കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണം
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണം
Saturday, November 25, 2017 5:09 AM IST
ഇന്നത്തെ അനാരോഗ്യകരമായ ഭക്ഷണരീതി പലപ്പോഴും കാൻസറിനു വഴിയൊരുക്കുന്നു. ആയതിനാൽ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ കാൻസറിനെ തടയാനാകും.

ഭക്ഷണത്തിൽ കരുതൽ വേണം

ധാരാളം നാരുകളും പഴങ്ങളും പച്ചക്കറികളും കൂടാതെ കുറച്ച് ചുവന്ന മാംസം, കുറഞ്ഞ അളവിലുള്ള ഉപ്പ് എന്നിവ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. ശരിയായ ശരീരഭാരം സൂക്ഷിക്കുന്നതിനു ധാരാളം പച്ചക്കറികളും പഴവർഗങ്ങളും ഉപയോഗിക്കുകയും എണ്ണ കുറയ്ക്കുകയും ചെയ്യണം. ചുവന്ന മാംസം, മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. മുഴുധാന്യത്തോടുകൂടിയ ബ്രൗണ്‍ ബ്രഡ്, ചുവന്ന അരി, ആരോഗ്യകരമായ പ്രോട്ടീൻ അടങ്ങിയ പരിപ്പുവർഗങ്ങൾ, മത്സ്യം, ചിക്കൻ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം.

നാരുകൾ കൂടുതലടങ്ങിയ മുഴുധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ ഇവ കാൻസറിലേക്കുള്ള സാധ്യത കുറയ്ക്കുന്നു. ചുവന്ന മാംസം ആമാശയ കാൻസറിലേക്കുള്ള സാധ്യത കൂട്ടുന്നു.

ദിവസവും അഞ്ച് പഴങ്ങൾ കഴിക്കാം

പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിരിക്കുന്നു. ഈ ഭക്ഷണങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ഇത് ശ്വാസകോശത്തിലെയും തൊണ്ടയിലെയും കാൻസർ ഒഴിവാക്കാൻ സഹായിക്കുന്നു. മറ്റു അസുഖങ്ങളൊന്നുമില്ലാത്തവർ ഓരോദിവസവും അഞ്ച് പഴങ്ങളെങ്കിലും കഴിച്ചിരിക്കണം.

ചെറുതീയിൽ വേവിക്കാം

സംസ്കരിച്ചെടുക്കുന്ന ബീഫ്, പോർക്ക്, ആട് എന്നിവയിൽനിന്നുള്ള ഹാം, ബേക്കണ്‍, സലാമി, സോസേജ് എന്നിവ കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. എപ്പോഴും ചെറുതീയിൽ പാചകം ചെയ്യുക. വലിയ തീയിൽ അതിവേഗം വേവിച്ചെടുക്കുന്ന ഭക്ഷണപദാർഥങ്ങളിലെ കെമിക്കലുകൾ കാൻസറിനു കാരണമാകുന്നു. ഭക്ഷണപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന അമിതതോതിലുള്ള ഉപ്പ് വയറ്റിലെ കാൻസറിനുള്ള സാധ്യത കൂട്ടുന്നു.


ന്യൂട്രോപീനിക് ഡയറ്റ്

ശരീരത്തിൽ പ്രതിരോധശക്തി ക്ഷയിച്ചിരിക്കുന്ന അവസ്ഥയിലാണ് ന്യൂട്രോപീനിക് ഡയറ്റിെൻറ പ്രസക്തി. ഇത്തരം ഡയറ്റ് ഈ അവസ്ഥയിലുള്ളവരുടെ ഭക്ഷണത്തിലെ ദോഷകരമായ ബാക്ടീരിയയുടെ അളവ് കുറയ്ക്കുന്നു. കട്ടിയുള്ള തോടോടുകൂടിയ പഴവർഗങ്ങൾ (മാതളം, പൈനാപ്പിൾ, ഓറഞ്ച്, മൂസംബി എന്നിവ) ഉപയോഗിക്കുക. പാസ്ച്വറൈസ്ഡ് പാൽ ഉപയോഗിക്കാം.

ആൻറി ഓക്സിഡൻറുകളായ വിറ്റമിൻഇ, ബീറ്റാകരോട്ടിൻ എന്നിവ കാൻസറിനെ കുറയ്ക്കുന്നു. പോഷകക്കുറവ്, തൂക്കം കുറയുക എന്നിവ കാൻസറിനോടനുബന്ധിച്ച് ഉണ്ടാകുന്നതിനെ കാകെക്സിയ എന്ന് അറിയപ്പെടുന്നു. ഇത് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാർകൊണ്ടുണ്ടാകുന്ന പോഷകക്കുറവാണ്. കാൻസർ മുഴകൾ ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നു. ഇത് പ്രോട്ടീൻ കാറ്റബോലിസം എല്ലുകളി ലും മസിലിലും ഉണ്ടാക്കുന്നു. മീനെണ്ണ പാൻക്രിയാറ്റിക് കാൻസർ രോഗികൾക്കു തൂക്കം വർധിപ്പിക്കാൻ സഹായിക്കുന്നു.

വിശപ്പ് വർധിപ്പിക്കാം

വിശപ്പില്ലായ്മയാണ് കാൻസർരോഗികൾക്കുണ്ടാകുന്ന അടുത്ത ബുദ്ധിമുട്ട്. വ്യായാമം ചെയ്യുകവഴി രോഗികളുടെ വിശപ്പ് വർധിപ്പിക്കാം. വിശപ്പില്ലെങ്കിലും ഇത്തരം രോഗികളെ ഭക്ഷണം കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണം. വളരെക്കുറച്ച് ഭക്ഷണം പലനേരങ്ങളിലായി കഴിക്കുന്നത് ഇവർക്കു ഗുണംചെയ്യും. വീട്ടിലുണ്ടാക്കുന്ന പ്രിയ ഭക്ഷണം കുടുംബാംഗങ്ങൾക്കൊപ്പം കഴിക്കുന്നത് ഭക്ഷണത്തിനോടുള്ള വെറുപ്പ് മാറ്റാൻ സഹായിക്കുന്നു.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം