കൂണ്‍: രോഗങ്ങളും പരിഹാരവും
കൂണ്‍:  രോഗങ്ങളും പരിഹാരവും
Monday, September 25, 2017 5:12 AM IST
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നിനെ ആഹരിച്ച് ഭക്ഷണമാക്കുന്ന ചില രോഗകാരികളും കീടങ്ങളും ഇവയെ ഉപയോഗശുന്യമാക്കുന്നു. പലതരം കുമിൾ, ബാക്ടീരിയ, നിമാവിരകൾ, വൈറസ്, മണ്ഡരികൾ തുടങ്ങിയവ അവയിൽപ്പെടും. അത്തരത്തിലുള്ള ഏതാനും രോഗ, കീടങ്ങളും അവയുടെ നിയയന്ത്രണ മാർഗങ്ങളുമാണ് ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

ഫോറിഡ് ഈച്ചകൾ

ഈ പ്രാണികൾക്ക് നീളം കുറഞ്ഞ കൊന്പും ചിറകുമാണുള്ളത്. ഇവയുടെ പുഴുക്കൾ കൂണിന്‍റെ കോശങ്ങൾ തുരന്ന് അകത്തു കയറി തന്തുക്കൾ തിന്നു നശിപ്പിക്കുകയും മൊട്ടുകളിൽ ദ്വാരമുണ്ടാക്കുകയും ചെയ്യുന്നു. ചൂടുള്ള സമയത്താണ് ഇവ കൂടുതൽ വിളനാശം വരുത്തുന്നത്.

സിയാരിഡ് ഈച്ചകൾ

ഇരുണ്ട നിറവും നീണ്ട ശരീര ഘടനയുമുള്ള ഇവയുടെ മുട്ട വിരിഞ്ഞുണ്ടാവുന്ന പുഴുക്കൾ കൂണ്‍ തന്തുക്കൾ തിന്നു നശിപ്പിച്ചും കൂണിന്‍റെ മുകൾ ഭാഗത്തു കൂടി തുളച്ചുകയറിയും വിള നഷ്ടം ഉണ്ടാക്കുന്നു. മാത്രമല്ല ഇവ മണ്ഡരി പലതരം രോഗാണുക്കൾ എന്നിവയുടെ വാഹകരായും പ്രവർത്തിക്കുന്നു.

സെസിഡുകൾ

ഇവ ഓറഞ്ചു കറുപ്പും കലർന്ന നിറമുള്ള ചെറിയ ഈച്ചയാണ് രണ്ടറ്റവും കൂർത്ത ഇവയുടെ പുഴുക്കൾ കൂണിന്‍റെ തണ്ട്, തന്തുകൾ എന്നിവ തിന്നു നശിപ്പിക്കുന്നു.

നിമാവിരകൾ

വളർച്ചാ മാധ്യമം അല്ലെങ്കിൽ കന്പോസ്റ്റ് തയാറാക്കുന്നതിലും ആവരണ മണ്ണിലും മറ്റും കണ്ടുവരുന്ന പാകപിഴകളാണ് നിമാവിരകളുടെ വ്യാപനത്തിനും ആക്രമണത്തിനും കാരണം.

എലി

കൂണ്‍ വളർത്തുന്ന മുറികളിൽ പലപ്പോഴും എലി ശല്യം കണ്ടുവരാറുണ്ട്. ഇവ തന്തുക്കളെയും മൊട്ടുകളെയും കൂണിനെയുമൊക്കെ നശിപ്പിക്കും. കൂണ്‍ വിത്ത് ചേർത്ത് കവറുകളിൽ നിറച്ചവെക്കുന്ന വൈക്കോലിനെയും എലി ആക്രമിക്കാറുണ്ട്. കവറുകൾ കടിച്ചു കീറി വൈക്കോൽ നശിപ്പിച്ച് ഇവ വിളവ് ഗണ്യമായി കുറക്കും.

സ്പ്രിംഗ്ടെയിൽസ്

കൂണിന്‍റെ തന്തുക്കൾ ഇവ തിന്നു നശിപ്പിക്കും. ഇവ കൂണിന്‍റെ അടിവശത്ത് പറ്റിയിരിക്കുകയും ചെയ്യും.

ഒച്ച്

ഒച്ചുകൾ സാധാരണയായി കൂണിന്‍റെ ബെഡുകളുടെ മുകളിൽ പശപോലെയുള്ള ദ്രാവകവും വിസർജ്യവസ്തുക്കളും നിക്ഷേപിച്ച് തന്തുകളുടെ വളർച്ചയെ തടയുകയാണ് ചെയ്യുന്നത്.

പാറ്റ

കൂണിനു മുകളിൽ വന്നിരുന്ന് കൂണിനെ ഭക്ഷിക്കുകയും വിസർജിക്കുകയും ചെയ്യുന്നു. തൻമൂലം കൂണ്‍വാടി ഉപയോഗശൂന്യമായിത്തീരുന്നു.

ആസിഡ് ഫ്ളൈ

ഇരുണ്ടനിറവും നീണ്ട ശരീരവുമുള്ള വണ്ടു വർഗത്തിൽ പ്പെടുന്ന ഇവ കൂണിനെ രക്ഷിക്കുന്നതോടൊപ്പം ആസിഡ് പുറന്തള്ളുന്നു. ഇത് മഞ്ഞളിപ്പോടുകൂടിയ വാട്ടത്തിന് ഹേതുവാകുന്നു.

കീട നിയന്ത്രണം

കൂണ്‍ കൃഷിയെ ബാധിക്കുന്ന കീടങ്ങൾ കൂടുതലും പച്ചിലകളിലാണ് ഒളിഞ്ഞിരിക്കുന്നത്. അതിനാൽ കൂണ്‍ കൃഷി ചെയ്യുന്ന ഷെഡുകകൾക്കരികിലായി പച്ചിലക്കാടുകൾ അനുവദിക്കരുത്.
ജനാലകളും ദ്വാരങ്ങളും പ്രാണി സംരക്ഷണ വലകളോ ലൈൻ ക്ലോത്തോ ഉപയോഗിച്ച് മറയ്ക്കുക.
രാത്രി കാലങ്ങളിൽ ലൈറ്റിടുന്നത് ഒഴിവാക്കുക.

വേപ്പണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടുശതമാനം വീര്യമുള്ളത് പ്രാണിസംരക്ഷണ വലകളിലും തുണികളിലും പ്രയോഗിക്കുന്നത് പ്രാണിശല്യം കുറയ്ക്കും.

കൂണുകൾക്ക് കീട-രോഗബധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ആദ്യമേ കൂണ്‍ പുരപുകയ്ക്കുന്നത് (ഫ്യൂമിഗേഷൻ) നല്ലതാണ്. ഇതിനായി ഒരു ചിരട്ടയിൽ നാലുഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് എടുക്കുക. ഇതിലേക്ക് 15 മില്ലി ഫോർമാലിൻ അല്ലെങ്കിൽ ഫോർമാൽഡിഹൈഡ് ഒഴിച്ചു ചേർത്ത മിശ്രിതം അകത്തുവെച്ച് 24 മണിക്കൂർ കൂ്‍ പുര അടിച്ചിടണം. ഇതിൽ നിന്നും വമിക്കുന്ന പുക വിഷലിപ്തമായതിനാൽ പുത ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബെഡുകൾ എടുത്തുമാറ്റി രണ്ടുമാസത്തിലൊരിക്കൽ ഇതാവർത്തിക്കാം.


രണ്ടുശതമാനം വീര്യമുള്ള വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം കൂണ്‍ തടത്തിൽ കൂണിൽ പതിക്കാത്ത വിധത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ തളിക്കാവുന്നതാണ്.
കന്തിരിക്കും പുകയ്ക്കുന്നത് കീടബാധ കുറയ്ക്കാൻ സഹായകമാണ്.

കീടബാധയേറ്റ കൂണ്‍ തടങ്ങൾ സിക്ക് റൂമിലേക്ക് മാറ്റിയശേഷം മേൽ പറഞ്ഞ പ്രകാരം വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിക്കുകയോ പുകയ്ക്കുകയോ ചെയ്യാവുന്നതാണ്. ഒപ്പം പ്രകാശക്കെണി (ലൈറ്റ് ട്രാപ്പ്) കൂടെ ഉപയോഗിക്കുന്നത് ഇരട്ടി ഫലം നൽകും.

