സംരംഭകനാകാൻ പ്ലാൻ ചെയ്യാം
സംരംഭകനാകാൻ പ്ലാൻ ചെയ്യാം
Friday, September 15, 2017 4:22 AM IST
ഏതൊരും സംരംഭവും ആരംഭിക്കുന്നതിനു മുന്പ് സംരംഭകനുണ്ടാകേണ്ടത് കൃത്യവും വ്യക്തവുമായ ഒരു ബിസിനസ് പ്ലാൻ ആണ്. അത് വളരെ ശ്രദ്ധയോടെ വേണം തയാറാക്കാൻ. അതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് അത് ആർക്കു വേണ്ടിയുള്ളതാണെന്നുള്ള തിരിച്ചറിവും.

അതുകൊണ്ട് അവനവനുവേണ്ടിയുള്ളതാണെന്ന ചിന്തയോടെ വേണം ബിസിനസ് പ്ലാനിംഗ് നടത്താൻ. ഇതോടൊപ്പം ഉപഭോക്താക്കൾക്കും ഭാവിയിലേ മത്സരസാധ്യതകൾക്കും പ്രാധാന്യം നൽകണം. എല്ലാത്തിലുമപരി സംരംഭം ഒരു "എത്തിക്കൽ ഓർഗനൈസേഷന’ായിരിക്കണം എന്ന കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യാതിരിക്കുക. ദീർഘകാല ബിസിനസിനെ മനസിൽ കണ്ടുകൊണ്ടു വേണം ധനകാര്യ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാൻ.

നിക്ഷേപം

തുടക്കകാരായ സംരംഭകരെ സംബന്ധിച്ചിടത്തോളം നിക്ഷേപമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരിക്കലും നിക്ഷേപകരെ എങ്ങനെ ലഭ്യമാകും എന്നോർത്ത് വിഷമിക്കേണ്ടതില്ല.

കാരണം നല്ല രീതിയിൽ ബിസിനസ് ചെയ്താൽ നിക്ഷേപകർ തേടിയെത്തിക്കൊള്ളും. സംരംഭകർ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരിക്കലും എത്തിക്കൽ ഓർഗനൈസേഷൻ എന്ന ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു പോകരുത്. ബ്രാൻഡ് വാല്യു സൃഷ്ടിക്കുന്നതിൽ നിന്നും ഒരിക്കലും പിന്നോട്ടു പോകാതിരിക്കുക. എങ്കിൽ നിക്ഷേപകർ സംരംഭകരുടെ പക്കയലേയ്ക്ക് എത്തിക്കോളും.

സ്റ്റാർട്ടപ്പുകൾ തങ്ങളുടെ സംരംഭത്തിൽ നിക്ഷേപകർക്ക് കൂടുതൽ ഉടമസ്ഥാവകാശം നൽകുന്ന തരത്തിലുള്ള നിക്ഷേപം തെരഞ്ഞെടുക്കരുത്. കാരണം സംരഭകർക്ക് പിന്നീട് പ്രവർത്തനസ്വാതന്ത്ര്യം ഇല്ലാതെ വരാനിടയുണ്ട്. വളർച്ച, സുരക്ഷിതത്വം, പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തിയാണ് നിക്ഷേപകർ നിക്ഷേപം നടത്തുന്നത്. സംരംഭകർ എപ്പോഴും ടേം ഷീറ്റ് സൂക്ഷിക്കാനും ശ്രദ്ധിക്കണം.

അക്കൗണ്ടുകൾ കൃത്യമായുംപുതുക്കിയും സൂക്ഷിക്കുക

1 നല്ല ഒരു അക്കൗണ്ടിംഗ് ടീമിനെ കണ്ടെത്തുക

അക്കൗണ്ടിംഗ് സ്റ്റാഫുമാരെ കണ്ടെത്തുന്നതു മുതൽ പ്രത്യേക ശ്രദ്ധ നൽകണം. പലരും നൽകുന്ന ഒരു ബയോഡേറ്റ മാത്രം പരിഗണിച്ച് നിയമനം നൽകരുത്. മറിച്ച് ചാർട്ടേഡ് അക്കൗണ്ടുമാരുടെ അടുത്തേയ്ക്ക് നിങ്ങൾ തെരഞ്ഞെടുക്കാൻ ഉദേശിക്കുന്നവരെ അയയ്ക്കണം. അവർക്ക് കൃത്യമായി വിലയിരുത്തി മികച്ച ഉദ്യോഗസ്ഥരെ നിങ്ങൾക്ക് നൽകാൻ കഴിയും.

