സ്വർണ നിക്ഷേപത്തിന് സ്വർണ ബോണ്ടും ഇടിഎഫും
ഭൗതികസ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ, സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച മാർഗങ്ങളാണ് ഗോൾഡ് ഇടിഎഫും സ്വർണ ബോണ്ട് പദ്ധതിയും. ആഭരണമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ സുരക്ഷിതവും ചെലവു കുറവുമാണ് മറ്റു രണ്ടു പദ്ധതികളും.

സ്വർണം എന്നും എല്ലാവർക്കും പ്രിയങ്കരമാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക്. ആഭരണ പ്രിയമാണ് സ്വർണത്തെ സ്ത്രീകളുടെ ഇഷ്ട വസ്തുവാക്കുന്നതെങ്കിൽ സ്വർണത്തെ ആഭരണത്തിനപ്പുറം പ്രിയങ്കരമാക്കുന്ന ഒന്നുകൂടിയുണ്ട്, സന്പാദ്യം.

സ്വർണം വാങ്ങി സൂക്ഷിച്ചാൽ ആവശ്യം വരുന്പോൾ വിൽക്കാം എന്നൊരു ഉദ്ദേശം കൂടിയുണ്ട് അതു വാങ്ങി സൂക്ഷിക്കുന്നതിനു പിന്നിൽ. ആഭരണങ്ങളോ, നാണയങ്ങളോ ആയി വാങ്ങി സൂക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. പക്ഷേ, ഇങ്ങനെ സൂക്ഷിക്കുന്നതിനു വരുന്ന ചെലവുകൾ, സുരക്ഷിതത്വം തുടങ്ങിയവയെക്കുറിച്ചു പലരും ആലോചിക്കാറില്ല.
ആഭരണങ്ങൾ വാങ്ങിയാൽ പണിക്കുറവ്, പണിക്കൂലി, നികുതി തുടങ്ങിയവ നൽകണം. അതു സൂക്ഷിച്ചു വയ്ക്കണം. ബാങ്കിൽ ലോക്കറുകൾ എടുക്കണം. അതിനു ചെലവു വരും.
ഇനി പണത്തിന് ഒരു അത്യാവശ്യം വന്നു വിൽക്കാൻ ചെന്നാൽ പണിക്കൂലിയിൽ കിഴിവ് അങ്ങനെയുള്ള അനാവശ്യ ചെലവുകൾ വരും. സ്വർണത്തിന്‍റെ ശുദ്ധത എത്രമാത്രമുണ്ട് എന്ന കാര്യത്തിലും ആഭരണങ്ങളായി വാങ്ങിക്കുന്പോൾ സംശയമുണ്ട്. പലപ്പോഴും ശുദ്ധ സ്വർണം എന്നു പറഞ്ഞു തരുന്നത് വിൽക്കാൻ ചെല്ലുന്പോൾ ശുദ്ധ സ്വർണമല്ലാതായി പോകുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗോൾഡ് ഇടിഎഫിന്‍റെയും സോവറിൻ ഗോൾ്ഡ് ബോണ്ടിന്‍റെയും പ്രസക്തി.

ഭൗതികസ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ, സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച മാർഗങ്ങളാണ് ഗോൾഡ് ഇടിഎഫും സ്വർണ ബോണ്ട് പദ്ധതിയും. ആഭരണമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാൾ സുരക്ഷിതവും ചെലവു കുറവുമാണ് മറ്റു രണ്ടു പദ്ധതികളും.

ഗോൾഡ് ഇടിഎഫ്

ടോൾഡ് ഇടിഎഫ് എന്നത് എക്സചേഞ്ച് ട്രേഡ് ഫണ്ടാണ്. ഭൗതികസ്വർണം വാങ്ങുന്നതിനു പകരം പേപ്പർ രൂപത്തിലോ ഡീമാറ്റായോ വാങ്ങുന്നു. ഒരു ഗ്രാം സ്വർണം എന്നത് ഇടിഎഫിൽ ഒരു യൂണിറ്റ് സ്വർണമാണ്. ആഭ്യന്തര മാർക്കറ്റിലെ സ്വർണത്തിന്‍റെ വിലയ്ക്കനുസരിച്ചാണ് ഇടിഎഫിലെയും സ്വർണത്തിന്‍റെ വില നിശ്ചയിക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഗോൾഡ് ഇടിഎഫുകളാണ് ഉപഭോക്താവ് വാങ്ങിക്കുന്നത്.


