അർക്കിൻഡ് ആർകിടെക്റ്റ്; ഇച്ഛാശക്തിയുടെ വിജയം
അർക്കിൻഡ് ആർകിടെക്റ്റ്;   ഇച്ഛാശക്തിയുടെ വിജയം
Monday, January 22, 2018 3:51 PM IST
നമ്മൾ എന്തു ചെയ്താലും അത് പ്രകൃതിക്കും മനുഷ്യനും ഗുണമേ ചെയ്യാവൂ എന്നുള്ള നിർബന്ധം ദീപ മത്തായിക്കുണ്ട്. ആ നിർബന്ധത്തിന്‍റെ വിജയമാണ് അർക്കിൻഡ് ആർകിടെക്റ്റ്. 1999 ലാണ് അർക്കിൻഡ് ആർകിടെക്റ്റിന്‍റെ തുടക്കം.

ഡിസൈനിംഗ്, കൾസൾട്ടിംഗ്

ഡിസൈനിംഗും കണ്‍സൾട്ടൻസിയും നൽകുന്ന സംരംഭമായി യുഎഇലായിരുന്നു തുടക്കം. ഭർത്താവ് മാത്യു ജോർജാണ് സംരംഭത്തിൽ ദീപയ്ക്കൊപ്പമുള്ളത്. അദ്ദേഹം അർബൻ പ്ലാനറാണ്. 1999 ൽ ആരംഭിച്ചെങ്കിൽ കൂടിയും ഇന്ത്യയിൽ സജീവമായിട്ട് മൂന്നു വർഷമാകുന്നതേയുള്ളു. ഇന്ത്യയിൽ ഇപ്പോൾ നാലഞ്ച് വലിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്നുണ്ട്. തമിഴ്നാട്, പുനെ, കേരളം എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പ്രധാന പ്രവർത്തനങ്ങൾ വരുന്നതെന്ന് ദീപ പറയുന്നു.

ആർക്കിടെക്റ്റ്, ഇന്‍റീരിയർ, ലാൻഡ് സ്കേപ് എന്നിവയാണ് ഡിസൈനിംഗ് വിഭാഗം ചെയ്തു നൽകുന്നത്. മാസ്റ്റർ പ്ലാൻ, അർബൻ പ്ലാൻ, ഇൻഫ്രസട്രക്ച്രർ പ്ലാനിംഗ് എന്നിവ കണ്‍സൾട്ടൻസി വിഭാഗം ചെയ്തു നൽകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ റിസോർട്ടുകൾ, വീടുകൾ എന്നിവയാണ് കൂടുതലായും നിർമിക്കുന്നത്.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഗുണമേൻമയുള്ളതും സവിശേഷമായതുമായ ഡിസൈനിംഗ് ചെയ്യാനാണ് ശ്രദ്ധിക്കാറ്. അതാണ് ഞങ്ങളുടെ വ്യക്തി മുദ്രയെന്ന് ദീപ പറഞ്ഞു.

ഉപഭോക്താവും പരിസ്ഥിതിയും

ആർകിടെക്ചർ പഠിച്ചത് ഓസ്ട്രേലിയിലാണ്. പഠനം കഴിഞ്ഞ് ജോലിക്കു കയറി. ജോലി ചെയ്യുന്നതിനൊപ്പം തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ദീപയ്ക്കുണ്ടായിരുന്നു. പക്ഷേ, ഒരു നിർബന്ധമുണ്ടായിരുന്നു പരിസ്ഥിതി സൗഹൃദവും അതോടൊപ്പം ആരോഗ്യ സൗഹൃദവുമായ കാര്യങ്ങൾ മാത്രമേ ചെയ്യൂവെന്ന്. ആ നിർബന്ധം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

സ്വന്തമായി ഒരു സംരംഭം ആരംഭിച്ചാൽ കുറച്ചു പേർക്ക് ജോലി നൽകാമെന്നതും സ്വന്തം ഇഷ്ടത്തിനു പദ്ധതികൾ ചെയ്യണമെന്ന നിർബന്ധവും കൂടി ഇതിനു പിന്നിലുണ്ട്. കാരണം ഉപഭോക്താക്കൾക്ക് നല്ല റിസൾട്ട് ലഭിക്കണം എന്നതാണ് ലക്ഷ്യം. ഉപഭോക്താക്കളുടെ സന്തോഷത്തിനാണ് പ്രാധാന്യം. താമസ സൗകര്യങ്ങൾ ഒരുക്കുന്പോൾ അവരുടെ ആരോഗ്യത്തിനു കൂടി പ്രാധാന്യം നൽകി കൊണ്ടാണ് നിർമിക്കുന്നതെന്ന് ദീപ പറയുന്നു.