2. അക്കൗണ്ട് ചാർട്ട് ചെയ്യുക

അക്കൗണ്ടിംഗ് സോഫ്റ്റ് വേർ ഉണ്ടെന്നോ അല്ലെങ്കിൽ ജോലിക്കാരുണ്ടെന്നോ കരുതി അക്കൗണ്ടിംഗിൽ ശ്രദ്ധിക്കാതിരിക്കരുത്. നിങ്ങളുടെ സ്ഥാപനമാണിത്. എല്ലായിടത്തും നിങ്ങളുടെ ശ്രദ്ധയെത്തണം. മികച്ച സോഫ്റ്റ് വേർ തെരഞ്ഞെടുക്കണം. ഓരോ ചെലവുകളെയും ഇനം തിരിച്ച് രേഖപ്പെടുത്താവുന്ന വിധത്തിൽ അക്കൗണ്ട് ചാർട്ട് ചെയ്യണം

3. വൗച്ചർ സംവിധാനം സൂക്ഷിക്കുക

4. ട്രയൽ ബാലൻസ് പരിശോധിക്കുക

എല്ലാ ആഴ്ച്ചയും ട്രയൽ ബാലൻസ ്ചെക്ക് ചെയ്യണം. വരവും ചെലവും തമ്മിൽ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. ചെലവു കൂടുതലാണെങ്കിൽ എവിടെയാണ് ശ്രദ്ധിക്കേണ്ടതെന്നു മനസിലാക്കാൻ ഇത് സഹായിക്കും.

5. ബാങ്ക് റെക്കണ്‍സിലേഷൻ സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുക
ബാങ്ക് റെക്കണ്‍സിലേഷൻ സ്റ്റേറ്റ്മെന്‍റുകൾ മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. ചെക്കുകൾ നൽകാനുള്ളത് നൽകിയിട്ടുണ്ടോ, കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടോ എന്നുള്ളതെല്ലാം അറിയാൻ ഇത് സഹായിക്കും.

പ്രവർത്തന മൂലധന മാനേജ് മെന്‍റ്

പലിശയ്ക്കു പണം വാങ്ങി ഒരിക്കലും സംരംഭം ആരംഭിക്കരുത്. പ്രവർത്തന മൂലധനത്തെ കൃത്യമായി മാനേജ് ചെയ്യണം. കൊടുക്കാനുള്ളവർക്ക് പണം കൃത്യസമയത്ത് നൽകണം. കിട്ടാനുള്ളവരിൽ നിന്നും കൃത്യസമയത്ത് വാങ്ങിക്കണം. അസംസ്കൃത വസ്തുക്കൾ മുതലായവ ആവശ്യത്തിനു മാത്രം വാങ്ങുക. ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഉപഭോക്താക്കൾ അവർക്കു നൽകിയ സേവനത്തിന്‍റെയോ ഉത്പന്നത്തിന്‍റെയോ പണം നൽകുന്നില്ല. പക്ഷേ, അയാൾക്ക് നിങ്ങളുമായി ഇടപാടുകൾ നടത്താൻ താൽപര്യമുണ്ടെന്നിരിക്കേ അയാളോട് പണം കൃത്യസമയത്തു നൽകണം എന്നുള്ള കാര്യം തുറന്നു പറയണം.

പുതിയ ബിസിനസല്ലേയെന്നു കരുതി ഉപഭോക്താക്കൾക്ക് ആദ്യം വില കുറച്ചു നൽകാം എന്നുള്ള ധാരണ തെറ്റാണ്. കാരണം ഒരിക്കൽ വില കുറച്ചാൽ ആ ഉപഭോക്താക്കളെ നിലനിർത്താൻ അവരുമായി എപ്പോഴും അതേ വിലയ്ക്കു തന്നെ ഇടപാടുകൾ നടത്തേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം മുൻകൂട്ടി കണ്ടു കൊണ്ടു വേണം പ്രവർത്തനങ്ങൾ നടത്താൻ.

