ക്ലിക് - ഹോണ്ടയുടെ യൂട്ടിലിറ്റി സ്കൂട്ടർ
ക്ലിക് - ഹോണ്ടയുടെ  യൂട്ടിലിറ്റി  സ്കൂട്ടർ
Friday, January 19, 2018 3:30 PM IST
പരന്പരാഗത സ്കൂട്ടർ സങ്കൽപ്പങ്ങൾ തകർത്തെറിഞ്ഞുകൊണ്ടാണ് നവി എന്ന മോഡലിലെ ഹോണ്ട വിപണിയിലിറക്കിയത്. ഇതേ പാത പിന്തുടർന്ന് ക്ലിക് എന്ന മോഡലിനെക്കൂടി പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് കന്പനി. മോശമായ റോഡുകളിലും ഉപയോഗിക്കാവുന്ന ഗീയർലെസ് സ്കൂട്ടർ എന്നു വിശേഷിപ്പിക്കാം ക്ലിക്കിനെ. ഏറ്റവും വിലക്കുറവുള്ള 110 സിസി സ്കൂട്ടർ കൂടിയാണിത്.

രൂപകൽപ്പന

പരുക്കൻ ഭാവമാണ് ക്ലിക്കിന്. ഇന്ത്യൻ വിപണിയിലെ മറ്റേതൊരു സ്കൂട്ടറിൽ നിന്നും വ്യത്യസ്തമാണ് രൂപം. ഹോണ്ട ഡിയോയുടെ പോലെ ഫ്രണ്ട് ഏപ്രൽ ഹെഡ് ലാംപും ടേണ്‍ ഇൻഡിക്കേറ്ററുകളും നല്കിയിരിക്കുന്നു. ഹാൻഡിൽ ബാർ മോട്ടോർസൈക്കിളിന്‍റേതുപോലെയാണ്. പ്ലാസ്റ്റിക് നിർമിതമാണ് ബോഡി. അതുകൊണ്ടുതന്നെ ക്ലിക്കിനു ഭാരം കുറവാണ്, നൂറ്റിരണ്ട് കിലോഗ്രാം. എൻജിൻ , ഫ്രെയിം, വീലുകൾ എന്നിവ ആക്ടിവയുടെ തരമാണ്. സൈലൻസർ ഡിയോയിൽനിന്ന് കടം കൊണ്ടു.

മണലും ചെളിയും ഗട്ടറും നിറഞ്ഞ റോഡിലും മെച്ചപ്പെട്ട സ്ഥിരത നല്കാൻ കഴിവുള്ള ബ്ലോക്ക് പാറ്റേണ്‍ ടയറുകൾ ആണ് ക്ലിക്കിനുള്ളത്. പത്ത് ഇഞ്ച് ട്യൂബ് ലെസ് ടയറുകളാണിവ. സ്റ്റീൽ വീലുകളാണ്. പിന്നിലെ ബ്രേക്കിന്‍റെ ലിവർ അമർത്തുന്പോൾ നിശ്ചിത അനുപാതത്തിൽ മുന്നിലെയും ബ്രേക്ക് പ്രവർത്തിപ്പിച്ച് സുരക്ഷിതമായി വാഹനം നിർത്താൻ സഹായിക്കുന്ന കോംബി ബ്രേക്ക് സിസ്റ്റം ക്ലിക്കിനുണ്ട്. ഡിസ്ക് ബ്രേക്ക് ലഭ്യമല്ല. ടെലിസ്കോപ്പിക് ഫോർക്ക് ഫ്രണ്ട് സസ്പെൻഷന് ക്ലിക്കിനു നല്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ആക്ടിവ ഫോർ ജി, ഡിയോ മോഡലുകളെപ്പോലെ ലിങ്ക് സസ്പെൻഷനാണ് ക്ലിക്കിനും.

ഉയരം കുറഞ്ഞവർക്കും സൗകര്യപ്രദമാകും വിധം സീറ്റ് ഉയരം ക്രമീകരിച്ചിരിക്കുന്നു. നിരപ്പുള്ള സീറ്റിൽ രണ്ട് പേർക്ക് സുഖമായി ഇരിക്കാം. 743 മില്ലി മീറ്റർ ആണ് സീറ്റ് ഉയരം. ഇത് ആക്ടിവ, നവി മോഡലുകളെക്കാൾ കുറവാണ്. ആവശ്യം പോലെ വീതിയും നീളവുമുണ്ട് സീറ്റിന്. ആക്ടിവയുടെ പോലുള്ള അനലോഗ് ഇൻസ്ട്രമെൻറ് ക്ലസ്റ്ററാണ് ക്ലിക്കിനും. സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, ട്രിപ്പ് മീറ്റർ എന്നിവ ഇതിലുണ്ട്. നവിയുടെ തരമാണ് സ്വിച്ചുകൾ. ഡിം, ബ്രൈറ്റ് മോഡുകൾ തിരഞ്ഞെടുക്കാൻ പുഷ് ബട്ടനാണുള്ളത്. പാർക്ക് ചെയ്യുന്പോൾ പിന്നിലെ ബ്രേക്ക് ലോക്ക് ചെയ്യാനുള്ള സംവിധാനം ഉപയോഗിക്കാൻ ഏറെ എളുപ്പമാണ്. സീറ്റിന്‍റെ അടിയിലെ സംഭരണസ്ഥലത്ത് ഹാഫ് ഫേസ് ഹെൽമെറ്റ് വയ്ക്കാം. യുഎസ്ബി ചാർജിംഗ് പോർട്ട് ഘടിപ്പിക്കാനുള്ള സൗകര്യവും ഇവിടെ നല്കിയിരിക്കുന്നു. സീറ്റിനു പിന്നിൽ വലുപ്പം കൂടിയ ഗ്രാബ് റയിലുണ്ട്. നിർമാണച്ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായിട്ടാവും ഇത് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സീറ്റിനു പുറകിലുള് റിയർ പാനലിലാണ് സീറ്റ് ലോക്ക്. ലഗേജ് വച്ചുകെട്ടി കൊണ്ടുപോകാനുള്ള കാരിയർ ആക്സസറിയായി ഉപയോഗിക്കാം. ഇത് ഗ്രാബ് റയിലിൽ ഫിറ്റ് ചെയ്യാം.


