റിട്ടയർ ചെയ്യുന്നതുവരെ ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നവർക്ക് പിഎഫ് അക്കൗണ്ട് ഒരു പ്രശ്നമേയല്ല.
എന്നാൽ പ്രൈവറ്റ് മേഖലയിലെ ജോലിയാകുന്പോൾ ഒരു സ്ഥലത്തു തന്നെ ജോലി ചെയ്യാൻ കഴിയില്ല. പലപ്പോഴും ജോലിയും ജോലി സ്ഥലങ്ങളും മാറിക്കൊണ്ടിരിക്കും.
ജോലി മാറുക എന്നത് എളുപ്പത്തിൽ സാധ്യമായേക്കും. പക്ഷേ, ജോലിക്കൊപ്പം പിഎഫ് അക്കൗണ്ട് കൂടെ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരുടെയും ചിന്ത. ജോലി മാറുന്നതുമായി ബന്ധപ്പെട്ട് ചെയ്തു തീർക്കാനുള്ള ജോലികൾ തീർക്കണം. എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കിൽ അതു തീർക്കണം... അങ്ങനെ പലതും ചെയ്യുന്നതിനിടയിൽ ജോലിക്കാർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. അവർക്കുള്ള ആനുകൂല്യങ്ങളും മറ്റും സ്വീകരിക്കുക എന്നത്.
അതിൽ പ്രധാനപ്പെട്ടതാണ് തൊഴിലാളികൾക്കുള്ള പ്രോവിഡന്റ് ഫണ്ട്. ഇത് പഴയ തൊഴിലിടത്തിൽ നിന്നും പുതിയിടത്തേക്ക് മാറ്റാൻ സാധിക്കുമോ എന്ന വലിയൊരു ചോദ്യം ജോലിക്കാരുടെ മുന്നിലുണ്ടാകും. ഇപിഎഫ്ഒ സ്മാർട്ടായതോടെ ഇതും സാധിക്കും, വളരെ എളുപ്പത്തിൽ.
എന്തുകൊണ്ട് പിഎഫ് അക്കൗണ്ട് മാറ്റിക്കൂട
ഇതുവരെ തൊഴിൽ മാറുന്പോൾ നിലവിലുള്ള അക്കൗണ്ട് അവസാനിപ്പിക്കുക, പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുന്പോൾ പുതിയ അക്കൗണ്ട് തുറക്കുക എന്നതായിരുന്നു രീതി. പക്ഷേ, ഇനി അതു വേണ്ട ജോലി മാറുന്നതിനോടൊപ്പം പഴയ പിഎഫ് അക്കൗണ്ട് പുതിയ സ്ഥലത്ത് നൽകിയാൽ മതി.
പഴയ അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യാതെ ഏതാണ്ട് 22000 കോടി രൂപയാണ് ഇപിഎഫ്ഒയുടെ നിഷ്ക്രിയ അക്കൗണ്ടിൽ കിടക്കുന്നത്. ഒരു അക്കൗണ്ട് മൂന്നു വർഷത്തേക്കു നിഷ്ക്രിയമായാൽ പലിശ കിട്ടില്ല.
പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ
ഇപിഎഫ്ഒ ഫണ്ട് കൈമാറ്റം നേരത്തെ മുതൽ അനുവദിക്കുന്നുണ്ട്. പക്ഷേ, ആദ്യത്തെ തൊഴിൽ ഉടമയുടെ പക്കൽ നിന്നും ഫോം 13 ഒപ്പിട്ട് വാങ്ങിച്ച് പുതിയ തൊഴിലുടമയ്ക്ക് നൽകണം. കൂടാതെ ഇത് പോസ്റ്റ് വഴി വേണം അയയ്ക്കാൻ. അപ്പോൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ നിരവധി പ്രശ്നങ്ങളുള്ളതിനാലാണ് പലപ്പോഴും പല അക്കൗണ്ടുകളും നിഷ്ക്രിയമായി പോകുന്നത്.
