മ്യൂച്വൽ ഫണ്ട്: സന്പത്ത് സൃഷ്ടിക്കുള്ള ശ്രേഷ്ഠമായ ഉപകരണം
ഈയിടെ ധാരാളമായി കേൾക്കുന്ന വാക്കുകളായിരിക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയെന്നത്. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട് എന്താണെന്നും അതിൽ നിക്ഷേപം നടത്തുന്നത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങൾ ധാരാളമായി ഉയരുന്നുണ്ട്. ഇതേക്കുറിച്ച് അറിഞ്ഞുവയ്ക്കുന്നത് തന്‍റെ ധകാര്യലക്ഷ്യം നേടുവാൻ യോജിച്ച ഫണ്ട് തെരഞ്ഞെടുക്കുവാൻ നിക്ഷേപകനെ സഹായിക്കും. വിവിധ തരത്തിലുള്ള നിരവധി മ്യൂച്വൽ ഫണ്ടു പദ്ധതികളാണ് മ്യൂച്വൽ ഫണ്ട് കന്പനികൾ നിക്ഷേപകന്‍റെ മുന്പിൽ നിരത്തി വച്ചിട്ടുള്ളത്.

സന്പത്ത് സൃഷ്ടിക്കുള്ള ശ്രേഷ്ഠമായ ഉപകരണം

സന്പത്ത് സൃഷ്ടിക്കുന്നതിനുള്ള വളരെ ശ്രേഷ്ഠമായ ഉപകരണമാണ് മ്യൂച്വൽ ഫണ്ട് എന്നതിൽ സംശയമില്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനും നഷ്ടസാധ്യതയുണ്ട്. കാരണം ഇതിനായി സമാഹരിക്കുന്ന തുക നിക്ഷേപിക്കുന്നത് ഓഹരിയടക്കമുള്ള ആസ്തികളിലാണ്. അതുകൊണ്ടുതന്നെ യോജിച്ച ഫണ്ട് തെരഞ്ഞെടുക്കുകയെന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തെരഞ്ഞെടുപ്പ് പാളിയാൽ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ സാധിക്കാതെ വരും. നിക്ഷേപത്തിനു ഫണ്ടുകൾ തെരഞ്ഞെടുക്കുന്പോൾ ഇവ ശ്രദ്ധിക്കാം:

1. ലക്ഷ്യത്തിന് ചേരുന്നത്

നിക്ഷേപകന്‍റെ ധനകാര്യ ലക്ഷ്യത്തിനു യോജിച്ചതായിരിക്കണം തെരഞ്ഞെടുക്കന്ന ഫണ്ട്. നിക്ഷേപകന്‍റെ നിക്ഷേപ ലക്ഷ്യത്തോട് യോജിച്ചു പോകുന്നതായിരിക്കണം തെരഞ്ഞെടുക്കുന്ന ഫണ്ടിന്‍റെ നിക്ഷേപ ലക്ഷ്യവും നിക്ഷേപ തത്ത്വശാസ്ത്രവും.
ഒരു നിക്ഷേപകന്‍റെ കൈവശം 5 ലക്ഷം രൂപ നിക്ഷേപിക്കാൻ ഉണ്ടെന്നു കരുതുക. അടുത്ത ആറു മാസം അല്ലെങ്കിൽ ഒരു വർഷം കഴിയുന്പോൾ അയാൾക്ക് ആ പണം തിരിച്ചെടുക്കേണ്ട ആവശ്യവുമുണ്ട്. അയാളുടെ നിക്ഷേപം തീർച്ചയായും ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ആയിരിക്കരുത്. ഷോർട്ട് ടേം ഡെറ്റ് ഫണ്ടുകളിലായിരിക്കണം.

ഉയർന്ന റിസ്ക്ശേഷിയും ദീർഘകാല ലക്ഷ്യവുമുള്ള ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നിക്ഷേപം ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടിലായിരിക്കണം. ഇക്വിറ്റി സേവിംഗ്സ് പദ്ധതികളിലാവരുത്.

2. നിക്ഷേപം ഏത് ആസ്തിയിൽ

ഫണ്ടുകൾ നിക്ഷേപം നടത്തുന്നത് പല തരത്തിലുള്ള ആസ്തികളിലാണ്. അതുകൊണ്ടുതന്നെ പല തരം മ്യൂച്വൽ ഫണ്ടുകളുമുണ്ട്.
നിക്ഷേപത്തിൽ ഭൂരിപക്ഷവും ഓഹരിയിൽ നടത്തുന്നതിനെ ഓഹരിയധിഷ്ഠിത ഫണ്ടുകൾ എന്നു വിളിക്കുന്നു.