ഓഹരി വിപണിയിൽ നിന്ന് ഏതെങ്കിലും ഒരു കന്പനിയുടെ ഓഹരി വാങ്ങുന്നതുപോലെ ഗോൾഡ് ഇടിഎഫും വാങ്ങിക്കാം. ഓഹരികൾ വിൽക്കുന്നതുപോലെ വിൽക്കുകയും ചെയ്യാം.

ഇടിഎഫ് പിൻവലിക്കുന്പോൾ സ്വർണമല്ല ലഭിക്കുന്നത് പകരം പണമാണ്. സ്വർണം വാങ്ങിക്കേണ്ടവർക്ക ്ഇത് ഉപയോഗിച്ച് സ്വർണം വാങ്ങിക്കാം. ഓരോ തവണയും ഒരു ഗ്രാം വീതം സ്വർണം കടയിൽ നിന്നും വാങ്ങുന്നതിനു പകരം, ആ തുക ഇടിഎഫിൽ നിക്ഷേപിച്ച് ആവശ്യ സമയത്ത് പിൻവലിച്ച് സ്വർണം വാങ്ങിക്കാം.

ഗോൾഡ് ഇടിഎഫുകൾ ബ്രോക്കിംഗ് സ്ഥാപനങ്ങൾ വഴി വാങ്ങിക്കാം. ബ്രോക്കറേജ് ഫീസും ഫണ്ട് മാനേജ്മെന്‍റ് ചാർജുമായി കുറഞ്ഞ തുകയേ ചെലവായി വരികയുള്ളു. സെബി(സെക്യൂരിറ്റീസ് എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യുടെ നിരീക്ഷണത്തിലാണ് ഈ വ്യാപാരം നടക്കുന്നത് എന്നതിനാൽ ഇടപാടുകൾ സുരക്ഷിതമാണ്.

സ്വർണ ബോണ്ട്

സ്വർണം വാങ്ങി വെറുതെ വീട്ടിൽ വയ്ക്കുന്നതിനു പകരം നിക്ഷേപം നടത്തുവാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പദ്ധതിയാണ് സ്വർണബോണ്ട് പദ്ധതി. ഇതിന് 2015 നവംബറിലാണ് സർക്കാർ തുടക്കമിടുന്നത്. നിക്ഷേപത്തിനു പലിശയും ലഭിക്കും.
ഭൗതികമായി സ്വർണം വാങ്ങിക്കുന്നത് കുറയ്ക്കുക, ആഭ്യന്തര സന്പാദ്യത്തിന്‍റെ ഒരു പങ്ക് സ്വർണം വാങ്ങിക്കുന്നതിലൂടെ ധനകാര്യ സന്പാദ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്.

സ്വർണ നിക്ഷേപത്തിനു 2.50 ശതമാനം പലിശയും ഗവണ്‍മെന്‍റ് ഉറപ്പു തരുന്നു. വിപണിയിലെ സ്വർണ വിലയ്ക്കനുസരിച്ചാണ് ബോണ്ടിന്‍റെ വില നിശ്ചയിച്ചിരിക്കുന്നത്. ബോണ്ടിലെ കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണമാണ്. കൂടിയ നിക്ഷേപം 500 ഗ്രാമും.( അത് നാല് കിലോഗ്രാമായി ഉയർത്തുവാൻ സർക്കാർ ആലോചിക്കുകയാണ്).

ഗവണ്‍മെന്‍റ് ഇടയ്ക്കിടെ സ്വർണണ ബോണ്ട് വിപണിയിലിറക്കും. അപ്പോൾ നിക്ഷേപകർക്കു വാങ്ങാം. കൂടാതെ ഇത് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും. അവിടെനിന്നും നിക്ഷേപകർക്ക് ഇതു വാങ്ങുവാൻ സാധിക്കും.

ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തെരഞ്ഞെടുത്ത പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവ വഴിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ വിൽക്കുന്നത്.

2017-18 ലെ രണ്ടാമത്തെ സീരിസാണ് സർക്കാർ ജൂലൈയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.