യുവ നിക്ഷേപകരെ... നേരത്തെ തുടങ്ങാം; സാന്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കാം
പഴയ തലമുറയെ അപേക്ഷിച്ച് പഠനം കഴിഞ്ഞാലുടൻ കാന്പസിൽനിന്നു നേരെ ജോലിയിലേക്കു പ്രവേശിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. നല്ല ജോലിയും ശന്പളവുമൊക്കെയുണ്ടെങ്കിലും മാസാവസാനം പേഴ്സിൽ പണം ശേഷിക്കുന്നവർ ചുരുക്കമാണ്. അടിച്ചുപൊളിക്കുയെന്ന പ്രമാണം തന്നെയാണ് യുവാക്കളെ നയിക്കുന്നത്. വളരെ കുറച്ചുപേർ മാത്രമേ ഭാവിയെ കണ്ടു നിക്ഷേപം നടത്തിത്തുടങ്ങിയിട്ടുള്ളു.
ചില നികുതി ലാഭിക്കുവാൻ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നു; ലൈഫ് കവറേജിനായി പാരന്പര്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നു; ചിലപ്പോൾ ഒരു ചെറിയ സ്ഥിര നിക്ഷേപവും... തീർന്നു മിക്ക ചെറുപ്പക്കാരുടേയും നിക്ഷേപവും നിക്ഷേപ പദ്ധതിയും. ചിലർ സുഹൃത്തു ഓഹരിയിൽ നിക്ഷേപം നടത്തിയതുകൊണ്ട് ഏതാനും ഓഹരികൾ വാങ്ങിയിട്ടുണ്ടാകും. ജോലി ജീവിതം ആരംഭിക്കുന്പോൾ തന്നെ ധനകാര്യസൂത്രണവും തുടങ്ങാം. ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതുവഴി സാന്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്താം.

വിദ്യാഭ്യാസം വായ്പ അടച്ചുകൊണ്ടു തുടങ്ങാം

നല്ലൊരു പങ്ക് വിദ്യാർത്ഥികളും ജോലിയിലേക്ക് പ്രവേശിക്കുന്നത് വിദ്യാഭ്യാസ വായ്പയുമായിട്ടായിരിക്കും. പലപ്പോഴും വായ്പ എടുത്തത് ഒരു സ്ഥലത്ത്. ജോലി കിട്ടിയത് മറ്റൊരു സ്ഥലത്ത്. വായ്പ അടയ്ക്കുവാൻ മറന്നുപോവുക സ്വാഭാവികം. പിന്നീട് കടവും പലിശയും കുന്നുകൂടി കഴിയുന്പോഴാണ് അതിന്‍റെ ഗൗരവം മനസിലാക്കുക.

അതിനാൽ വിദ്യാഭ്യാസ വായ്പ അടച്ചുകൊണ്ടായിരിക്കട്ടെ യുവാക്കളുടെ ധനകാര്യ ജീവിതം ആരംഭിക്കുന്നത്. അച്ചടക്കത്തോടെ അത് അടച്ചു തീർക്കുക. ഭാവിയിൽ വായ്പ കിട്ടുവാൻ ഇതടച്ചു തീർക്കേണ്ടത് ആവശ്യമാണ്. മറിച്ചായാൽ സിബിൽ സ്കോർ കുറയുകയും ഭാവിയിൽ വായ്പ കിട്ടുവാൻ പ്രയാസകരമാകുകയും ചെയ്യും.

സന്പാദ്യവും നിക്ഷേപവും

ജോലി തുടങ്ങുന്പോൾ തന്നെ അച്ചടക്കത്തോടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് തുടങ്ങുന്നതിനൊപ്പം ഒരു ചെറിയ ഭാഗം സന്പാദ്യത്തിലേക്കും നിക്ഷേപത്തിലേക്കും മാറ്റാം. ദീർഘകാലത്തിൽ മികച്ച സന്പത്തുണ്ടാക്കുന്നതിനു തടസമായി നിൽക്കുന്ന മുഖ്യ ശത്രം നിക്ഷേപം പിന്നീടത്തേയ്ക്കു നീട്ടി വയ്ക്കുന്നതാണ്.


നിക്ഷേപത്തിന് വൈവിധ്യമാർന്ന ആസ്തികൾ ലഭ്യമാണ്. അവരവർക്ക് ഏറ്റവും യോജിച്ച ആസ്തികൾ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനം. കൂട്ടുകാരൻ നിക്ഷേപിച്ചതുകൊണ്ട് ഓഹരികൾ നിക്ഷേപിക്കുകയോ ലൈഫ് ഇൻഷുറൻസ് വാങ്ങുകയോ ചെയ്തിട്ടു കാര്യമില്ല. ഫലപ്രദമായി നികുതിയും ആസൂത്രണം ചെയ്യുക.

ഇതോടൊപ്പം ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ വഴി കുടുംബത്തിന്‍റെ സാന്പത്തിക സുരക്ഷയും ഉറപ്പാക്കാം.ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കുന്ന ആസ്തികൾ തെരഞ്ഞെടുക്കുകയും ധനകാര്യ സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷ്യമിടകയും ചെയ്യുക എന്നതാണ്.

-കെ. മനോജ്കുമാർ