ഓഡിറ്റിംഗ്

ഓഡിറ്റിംഗ് ഒരു സംരംഭത്തെ സംബന്ധിച്ച് കൃത്യമായ വിലയിരുത്തലിനുള്ള അവസരമാണ്. ഇടയ്ക്കൊക്കെ ഓഡിറ്ററുമായി സംസാരിക്കുന്നത,് കന്പനിയിലെ ധനകാര്യ ഇടപാടുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ സഹായിക്കം.


1. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് - എല്ലാ വർഷവും നിയമപരമായി നടത്തേണ്ടത്
2. ഇന്‍റേണൽ ഓഡിറ്റ് - കന്പനിക്കുള്ളിൽ നടത്തേണ്ടത്
3. ഇന്‍ററിം ഓഡിറ്റ് - ഇടക്കാലത്ത് (6 മാസം കൂടുന്പോൾ ) നടത്തുക
4. ആക്ഷൻ ടേക്കണ്‍ റിപ്പോർട്ട്

ചെലവു ചുരുക്കൽ

ചെലവു ചുരുക്കുക എന്നത് ഒരു കന്പനിയുടെ ധനകാര്യ നിയന്ത്രണങ്ങളിലെ പ്രധാനപ്പെട്ട നടപടിയാണ്. ചെലവു ചുരുക്കാതെയുള്ള പ്രവർത്തനങ്ങൾ നഷ്ടത്തിലേക്കേ നയിക്കൂ എന്നോർക്കുക. അനാവശ്യ ചെലവുകൾ എന്തെല്ലാമാണെന്ന് സ്വയം ചോദിച്ചറിയണം. കുറെ വർഷങ്ങളായി പിന്തുടരുന്ന രീതിയാണിത് എന്നു പറഞ്ഞ് പഴഞ്ചനും ചെലവു കൂട്ടുന്നതുമായ രീതികളെ പിന്തുടരാതിരിക്കുക. പുന പരിശോധനയ്ക്ക് സമയം കണ്ടെത്തുക.
* ഗുണമേൻമയിൽ കുറവു വരുത്താതെ ചെലവു നിയന്ത്രിക്കുക
* പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ചെലവു നിയന്ത്രിക്കുക
* ചെലവു ചുരുക്കുന്നു എന്നു കരുതി കന്പനിയുടെ നിലവിലെ സ്ഥിതിയ്ക്ക് ഒരു മാറ്റവും വരാതെ സൂക്ഷിക്കുകയും വേണം നിയമപ്രകാരമുള്ള ബാധ്യതകൾ

1. ആദായിനികുതി
2. ജിഎസ്ടി (39 ഫയലിംഗ് ഒരു വർഷം വരും. ദിനം പ്രതി പിഴ നൽകണം)
3. മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിന്‍റെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ നൽകേണ്ട പിഴകൾ
4. ഫോറിൻ എക്സ്ചേഞ്ച് മാനേജ് മെന്‍റ് ആക്ടിൽ വരുന്ന നിയമങ്ങൾ
5. പിഎഫ് മുതലായ തൊഴിലാളികള സംബന്ധിക്കുന്ന പ്രശ്നങ്ങൾ
പേഴ്സണൽ വെൽത്ത് മാനേജ്മെന്‍റ്
സംരംഭം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവിതവും സന്പത്തും നഷ്ടമായി പോകുന്ന ഒരു സാഹചര്യം സംരംഭകർക്കുണ്ടാകരുത്. അതിനാൽ വ്യക്തി പരമായി സാന്പത്തിക ഭദ്രത ഉറപ്പാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
* വ്യക്തിപരമായ സ്വത്തുക്കളും ബിസിനസിലെ സ്വത്തുക്കളെയും രണ്ടായികാണുക.
* ബിസിനസിലെ സ്വന്തം പ്രയത്നത്തിന് നിശ്ചിത വരുമാനം നിശ്ചയിക്കുക.
* സ്വന്തം ബിസിനസിലെ നിക്ഷേപത്തിനപ്പുറം നിക്ഷേപം നടത്തുക.
* പേഴ്സണൽ ടാക്സ് റിട്ടേണുകൾ കൃത്യസമയത്ത് ഫയൽ ചെയ്യുക.
* വിശ്വാസ്യത വളർത്തിയെടുക്കുക.
* സുസ്ഥിരവും സത്യസന്ധവുമായ ബിസിനസ് സൃഷ്ടിക്കുക.
(വിൽഗ്രോ ഇന്നോവേഷൻസ് ഫൗണ്ടേഷനും ടൈ കേരളയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരന്പരയിൽ സാമൂഹിക സരംഭങ്ങളുടെ ബിസിനസ് പ്ലാനിംഗും ഫിനാൻഷ്യൽ മോഡലിംഗും എന്ന വിഷയത്തിൽ കോര ആൻഡ് കോര ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് മാനേജിംഗ് പാർട്ണർ ജോർജ് കോര നടത്തിയ പ്രഭാഷണത്തിൽ നിന്ന്്.)