ബോണ്ടിലും പണവിപണി ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്ന ഫണ്ടുകളെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നു വിളിക്കുന്നു.

ഓഹരിയിലും ബോണ്ടിലും പണവിപണി ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്ന ഫണ്ടിനെ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടെന്നു വിളിക്കുന്നു.

മറ്റു ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെ ഫണ്ട് ഓഫ് ഫണ്ട്സ് എന്നു പറയുന്നു.
ഗോൾഡ് ഇടിഎഫിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെ ഗോൾഡ് ഫണ്ടെന്നു വിളിക്കുന്നു.
നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്ന കന്പനികളുടേയും മറ്റും അടിസ്ഥാനത്തിൽ ഇക്വിറ്റി ഫണ്ടുകളെ പലതായി തിരിച്ചിട്ടുണ്ട്.

3. ഇക്വിറ്റി ഫണ്ടുകളിലെ ഓപ്ഷനുകൾ

ഓരോ മ്യൂച്വൽഫണ്ട് പദ്ധതികളും നിക്ഷേപകന്‍റെ മുന്പിൽ ഓപ്ഷനുകൾ വയ്ക്കുന്നുണ്ട്. ഗ്രോത്ത് ഓപ്ഷൻ, ഡിവിഡൻഡ് ഓപ്ഷൻ എന്നിവയാണവ.
ഗ്രോത്ത് ഓപ്ഷനിൽ നിക്ഷേപത്തോട് ലാഭവും മറ്റും കൂട്ടിച്ചേർത്തുകൊണ്ടിരിക്കും. അതിവഴി ഫണ്ടിന്‍റെ എൻഎവിയും ഉയർന്നുകൊണ്ടിരിക്കും.
ഡിവിഡൻഡ് ഓപ്ഷനിൽ ഫണ്ട് നിശ്ചിത കാലയളവ് ഇടവിട്ട് നിക്ഷേപകർക്കു ലാഭം വീതം വയ്ക്കുന്നു. ഈ ലഭം വീണ്ടും നിക്ഷേപിക്കാനുള്ള അവസരമാണ് ഡിവിഡൻഡ് റീ ഇൻവെസ്റ്റ്മെന്‍റ് വഴി ലഭ്യമാക്കുന്നത്. ഡിവിഡൻഡ് നൽകി കഴിയുന്പോൾ ഫണ്ടിന്‍റെ എൻഎവി കുറയുന്നു.

4. ഓപ്പണ്‍, ക്ലോസ്ഡ് എൻഡഡ് ഫണ്ടുകൾ

ഒരു നിയന്ത്രണവുമില്ലാതെ നിക്ഷേപകന് നിക്ഷേപം ഇഷ്ടമുള്ളപ്പോൾ വാങ്ങുവാനും വിൽക്കുവാനും അവസരം നൽകുന്ന ഫണ്ടുകളാണ് ഓപ്പണ്‍ എൻഡഡ് ഫണ്ടുകൾ.
എന്നാൽ ക്ലോസ്ഡ് എൻഡഡ് ഫണ്ടുകളിൽ ഫണ്ട് ഹൗസുകൾ ഓഫർ ചെയ്യുന്പോൾ മാത്രമേ യൂണിറ്റുകൾ വാങ്ങുവാൻ സാധിക്കുകയുള്ളു. ഫണ്ട് ഹൗസുകളുടെ ഓഫർ പീരിയഡിനുശേഷം ക്ലോസ്ഡ് എൻഡഡ് ഫണ്ടുകൾ എപ്പോൾ വേണമെങ്കിലും വിറ്റഴിക്കാം.

5. ലോക്കിംഗ് പീരിയഡ്

ക്ലോസ്ഡ് എൻഡഡ് ഫണ്ടുകൾ വിൽക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ദ്വിതീയ വിപണിയിൽ അതു വാങ്ങാൻ ആളുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ ഫണ്ട് വിറ്റഴിക്കാം.

എന്നാൽ ഓപ്പണ്‍ എൻഡ് ഫണ്ടുകൾ വിൽക്കുന്നതിന് ലോക്കിംഗ് പീരിയഡ് ഉണ്ട്. എപ്പോൾ വേണമെങ്കിലും ഓപ്പണ്‍ എൻഡ് ഫണ്ട് വാങ്ങുവാൻ സാധിക്കും. പക്ഷേ വിൽക്കുന്നതു നിശ്ചിത കാലയളവിനുശേഷമേ സാധിക്കുകയുള്ളു.


