ബാങ്ക് നിക്ഷേപം: കുറഞ്ഞ പലിശയും തകരുന്ന സുരക്ഷയും
ബാങ്ക് നിക്ഷേപം: കുറഞ്ഞ പലിശയും തകരുന്ന സുരക്ഷയും
Saturday, January 6, 2018 3:02 PM IST
ഡിസംബർ ആറിനു നടന്ന പണനയ അവലോകനത്തിലും റിസർവ ്ബാങ്ക് പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഭാവിയിൽ പലിശ നിരക്ക് കുറയുമെന്നോ കൂടുമെന്നോ ഉള്ള സൂചനകളും നൽകിയിട്ടില്ല. പണപ്പെരുപ്പം 4.3 മുതൽ 4.7 ശതമാനത്തിലേക്ക് എത്തുമെന്നാണ് ആർബിഐയുടെ കണക്കു കൂട്ടൽ. അതുകൊണ്ടൊക്കെ തന്നെയാണ് പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് തയ്യാറാകാത്തതും.

ഭാവയിൽ ഈ ട്രെൻഡ് തുടരാനുള്ള സാധ്യതയുമേറെയാണ്. മറ്റു വാക്കിൽ പറഞ്ഞാൽ പലിശ കുറയുന്ന പ്രവണത ഏതാണ്ട് അവസാനിക്കാൻ പോവുകയാണ്.
ബാങ്കുകളുടെ കിട്ടാക്കടം വലിയ തലവേദന ഉയർത്തുന്നുണ്ട്. അത് പരിഹരിക്കാൻ സർക്കാരും റിസർവ് ബാങ്കും ശ്രമിക്കുന്നുമുണ്ട്. അതിനു മുന്പ് പരിഹാരം കാണേണ്ട ചില കാര്യങ്ങൾ കൂടിയുണ്ടെന്നാണ് റസർവ് ബാങ്കിന്‍റെ അഭിപ്രായം. അതിലൊന്നാണ് പണപ്പെരുപ്പ നിരക്ക് കുറയ്ക്കുക എന്നുള്ളത്. ഖാരിഫ് വിളയിലെ കുറവും നിരാശ യുണർത്തുന്നതാണ്. റാബി വിളയിറക്കിൽ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്.

കുറച്ചു നാളുകളായി ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്നതിനാൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ട് പോലുള്ള മറ്റു ധനകാര്യ നിക്ഷേപ പദ്ധതികളിലേക്ക് തിരിയുകയാണ്. നോട്ടു പിൻവലിക്കലിനു ശേഷം വായ്പ വളർച്ചയും കുറഞ്ഞിട്ടുണ്ട്. കിട്ടാക്കടം എന്ന പ്രശ്നത്തെ പരിഹരിച്ചാൽ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ അളവ് കൂടുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ ഇപ്പോൾ പലിശ നിരക്കിൽ കുറവു വരുത്തിയാൽ മറ്റു നിക്ഷേപ പദ്ധതികളിലേക്കുള്ള പണമൊഴുക്ക് വർധിക്കും. അതും പലിശ നിരക്ക് കുറയ്ക്കാതിരിക്കുന്നതിനുള്ള കാരണമാണ്.

പണപ്പെരുപ്പം വർധിക്കാൻ നിരവധി കാരണങ്ങളുണ്ട്.വിലക്കയറ്റം വലിയ തോതിലാണ് ഉയർന്നിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്‍റെയും വില വർധനവ്, ഇൻപുട്ട് കോസ്റ്റ് വർധിച്ചത്, ചില സംസ്ഥാനങ്ങളിൽ കാർഷിക കടങ്ങൾ എഴുതി തള്ളിയത് തുടങ്ങിയവ അതിൽ പ്രധാനമാണ്. അതോടൊപ്പം പല ഉത്പന്നങ്ങളുടെയും ജിഎസ്ടി നിരക്ക് കുറച്ചതു വഴി വരുമാനവും കുറഞ്ഞിട്ടുണ്ട്. ബാങ്കുകളിലെ വായ്പ നിരക്ക് വലിയ തോതിൽ ഇടിഞ്ഞിരിക്കുകയാണ്. നവംബർ പത്തിലെ കണക്കനുസരിച്ച് നിക്ഷേപ വളർച്ച 8.1 ശതമാനവും വായ്പ വളർച്ച 8.6 ശതമാനവുമാണ്.

