കൈ പൊള്ളിക്കുന്ന കാഷ് ഇടപാടുകൾ
2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലായെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിർദ്ദേശം.

കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അഞ്ഞൂറ്, ആയിരം രൂപയുടെ നേട്ടുകൾ അസാധുവാക്കിയത്. അതോടൊപ്പം രാജ്യത്തെ ഡിജിറ്റലാക്കുക എന്ന ലക്ഷ്യവും കൂടി ചേർന്നതോടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കും തുടക്കമായി.

ഇതിനെല്ലാം പുറമേയാണ് പണമിടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള നിർദേശം വരുന്നത്. കള്ളപ്പണം തടയുക ഡിജിറ്റൽ വഴിയെ ജനങ്ങളെ നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പണമിടപാടുകളിലും നിയന്ത്രണം ഏർപ്പെടുത്തിയത്.
2017-18 ലെ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി മൂന്നു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ധനകാര്യ ബില്ല് പാർലമെന്‍റ് പാസാക്കി.

രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി സ്വീകരിച്ചാൽ

ആദായ നികുതി നിയമത്തിൽ 269 എസ്ടി എന്ന പുതിയ വകുപ്പു കൂട്ടിച്ചേർത്തുകൊണ്ടാണ് പണമിടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് 2017 ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ കാഷ് ഇടപാടുകളും അംഗീകൃത മാർഗത്തിലൂടെ അല്ലായെങ്കിൽ നിയമവിരുദ്ധമായിരിക്കുമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അറിയിപ്പ്.

ഒരു വ്യക്തി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി, മറ്റൊരു വ്യക്തിയുടെ കൈയ്യിൽ നിന്നും ഒരേ ദിവസം, ഒരു ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക സന്ദർഭത്തിനായോ കൈപ്പറ്റുവാൻ പാടില്ല.’

ഇവിടെ വ്യക്തി എന്നു പറയുന്നത് വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കന്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും ഈ നിയമത്തിൽ നിന്നും ഒഴിവില്ല.

മൂന്നിനം പണമിടപാടുകൾക്ക് നിയന്ത്രണം

ആദായനികുതി നിയമത്തിന്‍റെ 269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെ പറ്റിയാണു വിവരിക്കുന്നത്.

1. ഒരു ദിവസത്തെ ഇടപാട്: ഒരു ദിവസം ഒരു വ്യക്തിയോ സ്ഥാപനമോ മറ്റൊരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കാൻ പാടുള്ളതല്ല.

ഉദാഹരണത്തിന് ശിവൻ തന്‍റെ പലചരക്കു കടയിലേക്ക് മുഹമ്മദിന്‍റെ കടയിൽ നിന്നും രാവിലെ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിച്ചു. വൈകുന്നേരം ഒരു ലക്ഷം രൂപയുടെയും സാധനങ്ങളും വാങ്ങിച്ചു. ശിവൻ മുഹമ്മദിന് നിലവിൽ രണ്ടര ലക്ഷം രൂപ നൽകാനുണ്ട്.

പക്ഷേ, പുതിയ നിയമമനുസരിച്ച് ശിവന് രണ്ടര ലക്ഷം രൂപ പണമായി മുഹമ്മദിന് നൽകാൻ സാധിക്കില്ല. രണ്ടു ലക്ഷം രൂപയ്ക്കു താഴെയുള്ള തുകയേ പണമായി നൽകാവു.


