഷം തന്നെ നേരത്തെ ചികിത്സിച്ച രോഗവുമായി ബന്ധമില്ലാത്ത രോഗം വന്നു. ചില പോളിസികൾ അനുസരിച്ച് വീണ്ടും നിങ്ങൾക്ക് കവറേജ് ലഭിക്കും.
ക്ലെയിം ബോണസ്: ചില ഇൻഷുറൻസ് പോളിസികൾ ക്ലെയിം ഒന്നും ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ബോണസ് ലഭിക്കുന്നതായിരിക്കും. ഇത് ആകെ തുകയിൽ വർധനവുണ്ടാക്കും.

ഫ്രീ ലുക്ക് പിരീഡ്: എല്ലാ ഇൻഷുറൻസ് പോളിസിക്കും ഒരു ഫ്രീ ലുക്ക പിരീഡ് ഉണ്ട്. ഐആർഡിഎ ഹെൽത്ത് ഇൻഷുറൻസ് റെഗുലേഷൻസ്(2016) ൽ 15 ദിവസം ഉപഭോക്താവിന് നിബന്ധനകളും മറ്റും വായിച്ചു മനസിലാക്കാൻ സമയം നൽകണമെന്ന് പറയുന്നുണ്ട്.

പോളിസി മറ്റൊരു കന്പനിയിലേക്ക് മാറ്റാം: ഇനി നിലവിലുള്ള പോളിസി തൃപ്തകരമല്ല എന്നിരിക്കട്ടെ. എങ്കിൽ ആ പോളിസിയെ മറ്റൊരു കന്പനിയിലേക്ക് മാറ്റുവാനുള്ള അവസരവുമുണ്ട്.