വിസ്മയം തീര്‍ത്ത് ബെല്ല ക്രിയേഷന്‍സ്‌
വിസ്മയം തീര്‍ത്ത് ബെല്ല ക്രിയേഷന്‍സ്‌
Saturday, September 9, 2017 4:03 AM IST
അവധി ദിവസം വന്നാൽ രാവിലെ മുതൽ അപ്പന്‍റെ ഓഫീസിലായിരിക്കും ബീനയുടെ വാസം. നല്ല കയ്യക്ഷരമുള്ള ബീനയെക്കൊണ്ട് അപ്പൻ ഇടയ്ക്കിടയ്ക്ക് കണക്കുകളൊക്കെ എഴുതിക്കും.അപ്പന്‌ ഇടയ്ക്ക് കുന്നൂരിൽ തേയില ലേലത്തിൽ പങ്കെടുക്കാൻ പോകും.അപ്പോൾ ബീനയാണ് അപ്പനുവേണ്ടി വിവിധ കാറ്റലോഗ് കോഡുകൾ എഴുതിക്കൊടുക്കുക. ഇങ്ങനെ ടീ ട്രേഡേഴ്സ് ഉടമയായ കളത്തിപ്പറന്പിൽ സേവ്യറുടെ മകൾ ബീനയ്ക്കും ബിസിനസ് പാഷൻ ആയി മാറി.

ബിരുദം നേടിയ ഉടനേ വിവാഹിതയായി. വീട്ടിൽ വെറുതേ ഇരിക്കാനിഷ്ടപ്പെടാത്ത ബീന സ്കൂൾ കുട്ടികൾക്കു ട്യൂഷൻ എടുത്തു തുടങ്ങി. ആർട്സ് ബിരുദധാരിയായിരുന്നുവെങ്കിലും കണക്ക് ആയിരുന്നു കൂടുതൽ എടുത്തിരുന്ന വിഷയം. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി ട്യൂഷൻ നൽകുമായിരുന്നു. വളരെ മികച്ച മാർക്കോടുകൂടിയാണ് മിക്ക കുട്ടികളും വിജയിച്ചു പോന്നിരുന്നത്. അവരെല്ലാവരുംതന്നെ ഇന്നു നല്ല നിലയിൽ എത്തിച്ചേർന്നിരിക്കുന്നുവെന്നു ചാരിതാർത്ഥ്യത്തോടെ ബീന ഓർമിക്കുന്നു.
കുട്ടികൾക്കു ട്യൂഷൻ നൽകിയിരുന്ന കാലത്തും ബിസിനസ് ആയിരുന്നു ബീനയുടെ മനസിൽ നിറഞ്ഞുനിന്നിരുന്നത്. ലക്ഷ്യവും അതുതന്നെയായിരുന്നു. അങ്ങനെ ബാംഗളൂരൂവിൽ പോയി ആദ്യമായി ബ്രാൻഡഡ് കന്പനിയുടെ കുട്ടിയുടുപ്പുകൾ വാങ്ങി. പതിനേഴായിരം രൂപയായിരുന്നു മുടക്കു മുതൽ. ചെറിയ കടകളുമായി ബന്ധപ്പെട്ട് സപ്ലൈ നടത്തി. രണ്ടു ദിവസത്തിനുള്ളിൽ കുട്ടിയുടപ്പുകൾ പൂർണമായുംവിറ്റു തീർന്നു.
ഇതു നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നുവെന്നു ബീന പറയുന്നു. അടുത്തത് കുറേക്കൂടി വലിയ പർച്ചേസ് നടത്തി്. ചെറിയ കടകൾ മാത്രമല്ല വലിയ കടകളെക്കൂടി സമീപിച്ചു. പ്രതികരണം പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലുതായിരുന്നു. വളരെപ്പെട്ടെന്നു തന്നെ വൻതോതിൽ സപ്ലൈ തുടങ്ങി.

സ്വന്തം ഉത്പാദന യൂണിറ്റ്

ബിസനസ് മെച്ചപ്പെട്ടതോടെ സ്വന്തമായി ഉടുപ്പുകൾ തുന്നി വിൽക്കുവാൻ ആഗ്രഹം തോന്നി. കസ്റ്റം മേഡ് ഫാഷൻ വസ്ത്രങ്ങൾക്ക് എപ്പോഴും ഡിമാണ്ട് ഉണ്ടാകുമെന്ന് ബീനയിലെ ബിസിനസുകാരിക്ക് അറിയാമായിരുന്നു. അങ്ങനെ 21 ഇൻഡസ്ട്രിയൽ മെഷീനോടെ റംബന്‍റ് ഗാർമന്‍റ്സിനു തുടക്കം കുറിച്ചു.ലെഹങ്ക, ചോളി, ചുരുദാർ തുടങ്ങി സ്ത്രീകൾക്കുള്ള പലവിധ റെഡിമെയ്ഡ് വസ്ത്രങ്ങളും നിർമിച്ചു തുങ്ങി. കേരളത്തിൽ മാത്രമല്ല വിദേശത്തും ഇവ നൽകിപ്പോന്നു.

അങ്ങനെയിരിക്കേ വലിയൊരു കയറ്റുമതി ഓർഡർ കൈയിൽവന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. ഭർത്താവിന്‍റെ പെട്ടെന്നുള്ള അസുഖം നിമിത്തം ഓർഡർ പൂർത്തിയാക്കുവാൻ സാധിച്ചില്ല. അതു ബീനയെ സാന്പത്തികമായി മാത്രമല്ല, മാനസികമായും തളർത്തിക്കളഞ്ഞു. നീണ്ട രണ്ടര വർഷത്തെ ചികത്സയ്ക്കൊടുവിൽ ഭർത്താവ് ലോകത്തോടു വിട വാങ്ങി. ഷിപ്പിംഗ് കന്പനിയിൽ കാർഗോ സൂപ്പർ വിഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്‍റെ മരണം ബിനയെ വല്ലാതെ തകർത്തുകളഞ്ഞു. ഇതിൽന്നു കരകയറി ജീവിതത്തിലേക്കു മടങ്ങി വരാൻ വർഷങ്ങളെടുത്തു.

വീണ്ടും ബിസിനസിലേക്ക്

ബിസിനസ് കടുംബമായ കാക്കനാട്ടേയ്ക്ക് വീണ്ടും വിവാഹം കഴിച്ചെത്തിയതോടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ബീനയിൽ ഉദിച്ചു. ഒരിക്കൽ മാളിലൂടെ നടക്കുന്പോൾ മകൻ ചാക്കോയാണ് ബൊട്ടിക്ക് ചൂണ്ടിക്കാട്ടി "അമ്മയ്ക്ക് ഇങ്ങനെ എന്തെങ്കിലും ചെയ്തുകൂടെ’യെന്നു ചോദിച്ചത്. ഭർത്താവ് ജെയിംസും അതിനെ പ്രോത്സാഹിപ്പിച്ചതോടെ ബീനയ്ക്ക് ആത്മവിശ്വാസമായി.

2010-ൽ ബെല്ല ക്രിയേഷൻസ് എന്ന പേരിൽ കോതമംഗലത്ത് ബൊട്ടിക് തുടങ്ങി. 2013-ൽ ബി ജെ ഇന്ത്യ അസോസിയേറ്റ്സ് എന്ന പേരിൽ സിൽക്ക്, ലിനൻ തുണികളുടെ ഉത്പാദനം, വിതരണം എന്നിവയിലേക്ക് കടന്നു. സിൽക്ക് സിറ്റി എന്നറിയപ്പെടുന്ന ബീഹാറിലെ ഭാഗൽപ്പൂരിൽ തറികൾ വാടകയ്ക്ക് എടുത്താണ് നിർമാണം തുടങ്ങിയത്.

ഇപ്പോൾ ലിനൻ തുണികൾ, ലിനൻ ഗാർമന്‍റ്സിലുമാണ് കന്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലിനൻ വസ്ത്രങ്ങൾക്ക് പ്രകൃതിദത്തവും ആരോഗ്യകരവുമാണ്. ഇതിന് രാജ്യത്തൊട്ടാകെ സ്വീകാര്യത വർധിച്ചുവരുന്ന സമയവുമാണ്. ഇതാണു ലിനൻ വസ്ത്രങ്ങളുടെ ഉത്പാദനത്തിലേക്കു കടക്കുവാൻ പ്രേരിപ്പിച്ചത്. ബെല്ലാ ക്രിയേഷൻസ് എന്ന ബ്രാൻഡ് നെയിംതന്നെയാണ് ഇതിനും സ്വീകരിച്ചിരിക്കുന്നത്.


തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ലിനൻ ഉത്പന്നങ്ങൾ സപ്ലൈ ചെയ്യുന്നത്. ലിനൻ, ലിനൻ ലക്ഷ്വറി തുണിത്തരങ്ങൾ ഏറ്റവും മികച്ച വിലയിൽ ലഭ്യമാക്കുന്നതിൽ കന്പനി പ്രത്യേകം ശ്രദ്ധ നൽകുന്നതായും ബീന പറഞ്ഞു.
തുണികൾക്കു പുറമേ പുരുഷന്മാരുടെ ഷർട്ടുകളുടെ ഉത്പാദനവും കന്പനി തുടങ്ങിയിട്ടുണ്ട്.
പ്രത്യേക ശ്രദ്ധയോടെ തെരഞ്ഞെടുത്ത നൂലുകൾ ഉപയോഗിച്ചാണ് ലിനൻ തുണികൾ നെയ്തെടുക്കുന്നത്. ശുദ്ധമായ ലിനൻ തുണികൾക്കാണ് ഉൗന്നൽ. തങ്ങളുടെ ഉത്പന്നങ്ങൾക്ക് പൂർണമായ ഗാരന്‍റിയുമുണ്ട്. ഉയർന്ന ഗുണമേന്മയുള്ള തുണിത്തരങ്ങൾ ഉത്പാദിപ്പിക്കുവാൻ തങ്ങൾ പ്രതിജ്ഞബദ്ധരാണെന്നും ബീന പറഞ്ഞു.