പ്രധാനപ്പെട്ട രോഗങ്ങൾ

പച്ചക്കുമിൾ രോഗം

ട്രൈക്കോഡർമ എന്ന കുമിളാണ് രോഗഹേതു. എല്ലാ ഇനം കൂണ്‍ വിളകളിലും വിത്തിലും ഇവ കാണാറുണ്ട്. വിത്തിലോ വിത്തുപാകിയതിനു ശേഷമുള്ള ആവരണമണ്ണിലോ പച്ച നിറത്തിലുള്ള വലിയ പാടുകൾ കാണപ്പെടുന്നു. ഇത് കൂണ്‍ വിത്തുകളുടെ വളർച്ചയെയും കൂണ്‍ തന്തുക്കളുടെ വ്യാപനത്തേയും സാരമായി ബാധിക്കുന്നു. ഇവയ്ക്കു പുറമെ കൂണുകളോട് മത്സരിച്ചു വളരുന്ന ഇതര കുമിളുകളായ അസ്പർജില്ലസ്, പെൻസിലിയം മുതലായവ പച്ച പൂപ്പൽ ഉണ്ടാക്കുകയും ഇവയുത്പാദിപ്പിക്കുന്ന ഒരുതരം വിഷ വസ്തുക്കൾ കൂണിന്‍റെ ഉത്പാദനത്തെ തടയുകയും ചെയ്യുന്നു.

പുള്ളിപ്പാട് രോഗം

സ്യുഡോമോണാസ് തുലാസി എന്നയിനം ബാക്ടീരിയയാണ് രോഗഹേതു. ഇവ കൂണ്‍ മൊട്ടുകളെ ബാധിക്കുകയും തത്ഫലമായി മഞ്ഞനിറം കലർന്ന തവിട്ടു നിറത്തോടുകൂടിയ പാടുകൾ കൂണിന്‍റെ കുടഭാഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

കളകളായി വളരുന്ന കൂണുകൾ

പ്രധാനമായും കോപ്രിനസ് ഇനത്തിൽപ്പെട്ട കൂണുകളാണ് വൈക്കോലിലും കന്പോസറ്റിലുമൊക്കെ വളർന്നു വരുന്നത് വെളുത്ത വേരു പോലെ ഇവ കവറിനകത്ത് വളരുന്നതു കാണം ഇവയുടെ മൊട്ടിന് നീളം കൂടുതലും ചെതുന്പലുകൾ ഉള്ളതായും കാണപ്പെടുന്നു. അവ വേഗത്തിൽ വിരിഞ്ഞ് അഴുകി കറുത്ത മിഷിപോലെയായിത്തീരുന്നു. ഇതുകൊണ്ട് തന്നെ ഇവയെ പലപ്പോഴും മഷികൂണുകൾ എന്നും പറയും.

സ്ലൈം മൗൾഡ് രോഗം
സ്ലൈംമൗൾഡ് വിഭാഗത്തിൽപ്പെട്ട സറ്റിമൊനൈറ്റിസ് സ്പീഷീസ് ആണ് രോഗഹേതു രോഗബാധയേറ്റ ഭാഗം ചാര നിറത്തിൽ കാണപ്പെടുന്നു. ക്രമേണ കൂണ്‍ തടത്തിൽ മുഴുവനായും പടർന്നു പിടിക്കുന്നു.

രോഗനിയന്ത്രണം

കൂണ്‍ശാലയും പരിസരവും ശുചിയായി സൂക്ഷിക്കുക.
രോഗ ബാധയേറ്റ ഭാഗം ചെത്തിക്കളയുകയോ ഡെറ്റോളിൽ കുതിർത്ത പരുത്തി ഉപയോഗിച്ച് ഒപ്പിത്തുടച്ചുകളയുകയോ ചെയ്യുന്നത് തുടർവ്യാപനം തടയും
വൈക്കോലിന്‍റെ അണു നശീകരണത്തിനായി രാസമാർഗം അവലംബിക്കുന്നത് പുഴുങ്ങിയുള്ള അണു നശീകരണത്തേക്കാൾ രോഗ ബാധയെ അകറ്റി നിർത്താൻ സഹായകമാണ്.
രോഗ ബാധയേറ്റ ഭാഗത്ത് കാർബൻഡാസിം എന്ന കുമിൾ നാശിനി (ഒരു ശതമാനം വീര്യത്തിൽ) തളിച്ചു കൊടുക്കുക.

ഇന്ന് കാർഷിക മേഖലയിൽ പല നൂതന കാർഷിക സന്പ്രദായങ്ങളും കൃഷിരീതികളും വർധിച്ചു വരികയാണ്. നിലമൊരുക്കി കൃഷിയിറക്കുന്ന പരന്പരാഗത കർഷകർ ലാഭനഷ്ടങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്പോൾ ഏറെ ആദായകരമായ കൂണ്‍ കൃഷി എന്തുകൊണ്ടും ആകർഷണീയമാണ്.

ഡോ. രശ്മി ആർ.
മുഹമ്മദ് അനീസ്
മുഹമ്മദ് സുഹൈബ്-
ഇസ്മായിൽ എം.

കൂടുതൽ വിവരങ്ങൾ : 9544629703