ശാന്തി ജയയുടെ കാവ്യസഞ്ചാരം
സാധാരണകാഴ്ചയ്ക്ക് ദൃശ്യമാകാത്ത ഒരന്വേഷണത്തിെൻറ വഴിയിലൂടെയാണ് യുവകവി. ശാന്തി ജയയുടെ കാവ്യസഞ്ചാരം. ആ ഏകാന്തസഞ്ചാരത്തിനിടയിൽ കവി കണ്ടെടുക്കുന്ന സത്യങ്ങൾക്കു ചിലപ്പോൾ മനുഷ്യരക്തത്തിെൻറ ചവർപ്പുണ്ടാകും, നിലവിളികളിൽ ഉറഞ്ഞുപോയ കണ്ണീരിെൻറ സമുദ്രം വറ്റിക്കിടക്കുന്നുണ്ടാവും. സ്വയം കലഹിച്ചും ഇടയ്ക്ക് ആത്മാവിെൻറ കാണാക്കയങ്ങളിൽ ഉൗളിയിട്ടും ശാന്തി സൃഷ്ടിച്ച കവിതകൾ ഇന്നു കാവ്യലോകം ചർച്ചചെയ്യുകയാണ്. കേരളസാഹിത്യ അക്കാദമിയുടെ 2015 ലെ കനകശ്രീ എൻഡോവ്മെൻറ് അവാർഡ് ശാന്തിയുടെ ഈർപ്പം നിറഞ്ഞ മുറികൾത്സക്കു ലഭിച്ചത്, ഒരുപക്ഷേ അതിനൊരു നിമിത്തം മാത്രമായിരിക്കാം. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്ന വലിയ ഉത്തരവാദിത്വത്തിൽ നിന്നും കവിയുടെ അന്തമില്ലാത്ത അലച്ചിലുകളിലേക്കും, തിരിച്ചും കൂടുവിട്ടു കൂടുമാറുന്ന ശാന്തി, അവാർഡിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെക്കുറിച്ചും സ്വന്തം കാവ്യവിചാരങ്ങളെക്കുറിച്ചും പറയുന്നു...

* ഈർപ്പം നിറഞ്ഞ മുറികൾ എന്ന ആദ്യ കവിതാസമാഹാരത്തിെൻറ ആമുഖത്തിൽ കവി തന്നെ എഴുതിയതുപോലെ, സ്വന്തം മനസിെൻറ അസ്വാസ്ഥ്യങ്ങൾക്കുള്ള മറുമരുന്നാണോ കവിത?

കവിത ആത്യന്തികമായ ഒരു പരിഹാരമല്ല, അതെനിക്ക് ആഭ്യന്തരമായ ഒരു അനിവാര്യതയാണ്. അരക്ഷിതവും അനിശ്ചിതവുമായ ചില നിമിഷങ്ങളിൽ രക്ഷയായിട്ടുണ്ട്. ചിലപ്പോൾ എങ്ങുമെത്താത്ത അന്വേഷണം. മാനസിക ജീവിതത്തിെൻറ ഫോട്ടോസ്റ്റാറ്റല്ല എെൻറ കവിത. എനിക്കുതന്നെ പൂർണമായും വെളിപ്പെട്ടിട്ടില്ലാത്ത ഒരു സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താനും കൂടിയാണ് ഞാനെഴുതുന്നത്.

* കവിതയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഏകാന്തത കവിയുടെ തന്നെ ജീവിതത്തിെൻറ സാക്ഷ്യപത്രങ്ങളല്ലേ?

ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനു തൊട്ടുമുന്പ് അണുകുടുംബത്തിെൻറ ഏകാന്തതയിൽ ബാല്യം ചെലവഴിച്ച ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ. കൃത്യമായി പറഞ്ഞാൽ എണ്‍പതുകളുടെ അന്ത്യത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും. ഇപ്പോൾ തൊഴിലിെൻറ ഭാഗമായി അധികസമയവും മനുഷ്യരുടെ ഇടയിലാണ്. ആന്തരികമായി ഞാൻ ഏകാകിയാണ്, അന്നും ഇന്നും.