ഇപിഎഫ്ഒ ഓണ്ലൈൻ
എന്നാൽ ഇപിഎഫ്ഒ ഓണ്ലൈൻ ആയതോടെ കാര്യങ്ങൾക്കെല്ലാം മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. 2013 ഒക്ടോബർ രണ്ടിനാണ് ഇപിഎഫ്ഒ ഓണലൈൻ സെൽഫ് സർവീസ് പോർട്ടൽ ആരംഭിച്ചത്. നിലവിൽ 1.15 ലക്ഷം തൊഴിലാളികൾ ഫണ്ട് കൈമാറ്റം ചെയ്യാനായി ഓണ്ലൈൻ പോർട്ടൽ വഴി അപേക്ഷച്ചിട്ടുണ്ട്. ഇതിൽ 90,000 ക്ലെയിമുകൾ പരിഹരിച്ചു കഴിഞ്ഞു. 8,900 തള്ളിക്കളഞ്ഞു. ഫണ്ട് ഓണ്ലൈൻ വഴിയായി വേഗത്തിൽ കൈമാറ്റം നടത്താൻ പരിഷ്കിരച്ച ഫോം 13 ഇപിഎഫ്ഒ പുറത്തിറക്കിയിട്ടുണ്ട്. ഇത് പുതിയ തൊഴിലുടമയ്ക്കോ പഴയ തൊഴിലുടമയ്ക്കോ സമർപ്പിക്കാവുന്നതാണ്.
പഴയ തൊഴിലുടമയ്ക്കായിരുന്നു ആദ്യം ഫോം 13 സമർപ്പിക്കേണ്ടിയിരുന്നത്. ഇപിഎഫ്ഒ യൂണിവേഴ്സൽ അക്കൗണ്ട് നന്പർ എന്നൊരു സംവിധാനവും ആരംഭിച്ചിട്ടുണ്ട.് ഇതുപയോഗിച്ച് ഒരു ജോലിക്കാരന്റെ അക്കൗണ്ടിനെ ബന്ധിപ്പിക്കാം. ഇതുവഴി ജോലിക്കാരൻ തൊഴിൽ മാറിയാലും അക്കൗണ്ടിന്റെ കൈമാറ്റം സാധ്യമാകും.
ഇപിഎഫ് അക്കൗണ്ട് മാറ്റുന്നതിലൂടെയുള്ള നേട്ടങ്ങൾ
* പഴയ അക്കൗണ്ട് അഞ്ചു വർഷത്തിനു മുൻപ് ക്ലോസ് ചെയ്യുകയാണെങ്കിൽ അതിലെ തുകയ്ക്ക് നികുതി നൽകണം. എന്നാൽ വളരെ ലളിതമായി നിങ്ങൾ നിങ്ങളുടെ നിക്ഷേപം ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങൾ കഷ്ടപ്പെട്ടു സന്പാദിച്ച തുക മുഴുവനും ആസ്വദിക്കാൻ കഴിയും.
* വീട് പണിയ്ക്കോ, ചികിത്സയ്ക്കോ, വിവാഹാവശ്യത്തിനോ അക്കൗണ്ടിൽനിന്നു പണം പിൻലിക്കാം.
* അക്കൗണ്ടിലെ നിക്ഷേപത്തിന് നിശ്ചിത ശതമാനം പലിശ ലഭിക്കും. കൂട്ടു പലിശ കൂടി പ്രവർത്തിക്കുന്നതോടെ നിങ്ങൾക്ക് നല്ലൊരു തുക സന്പാദ്യമായി നേടാനും കഴിയും.