പെട്ടെന്നു മാറ്റം പ്രതീക്ഷിക്കേണ്ട

ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ഉടനേ ഉയർത്തുമെന്നു പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും അതിനുള്ള സമയം അധികം അകലെയല്ല. പണപ്പെരുപ്പം വർധിക്കുന്നതാണ് ഒരു കാരണം. സാന്പത്തിക പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സന്പദ്ഘടന ഇപ്പോൾ നേരിടുന്ന പല പ്രശ്നങ്ങളും അടുത്ത ഒന്നു- രണ്ടു വർഷങ്ങൾക്കുള്ളിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് സ്വകാര്യ നിക്ഷേപ വളർച്ചയ്ക്കും ബാങ്ക് വായ്പാ വളർച്ചയ്ക്കും വഴിതെളിച്ചേക്കു മെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഏറ്റവും മോശമായതു കഴിഞ്ഞു.

ബാങ്ക് ഡെപ്പോസിറ്റ് ഉദ്ദേശിക്കുന്നവർക്കു അതു 1-2 വർഷക്കാലയളവിലേക്ക് ലോക്ക് ചെയ്യുകയാണ് ഇപ്പോൾ ചെയ്യാനുള്ളത്. പലിശ നിരക്ക് കൂട്ടുന്പോൾ വരുമാനം നഷ്ടപ്പെടുത്താതെ അതിലേക്കു മാറുവാൻ ഇതു സഹായിക്കും.

സ്ഥിര നിക്ഷേപങ്ങൾ

നിക്ഷേപത്തോടൊപ്പം തന്നെ നികുതി കിഴിവനുമുള്ള മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. അഞ്ചു വർഷത്തെ സ്ഥിര നിക്ഷേപങ്ങളാണ് നികുതി കിഴിവിനായി പലരും ആരംഭിക്കുന്നത്. പക്ഷേ, നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന പലിശയിനത്തിലുള്ള വരുമാനത്തിന് നികുതി നൽകേണ്ടതുണ്ട്. മറ്റു സ്രോതസുകളിൽ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് നികുതി നൽകേണ്ടത്.

ആർബിഐയുടെ പണ നയ അവലോകന യോഗത്തിൽ റിപോ റേറ്റിലോ റിവേഴ്സ് റിപോ റേറ്റിലോ വ്യത്യാസം വരുത്തിയാൽ, ബാങ്കുകളിലെ പണത്തിന്‍റെ അളവിൽ വ്യത്യാസം വന്നാൽ, രാജ്യത്തെ സാന്പത്തിക സ്ഥിതി, വായ്പയുടെ ഡിമാൻഡ് എന്നവയ്ക്കനുസരിച്ചാണ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വ്യത്യാസം വരുന്നത്.

ഇന്ത്യയിലെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. നിക്ഷേപ തുക, ബാങ്ക്, നിക്ഷേപ കാലാവധി, ഏതു തരത്തിലുള്ള നിക്ഷേപമാണ് എന്നിവയെല്ലാം ഇവിടെ പരിഗണിക്കപ്പെടുന്ന ഘടകങ്ങളാണ്. സ്ഥിര നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞ നിക്ഷേപ ഉപകരണമാണ്.

പക്ഷേ രാജ്യത്തെ പണപ്പെരുപ്പം കണക്കിലെടുക്കുന്പോൾ കാലം കഴിയുന്തോറും സ്ഥിരനിക്ഷേപത്തിന്‍റെ മൂല്യം കുറയുന്നതായാണ് അനുഭവപ്പെടുന്നത്. പണപ്പെരുപ്പം 4 ശതമാനമാണെന്നും മറ്റും ഒൗദ്യോഗികമായി പറയുന്പോഴും യഥാർത്ഥത്തിൽ അതിന്‍റെ ഇരട്ടിയിലേറെയാണെന്നത് വസ്തുതയാണ്. നിത്യദിന ചെലവ് പരിശോധിച്ചാൽ ഇത് എളുപ്പത്തിൽ മനസിലാകൂം.

