സംരംഭകർക്ക് സഹായമായി സുഗന്ധവിള ഗവേഷണ കേന്ദ്രം
സംരംഭകർക്ക് സഹായമായി  സുഗന്ധവിള  ഗവേഷണ കേന്ദ്രം
Saturday, September 30, 2017 3:22 AM IST
1975 ൽ കാസർഗോട്ടെ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിന്‍റെ പ്രാദേശിക ഗവേഷണ കേന്ദ്രമായാണ് കോഴിക്കോട് മേരിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍റെ തുടക്കം. 1986 ൽ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രമായി മാറിയ സ്ഥാപനം 1995 ലാണ് ഭാരതീയ സുഗന്ധിള ഗവേഷണ കേന്ദ്രമായി വളർന്നത്. സംരംഭകത്വത്തിനും സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണത്തിനും പ്രാധാന്യം കൊടുക്കുന്ന കേന്ദ്രം. കേരളത്തിലും കേരളത്തിനു പുറത്തും കുരുമുളക്, ജാതി, ഏലം തുടങ്ങിയ സുഗന്ധവിളൾ കൃഷി ചെയ്യുന്നവർക്ക് സഹായകരമായ നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. കൃഷിക്കാരിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ കാർഷിക മേഖലയിലെ മൂല്യവർധനവിനും സംരംഭകത്വത്തിനും കേന്ദ്രം പ്രാധാന്യം കൊടുക്കുന്നുണ്ട്.

കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതികവിദ്യകൾ

മേൽത്തരം നടീൽ വസ്തുക്കൾ, സൂക്ഷമ മൂലക മിശ്രിതം, ബയോകണ്‍ട്രോൾ ഏജന്‍റ് അങ്ങനെ കർഷകർക്ക് സഹായകമായ നിരവധി സാങ്കേതിക വിദ്യകൾ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിപണനം നടത്താനുള്ള സൗകര്യം കേന്ദ്രത്തിനില്ലാത്തതിനാൽ ഈ സാങ്കേതിക വിദ്യകളെ സംരംഭകർക്കു പഠിപ്പിച്ചു നൽകുന്നുണ്ട്. പഠിച്ചെടുക്കുന്നവർക്ക് ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിപണനം നടത്താനുള്ള സഹായവും കേന്ദ്രം നൽകുന്നുണ്ട്.

കേന്ദ്രത്തിൽ നിന്നും ലൈസൻസ് ലഭിക്കുന്നവർക്കുമാത്രമേ വിപണനം നടത്താൻ സാധിക്കു. ലൈസൻസ് ലഭിക്കുന്നതിനും സാങ്കേതിക വിദ്യ പഠിക്കുന്നതിനും ഒരു നിശ്ചിത തുക ഫീസായി നൽകണം.

നടീൽ വസ്തുക്കൾ

ഇഞ്ചി, മഞ്ഞൾ, ജാതി, ഏലം, കറുവപ്പട്ട, കുരുമുളക് തുടങ്ങിയവയുടെ മേൽത്തരം ഇനങ്ങൾ ഭാരതീയസുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ വികസിപ്പിച്ചെടുത്തിട്ടുള്ള ഇനങ്ങൾ 2011 മുതൽ കേന്ദ്രം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ കാർഷിക സംരംഭകർക്ക് കേന്ദ്രം എക്സ്ക്ലൂസീവ് ‍ ലൈസൻസ് നൽകുന്നുണ്ട്.

ഈ ലൈസൻസ് എടുക്കുന്ന സംരംഭകന് നിശ്ചിതയളവ് നടീൽ വസ്തു കേന്ദ്രം നൽകും. സംരംഭകരായ കർഷകർക്ക് വാണിജ്യാടിസ്ഥാനത്തിൽ ഈ നടീൽ വസ്തുക്കളെ ഉത്പാദിപ്പിച്ച് കേന്ദ്രത്തിന്‍റെ ലേബലിൽ തന്നെ വിൽപ്പന നടത്താം. നടീൽ വസ്തുക്കൾ അന്വേഷിച്ച് കേന്ദ്രത്തിലെത്തുന്നവരെ ഈ സംരംഭകരുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കർണ്ണാടക, മഹാരാഷ്ട്ര, തെലുങ്കാന, കേരളം എന്നിവിടങ്ങളിലുള്ള നിരവധി കാർഷിക സംരംഭകർ ഇത്തരത്തിൽ നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിന്‍റെ കൃഷി വകുപ്പും ലൈസൻസ് എടുത്തിട്ടുള്ള സംരംഭകരിൽ നിന്ന് നേരിട്ട് നടീൽ വസ്തുക്കൾ വാങ്ങാൻ ആവശ്യമായ ഉത്തരവിറക്കിയിട്ടുണ്ട്.

സൂക്ഷ്മമൂലകമിശ്രിതം

മേൽത്തരം നടീൽ വസ്തുക്കൾ ഉപയോഗിക്കുന്പോൾ മണ്ണിലെ സൂക്ഷമമൂലകമിശ്രിതങ്ങളുടെ അളവും സംതുലിതമായിരിക്കണം. അല്ലെങ്കിൽ അത് വിളവിനെയും ഗുണമേൻമയെയും ബാധിക്കും. അങ്ങനെയൊരു പ്രശ്നമുണ്ടാകാതിരിക്കാൻ ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക് എന്നിവയുടെ കൃഷിയിൽ ഉപയോഗിക്കാനുള്ള സൂക്ഷമ മൂലക മിശ്രിതം കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ ഉപയോഗത്തിലൂടെ 15 മുതൽ 20 ശതമാനം വരെ വിളവ് കൂടുതലും ഗുണമേൻമയും ലഭിക്കും. ഇത് പേറ്റന്‍റിനായി സമർപ്പിച്ചിരിക്കുകയാണ്.
<center>

ഓർഗാനിക് കൃഷിക്കും ഏറ്റവും അനുയോജ്യമാണ് ഈ മിശ്രിതം. നിരവധി സ്വാകര്യ കന്പനികൾക്ക് സൂക്ഷമ മൂലക മിശ്രിതം വാണിജ്യടിസ്ഥാനത്തിൽ ഉത്പാദനം നടത്താനുള്ള ലൈസൻസ് കേന്ദ്രം നൽകിയിട്ടുണ്ട്. സുഗന്ധവിള ഗവേഷണ കേന്ദ്രം ഈ കന്പനികളെ ഉത്പന്നത്തിന്‍റെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, മാർക്കറ്റ് സർവേ, ബോധവത്കരണ പരിപാടികൾ എന്നിവയ്ക്കെല്ലാം വേണ്ട സഹായങ്ങൾ ചെയ്തു നൽകും. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ തന്നെ 500 ചതുരശ്രയടിയിൽ ഒരു സൂക്ഷമ മൂലക മിശ്രിത നിർമ്മാണ യൂണിറ്റുണ്ട്. ഇതിനു പുറമേ മിശ്രിതം നിർമ്മിച്ച് വിപണനം നടത്താനായി ഇൻകുബേഷൻ സൗകര്യവും നൽകുന്നുണ്ട്.

ബയോ ക്യാപ്സൂൾ

ചെടികളുടെ വളർച്ചയ്ക്കാവശ്യമായ റിസോ ബാക്ടീരിയയെ ലഭ്യമാക്കാനുള്ള എളുപ്പവഴിയാണ് ബയോ ക്യാപ്സൂളുകൾ. ഇവ ഉപയോഗിക്കുന്നതിന് 12 മണിക്കൂർമുന്പ് വെള്ളത്തിലിട്ടു ലയിപ്പിക്കണം. ഇത് പൊതുവെ പുതിയ സാങ്കേതിക വിദ്യയാണ്. ഇതിനു മുന്പ് പൊടി രൂപത്തിലായിരുന്നു ഇതു ലഭിച്ചിരുന്നത്. ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് കേന്ദ്രം ക്യാപ്സൂളുകൾ വികസിപ്പിച്ചെടുത്തത്. ഇവയുടെ നിർമ്മാണത്തിനുള്ള പരിശീലനവും കേന്ദ്രം നൽകും. ഇതു നിർമ്മിച്ചു വിപണനം നടത്താനുള്ള ലൈസൻസും കേന്ദ്രം നൽകും.

ഇതിനു പുറമേ സീഡ് കോട്ടിംഗ് സാങ്കേതികവിദ്യ, കുരുമളകുചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബയോമിക്സ്, ഇഞ്ചിയുടെ വിളവും വളർച്ചയും കൂട്ടാനുള്ള ബയോപവർ, സുഗന്ധവിളകൾക്ക് ഉപയോഗിക്കാവുന്ന ബയോകണ്‍ട്രോൾ തുടങ്ങിയവയും കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സംരംഭക പിന്തുണ

* സാങ്കേതിക വിദ്യ, ഉത്പന്ന വികസനം, വാണിജ്യവത്കരണം എന്നിവയ്ക്കുള്ള സഹായം.
* സാങ്കേതികവും ശാസ്ത്രീയവുമായ പിന്തുണ
* വിപണന സഹായങ്ങൾ
* ബിസിനസ് പ്ലാൻ വികസിപ്പിക്കുന്നതിനുള്ള സഹായം
* ഓഫീസ്, ലബോറട്ടറി, ഗ്രീൻഹൗസ്, പ്രോസസിംഗ് സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെയുള്ള ഇൻകുബേഷൻ
* നിയമപരവും ബൗദ്ധിക സ്വത്തവകാശവും സംബന്ധിച്ച നിർദേശങ്ങൾ
* ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ
* പേറ്റന്‍റ്, ട്രേഡ്മാർക്ക് രജിസ്ട്രേഷൻ എന്നിവയാണ് സംരംഭകർക്കായി നൽകുന്ന ലൈസൻസിംഗ് സഹായങ്ങൾ

സുഗന്ധവിള സംസ്കരണ സൗകര്യങ്ങൾ

ഇതു കൂടാതെ സുഗന്ധ വിളകളെ പ്രോസസ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകളും കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കേന്ദ്രത്തിന്‍റെ പെരുവണ്ണാംമൂഴിയിലുള്ള എക്സ്പിരമെന്‍റൽ ഫാമിലാണുള്ളത്. ഇത്തരമൊരു പ്രവർത്തനത്തിന്‍റെ പ്രധാന ഉദ്ദേശം സംരംഭകത്വ വികസനവും സുഗന്ധവിളകളെ സംസ്കരിക്കാനുള്ള ചെയ്യാനുള്ള സൗകര്യങ്ങളും വികസിപ്പിച്ചെടുക്കുക എന്നുള്ളതുമാണ്. ഈ ലക്ഷ്യത്തോടെ കേന്ദ്രം ഇതുവരെ മൂന്നു യൂണിറ്റുകളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
* കറുത്ത കുരുമുളകിനെ വൃത്തിയാക്കി ഗ്രേഡ് ചെയ്യാനുള്ള മെഷീൻ
* കറി പൊടികൾ മുതലായവ തയ്യാറാക്കുന്നതിനുള്ള മെഷീൻ
* വെള്ള കുരുമുളക് നിർമ്മാണ യൂണിറ്റ് എന്നിവയാണ് നിലവിൽ സ്പൈസ് പ്രോസസിംഗിനായി സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്ന സാങ്കേതിക വിദ്യകൾ. ഇത് പെരുവണ്ണാംമൂഴിയിലുള്ള എക്സ്പിരമന്‍റൽ ഫാമിലെത്തി സംരംഭകർക്ക് ഉപയോഗിക്കാം.