2. തുക കൂടിയാൽ ബാങ്ക് വഴി: രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒരു ഇടപാട് നടത്തിയാലും രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള തുകമാത്രമേ പണമായി സ്വീകരിക്കുവാൻ സാധിക്കുകയുള്ളു. മിച്ചം വരുന്ന തുക ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടി മാത്രമേ നൽകുവാൻ പാടുള്ളൂ. ഒറ്റ ഇടപാടിലെ തുകയായതിനാൽ പല ദിവസങ്ങളിലായി കുറഞ്ഞ തുകയായും നൽകാൻ പാടുള്ളതല്ല.
ഉദാഹരണത്തിന് ശിവൻ ആശുപത്രിയിലായി അദ്ദേഹത്തിന്‍റെ ഓപ്പറേഷന് മൂന്നു ലക്ഷം രൂപ ചെലവായി . ആശുപത്രിക്ക് ഈ മൂന്നു ലക്ഷം രൂപ പണമായി സ്വീകരിക്കാൻ സാധിക്കില്ല. രണ്ടു ലക്ഷം രൂപയിൽ കുറഞ്ഞ തുക പണമായും മിച്ചം വരുന്ന തുക ചെക്ക്, ഡ്രാഫ്റ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെയേ സ്വീകരിക്കാൻ സാധിക്കു.

3. പ്രത്യേക സന്ദർഭത്തിനായുള്ള ഇടപാട്: ഒരു പ്രത്യേക സന്ദർഭത്തിനായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുക പണമായി സ്വീകരിക്കാൻ സാധിക്കില്ല.

ഉദാഹരണത്തിന് ശിവന്‍റെ മകളുടെ വിവാഹ നടത്തിപ്പിനു വേണ്ടി ഒരു കന്പനിക്ക് കരാർ നൽകുന്നു. രണ്ടു ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കാണ് കരാർ ഉറപ്പിക്കുന്നതെന്നിരിക്കട്ടെ. കന്പനിക്ക് രണ്ടു ലക്ഷം രൂപയിൽ താഴയേ പണമായി സ്വീകരിക്കാൻ സാധിക്കു. ബാക്കി തുക ചെക്ക്, ഡ്രാഫ്റ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കുവാൻ സാധിക്കൂ.

നിയന്ത്രണത്തിൽപെടാത്ത ഇടപാടുകൾ

1. ഒരാളുടെ സ്വന്തം അക്കൗണ്ടിൽ അയാൾ നടത്തുന്ന പണ നിക്ഷേപങ്ങളും പിൻവലിക്കലുകളും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരില്ല.
2. ആദായ നികുതി നിയമത്തിലെ 269 എസ്ടി വകുപ്പ് അനുസരിച്ച് ഗവണ്‍മെന്‍റ്, ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, കോ-ഓപ്പറേറ്റീവ് ബാങ്ക്, എന്നീ സ്ഥാപനങ്ങളുമായുള്ള രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന ഇടപാടുകളെ നിയന്ത്രണം ബാധിക്കില്ല.
3.പ്രത്യേക സന്ദർഭങ്ങളിൽ ലഭിക്കുന്ന പണത്തിനും ഇളവു നൽകിയിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തവർ നൽകിയ സമ്മാന തുക രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുണ്ടെന്നിരിക്കട്ടെ. ഇവിടെ സമ്മാന തുക ലഭിച്ചത് ഒരാളിൽ നിന്നല്ലാത്തതിനാൽ ഇവിടെ നിയന്ത്രണം ബാധകമല്ല.

ശിക്ഷ

പണം കൈപ്പറ്റുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആയിരിക്കും ശിക്ഷ ലഭിക്കുക. ഇവിടെ നികുതി നൽകിയ പണമാണെന്നോ നികുതി കിഴിവുള്ള പണമാണെന്നോ കാർഷിക വരുമാനമാണ് എന്നുള്ളതോ ആയ യാതൊരു വിധ പരിഗണനയും ഉണ്ടായിരിക്കില്ല.
സ്വീകരിക്കുന്നവരാരായാലും സ്വീകരിക്കുന്ന തുകയ്ക്ക് തുല്യമായ തുക പിഴയായി നൽകേണ്ടതായി വരും.

നികുതി നിയമത്തിലെ 271 ഡിഎ വകുപ്പ് അനുസരിച്ചാണിത് ശിക്ഷ. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്കോ, സ്ഥാപനത്തിനോ അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല.