അധ്യാപികയിൽ നിന്ന് സംരംഭകയിലേക്ക്
അധ്യാപികയിൽ നിന്ന്  സംരംഭകയിലേക്ക്
Wednesday, July 26, 2017 2:27 AM IST
ഹിന്ദി അധ്യാപികയിൽ നിന്നും സംരംഭകത്വത്തിലേക്ക് എത്തിയ വിജയ കഥയാണ് ആലുവ പൂക്കാട്ടുപടി സ്വദേശി മരോട്ടിക്കൽ റജീന നസീറിനു പറയാനുള്ളത്.

എന്താണ് സംരംഭം

നൃത്താവശ്യത്തിനുള്ള വസ്ത്രങ്ങളുടെ വിൽപനയും വാടകയ്ക്കു നൽകലുമാണ് റജീനയുടെ സംരംഭം. ആവശ്യപ്പെടുന്നവർക്ക് തയിച്ചു നൽകാറുണ്ട്. പൂക്കാട്ടുപടിയിൽ ഫാഷൻ എന്ന പേരിലാണ് റജീനയുടെ സംരംഭം സ്ഥിതിചെയ്യുന്നത്.

ഉപഭോക്താക്കൾ

സ്കൂളുകൾ, അന്പലങ്ങൾ, പള്ളികൾ, കുടുംബസംഗമങ്ങൾ തുടങ്ങിയ ഇടങ്ങളിലെ ആഘോഷങ്ങളിൽ ഭരതനാട്യം, കുച്ചുപ്പിടി, മോഹിനിയാട്ടം, സംഘനൃത്തം, സ്കിറ്റ്, ഡ്രാമ എന്നിവ ചെയ്യുന്നവരാണ് ഉപഭോക്താക്കൾ. ആലുവ, ഇടപ്പള്ളി, കിഴക്കന്പലം,പെരുന്പാവൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം ഉപഭോക്താക്കളുണ്ട്.

സംരംഭത്തിലേക്ക്

റെജീന ബി.കോം ബിരുദം നേടിയതിനുശേഷം ഹിന്ദി ബി.എഡ് എടുത്തു ആലുവയ്ക്കടുത്ത് നൊച്ചിമ എന്ന സ്ഥലത്ത് ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. സ്കൂളിലെ ആഘോഷങ്ങൾക്ക ്നൃത്താവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുകയാണ് പതിവ്. അങ്ങനെയാണ് റജീന ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. തന്നെക്കൊണ്ട് ഇത് ചെയ്യാനാകുമോ എന്നറിയാൻ വീട്ടിലെത്തി അത് തയിച്ചും നോക്കി. പറ്റുമെന്നുറപ്പായപ്പോൾ നാലു വർഷം മുന്പ് വീട്ടിൽ ചെറുതായി ആരംഭിച്ചതാണ് ഈ സംരംഭം. പിന്നീട് വിപുലപ്പെടുത്തി ഒരു വർഷം മുന്പ് പൂക്കാട്ടുപടിയിലെ ഫാഷൻ എന്നു പേരുള്ള കടയിലേക്ക് മാറി. മൂന്നു നാലു മാസം മുന്പാണ് പിന്നോക്ക വിഭാഗ കമ്മീഷനിൽ നിന്നും അഞ്ചു ലക്ഷം രൂപ വായ്പ ലഭിച്ചത് അതുപയോഗിച്ച് വിപുലീകരണം പൂർത്തിയാക്കി. വസ്ത്രങ്ങൾ തയിച്ചു വിൽക്കുന്നിടത്തു നിന്നും വാങ്ങിയാണ് വിൽപന നടത്തുന്നത്. റജീന ഇതുവരെ തയ്യൽ പഠിച്ചിട്ടില്ല എന്നുള്ളതാണ് കൗതുകം. പക്ഷേ, ആവശ്യപ്പെട്ടെത്തുന്നവർക്ക് റജീന തയിച്ചു നൽകും.


വരുമാനം

സംരംഭം ലാഭകരമായി തന്നെ മുന്നോട്ടു പോകുന്നുവെന്നാണ് റജീന പറയുന്നത്. സ്കൂൾ വാർഷികങ്ങൾ തുടങ്ങിയ ആഘോഷങ്ങളുടെ കാലമായാൽ മാസം 75000 രൂപവരെ വരുമാനമായി ലഭിക്കും. അല്ലാത്ത മാസങ്ങളിൽ 5000 രൂപ മുതൽ 10000 രൂപവരെ വരുമാനമുണ്ടാകാറുണ്ട്.അഞ്ചു ലക്ഷം രൂപയോളം മുടക്കുമുതലായി വന്നു. ഭർത്താവ് നസീർ പൂക്കാട്ടുപടിയിൽ സ്റ്റേഷനറി കട നടത്തുകയാണ്. അതിനു മുകളിലത്തെ നിലയിലാണ് റജീനയുടെ സംരംഭം. സ്വന്തം കെട്ടിടമായതിനാൽ വാടക നൽകേണ്ടതായി വരുന്നില്ല എന്നും റജീന പറയുന്നു. ഭർത്താവ് നസീറും മക്കളായ റമീസും റിയ ഫാത്തിമയും റജീനയ്ക്കൊപ്പമുണ്ട്.