ബാങ്കുകളിലെ നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശയ്ക്ക് വരുമാനത്തിൽ ചേർത്ത് ഏതു സ്ലാബിലാണോ വരുന്നത് ആ നിരക്കിൽ നികുതിയും നൽകണം. എന്നാൽ മ്യൂച്വൽ ഫണ്ടുപോലുള്ള നിക്ഷേപ പദ്ധതികളിൽ നിന്നു ലഭിക്കുന്ന റിട്ടേണ്‍ നികുതി ബാധകമല്ല. ബാങ്ക് നിക്ഷേപങ്ങളെക്കാൾ റിട്ടേണും നൽകുന്നുണ്ട്.


പലിശ വരുമാനത്തിനു ടിഡിഎസ്

സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം ഒരു സാന്പത്തിക വർഷം 10000 രൂപയിൽ താഴെയാണെങ്കിൽ ബാങ്കുകൾ ടിഡിഎസ് കിഴിക്കില്ല.

സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 10000 രൂപയ്ക്കു മുകളിലാണ് ഒരു വർഷമെങ്കിൽ ബാങ്ക് അതിന്‍റെ 10 ശതമാനം ടിഡിഎസ് കിഴിക്കും.പാൻ കാർഡ് വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് 20 ശതമാനമാണ് കിഴിക്കുക.

പലിശയിനത്തിൽ ലഭിക്കുന്ന വരുമാനം 10000 രൂപയ്ക്കു മുകളിലാണ്. പക്ഷേ, നിങ്ങളുടെ മൊത്തം വരുമാനം നികുതി സ്ലാബിനു താഴെയാണ്. അങ്ങനെയാണെങ്കിൽ നിങ്ങൾ ബാങ്കിൽ ഫോം 15 ജി സമർപ്പിച്ചാൽ നിങ്ങളുടെ ടിഡിഎസ് കിഴിക്കില്ല. ഇത് എല്ലാ സാന്പത്തിക വർഷത്തിന്‍റെയും തുടക്കത്തിൽ സമർപ്പിക്കണം.

വരുമാനം 2,50,000 രൂപയിൽ കുറവ് ആണ്. നിങ്ങൾക്ക് ബാങ്കിൽ നിക്ഷേപമുണ്ട് 10000 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന പലിശയിനത്തിലുള്ള വരുമാനത്തിന്‍റെ നികുതി ബാങ്ക് ടിഡിഎസ് കിഴിച്ചു എന്നിരിക്കട്ടെ. നിങ്ങൾക്ക് റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യാം.

റെക്കറിംഗ് ഡെപ്പോസിറ്റ്

ഒരുമിച്ച് ഒരു വലിയ തുക നിക്ഷേപിക്കാനുള്ളവരാണ് സ്ഥിര നിക്ഷേപങ്ങളെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അങ്ങനെ ഒരു വലിയ തുക ഒരുമിച്ചെടുക്കാനില്ലാത്തവർ തെരഞ്ഞെടുക്കുന്ന നിക്ഷേപ ഉപകരണമാണ് റെക്കറിംഗ് ഡെപ്പോസിറ്റുകൾ.റെക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നും ലഭിക്കുന്ന പലിശയിനത്തിലുള്ള വരുമാനത്തിനും നികുതി നൽകേണ്ടതുണ്ട്.

റെക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നുള്ള വരുമനം 10000 രൂപയ്ക്കു മുകളിലാണ്. പക്ഷേ, നിങ്ങളുടെ മൊത്തം വരുമാനം നികുതി സ്ലാബിനു താഴെയാണ്. അങ്ങനെയാണെങ്കിൽ നിങ്ങൾ ബാങ്കിൽ ഫോം 15 ജി സമർപ്പിച്ചാൽ നിങ്ങളുടെ ടിഡിഎസ് കിഴിക്കില്ല. ഇത് എല്ലാ സാന്പത്തിക വർഷത്തിന്‍റെയും തുടക്കത്തിൽ സമർപ്പിക്കണം.

റെക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നുള്ള പലിശ വരുമാനം ഒരു സാന്പത്തിക വർഷം 10000 രൂപയി്ൽ താഴെയാണെങ്കിൽ ബാങ്കുകൾ ടിഡിഎസ് കിഴിക്കില്ല.