പിഎഫ് ഫണ്ട് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം
* നിങ്ങൾക്ക് നിങ്ങളുടെ യുഎഎൻ നന്പർ അറിയില്ലെങ്കിൽ നിങ്ങളുടെ തൊഴിലുടമയോട് ചോദിച്ച് യുഎഎൻ സ്വന്തമാക്കുക
* ഇപിഎഫ്ഒയുടെ വെബ്സൈറ്റായ http://members.epfoservices.in/home. ഇതിൽ കയറുക. യുഎഎൻ അടിസ്ഥാനമാക്കിയുള്ള ലോഗിൻ ഐഡി ഉണ്ടാക്കുക
* പുതിയ ഒരു പേജിലേക്ക് എത്തും. അവിടെ നിങ്ങളുടെ യുഎഎൻ, മൊബൈൽ നന്പർ, നിലവിലെ തൊഴിലുടമയുടെ വിവരങ്ങൾ, അക്കൗണ്ട് നന്പർ എന്നിവ നൽകുക.
* നിങ്ങളുടെ അക്കൗണ്ട് ഇപിഎഫ്ഒ സൈറ്റിൽ കൈമാറ്റം ചെയ്യാൻ യോഗ്യമാണോയെന്ന് പരിശോധിക്കുക.അതിനായി നിങ്ങളുടെ നിലവിലെ തൊഴിലുടമയുടെ വിവരങ്ങൾ നൽകുക, അതായത് തൊഴിലുടമയുടെ സംസ്ഥാനം തുടങ്ങിയവ.
* വിവരങ്ങൾ നൽകിയതിനുശേഷം എലിജിബിലിറ്റി എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
* അപ്പോൾ യോഗ്യമാണോ അല്ലയോ എന്ന ്സ്ക്രീനിൽ തെളിയും
* യോഗ്യമാണെങ്കിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം
* നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഫോട്ടോയുള്ള ഏതെങ്കിലും ഐഡന്റിറ്റി കാർഡ് സമർപ്പിക്കുക
* ഇതു കഴിയുന്പോൾ നിങ്ങളുടെ മൊബൈൽ നന്പറിലേക്ക് ഒരു പിൻ നന്പർ വെരിഫിക്കേഷനായി അയച്ചു തരും
* പിൻ കൃത്യമായി നൽകി കഴിയുന്പോൾ നിങ്ങൾക്ക് ഒരു മെസേജ് വരും
* വീണ്ടും തുടരുക. നിങ്ങൾ ഇപിഎഫ്ഒ മെന്പർ ക്ലെയിം പോർട്ടലിൽ എത്തും. ഇതിലേക്ക് പ്രവേശിക്കാനായി ഡോക്യുമെന്റ് ഐഡിയും മൊബൈൽ നന്പറും നൽകുക
* റിക്വസ്റ്റ് ഫോർ ട്രാൻസ്ഫർ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
* മൂന്നു ഭാഗങ്ങളായുള്ള പിഎഫ് ട്രാൻസ്ഫർ ഫോം പൂരിപ്പിച്ചു നൽകുക
* ആദ്യത്തെ ഭാഗത്ത് നിങ്ങളുടെ വ്യക്തി പരമായ വിവരങ്ങളാണ് നൽകേണ്ടത്. പേര്, ഇമെയിൽ അഡ്രസ്, ഐഎഫ്എസ് സി കോഡ്, ബാങ്ക് അക്കൗണ്ട് നന്പർ തുടങ്ങിയ വിവരങ്ങൾ നൽകുക
* രണ്ടാമത്തെ ഭാഗത്ത് നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകുക
* മൂന്നാമത്തെ ഭാഗത്ത് പുതിയ പിഎഫ് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകുക
* നിങ്ങളുടെ പഴയതോ പുതിയതോ ആയ തൊഴിലുടമയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുക . ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അറ്റസ്റ്റ് ചെയ്യും.
* ഫോം പൂരിപ്പിച്ചതിനുശേഷം നൽകിയ വിവരങ്ങളെല്ലാം ശരിയാണോയെന്ന് പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ തിരുത്താം.
* എല്ലാം ശരിയാണെങ്കിൽ താഴെ നൽകിയിരിക്കുന്ന കാപ്ച്ച നൽകുക. "ഐ എഗ്രി’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു പിൻ ലഭിക്കും അതു നൽകുക.
* പിൻ നൽകി കഴിയുന്പോൾ നിങ്ങളുടെ പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.
* ഇപിഎഫ്ഒയുടെ പോർട്ടൽ വഴി നിങ്ങൾക്ക് നിങ്ങളുടെ ഫണ്ട് ട്രാൻസ്ഫറിന്റെ സ്റ്റാറ്റസ് അറിയാനും കഴിയും.
ഇപിഎഫ് ബാലൻസും പാസ്ബുക്കും
സാധാരണയായി അടിസ്ഥാന ശന്പളത്തിന്റെ 12 ശതമാനം തൊഴിലാളിയും തൊഴിൽ ദാതാവും ഇപിഎഫ് അക്കൗണ്ടിലേക്ക് അടയ്ക്കുന്നു. ഇതിൽ തൊഴിൽ ദാതാവ് അടയ്ക്കുന്ന 12 ശതമാനത്തിൽ 8.33 ശതമാനം തൊഴിലാളികളുടെ പെൻഷൻ പദ്ധതിയിലേക്കാണ് പോകുന്നത്. ശേഷിച്ച 3.67 ശതമാനമാണ് ഇപിഎഫിലേക്ക് നിക്ഷേപിക്കുന്നത്. ( ഇരുപതു തൊഴിലാളികളിൽ താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, പീഡിത വ്യവസായങ്ങൾ, ചില വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് 10 ശതമാനം ഇപിഎഫ് മതി).
പിഎഫ് ബാലൻസ്/ പാസ്ബുക്ക്: ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ നൽകുന്ന സേവനങ്ങളുടെ ഭാഗത്ത് പാസ്ബുക്ക് കാണുവാനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്ത് യൂസർ നെയിമും ( ഇത് യുഎഎൻ ആണ്) പാസ്വേഡും നൽകുക. ഇതോടെ മെന്പർ ഐഡി ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ഇ- പാസ് ബുക്കും അതിലെ വിവരങ്ങളും കാണുവാൻ സാധിക്കും. യുണിഫൈഡ് മെന്പർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് പാസ് ബുക്ക് കാണുവാൻ സാധിക്കുക.
ഇപിഎഫ്ഒയുടെ എം സേവ ആപ് വഴിയും പാസ് ബുക്കും അക്കൗണ്ടിലെ തുകയും കാണുവാൻ സാധിക്കും. പാസ്ബുക്ക് ഒഴിവാക്കിയിരിക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് പാസ്ബുക്ക് സംവിധാനം ലഭ്യമല്ല.
ശ്രദ്ധയിൽ വയ്ക്കാം
* യൂണിവേഴ്സൽ അക്കൗണ്ട് നന്പർ ആക്ടീവായിരിക്കണം.
* നിങ്ങളുടെ തൊഴിൽദാതാവ് നിങ്ങളുടെ കെവൈസി ആക്ടീവായി സൂക്ഷിച്ചിരിക്കണം.
* യുഎഎൻ ഒരു 12 അക്ക നന്പറാണ്.
* ഇപിഎഫ്ഒയാണ് ഇത് നൽകുന്നത്.
* ഇത് റിട്ടയർമെന്റ് വരെ മാറ്റാൻ സാധിക്കില്ല.
* ജോലി മാറിയാലും ഇതു തന്നെയായിരിക്കും നന്പർ.
* ഇത് 2014 മുതലാണ് നിർബന്ധമാക്കിയത്.
* ഇപിഎഫ് പലിശനിരക്ക് ഓരോ വർഷവും ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ട്രസ്റ്റിയാണ് തീരുമാനിക്കുന്നത്. ഇപിഎഫ് പലിശ നിരക്ക് 2016-17-ൽ 8.65 ശതമാനമാണ്. തലേ വർഷം 8.8 ശതമാനമായിരുന്നു പലിശ നിരക്ക്. 2017-18-ലെ പലിശ നിരക്ക് നിശ്ചയിക്കാൻ ഉടനേ ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ട്രസ്റ്റി ചേരും. സാധാരണ നവംബറിലാണ് നിരക്ക് നിശ്ചയിക്കുക.