സ്ത്രീകൾ നേടണം സാന്പത്തിക സുരക്ഷ
സ്ത്രീകൾ നേടണം സാന്പത്തിക സുരക്ഷ
Friday, August 4, 2017 3:08 AM IST
ജീവിതത്തിന്‍റെ ഏതൊരു സമയത്തും തന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകൾ നേടേണ്ടതുണ്ട്. ജീവിതത്തിലെ സംഭവിക്കാൻ സാധ്യതയുള്ള അനിശ്ചിതത്വത്തെ നേരിടാൻ ഇതാവശ്യമാണ്. ധനകാര്യ സ്വാതന്ത്ര്യം ഉറപ്പിക്കുവാനും ആവശ്യമാണ്.
ഇന്ന് എല്ലാമേഖലയിലും തോളോടു തോൾ പുരുഷനോടൊപ്പം സ്ത്രീകളും പ്രവർത്തിക്കുന്നു. പുരുഷനു തുല്യമായ അവസരങ്ങളും ലഭിക്കുന്നു. പല സ്ത്രീകളും കുടുംബവും ജോലിയും കരിയറുമൊക്കെ ഒരുമിച്ചു കൊണ്ടുപോകുന്നുമുണ്ട്. ചില സമയങ്ങളിൽ ഒറ്റയ്ക്കു ജീവിതം തള്ളി നീക്കേണ്ടതായി വരുന്നു...

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുന്പോൾ വരുമാനമുള്ള സ്ത്രീകൾ സാന്പത്തികമായി സ്വാതന്ത്ര്യം ആർജിക്കേണ്ടത് ആവശ്യമാണ്. ജോലിയില്ലാത്തവർക്ക് കുടുംബത്തിന്‍റെയും തന്‍റെയും സാന്പത്തിക സുരക്ഷയ്ക്കായി ജാഗ്രതയോടെ പ്രവർത്തിക്കാൻ സാധിക്കും.

കരിയറിലും ജോലിയിലുമൊക്കെ ശോഭിക്കുന്നവർപോലും സാന്പത്തികം വരുന്പോൾ അതിൽ തീരുമാനമെടുക്കുവാൻ അച്ഛനെയോ ഭർത്താവിനെയോ ഏൽപിക്കുകയാണ് പതിവ്. ജീവിതത്തിൽ അപ്രതീക്ഷിതമായതു സംഭവിക്കുന്പോൾ സാന്പത്തികമായി പിടിച്ചു നിൽക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. പ്രത്യേകിച്ചും വരുമാനം നേടിയിരുന്ന ഭർത്താവ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടാൽ.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടാനുള്ള ഏക വഴി സാന്പത്തികമായി സ്വാതന്ത്ര്യം ആർജിക്കുക എന്നതു മാത്രമാണ്. ഇതുവഴി കുടുംബത്തിന്‍റെ സാന്പത്തിക സുരക്ഷ മെച്ചപ്പെടുത്തകയും ഉറപ്പുവരുത്തുകയും ചെയ്യാം.

സാന്പത്തികമായി ശാക്തീകരിക്കാം

സാന്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ താൽപര്യമെടുക്കാത്തതുകൊണ്ടുതന്നെ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്പോൾ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരുന്നത്.

സ്ത്രീകളുടെ ജീവിതകാലയളവ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൂടി കണക്കിലെടുക്കുന്പോൾ സാന്പത്തികമായി സ്ത്രീകൾ ശാക്തീകരിക്കപ്പെടേണ്ട ആവശ്യകത വളരെ വലുതാണ്.

സന്പത്ത് ശബ്ദം നൽകുന്നു

സ്ത്രീകളുടെ കാര്യത്തിൽ ഇതു 100 ശതമാനവും ശരിയാണ്. സന്പത്തുള്ള സ്ത്രീകളെ സമൂഹം ബഹുമാനത്തോടെയാണ് കാണുന്നത്. (സന്പത്ത് എന്നതു പണം മാത്രമല്ല, അറിവ്, കല, കായികം തുടങ്ങി പ്രത്യേക കഴിവുകൾ എല്ലാം ഇതിൽ വരുന്നു). അതിനാൽ സാന്പത്തികമായി സ്വന്തം കാലിൽ നിൽക്കുവാൻ സ്ത്രീകൾക്കു കഴിയേണ്ടതുണ്ട്. പ്രത്യേകിച്ചു റിട്ടയർമെന്‍റ് കാലമാകുന്പോഴേയ്ക്കും.

ജീവിതത്തിന്‍റെ ഏതൊരു സമയത്തും തന്‍റെയും കുടുംബത്തിന്‍റെയും സാന്പത്തിക സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി സ്ത്രീകൾ നേടേണ്ടതുണ്ട്. ജീവിതത്തിലെ സംഭവിക്കാൻ സാധ്യതയുള്ള അനിശ്ചിതത്വത്തെ നേരിടാൻ ഇതാവശ്യമാണ്. ധനകാര്യ സ്വാതന്ത്ര്യം ഉറപ്പിക്കുവാനും ആവശ്യമാണ്.

സാന്പത്തിക സ്വാതന്ത്ര്യം കൈവരിക്കുവാൻ ശരിയായ സമീപനം

പണത്തോട് ശരിയായ സമീപനം വളർത്തിയെടുക്കുക പ്രധാനമാണ്. നിക്ഷേപത്തിന്‍റെ കാര്യവും മറ്റും വരുന്പോൾ അതിൽനിന്ന് ഒഴിഞ്ഞു മാറരുത്. പഠനം നടത്തി സ്വന്തമായിത്തന്നെ നിക്ഷേപത്തിനുള്ള ഉപകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
നിരവധി സ്ത്രീകൾ കുടുംബത്തിന്‍റെ വരുമാനം മെച്ചപ്പെടുത്താൻ ജോലിയെടുക്കുന്നുണ്ട്. എന്നാൽ പ്രധാന സാന്പത്തിക തീരുമാനങ്ങൾ വരുന്പോൾ അവർ പുറത്താണ്. നേടുന്ന വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ വ്യക്തിഗത ധനകാര്യ ആസൂത്രണവും അവർ നടത്താറില്ല. പുരുഷനെപ്പോലെ തന്നെ ജോലി ചെയ്യുന്ന സാഹചര്യത്തിൽ അവർക്കുള്ളതുപോലെ തന്നെ ധനകാര്യ ആസുത്രണം നടത്തണം. സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പ്രഫഷണൽ സാന്പത്തിക ഉപദേശകരുടെ സേവനം തേടാം.

ധനകാര്യ ലക്ഷ്യങ്ങൾ: മറ്റേതൊരു വ്യക്തികളെപ്പോലെയും സ്ത്രീകൾക്കും തങ്ങളുടെ സാന്പത്തിക ലക്ഷ്യങ്ങൾ തയാറാക്കാം. ഒരു പക്ഷേ അടുത്ത രണ്ടു വർഷംകൊണ്ട് ഡയമണ്ട് നെക്ലേസ് വാങ്ങുന്നതായിരിക്കാം. അല്ലെങ്കിൽ മകൾക്കായി സ്വർണം വാങ്ങുന്നതായിരിക്കാം. വിവാഹം കഴിക്കാത്തവരാണെങ്കിൽ വിവാഹത്തിനായി പണം സമാഹരിക്കാം... ഇത്തരത്തിൽ വൈവിധ്യമായ ലക്ഷ്യങ്ങൾ കണ്ടെത്താം.

ഇങ്ങനെ ലക്ഷ്യങ്ങൾ വ്യക്തമായി നിർവചിക്കുക. ഇനി ഈ ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപമാണ്. അതിനു യോജിച്ച ആസ്തികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ധനകാര്യ ആസൂത്രണം വഴി തങ്ങൾ കഠിനമായി ജോലി ചെയ്തുണ്ടാക്കുന്ന പണത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്താനും സാധിക്കുന്നു.

എല്ലാവർക്കും യോജിച്ച ധനകാര്യ ആസുത്രണ പദ്ധതിയൊന്നും ലഭ്യമല്ലെന്നു ഓർക്കുക. പഠന, ഗവേഷണ, നിരീക്ഷണങ്ങളിലൂടെ യോജിച്ച നിക്ഷേപങ്ങൾ കണ്ടെത്താൻ സാധിക്കും. അലംഭാവം കാണിക്കാതെ ജാഗ്രതയോടെ നീങ്ങിയാൽ മതിയാകും.

എടുക്കാവുന്ന മറ്റു നടപടികൾ

* ഭർത്താവിന് ടേം ഇൻഷുറൻസ് പ്ലാൻ ഉണ്ടെന്ന് ഉറപ്പു വരുത്തുക. അതിന്‍റെ നോമിനി ഭാര്യയാണെന്നും ഉറപ്പുവരുത്തുക.
* ഭവന വായ്പ, കാർ വായ്പ, വ്ക്തിഗത വായ്പ തുടങ്ങി ഏതെങ്കിലും വായ്പ ഉണ്ടെങ്കിൽ അതിനു വായ്പാ ഇൻഷുറൻസ് ഉറപ്പാക്കുക.
* മാരീഡ് വുമണ്‍സ് പ്രോപ്പർട്ടി (എംഡബ്ള്യുപി) നിയമത്തിൻ കീഴിൽ വരുന്ന ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എടുത്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിലുള്ള പോളിസി തുക ഭാര്യയ്ക്കും കുട്ടികൾക്കും മാത്രമേ നൽകാൻ കഴിയുകയുള്ളു. മറ്റൊന്നുമായി അറ്റാച്ച് ചെയ്യാൻ സാധിക്കുകയില്ല.
* കുടുംബത്തിലെ എല്ലാ ആസ്തികളുടേയും നിക്ഷേപങ്ങളുടേയും പട്ടിക തയാറാക്കി വയ്ക്കുക.
* ഓണ്‍ലൈൻ നിക്ഷേപങ്ങളുടെ ലോഗ് ഇൻ, പാസ്വേഡ് എന്നിവ സ്ത്രീകൾ അറിഞ്ഞു വയ്ക്കുക.
* നിക്ഷേപങ്ങളെല്ലാം സംയുക്തമായി ആരംഭിക്കുക
* ജോലിക്കാരായ സ്ത്രീകൾ ആവശ്യത്തിനു ലൈഫ് ഇൻഷുറൻസ് കവറേജ് എടുക്കുക. അപ്രതീക്ഷിത സംഭവങ്ങളിൽ ഇത് കുടുംബത്തിനു താങ്ങാകും. ജീവിതം അവസാനിച്ചിട്ടും ഭർത്താവിനു സാന്പത്തികമായി ഇതു പിന്തുണ നൽകും.
* ഇടയ്ക്കിടയ്ക്ക് ( വാർഷികമായോ അർധവാർഷികമായോ) നിക്ഷേപ പ്ലാനുകൾ വിലയിരുത്തലിനു വിധേയമാക്കുക.
* സ്വന്തം അമ്മയുടെ ധനകാര്യ സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി ചെറിയൊരു തുക നിക്ഷേപിക്കാം.

ചുരുക്കത്തിൽ ജോലിയുള്ളവരും ഇല്ലാത്തവരുമായ സ്ത്രീകൾ തങ്ങളുടേയും കുടുംബങ്ങളുടേയും സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ മുന്നോട്ടു വരുണം. വ്യക്തിഗത സാന്പത്തിക സ്വാതന്ത്ര്യം ആർജിക്കുവാൻ പ്രവർത്തിക്കുകയും വേണം. ജീവിതയാത്രയിലെ ഏറ്റവും മോശമായ ഒരു അവസ്ഥയെ നേരിടാൻ ഇതാവശ്യമാണ.്

കെ മനോജ് കുമാർ
സീനിയർ മാനേജർ, റിസർച്ച് ആൻഡ്
ഇൻവെസ്റ്റ്മെൻറ്സ്. ഡിബിഎഫ്എസ്
Email: [email protected]
Mobile: 9349804114