എൻജിൻ റൈഡ്

ആക്ടിവയ്ക്കും ഡിയോയ്ക്കുമൊക്കെ കരുത്തേകുന്ന 109.19 സിസി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, പെട്രോൾ എൻജിനാണ് ക്ലിക്കിനും. എട്ട് ബിഎച്ച്പി 8.94 എൻഎം ആണ് എൻജിൻ ശേഷി. ഭാരക്കുറവുള്ളതുകൊണ്ടുതന്നെ സമാന എൻജിൻ ഉപയോഗിക്കുന്ന മോഡലുകളെക്കാൾ മികച്ച പെർഫോമൻസ് ക്ലിക് കാഴ്ച വയ്ക്കുന്നു. ആക്ടിവയുമായി താരതമ്യം ചെയ്യുന്പോൾ ആറ് കിലോഗ്രാം ഭാരം കുറവാണ് ക്ലിക്കിന്.

ഡിയോയുടെ പോലുള്ള ശബ്ദമാണ് ക്ലിക്കിന്. ഒട്ടും പണിപ്പെടാതെ തന്നെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗമെടുക്കാം. ഗീയർലെസ് സ്കൂട്ടറിന് മണിക്കൂറിൽ 83 കിലോമീറ്റർ വരെ വേഗമെടുക്കാൻ കഴിവുണ്ട്. സുഖകരമായി നിവർന്നിരുന്ന് റൈഡ് ചെയ്യാവുന്ന വിധമാണ് ഹാൻഡിൽ ബാറിന്‍റെ ക്രമീകരണം.

ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് കിട്ടുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. നമ്മുടെ റോഡ് സാഹചര്യങ്ങളിൽ 4550 കിലോ മീറ്റർ പ്രതീക്ഷിക്കാം. മൂന്നര ലിറ്റർ മാത്രമാണ് പെട്രോൾ ടാങ്ക് ശേഷി എന്നത് പോരായ്മയാണ്. കൂടെക്കൂടെ പെട്രോൾ പന്പിൽ പോകേണ്ടിവരും.ആക്ടിവയ്ക്ക് ഇത് 5.3 ലിറ്റർ.

കനത്ത ട്രാഫിക്കുള്ള റോഡുകളിൽ ചെറിയ വിടവുകളിലൂടെ നൂഴ്ന്ന് കയറിപ്പോകാൻ ക്ലിക്കിന്‍റെ ഒതുക്കമുള്ള ബോഡിയും കട്ടി കുറഞ്ഞ ഹാൻഡിൽ ബാറും സഹായിക്കുന്നു. ചരൽ നിറഞ്ഞ പ്രതലത്തിലും മെച്ചപ്പെട്ട ഗ്രിപ്പ് നല്കാൻ ടയറുകൾക്ക് കഴിയുന്നുണ്ട്.

വില
കൊച്ചിയിലെ
എക്സ്ഷോറൂം
വില 45,966 രൂപ.

അവസാനവാക്ക്
ആദ്യമായി സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന നല്ലൊരു മോഡൽ . ഭാരക്കുറവുള്ളതുകൊണ്ട് കൈകാര്യം ചെയ്യാൻ എളുപ്പം. സൈക്കിൾ ഓടിക്കുന്ന ലാഘവത്തോടെ ക്ലിക്ക് റൈഡ് ചെയ്യാം. വിലക്കുറവ് മറ്റൊരു പ്രധാന ആകർഷണം. മോശം റോഡുകളിലെ ഉപയോഗത്തിനു പറ്റിയ യൂട്ടിലിറ്റി സ്കൂട്ടർ തന്നെ ക്ലിക്. പൊക്കം കുറഞ്ഞവർക്ക് കൂടുതൽ ഇണങ്ങും.

ഐപ്പ് കുര്യൻ

ടെസ്റ്റ് ഡ്രൈവ് വാഹനത്തിനു കടപ്പാട് :
പുരയ്ക്കൽ ഹോണ്ട, മണിപ്പുഴ,
കോട്ടയം. ഫോണ്‍ : 04812361001, 98470 56202.