* ജീവിതത്തിെൻറയും എഴുത്തിെൻറയും ആഘോഷങ്ങളേക്കാളേറെ സ്വപ്നഭംഗങ്ങളും മരണവുമാണ് പല കവിതകളിലും കടന്നുവരുന്നത്. കവി എന്ന നിലയിലും ആസ്വാദകയെന്ന നിലയിലും ഇതിനെ എങ്ങനെയാണ് കാണുന്നത്?

ആഘോഷങ്ങളല്ല, സ്വപ്നഭംഗങ്ങളും മരണവുമാണ് എെൻറ ജീവിതത്തിെൻറ ഗതി നിശ്ചയിച്ചത്. അതുകൊണ്ടാകാം കവിതകളിലും അവ കടന്നുവരുന്നത്. ആസ്വാദകയെന്ന നിലയിൽ ട്രാജഡികൾ വായിക്കാനാണ് കൂടുതൽ ഇഷ്ടം.

കവിതയുടെ വഴികൾ

ആദ്യമായി മണലിലും സ്ലേറ്റിലും കടലാസിലും മലയാളത്തിലും ഇംഗ്ലീഷിലും എന്നെ അക്ഷരം ശീലിപ്പിച്ചത് അച്ഛനാണ്. ആറാം വയസിൽ ഒന്നാം ക്ലാസിൽ ചേരും മുന്പ് പ്രീപ്രൈമറി ക്ലാസുകളിലൊന്നും പോയിട്ടില്ല. അച്ഛനും അയും നല്ല വായനാശീലമുള്ളവരായിരുന്നു. എഴുതാൻ പഠിക്കും മുന്പേ കേട്ട കഥകളിലും കവിതകളിലും എെൻറ സമാന്തരജീവിതത്തിന് വേരുകളുണ്ടാവാം.

ചിത്രകലയോ നൃത്തമോ ഉപകരണസംഗീതമോ പരിശീലിക്കാൻ ആഗ്രഹിച്ചെങ്കിലും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വായിക്കാറായപ്പോൾ പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. മരണതുല്യമായ ഏകാന്തതയെ മറികടക്കാൻ സാഹിത്യം സഹായകമായി. കവിതകൾ വായിച്ച് അതിൽ ജീവിക്കുന്ന ദുഃശീലം ആ ഘട്ടത്തിൽ എനിക്ക് രക്ഷയായി. കഥയും കവിതയും നോവലുമൊക്കെ ഡയറികളിൽ എഴുതി വയ്ക്കാറുണ്ടായിരുന്നു.

ഏഴാം ക്ലാസിൽ പഠിക്കുന്പോൾ യുപി സ്കൂളിെൻറ എതിർവശത്തുള്ള കടത്തിണ്ണയിൽ ഒരു കൈലിമുണ്ടുമുടുത്ത് വൈകുന്നേരം റോഡിലേക്ക് നോക്കി നിൽക്കാറുള്ള സാധാരണക്കാരനായ ആ വൃദ്ധനാണ് വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള എന്ന് മനസിലാക്കിയ ആ ദിവസമാണ് മുഷിഞ്ഞ യൂണിഫോമും കാലിൽ വള്ളിച്ചെരിപ്പുമിട്ട സാധാരണക്കാരിയായ എനിക്കും ഒരെഴുത്തുകാരിയായാൽ കൊള്ളാമെന്ന് ആദ്യമായി തോന്നിയത്.

* പഴയകാല കാൽപനിക കവി ബിംബങ്ങളെ തച്ചുടയ്ക്കുന്ന ഒരു എഴുത്തുരീതി ശാന്തിയുടെ കവിതകളിൽ കാണാം. മരണം കവിതയോടു ചെയ്യുന്നത് എന്ന കവിതയിലൂടെ എഴുത്തിലെ പാരന്പര്യം തിരയുന്നവരുടെ കരണത്തൊരടിയും കവി നൽകുന്നുണ്ട്. അതിനെക്കുറിച്ച്?