6. എക്സ്പെൻസ് റേഷ്യോ

ഫണ്ടുമാനേജരുടെ ശന്പളം, മറ്റ് ദൈനംദിനച്ചെലവുകൾ ഉൾപ്പെടെയുള്ള ഭരണച്ചെലവുകൾ, വിതരണച്ചെലവുകൾ, വിപണനച്ചെലവുകൾ തുടങ്ങിയവയ്ക്ക് മ്യൂച്വൽ ഫണ്ടിന് പണം വേണം. ഇത് നിക്ഷേപകരുടെ ഫണ്ടിൽനിന്നാണ് എടുക്കുന്നത്. നെറ്റ് അസറ്റ് വാല്യുവിന്‍റെ നിശ്ചിത ശതമാനമാണ് ഇതിനായി എടുക്കുന്നത്. അതിനാൽ ഇതിനെ എക്സ്പെൻസ് റേഷ്യോ എന്നു വിളിക്കുന്നു.

സാധാരണ വാർഷികാടിസ്ഥാനത്തിലാണ് എക്സ്പെൻസ് റേഷ്യോ കണക്കാക്കുന്നത്. ഫണ്ടിന്‍റെ പ്രോസ്പെക്ടസിൽ ഇതു അറിയിക്കണമെന്നു നിയമമുണ്ട്. റിട്ടേണിൽനിന്ന് നേരിട്ട് എക്സ്പെൻസ് റേഷ്യോ കുറയ്ക്കുകയാണ് ചെയ്യുന്നത്.

നിക്ഷേപകരുടെ പക്കൽനിന്ന് ഒരു മ്യൂച്വൽ ഫണ്ടിന് ഈടാക്കാവുന്ന ചാർജിന് പരിധിയുണ്ട്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഏതാണ്ട് 2.5 ശതമാനവും ഡെറ്റ് ഫണ്ടുകൾക്ക് 2.25 ശതമാനവുമാണ് ഇടാക്കുവാൻ റെഗുലേറ്ററായ സെബി അനുവദിച്ചിട്ടുള്ളത്. എന്നാൽ മ്യൂച്വൽ ഫണ്ടിൽ മത്സരം മൂർച്ഛിച്ചതോടെ യഥാർത്ഥത്തിൽ എക്സ്പെൻസ് റേഷ്യോ സ്വയം കുറഞ്ഞുവരികയാണ്. എക്സ്പെൻസ് റേഷ്യോ കുറയുന്നത് ദീർഘകാലത്തിൽ നിക്ഷേപകന്‍റെ റിട്ടേണിൽ കാര്യമായ ഉയർച്ചയ്ക്കു കാരണമാകുന്നുണ്ട്.
ഇരട്ടപ്പെരുക്കത്തിന്‍റെ ശക്തി!

7. നികുതി ബാധ്യത

നിക്ഷേപത്തിലെ വരുമാനത്തിനു വരുന്ന നികുതി ബാധ്യത ദീർഘകാലത്തിൽ റിട്ടേണിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപത്തിനു മുന്പുതന്നെ നികുതി ബാധ്യത മനസിലാക്കിയിരിക്കുക ആവശ്യമാണ്.

ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തിനു ഒരു വർഷത്തിനുശേഷം വിൽക്കുന്പോൾ ലഭിക്കുന്ന മൂലധന വളർച്ചയ്ക്കു നികുതിയില്ല. ഒരു വർഷത്തിനുള്ളിൽ റിഡീം ചെയ്താൽ ഹ്രസ്വകാല മൂലധന വളർച്ച നികുതി നൽകണം.

അതേപോലെ ഫിക്സ്ഡ് ഇൻകം മ്യൂച്വൽ ഫണ്ടുകളിൽ ഫണ്ടു ഹൗസുകൾ ലാഭവിതരണനികുതി നൽകണം. നിക്ഷേപം നടത്തി മൂന്നു വർഷത്തിനുള്ളിൽ റിഡീം ചെയ്താൽ മൂലധന വളർച്ചയ്ക്ക് ഹ്രസ്വകാല മൂലധന വളർച്ച നികുതി നൽകണം. മൂന്നുവർഷത്തിനുശേഷം ലഭിക്കുന്ന മൂലധന വളർച്ചയ്ക്ക് ദീർഘകാലമൂലധന വളർച്ചാനികുതി നൽകണം.

അതിനാൽ നിക്ഷേപം നടത്തുന്നതിനു മുന്പ് നികുതിവിവരങ്ങൾഅറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

8. നിക്ഷേപശേഖരത്തിന്‍റെ ഗുണമേന്മ

ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലെ ഓഹരികളുടെ ഗുണമേൻമ മനസിലാക്കുക. ഇതു വളരെ പ്രയാസം പിടിച്ച സംഗതിയാണ്. എങ്കിലും നിക്ഷേപശേഖരത്തിലെ ഓഹരികളെക്കുറിച്ച് കഴിയുന്നത്ര ഗവേഷണം നടത്തണം. സ്വന്തം അഭിപ്രായത്തിനൊപ്പം ധനകാര്യ ഉപദേശകരുടെ അഭിപ്രായവും ശ്രദ്ധിക്കുക.

9. ഫണ്ട് റാങ്കിംഗ്/ റേറ്റിംഗ്

മ്യൂച്വൽ ഫണ്ട് പദ്ധതികളെക്കുറിച്ച് ഗവേഷണം നടത്തി സ്വതന്ത്രമായ അഭിപ്രായങ്ങൾ നൽകുന്ന നിരവധി ഏജൻസികളുണ്ടിപ്പോൾ. ഫണ്ടിന്‍റെ പ്രകടനം, റിസ്ക്, നിക്ഷേപഗുണമേന്മ തുടങ്ങിയ പല മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവർ റേറ്റിംഗ് നൽകുന്നത്. പക്ഷേ ഓർമിക്കുക ഈ റേറ്റിംഗ് വിലയിരുത്തലുമെല്ലാം മുൻകാല പ്രകടനങ്ങളെ ആശ്രയിച്ചുള്ളതാണെന്ന്. എങ്കിലും ഫണ്ടിന്‍റെ പൊതുപ്രകടനത്തെക്കുറിച്ചുള്ള ഒരു സൂചകമായി മാത്രം ഇതിനെ സ്വീകരിക്കുക. പക്ഷേ, പഴയ പ്രകടനം ഭാവയിൽ ആവർത്തിക്കണമെന്നില്ല. പക്ഷേ, നല്ല അടിത്തറയുള്ള ഫണ്ട് അതിനുള്ള സാധ്യത നൽകുന്നു.

10. എക്സിറ്റ് ലോഡ്

നിശ്ചിത കാലയളവിനുള്ളിൽ യൂണിറ്റുകൾ റിഡീം ചെയ്താൽ നിക്ഷേപകൻ പിഴ ( എക്സിറ്റ് ലോഡ്) നൽകണം. ഫണ്ടുകളുടെ ഇനം അനുസരിച്ച് എക്സിറ്റ് ലോഡും വ്യത്യസ്തമായിരിക്കും. നിക്ഷേപം നടത്തിയശേഷം അതു നേരത്തെ പിൻവലിക്കുന്നതു നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സിറ്റ് ലോഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഒരു ശതമാനമാണ് എക്സിറ്റ് ലോഡ്. ഒരു വർഷവും രണ്ടുവർഷവുമൊക്കെ ഇതിനു ഫണ്ടുകൾ കാലയവു നിശ്ചയിക്കാറുണ്ട്. ഏറ്റവും കുറവ് എക്സിറ്റ് ലോഡുള്ള ഫണ്ടിന് മുൻഗണന നൽകുക.

ഉദാഹരണത്തിന് യുടിഐ ഇക്വിറ്റി ഫണ്ടിന്‍റെ യൂണിറ്റുകൾ 364 ദിവസത്തിനു മുന്പേ വിറ്റാൽ ചാർജ് ഒരു ശതമാനം നൽകണം. യുടിഐ സിസിപ അഡ്വാന്‍റേജ് ഫണ്ട് യൂണിറ്റുകൾ 364 ദിവസത്തിനു മുന്പി റിഡീം ചെയ്താൽ നാലു ശതമാനമാണ് ചാർജ്. 365-1094 ദിവസത്തിലാണെങ്കിൽ മൂന്നു ശതമാനമാണ് ചാർജ്.

11. ഫണ്ട് ഹൗസ്

ഫണ്ട് തെരഞ്ഞെടുക്കുന്പോൾ അതിന്‍റെ ട്രസ്റ്റികളുടെ ഗുണമേൻമയ്ക്കും മതിപ്പിനും സ്ഥാനംകൊടുക്കുക. നല്ല ഫണ്ടു ഹൗസുകൾ നിക്ഷേപപ്രക്രിയ, മാനേജ്മെന്‍റ്, ഇൻവെസ്റ്റർ സർവീസിംഗ് തുടങ്ങിയവയ്ക്ക് പ്രധാന്യം നൽകുകയും നിക്ഷേപം നടത്തുകയും ചെയ്യും. അത്തരം ഫണ്ട് ഹൗസുകളിൽനിന്നുള്ള ഫണ്ടുകൾക്കു മുൻഗണന നൽകുക.