കർഷകരിൽ നിന്നും കാർഷിക സംരംഭകരിലേക്ക്
കർഷകരിൽ നിന്നും  കാർഷിക സംരംഭകരിലേക്ക്
Monday, February 5, 2018 5:05 PM IST
കേരളത്തിലെ കർഷകർ,കാർഷിക സംരംഭകർ തുടങ്ങിയവർക്ക് കൃഷിയിലെ പുതിയ പ്രവണതകൾ, ആധുനിക സാങ്കേതികവിദ്യകൾ,മൂല്യവർധനവിലെ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായൊരു ബോധ്യം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് വർഷം തോറും സംഘടിപ്പിക്കുന്ന വൈഗയ്ക്ക് രണ്ടാം വർഷവും മികച്ച പ്രതികരണം.
മൂല്യ വർധിത ഉത്പന്നങ്ങൾ കാർഷികാദായ മികവിന് എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പ്രദർശനവും ശിൽപശാലയുമാണ് വൈഗയിൽ ഒരുക്കുന്നത്. 2017 ഡിസംബർ 27 മുതൽ 31 വരെ കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനമായ തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലായിരുന്നു വൈഗ സംഘടിപ്പിച്ചത്. വാഴപ്പഴം, തേൻ, തേങ്ങ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷി, മൂല്യവർധനവ് എന്നിവയ്ക്കായിരുന്നു ഇത്തവണ പ്രാധാന്യം നൽകിയിരുന്നത്.

കോർഡിനേഷൻ കമ്മറ്റികളിലൂടെ കൃഷി പ്രോത്സാഹനം

“കർഷകരിൽ നിന്നും കാർഷിക സംരംഭകരിലേക്കുള്ള വളർച്ചയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും. നാം ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്താത്ത കാർഷിക വിളകളെ പ്രയോജനപ്പെടുത്തി, മൂല്യ വർദ്ധന ഉത്പാദനം കൂട്ടി, കർഷകരുടെയും യുവജനങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ കർഷകരെ കാർഷിക സംരഭകരാക്കി മാറ്റുമെന്നും സംസ്ഥാന കൃഷി വകുപ്പു മന്ത്രി വി.എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു.ന്ധകർഷകർക്ക് അധികവരുമാനത്തോടോപ്പം , സുരക്ഷിത -ആരോഗ്യം ഭക്ഷണം ഉറപ്പുവരുത്തുവാൻ ജൈവ കാർഷിക വിളകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

നാളികേരം, വാഴപ്പഴം, തേൻ എന്നീ വിളകളിലും, മറ്റ് കാർഷിക വിളകളിലെ പ്രവർത്തനങ്ങൾ, ശക്തിപ്പെടുത്തുന്നതിനുമായി വിവിധ കേന്ദ്ര - സംസ്ഥാന ഏജൻസികളുടെ ഏകോപനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.അതിന്‍റെ അടിസ്ഥാനത്തിൽ നാളികേരത്തിന്‍റെ സമഗ്രവികസനത്തിനായി കോക്കനട്ട് മിഷന് കൃഷി മന്ത്രി തന്നെ ചെയർമാനായി ഉടനെ രൂപം നൽകും. വാഴപ്പഴം, തേൻ, ചെറുധാന്യങ്ങൾ എന്നിവയുടെ വികസനത്തിനായി പ്രത്യേക കോർഡിനേഷൻ കമ്മറ്റികൾ രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. അഗ്രികൾച്ചറൽ പ്രിൻസിപൽ സെക്രട്ടറി ടക്കാ റാം മീണ ഐഎസാണ് ഈ കമ്മറ്റികളുടെ ചെയർമാൻ.


"മൂന്നു വർഷത്തിനുള്ളിൽ കോർഡിനേഷൻ കമ്മറ്റികളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്. പത്തു വർഷത്തേക്കുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
മൂല്യവർധിത ഉത്പന്നങ്ങൾ, സംരംഭങ്ങൾ, വൈവിധ്യമാർന്ന കൃഷി രീതികൾ, വിളകൾ എന്നിവ കർഷകർക്ക് പരിചയപ്പെടുത്തി നൽകൽ, സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിങ്ങനെയുള്ള സേവനങ്ങൾ കോർഡിനേഷൻ കമ്മറ്റികളിലൂടെ കർഷകർക്ക് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും. "അഗ്രികൾച്ചറൽ ഡയറക്ടർ എ.എം സുനിൽകുമാർ അഭിപ്രായപ്പെട്ടു.

മൂല്യവർധനവിലൂടെ സംരംഭകത്വം

മൂല്യ വർധിത സംരംഭകരായിരുന്നു വൈഗയിലെ പ്രധാന പങ്കാളികൾ. വ്യാവസായിക പ്രാധാന്യം ലക്ഷ്യമിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, മൂല്യവർധിത ഉത്പന്നങ്ങൾ, ബിസിനസ് മീറ്റുകൾ, വിവിധ കാർഷിക സംരംഭങ്ങൾ എന്നിങ്ങനെ 300 ലധികം സ്റ്റാളുകളുടെ പ്രദർശനം.

രാജ്യാന്തര പ്രതിനിധികൾ, വിദേശ പ്രതിനിധികൾ എന്നിവർ നയിക്കുന്ന സെമിനാറുകൾ വിജയികളായ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ, ലൈസൻസിംഗ്, സുരക്ഷമാനദണ്ഡങ്ങൾ, പാക്കേജിംഗ്, കയറ്റുമതി, സാന്പത്തിക സഹായം എന്നിവയെ സംബന്ധിച്ചുള്ള ടെക്നിക്കൽ സെഷനുകൾ. നൂതന സംരംഭകർക്കുള്ള പരിശീലനങ്ങൾ, ഇൻകുബേഷൻ സെന്‍ററിന്‍റെ സാധ്യതകൾ എന്നിവ ഉൾപ്പെടുത്തി യുവകർഷക സംഗമം എന്നിങ്ങനെ വിവിധ സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക യൂണിവേഴ്സിറ്റി തയ്യാറാക്കിയ സാങ്കേതിക വിദ്യകൾ വൈഗയിൽ വെച്ച് കൃഷി മന്ത്രി ആത്മ സ്വയം സഹായ സംഘങ്ങൾക്ക് കൈമാറി ഇതുവഴി കർഷകർക്ക് സൗജന്യമായി ഈ സാങ്കേതിക വിദ്യകൾ ലഭ്യമാകും.