ഉപഭോക്താക്കളുടെ പക്കൽ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. പൂനയിലും കോയന്പത്തൂരുമാണ് ഇന്ത്യയിലെ കണ്‍സൾട്ടൻസികളുള്ളത്. കേരളത്തിലെ ഓഫീസ് പ്രവർത്തിക്കുന്നത് എറണാകുളം ജില്ലയിലെ കാക്കനാടാണ്.

പരിസ്ഥിതിക്ക് ഇണങ്ങുന്നതും സുസ്ഥിരമായിട്ടുള്ളതും ലൈഫ് സൈക്കിളുമുള്ളതാണ് നിർമാണ പ്രവർത്തനങ്ങളെല്ലാം.

തുടക്കത്തിൽ 1999 -2000 കാലത്ത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. പിന്നെ സാന്പത്തിക മാന്ദ്യം വന്നപ്പോൾ ബിസിനസ് അൽപ്പം പരുങ്ങലിലായി അവാർഡുകളൊക്കെ കിട്ടി ശ്രദ്ധിക്കപ്പെട്ടതോടെ ധാരാളം ഉപഭോക്താക്കൾ വന്നു തുടങ്ങി. ഭർത്താവിന്‍റെയും വീട്ടുകാരുടെയും പിന്തുണ എപ്പോഴും കൂടെയുള്ളത് വലിയൊരു ശക്തിയാണെന്ന് ദീപ അഭിപ്രായപ്പെടുന്നു.

ഇഷ്ടപ്പെട്ടത് ആസ്വദിച്ച് ചെയ്യുക

ആദ്യകാലങ്ങളിൽ പലർക്കും അറിയില്ലായിരുന്നു എന്‍റെ ഉദ്ദേശം എന്താണെന്ന്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ എന്‍റെ പ്രവൃത്തികൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബോധവത്കരിക്കേണ്ടി വന്നിരുന്നു. നമ്മൾ ചെയ്യുന്നതെന്തെന്ന് നമ്മുടെ ഉപഭോക്തക്കൾക്കു കൂടി മനസിലാകണം. അവർ അംഗീകരിക്കണം. എങ്കിലേ പൂർണ തൃപ്തിയോടെ നമുക്ക് അത് പൂർത്തിയാക്കാൻ സാധിക്കു. എന്താണോ ഇഷ്ടം അത് ചെയ്യാൻ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ടു ചെയ്താൽ ആസ്വദിച്ച് ചെയ്യാനാകും ഇല്ലെങ്കിൽ ഭാരമാകും. ദീപ നാളയുടെ സംരഭകരെ ഓർമ്മപ്പെടുത്തുന്നു.

അംഗീകാരങ്ങൾ

ധാരാളം അവാർഡുകൾ ഇതിനകം അർക്കിൻഡ് ആർകിടെക്റ്റ് സ്വന്തമാക്കി കഴിഞ്ഞു. ബെസ്റ്റ് പ്രോമിസിംഗ് ഡെസിറ്റിനേഷൻ അവാർഡ്, 2017 ലെ ബെസ്റ്റ് ഡെബ്യൂ റിസോർട്ട് ഇൻ ഇന്ത്യ, സിറ്റി സ്കേപ് ഗ്ലോബൽ ആർകിടെക്ചർ അവാർഡ്, വേൾഡ് ആർകിടെക്ച്ചർ അവാർഡിലേക്ക് നോമിനേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്.

ഇഛാശക്തിയുണ്ടെങ്കിൽ ഒന്നും ഒരു പ്രതിബന്ധമല്ലെന്നു തെളിയിച്ച് ദീപ മുന്നേറുകയാണ് ഒപ്പം അർക്കിൻഡും