മുഖംമിനുക്കിയതും നെക്സ്റ്റ് ജെനറേഷനായതും പുതിയതും ഉൾപ്പെടെ നിരവധി സെഡാൻ കാറുകളാണ് 2018ൽ വിപണിയിലെത്താൻ അണിയറയിൽ ഒരുങ്ങുന്നത്. ചില മോഡലുകളെ അറിയാം.
ഫേസ്ലിഫ്റ്റ് : ഫോർഡ് അസ്പയർ വില: `5.60-8.60 ലക്ഷം
ഫോർഡ് ഇന്ത്യയുടെ ഒരേയൊരു കോംപാക്ട് സെഡാൻ മോഡലായ അസ്പയർ ഈ വർഷം മുഖംമിനുക്കി വിപണിയിലെത്തും. സബ് നാലു മീറ്റർ വിഭാഗത്തിലുള്ള അസ്പയറിന് പരിഷ്കരിച്ച ഗ്രിൽ, ഹെഡ്ലാന്പുകൾ, റീ ഡിസൈൻ ചെയ്ത ബന്പറുകൾ, പുതിയ വീലുകൾ എന്നിവയുണ്ടാകും. കൂടാതെ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികളുള്ള 6.5 ഇഞ്ച് സിങ്ക് 3 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ആണ് പ്രധാന ആകർഷണം. പുതിയ 1.2 ലിറ്റർ, 3 സിലിണ്ടർ ഡ്രാഗണ്‍ സീരീസ് എൻജിൻ പെട്രോൾ മോഡലിനു കരുത്താകുന്പോൾ പഴയ ഡീസൽ എൻജിൻ നിലനിർത്തും.
മാരുതി സുസുകി സിയാസ് പ്രതീക്ഷിക്കുന്ന വില: `7.80-11.60 ലക്ഷം
പുതിയ രൂപം നേടുന്ന കൂട്ടത്തിൽ മാരുതി സുസുകി സിയാസുമുണ്ട്. ഒരുപാടു മാറ്റങ്ങളൊന്നും വരുത്തില്ലെങ്കിലും പുതിയ ഗ്രിൽ, പുതിയ മുൻ ബന്പർ, റീഡിസൈൻ ചെയ്ത പിൻ ബന്പർ, 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയ്ൽ ലാന്പുകൾ എന്നിവയായിരിക്കും മുഖംമിനുക്കിയ സിയാസിലെ പുതിയ മാറ്റങ്ങൾ. കാബിനിൽ കറുപ്പിന്റെ നിറം ചാലിച്ചതിനൊപ്പം ഇലക്ട്രിക് സണ്‍റൂഫും പ്രതീക്ഷിക്കുന്നുണ്ട്. ഈ സെഗ്മെന്റിലുള്ള ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ മോഡലുകൾ ഇലക്ട്രിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ 1.4 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകൾക്ക് മാറ്റം വരുത്തില്ല.
മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് പ്രതീക്ഷിക്കുന്ന വില: `1.20 കോടി
അൾട്രാ റേഞ്ച് ഹൈ ബീം ഹെഡ്ലാന്പുകൾ ഉൾപ്പെടുത്തിയാണ് മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് ഈ വർഷം ഇന്ത്യയിൽ പരിഷ്കരിച്ച് അവതരിപ്പിക്കുന്നത്. കൂടാതെ പുതിയ ബന്പറുകൾ, പരിഷ്കരിച്ച ഗ്രിൽ, എൽഇഡിയുള്ള ടെയിൽ ലൈറ്റ് എന്നിവയുമുണ്ട്. എൻജിനിലും പരിഷ്കാരമുണ്ട്.
നെക്സ്റ്റ് ജെനറേഷൻ മോഡലുകൾ
ഹോണ്ട അമേസ്: പ്രതീക്ഷിക്കുന്ന വില: `5.60-8.50 ലക്ഷം
നെക്സ്റ്റ് ജെൻ മാരുതി സുസുകി ഡിസയറിൽനിന്നുള്ള ശക്തമായ മത്സരം വിപണിയിൽ ഉയർന്നതിനാൽ കോംപാക്ട് സെഡാനായ അമേസിനെ നെസ്റ്റ് ജെനറേഷൻ മോഡലായി ഹോണ്ട എത്തിക്കും. വലിയ കൂടെപ്പിറപ്പായ സിറ്റിയോടു സാദൃശ്യപ്പെടുത്തിയായിരിക്കും പുതിയ അവതാരം. 2013ൽ വിപണിയിൽ ആദ്യമായി അവതരിപ്പിച്ചതിനുശേഷം 2016ൽ ഫേസ്ലിഫ്റ്റ് ഇറക്കിയിരുന്നു. കൂടുതൽ വിശാലമായതിനൊപ്പം പ്രീമിയം അനുഭവം നല്കുന്ന കാബിനായിരിക്കും പുതിയ അമേസിനുണ്ടാകുക. കൂടാതെ കട്ടികൂടിയ ക്രോം ഗ്രിൽ, എൽഇഡി ഹെഡ്ലാന്പുകൾ, പുതിയ അലോയ് വീലുകൾ, പരിഷ്കരിച്ച ബന്പറുകൾ എന്നിവയ്ക്കൊപ്പം 1.2 ലിറ്റർ ഐ-വിടെക് പെട്രോൾ, 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിനുകളാണ് വാഹനത്തിനുള്ളത്. നെക്സ്റ്റ് ജെൻ അമേസ് എത്തിക്കുന്നതിനൊപ്പം മുൻ മോഡൽ വിപണിയിൽ നിലനിർത്താനാണ് ജാപ്പനീസ് കാർനിർമാതാക്കളായ ഹോണ്ടയുടെ പദ്ധതി.
ഒൗഡി എ8: പ്രതീക്ഷിക്കുന്ന വില: `1.20 കോടി
ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഒൗഡി എ8 ഈ വർഷം കന്പനി ഇന്ത്യയിൽ അവതരിപ്പിക്കും. 60 കിലോമീറ്റർ വേഗത്തിൽ തനിയെ സഞ്ചരിക്കാൻ ഈ സാങ്കേതികവിദ്യ വാഹനത്തെ പ്രാപ്തമാക്കുന്നു. കാലുകൾ വരെ മസാജ് ചെയ്യാൻ കഴിയുന്ന റിലാക്സേഷൻ സീറ്റുകളാണ് മറ്റൊരു പ്രത്യേകത. 3.0 ലിറ്റർ വി6 ടിഡിഐ ഡീസൽ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മോഡൽ : ടൊയോട്ട യാറിസ് ആറ്റിവ് പ്രതീക്ഷിക്കുന്ന വില: `8.0-11.50 ലക്ഷം
ഹോണ്ട സിറ്റി, മാരുതി സുസുകി സിയാസ്, ഫോക്സ് വാഗണ്‍ വെന്റോ, സ്കോഡ റാപിഡ്, ഹ്യുണ്ടായി വെർണ തുടങ്ങിയ മോഡലുകളുടെ വിഭാഗത്തിലേക്കാണ് യാറിസ് ആറ്റിവിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. ലക്ഷ്വറി വാഹനങ്ങൾക്ക് സെസ് വർധിപ്പിച്ചതിനെത്തുടർന്ന് ചെറുകാറുകളിൽകൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എത്തിയോസിന്റെ എൻജിൻ ഓപ്ഷനുകളാണ് യാറിസ് കടംകൊള്ളുക.
ഓട്ടോസ്പോട്ട് /ഐബി