എെൻറ ആദ്യകാല കവിതകളിൽ പൂർവ കവികളുടെ സ്വാധീനമുണ്ട്. സ്വന്തമായ ശൈലി രൂപപ്പെടുന്നതിനു മുന്പ് എഴുതപ്പെവയാണ് ആദ്യപുസ്തകത്തിലെ പല കവിതകളും. അതിനു ശേഷം ജീവിതത്തിലും എഴുത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

കലാരംഗത്തു മാത്രമല്ല സാഹിത്യത്തിലും ജാതി പോലെ തന്നെ പാരന്പര്യവും ഒരു പ്രധാന ചോദ്യമാണ്. പ്രത്യേകിച്ചും എഴുതുന്നത് സ്ത്രീകളാകുന്പോൾ. മലയാളത്തിലുള്ള ഏത് കവിതാപഠനം വായിച്ചുനോക്കിയാലും അറിയാം ആണ്‍കവികളെപ്പറ്റി മുക്കാൽ പേജും എഴുതി നിറച്ചിട്ട് കവയത്രികളെ കുറിച്ചുള്ള പരാമർശങ്ങൾ അവസാനത്തെ രണ്ടു ഖണ്ഡികകളിൽ ഒതുക്കുന്ന ഒരു രീതിയാണ് മിക്ക നിരൂപകരും പിന്തുടരുന്നത്. ഭൂരിപക്ഷം നിരൂപകരും എഡിറ്റർമാരും പ്രസാധകരുമൊക്കെ പുരുഷ·ാരല്ലേ. ഈ സമൂഹം ശീലിപ്പിക്കുന്ന ആണധികാര ബോധം അവരുടെ വായനയിലും കടന്നുവരുന്നുണ്ടാവാം.

* കവിതയിലൂടെ കവികളോ കവയത്രികളോ ഇതുവരെ വരച്ചിടാത്ത ഒരു പെണ്‍ചിത്രമാണ് ശാന്തിയുടെ കവിതയിൽ കാണുന്നത്. കാളിദാസനും രാജാരവിവർമയും സ്ത്രീക്കു നേരേ പ്രതിഷ്ഠിച്ച നിലക്കണ്ണാടികൾ കൂർത്ത കല്ലെടുത്ത് എറിഞ്ഞു തകർക്കാനുള്ള കരുത്ത് എവിടെ നിന്നാണ് വരുന്നത്?

ഇന്ത്യൻ പൊതുസമൂഹത്തെ ഏറ്റവും ശക്തമായി സ്വാധീനിക്കാൻ കെൽപുള്ള ജനപ്രിയ ദൃശ്യമാധ്യമങ്ങളും ചലച്ചിത്ര ഗാനങ്ങളും മുന്നോട്ടുവയ്ക്കുന്ന സ്ത്രൈണ സൗന്ദര്യ സങ്കല്പങ്ങളുടേയും സവർണ സദാചാര മൂല്യങ്ങളുടേയും അടിവേരുകൾ തേടിച്ചെന്നാൽ രാജാ രവിവർയിലും കാളിദാസ മഹാകവിയിലുമാണ് അവ ചെന്നുചേരുന്നതെന്ന് കാണാം. വാർപ്പ്മാതൃകകളെ സൃഷ്ടിച്ച് യഥാർഥ ജീവിതത്തിൽ സ്ത്രീയുടെ ശാരീരികവും വൈകാരികവും ബൗദ്ധികവുമായ വളർച്ചയെ പുരുഷകാമനകൾ നിശ്ചയിക്കുന്ന രീതിയിൽ നിയന്ത്രിച്ച്, ശരിയായ വ്യക്തിത്വ വികസനത്തിനുള്ള സാദ്ധ്യതകളെല്ലാം റദ്ദ് ചെയ്യുംവിധം സമൂഹത്തിെൻറ അബോധത്തിൽ പ്രവർത്തിക്കുന്ന ഹിംസാകതയാണ് പുറമേ നിഷ്കളങ്കമെന്ന് തോന്നിക്കുന്ന ഈ സൗന്ദര്യബോധം. ഇനി ഏറ്റവും വലിയ വിപ്ലവം നടക്കേണ്ടത് ഇന്ത്യൻ സ്ത്രീയുടെ മനസിലാണ്. നട്ടെല്ല് വളച്ച് കുനിഞ്ഞ് നിൽക്കുന്ന അൻപത്തിയെട്ട് കോടി മനുഷ്യർക്കു വേണ്ടി കവിതയിലൂടെ ഒരു കല്ലെങ്കിലും വലിച്ചെറിയുന്നില്ലെങ്കിൽ പിന്നെ എഴുതുന്നതു കൊണ്ട് എന്തർഥമാണുള്ളത്.


* യമുനാതീരത്തിനും പവിഴക്കൽപടവുകൾക്കും പകരം വിഷപ്പൂക്കളും, നിദ്രയുടെ ഉപ്പുവെള്ളവുമൊക്കെയാണല്ലോ കവി കാണുന്നത്. ചങ്ങന്പുഴയുടെയും വയലാറിെൻറയുമൊക്കെ കാലഘട്ടത്തിലെ പൂക്കളിറുത്തിട്ട് വഴികളിൽ നിന്നും വളരെ മാറിക്കഴിഞ്ഞോ വർത്തമാന പ്രണയകാലം?

ചങ്ങന്പുഴയുടെയും വയലാറിെൻറയും ഒക്കെ പൂക്കളിറുത്തിട്ട് വഴിയിൽ നിന്ന് മലയാളകവിതയും, അതിലെ പ്രണയസങ്കൽപങ്ങളുമെല്ലാം ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആറ് മലയാളിക്ക് നൂറു മലയാളം എന്നു പറയുന്ന ആ ബഹുസ്വരത സാഹിത്യത്തിലും പ്രതിഫലിച്ചു തുടങ്ങി. ഇന്ന് ഏറ്റവും അധികം പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ഏറ്റവും കൂടുതൽ പാരന്പര്യവാദം നിലനിൽക്കുന്നതും കവിതയിലാണ്. വൃത്തത്തിലെഴുതാൻ കഴിയുന്നവരേ കവിതയെഴുതാവൂ എന്ന് ശഠിക്കുന്നവരും പദ്യത്തിലുള്ളതൊന്നും കവിതയേയല്ല എന്നു വാദിക്കുന്നവരുമുണ്ട്. കവിതയുടെ രൂപത്തെ സംബന്ധിച്ച് ഇത്തരത്തിലുള്ള തീവ്ര നിലപാടുകളൊന്നും എനിക്കില്ല. എഴുതാൻ തോന്നുന്നതുപോലെ എഴുതുന്നു. അത്രമാത്രം.

* ഇത്ര കടുത്ത ഭാഷയിൽ പ്രണയത്തെക്കുറിച്ച് എഴുതാൻ കഴിയുന്നതെങ്ങനെയാണ്?

തീക്ഷ്ണവും ഹൃദയഭേദകവുമായ വികാരമാണ് എനിക്ക് പ്രണയം. അതിെൻറ യഥാർഥ പ്രകൃതത്തെ ഉൾക്കൊള്ളാൻ മാത്രം എെൻറ ഭാഷ ഇപ്പോഴും വളർന്നിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്.

* അവാർഡിനൊപ്പം വിവാദങ്ങളും. നിനച്ചിരിക്കാതെ അവാർഡ് കിട്ടിയപ്പോഴാണോ, ആരോപണങ്ങളും വിവാദങ്ങളും ഉയർന്നപ്പോഴാണോ കവി ശരിക്കും ഞെട്ടിയത്?

പുരസ്കാരം കിട്ടുന്പോൾ സാഹിത്യകൃതികളോ രചയിതാക്കളോ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. അതിൽ കൂടുതൽ പ്രാധാന്യം പുരസ്കാരങ്ങൾക്കോ വിവാദങ്ങൾക്കോ ഇല്ല. കുമാരനാശാൻ പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് പട്ടും വളയും സ്വീകരിച്ചതിന്‍റെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ആ അവാർഡിെൻറയോ വിവാദങ്ങളുടെയോ പേരിലല്ലല്ലോ മലയാള ഭാഷ ആശാനെ ഓർമിക്കുന്നത്. വിദ്യാർത്ഥി ജീവിത ത്തിനു ശേഷം ഒരു കവിതയും ഒരു പുരസ്കാരത്തിനും സമർപ്പിച്ചിട്ടില്ല എന്ന് പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്.

* പുസ്തകം പിൻവലിക്കാനുള്ള കാരണം?

പുസ്തകം പിൻവലിക്കുക എന്ന പ്രവൃത്തിയിലൂടെ ഞാൻ പൂർവാശ്രമത്തിലെ കവിതകളെ ഒന്നടങ്കം തള്ളിപ്പറയുകയായിരുന്നില്ല. ചില ബാല്യകാല രചനകളുൾപ്പെടെ അൻപതിലേറെ കവിതകളാണ് ആ പുസ്തകത്തിൽ ഉണ്ടായിരുന്നത്. പിന്നീട് വായിച്ചപ്പോൾ പല കവിതകളും ഒഴിവാക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായി. ചില കവിതകളിലെ ചില വാക്കുകൾ, വരികൾ, ശീർഷകങ്ങൾ അങ്ങനെ പലതിലും അതൃപ്തി തോന്നി. എെൻറ മനസിെൻറ സ്വസ്ഥതയ്ക്കുവേണ്ടി മാത്രമല്ല, വായനക്കാരോട് ബഹുമാനമുള്ളതു കൊണ്ടുകൂടിയാണ് വലിയ സാന്പത്തിക നഷ്ടം സഹിക്കേണ്ടിവരുമെന്നറിഞ്ഞിട്ടും അങ്ങനൊരു തീരുമാനമെടുത്തത്. ഏതാനും മാസങ്ങൾക്ക് ശേഷം പുതിയ കവിതകളുടെ സമാഹാരം പുറത്തിറങ്ങും. അതിൽ ഈർപ്പം നിറഞ്ഞ മുറികളിലെ കവിതകൾ കൂടി ഉൾപ്പെടുത്തുന്നുണ്ട്.

* ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്നു സ്വയം വിശേഷിപ്പിച്ചതിനെക്കുറിച്ച്?

കേരളീയ പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യോൽപന്നം എന്ന നിലയിൽ കവിത തികച്ചും അനാവശ്യമാണ്. ഇടയ്ക്ക് അവാർഡുകളൊക്കെ കൊടുക്കുമെന്നല്ലാതെ കവിതയ്ക്ക് യാതൊരു പ്രാധാന്യവും ഇവിടെ ഉണ്ടായിട്ടില്ല.

1954 ലാണ് ഇടശേരിയുടെ കുറ്റിപ്പുറം പാലം പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിനു ശേഷം ഇന്നോളം എത്രയോ കവികൾ പരിസ്ഥിതി നാശത്തിനെതിരേ ശക്തമായ വേദനയോടെ എഴുതുന്നു. ഇന്നും സർക്കാരിെൻറ മൗനാനുവാദത്തോടെ സഹ്യപർതത്തിെൻറ അടിവേര് മാന്തുകയല്ലേ? കൊക്കകോള ഉൾപ്പെടെയുള്ള ജലമാഫിയ ഇവിടെ ശക്തമല്ലേ? ഹരിത പക്ഷത്തു നിൽക്കുമെന്നു കരുതിയ ഇടതുപക്ഷം ഇന്ന് അതിരപ്പള്ളിയെക്കൂടി നശിപ്പിക്കാനുള്ള ദുർവാശിയിലല്ലേ? ഇന്ന് കേരളത്തിലെ കോടീശ്വരൻമാർക്കോ കോർപറേറ്റ് മതജാതി സംഘടനാ മേധാവികൾക്കോ ഉള്ള സ്വാധീനശക്തി സ്വപ്നം കാണാൻ ഒരു മലയാള കവിക്കോ ബുദ്ധിജീവിക്കോ കഴിയുമോ?

വല്ലപ്പോഴും ഒരു കവിതയെഴുതാനായി 24 മണിക്കൂറും 365 ദിവസവും ഒരാൾ കവിയായിരിക്കേണ്ടതിെൻറ യുക്തി അംഗീകരിക്കാൻ സമൂഹം തയ്യാറല്ല. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ വളരെ ഇടുങ്ങിയ കാഴ്ചപ്പാട് വച്ചുപുലർത്തുന്ന ഒരു ആൾക്കൂട്ടത്തിൽ കവിയായി ജീവിക്കാൻ വിധിക്കപ്പെവർക്ക് ചില മുഖംമൂടികൾ അണിയാതെ മറ്റ് മാർഗമില്ലെന്ന് വന്നിരിക്കുന്നു.

ഇപ്പോൾ ഡോക്ടർ ആയതുകൊണ്ട് സർക്കാർ എനിക്ക് കൃത്യമായി ശന്പളം തരുന്നുണ്ട്. ഗവണ്‍മെൻറ് ഉദ്യോഗസ്ഥർ സർക്കാർ നയങ്ങളെ വിമർശിക്കരുതെന്ന് ഒരു നിബന്ധനയും ഈ പരിഷ്കൃത ജനാധിപത്യത്തിൽ നിലനിൽക്കുന്നുണ്ട്! ഞാനൊരു ആട്ടിൻതോലണിഞ്ഞ ചെന്നായാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. ഡോക്ടറുടെ ആട്ടിൻതോൽ, കവിയുടെ ചെന്നായ് ജീവിതം. എല്ലാ അർത്ഥത്തിലും അത് ശരിയാണ്. ഏത് നിമിഷവും എന്നെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഈ വ്യവസ്ഥിതിക്കുണ്ടെന്നറിഞ്ഞിട്ടും ആടുജീവിതം/നാടുജീവിതം അസാധ്യമായ ഒരു ചെന്നായ.

* കവി, ഡോക്ടർ എന്നിങ്ങനെയുള്ള വിപരീത തലങ്ങൾ എങ്ങനെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ കഴിയുന്നു, ഒരു സ്ത്രീയെന്ന നിലയിൽ പ്രത്യേകിച്ചും?

ശരിയായ അർത്ഥത്തിലുള്ള ഒരു ബാലൻസിങ് നടക്കുന്നില്ല. മനസുകൊണ്ട് നൂറു ശതമാനം സമർപ്പണം ആവശ്യപ്പെടുന്ന ഒരു തൊഴിലാണ് ഡോക്ടറുടേത്. തുടർ പഠനത്തിനുള്ള സന്നദ്ധത ഉണ്ടാവേണ്ടതാണ്. അതൊന്നും എനിക്കില്ല. സ്ത്രീ എന്ന നിലയിൽ പ്രത്യേകതയൊന്നുമില്ല. സ്റ്റെതസ്കോപ്പിന് സ്ത്രീപുരുഷ വ്യത്യാസമില്ലല്ലോ.

* ഈർപ്പം നിറഞ്ഞ മുറികളുടെ പുറം കവർ കവി തന്നെയാണ് വരച്ചത്. കവിതയ്ക്കൊപ്പം ചിത്രമെഴുത്തും മുന്നോട്ടു കൊണ്ടുപോകുന്നതെങ്ങനെ. കവി ഡോക്ടറായിരിക്കുന്നതിനേക്കാൾ വലിയ അപൂർവതയല്ലേ അത്?

കവിതയോട് വളരെ അടുത്തു നിൽക്കുന്ന ഒരു കലാ രൂപമാണ് ചിത്രമെഴുത്ത്. ചിത്രകാര·ാരായ എഴുത്തുകാർ മലയാള ത്തിൽ അപൂർവമല്ല. വൈലോപ്പിള്ളിക്ക് ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നതായി വായിച്ചിട്ടുണ്ട്. ഫൈൻ ആർട്സ് കോളജിൽ ചേർന്ന് ചിത്രകല പഠിക്കാൻ ഞാൻ വളരെ ആഗ്രഹിക്കുകയും ഒരിക്കൽ സാഹസികമായി ഒരു വിഫല ശ്രമം നടത്തുകയും ചെയ്തിരുന്നു. അത് സാധിക്കാതെ പോയതിെൻറ നിരാശ മൂലമാണ് ഞാൻ സ്വന്തം നിലയിൽ വരയ്ക്കാൻ തുടങ്ങിയത്.

എസ്. മഞ്ജുളാദേവി