വസ്ത്രങ്ങളുടെ ഡിസൈനും സ്റ്റൈലുമാണ് തങ്ങളുടെ തുണിത്തരങ്ങളുടേയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ സവിശേഷതയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ലിനൻ ഷർട്ടിൽ സജീവമായി

ലിനൻ ഷർട്ടിംഗ്, ലിനൻ ദോത്തി, ലിനൻ നാപ്കിൻസ്, ടേബിൾ ലിനൻ തുടങ്ങിയ വൈവിധ്യമാർന്ന ലിനൻ ഉത്പന്നങ്ങൾ കന്പനി ലഭ്യമാക്കുന്നു. സ്ത്രീകൾക്കാവശ്യമായ ലിനൻ വസ്ത്രങ്ങളും രൂപകൽപ്പന ചെയ്യുന്നുണ്ട്.

വിവാഹം ഉൾപ്പെടെയുള്ള ആഘോഷാവസരങ്ങൾക്കായി വ്യക്തികളുടെ താൽപര്യമനുസരിച്ചുള്ള വസ്ത്രങ്ങൾ രൂപകൽപന ചെയ്തു നൽകുന്നുണ്ടെന്നും ബീന അറിയിച്ചു.

കന്പനി അടുത്തയിടെ ലിനൻ റെഡിമെയ്ഡ് ഷർട്ടുകളുടെ രൂപകൽപ്പനയിലേക്കും വിപണനത്തിലേക്കും കടന്നിരിക്കുകയാണ്. ഓർഡർ അനുസരിച്ച് ഷർട്ടുകൾ നിർമിച്ചു നൽകുകയും ചെയ്യുന്നുണ്ട്. "ബെല്ലാ ക്രിയേഷൻസ്’ എന്ന പേരിൽത്തന്നെയാണ് ഷർട്ടുകൾ നിർമിക്കുന്നത്. ഹോൾസെയിൽ ഓർഡറുകൾ എടുത്തു ഡിസൈൻ ചെയ്തു നൽകാറുണ്ട്.
മുപ്പത്തിയെട്ടു ഇഞ്ചു മുതൽ 44 ഇഞ്ച് വരെ സൈസിലുള്ള ഷർട്ടുകളാണ് കന്പനി സാധാരണ റെഡിയാക്കുന്നത്. മറ്റ് സൈസുകളിൽ ബയറുടെ ഡിമാണ്ട് അനുസരിച്ച് തയാറാക്കി നൽകുന്നു. ധരിക്കാൻ സുഖകരമായ ലിനൻ സാധാരണക്കാരിലും എത്തിക്കുകയെന്നത് ഒരു ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ശുദ്ധമായ ലിനൻ ഫാബ്രിക്സിൽ തയാറാക്കുന്ന റെഗുലർ ഫിറ്റ് ഷർട്ടിന് 1499- 2199 രൂപ യാണ് വില റേഞ്ച്. ഡിസൈനർ ഷർട്ടുകൾക്ക് വില കൂടും.

വിപണനം വിപുലമാക്കും

കൂടുതൽ റീട്ടെയിൽ ഒൗട്ട് ലെറ്റുകളിൽ ഷർട്ടുകളും മറ്റ് ലിനൻ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ബീന അറിയിച്ചു. സംസ്ഥാനത്തെ മുഖ്യ ടെക്സ്റ്റൈൽ റീട്ടെയിൽ ഒൗട്ട് ലെറ്റുകളിൽ ഉത്പന്നം എത്തിക്കുന്നതിന് ഉദ്ദേശ്യമുണ്ട്. വിപണനം വിപുലമാക്കുന്നതിനായി മാർക്കറ്റിംഗ് കന്പനികളുമായി ചർച്ച നടത്തി വരികയാണെന്നും ബീന അറിയിച്ചു. കേരളത്തിൽ എറണാകുളത്ത് കോണ്‍വന്‍റ് ജംഗ്ഷനിൽ കന്പനിക്ക് ഒൗട്ട് ലെറ്റുണ്ട്.

ഈ മേഖലയിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നതെങ്കിലും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്തതും ഡിസൈൻ പ്രത്യേകതയുമാണ് ബെല്ലാ ക്രിയേഷൻ ഉത്പന്നങ്ങൾക്കു ഡിമാണ്ട് നൽകുന്നത്.

അൽപം അഭിരുചിയും ഫാഷൻ സെൻസുമുള്ള സ്ത്രീകൾക്കു യോജിച്ച മേഖലയാണ് തുണിത്തരങ്ങളുടേയും റെഡിമെയ്ഡിന്‍റെയും മേഖല. ബിസനസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും. അതിൽ പിടിച്ചു നിൽക്കാനുള്ള കരുത്തുണ്ടാവാണം. ഗുണമേന്മയിൽ വീട്ടുവീഴ്ചയില്ലാതെ പുതുമയോടെ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചാൽ പിടിച്ചു നിൽക്കാനാകുമെന്നു തന്നെയാണ് തന്‍റെ അനുഭവമെന്നും ബീന പറയുന്നു. ഫോണ്‍: 9544954122