റെക്കറിംഗ് ഡെപ്പോസിറ്റിൽ നിന്നുള്ള വരുമാനം 10000 രൂപയ്ക്കു മുകളിലാണ് ഒരു വർഷമെങ്കിൽ ബാങ്ക് അതിന്‍റെ 10 ശതമാനം ടിഡിഎസ് കിഴിക്കും.

നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് 20 ശതമാനമാണ് കിഴിക്കുക.

വരുമാനം 2,50,000 രൂപയിൽ കുറവ് ആണ്. റെക്കറിംഗ് ഡെപ്പോസിറ്റിൽ 10000 രൂപയ്ക്കു മുകളിൽ ലഭിക്കുന്ന പലിശയിനത്തിലുള്ള വരുമാനത്തിന്‍റെ നികുതി ബാങ്ക് ടിഡിഎസ് കിഴിച്ചു എന്നിരിക്കട്ടെ. നിങ്ങൾക്ക് റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യാം.

സേവിംഗ്സ് അക്കൗണ്ട്

ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിനു ലഭിക്കുന്ന പലിശ 10000 രൂപയ്ക്കു മുകളിലാണെങ്കിൽ നികുതി നൽകേണ്ടതാണ്.

അഞ്ചു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾ നികുതി ലാഭത്തിനുള്ള ഉപകരണമാണ്, സുരക്ഷിതത്വമുണ്ട് എന്നിങ്ങനെയാണെങ്കിലും കുറഞ്ഞു നിൽക്കുന്ന പലിശ നിരക്കിലും ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പത്തിലും ഇവ അത്ര ആകർഷകമല്ല.

സുരക്ഷിതത്വവും പോകുന്നു

ഇതുവരെ ബാങ്കിലെ നിക്ഷേപം സുരക്ഷിതമായിരുന്നു. ഇനി അങ്ങനെയാവില്ല സ്ഥിതി. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ ( എഫ്ആർഡിഐ) നിയമം ബാങ്കിലെ നിക്ഷേപത്തിന്‍റെ ഭദ്രത ഇല്ലാതാക്കുകയാണ്.
ബാങ്കുകൾ കുഴപ്പത്തിലായാൽ ഈ ബില്ലിൽ നിർദേശിക്കുന്ന റെസലൂഷൻ കോർപറേഷൻ ബാങ്കിന്‍റെ ഭരണം ഏറ്റെടുത്ത് രക്ഷാനടപടികൾ ആരംഭിക്കും. രക്ഷാനടപടി ഒന്നും ഫലിക്കാതെവന്നാൽ ബാങ്കിന്‍റെ ആസ്തികൾ വിറ്റൊഴിച്ച് ബാങ്ക് ഇല്ലാതാക്കും.

അതിനു മുന്പ് തകർച്ചയുടെ വക്കിലായ (ക്രിറ്റിക്കൽ സ്റ്റേജ്) ബാങ്കിനെ രക്ഷിക്കാൻ കോർപറേഷൻ പല ശ്രമങ്ങൾ നടത്തും. അതിലൊന്നായി ബെയിൽ-ഇൻ മാതൃക ബില്ലിൽ ചേർത്തിരിക്കുന്നു.
ഇതനുസരിച്ച് കോർപറേഷന് കന്പനിയുടെ ബാധ്യതകൾ റദ്ദാക്കാം. സ്ഥാപനത്തിന്‍റെ ബാധ്യതകൾ മറ്റേതെങ്കിലും നിക്ഷേപ ഉപകരണമായി മാറ്റാം. ഉദാഹരണത്തിന്, കടം ഓഹരിയാക്കി മാറ്റാം. അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഓഹരിയോ കടപ്പത്രമോ ആക്കി മാറ്റാം. അല്ലെങ്കിൽ സേവിംഗ്സ് ഡെപ്പോസിറ്റ് പലിശ കുറച്ച് സ്ഥിര നിക്ഷേപമാക്കി മാറ്റാം....
അപ്പോൾ നിക്ഷേപത്തിനു സുരക്ഷിതത്വം എവിടെ?