തന്പുരുവിലെ ഗായിക
തന്പുരുവിലെ ഗായിക
Tuesday, October 24, 2017 2:19 AM IST
സുഭരഞ്ജിനിയെന്ന രഞ്ജിനി രഞ്ജിത്തിന് പാട്ടുകളോട് കുട്ടിക്കാലം മുതലെ പ്രണയമായിരുന്നു. ഏതു പാട്ടുകേട്ടാലും അതു മന:പാഠമാക്കി പാടാൻ ശ്രമിക്കുമായിരുന്ന രഞ്ജിനി വളർന്നു വലുതായി ബാങ്കുദ്യോഗസ്ഥയായപ്പോഴും സംഗീതത്തെ കൂടെക്കൂട്ടി. ഇന്ന് ഗാനാലാപനരംഗത്ത് ശ്രദ്ധേയയായി മാറുകയാണ് ഈ യുവഗായിക. രഞ്ജിനി രഞ്ജിത്തിെൻറ വിശേഷങ്ങളിലേക്ക്...

തന്പുരുവിലെ സംഗീതം

എറണാകുളം ഇടപ്പള്ളി നോർത്തിലെ തന്പുരു വീട് എപ്പോഴും സംഗീതസാന്ദ്രമാണ്. ഇവിടത്തെ വീട്ടുകാരിയായ രഞ്ജിനി ഇതിനോടകം സിനിമയിലും ആൽബങ്ങളിലുമായി നൂറ്റിയന്പതോളം ഗാനങ്ങൾ ആലപിച്ചു. ഇതിനു പുറമെ നിരവധി ഷോകളിൽ പ്രമുഖർക്കൊപ്പം വേദി പങ്കിടാനും രഞ്ജിനിക്ക് സാധിച്ചു.

കോളജ് തലത്തിൽ നിരവധി സാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2002 ൽ എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാനത്തിന് രണ്ടാം സ്ഥാനം നേടിയ രഞ്ജിനി തുടർന്നുള്ള വർഷം ഒന്നാം സ്ഥാനം നേടി കോളജിൽ താരമായി. സ്വതസിദ്ധമായ ശൈലിയിൽ ആരുടെയും മനംകവരുന്ന ശബ്ദത്തിന് ഉടമയായ രഞ്ജിനിയുടെ പല ആൽബങ്ങളും യൂട്യൂബിൽ നിരവധി പേരാണ് ശ്രവിച്ചിട്ടുള്ളത്.

നിരവധി ആൽബങ്ങളിൽ രഞ്ജിനി പാടി അഭിനയിച്ചു. ഇത്തരത്തിൽ പുതിയതായി യൂട്യൂബിൽ റിലീസ് ചെയ്ത കിളികൂജനങ്ങളാൽ എന്ന ഗാനം ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

സുഭരഞ്ജിനിക്കു പിന്നിൽ

സുഭരഞ്ജിനി എന്ന പേരിനു പിന്നിൽ ഒരു കഥയുണ്ട്. സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററാണ് രഞ്ജിനിക്ക് ഈ പേര് സമ്മാനിച്ചത്. ചക്രം എന്ന സിനിമയിൽ രഞ്ജിനിയുടെ പാട്ടുകേട്ട രവീന്ദ്രൻ മാഷ് അവർക്ക് സുഭരഞ്ജിനി എന്ന നാമം നൽകുകയായിരുന്നു. തെൻറ സ്വരമാധുര്യംകൊണ്ട് രവീന്ദ്രൻ മാസ്റ്ററുടെ മനസ് കീഴടക്കാനായത് ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് സുഭരഞ്ജിനി കരുതുന്നത്. ആ ധന്യനിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്നും അവർ പറയുന്നു. ഗായികമാരായി നിരവധി രഞ്ജിനിമാരുള്ളതിനാലാണു സുഭരഞ്ജിനിയെന്ന പേര് അദ്ദേഹം സമ്മാനിച്ചത്.


ഭർത്താവിന്‍റെ പിന്തുണ

ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് രഞ്ജിത്താണ് തെൻറ പിന്തുണയെന്ന് രഞ്ജിനി പറഞ്ഞു. യൂണിയൻ ബാങ്ക് ജീവനക്കാരികൂടിയായ രഞ്ജിനി ഭർത്താവ് രഞ്ജിത് ഈണം നൽകിയ നിരവധി പാട്ടുകളും ആലപിച്ചിട്ടുണ്ട്. മക്കളായ ജാനകിക്കും മഹേശ്വരിനും ഇഷ്ടഗാനങ്ങൾ പാടിക്കൊടുക്കാനും ഈ അമ്മ എപ്പോഴും തയ്യാർ.

||

വരാനിരിക്കുന്ന രണ്ടു ഗാനങ്ങൾ

പുറത്തിറങ്ങാനുള്ള രണ്ടു സിനിമകളിൽകൂടി രഞ്ജിനി ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു. ഈ സിനിമകളുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ഇവ റിലീസ് ആകുന്നതോടെ ചലച്ചിത്ര പിന്നണി ഗാനാലാപനത്തിൽ തേൻറതായ സ്ഥാനം കണ്ടെത്താനാകുമെന്നാണു രഞ്ജിനിയുടെ പ്രതീക്ഷ.

റോബിൻ ജോർജ്