പ്രവാസ ജീവിതകാലത്തെ ഓർമ്മയിൽ നിന്നും ....
സൗദി അറേബ്യയിലെ അലൂമിനിയം പ്ലാന്‍റിലായിരുന്നു മുപ്പതു വർഷത്തോളം പത്തനംതിട്ട ആറൻമുള സ്വദേശി മങ്ങാട്ടുമലയിൽ ജോർജ് ടി സാമുവലിന് ജോലി. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഞാൻ എന്തെങ്കിലും ഒരു സംരംഭം ആരംഭിക്കണം എന്ന ആഗ്രഹത്തിൽ പല സംരംഭങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അന്വേഷണങ്ങൾക്കിടയിലാണ് വിദേശ ജീവിതകാലത്ത് ഞങ്ങളുടെ ജോലി സ്ഥലത്ത് അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമൊക്കെ എത്തികൊണ്ടിരുന്ന സോപ്പുകളെക്കുറിച്ചും ലിക്വിഡ് ഹാൻഡ് വാഷുകളെക്കുറിച്ചും ഓർക്കുന്നത്. നമ്മുടെ നാട്ടിൽ ഗുണമേൻമയുള്ള ഇത്തരം ഉത്പന്നങ്ങൾ വളരെ കുറവാണ്. പലതും ഉപയോഗിച്ചാൽ കൈയ്ക്കും മറ്റും പ്രശ്നങ്ങളുണ്ടാകും. അങ്ങനെ അത്തരം ഗുണമേൻമയുള്ള ഉത്പന്നങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചായി അന്വേഷണം. ജോർജ് പറയുന്നു.

കേരളത്തിനു മാത്രമല്ല

കേരളത്തിലെ വിപണിയോടൊപ്പം ഇന്ത്യയിലെ വിപണിയെക്കുറിച്ചു കൂടി മനസിലാക്കിയതിനു ശേഷമാണ് ജോർജ് ഉത്പന്നങ്ങളെുട നിർമ്മാണത്തിലേക്ക് കടന്നത്. അസംസ്കൃത വസ്തുക്കൾ എവിടെ ലഭിക്കും, മെഷീനറി എവിടെ കിട്ടും എന്നതെല്ലാം അന്വേഷിച്ച് അറിഞ്ഞതോടെ മനസിലുള്ള ബിസിനസ് തന്നെ ആരംഭിക്കാം എന്ന് ജോർജ് ഉറപ്പിച്ചു. അങ്ങനെയാണ് 2009 തിൽ ക്ലീൻ ആൻഡ് ഹൈജീൻ എന്ന പേരിൽ സംരംഭം ആരംഭിക്കുന്നത്.


ഹൈസോപ്പ് എന്ന പേരിൽ ഹാൻഡ് ക്ലീനർ ബാർസോപ്പ്, ഡിഗ്രീസ്, ലിക്വിഡ് ഹാൻഡ് ക്ലീനർ, പൗഡേർഡ് ഹാൻഡ് ക്ലീനർ, ഹാൻഡ് ക്ലീനിംഗ് പേസ്റ്റ്, ഡിഷ് വാഷ് ബാർ, വ്യാവസായിക സ്ഥാപനങ്ങൾ വീടുകൾ എന്നിവ വൃത്തിയാക്കാനാവശ്യമായ ഉത്പന്നങ്ങൾ എന്നിവയാണ് വിപണിയിലെത്തിക്കുന്നത്. ഡിഗ്രീസ് മുതലായ ഉത്പന്നങ്ങൾ ഓട്ടേമൊബൈൽ സ്ഥാപനങ്ങളിലാണ് ഉപയോഗിക്കുന്നത്.

ബിസിനസ് ലാഭത്തിൽ

ആറൻമുളയിലെ അര ഏക്കർ സ്ഥലത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. നാൽപത്തിയഞ്ചു ലക്ഷം രൂപയുടെ മെഷീനറികളാണ് ഇന്ത്യയിൽ നിന്നു തന്നെ വാങ്ങിയത്. അസംസ്കൃത വസ്തുക്കളെല്ലാം തന്നെ ഇന്ത്യയിൽ നിന്നു തന്നെയാണ് വാങ്ങിക്കുന്നത്.ഒരു കോടി രൂപ മുതൽ മുടക്കിലാണ് സംരംഭം ആരംഭിച്ചത്. ഒന്പതു പേരാണ് തൊഴിലാളികളായുള്ളത്. തമിഴ്നാട്, കർണ്ണാടക എന്നിവയാണ് കേരളത്തിനു പുറമേയുള്ള വിപണി. ശരാശരി 1.5 ടണ്‍ ഉത്പാദനം ഒരു ദിവസം നടക്കുന്നുണ്ട്. ഒരു വർഷം ഏകദേശം 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപവരെ ടേണോവറായി ലഭിക്കാറുണ്ടെന്ന് ജോർജ് പറയുന്നു.
ഫോൺ: 9847080149