നടപ്പിലാക്കാവുന്ന നിയന്ത്രണങ്ങൾ

1. ബജറ്റിലുള്ള നിയന്ത്രണം
* ചെലവു നിയന്ത്രിക്കുക
* വിവിധ ആവശ്യങ്ങൾക്കായുള്ള നീക്കിയിരുപ്പിൽ നിയന്ത്രണം കൊണ്ടു വരിക.
2. ഇന്‍റേണൽ കണ്‍ട്രോൾ
* ഇന്‍റേണൽ ഓഡിറ്റിംഗ്
* നിലവിലെ പ്രക്രിയകൾക്ക് മാറ്റം വരുത്തുക
3. മൂലധന ചെലവിലുള്ള നിയന്ത്രണം
ഓരോ ആവശ്യങ്ങൾക്കായി പണം വകതിരിച്ചു നൽകുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് അക്കാര്യത്തിൽ ഒരിക്കലും ശ്രദ്ധ തെറ്റാതിരിക്കുക. സംരംഭത്തിന് ആവശ്യമുള്ള കാര്യങ്ങൾ മാത്രം തെരഞ്ഞെടുക്കുക. സംരംഭം തുടങ്ങി എന്നു കരുതി വില കൂടിയ കാറുകൾ, വലിയ ഓഫീസ് എന്നിങ്ങനെയുള്ള കൈയ്യിലൊതുങ്ങാത്ത ആഗ്രഹങ്ങളെ തുടക്കത്തിലെ സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുക. ഓരോ ആവശ്യങ്ങളും ഇഴകീറി പരിശോധിച്ചു വേണം നടപ്പിലാക്കാൻ. നടപ്പിലാക്കുന്നതിനു മുന്പ് പലവട്ടം ആലോചിച്ച് അത്യാവശ്യമാണെന്നു ഉറപ്പാക്കിയതിനുശേഷം നടപ്പിലാക്കുക.

സംരംഭകനു മുന്നിലുള്ള ലക്ഷ്യങ്ങൾ

* ശക്തമായ ഒരു ബ്രാൻഡ് നിർമ്മിക്കുക
* ഉപഭോക്താക്കളെ വർധിപ്പിക്കുക, ലാഭം വർധിപ്പിക്കുക
* നിക്ഷേപകരെ ആകർഷിക്കുക
* നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക
* തൊഴിലിനെയും ജീവിതത്തെയും സംതുലിതമായി കൊണ്ടുപോകുക
* നിയമപരമായ പ്രതിബന്ധങ്ങളെ നേരിടുക
* കാര്യക്ഷമമായ തൊഴിലാളികളെ കണ്ടെത്തുക
ഈ ലക്ഷ്യങ്ങളെ നേടിയെടുക്കും വിധം വേണം ബിസിനസ് പ്ലാൻ നിർമ്മിക്കാൻ. സംരംഭം ആരംഭിച്ച് ആദ്യദിവസം മുതൽ ശ്രദ്ധിക്കേണ്ട കാര്യം ബ്രാൻഡ് മൂല്യം ഉണ്ടാക്കുക; അത് വളർത്തിയെടുക്കുക എന്നുള്ളതാണ്. ഉപഭോക്താവിനു നൽകേണ്ട പരിഗണനയിൽ ഒരിക്കലും വീഴ്ച്ചവരുത്തരുത്. ഈ രണ്ടു ലക്ഷ്യങ്ങൾക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന.