ഇറ്റാലിയൻ ഇരുചക്രവാഹ നിർമാതാക്കളായ ഏപ്രിലിയ എസ്ആർ 125 സ്കൂട്ടർ പിയാജിയയോടു കൂട്ടുപിടിച്ചാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 125 സിസി വാഹനശ്രേണിയിലേക്കുള്ള ഏപ്രിലിയയുടെ ആദ്യ ചുവടുവയ്പ്പാണിത്. പ്രധാനമായും ഹോണ്ട ആക്ടീവ 125 സിസി, ഗ്രാസിയ, ടിവിഎസ് എൻടോർക്ക് 125 തുടങ്ങിയ മോഡലുകളാണ് എതിരാളികൾ.
ആകർഷിക്കുന്ന ഡിസൈൻ
ഡബിൾ ബാരൽ ഹെഡ്ലൈറ്റ്, കൂർത്ത മുഖം, ഇൻഡിക്കേറ്ററുകൾ ഹാൻഡിൽ ബാറിൽ, എസ്ആർ 150യിലേതുപോലെ സ്പോർടി ഗ്രാഫിക്സ് എന്നിവയാണ് നോട്ടം ആകർഷിക്കുന്ന ഫീച്ചറുകൾ.
സിംഗിൾ ടോണ്‍ സീറ്റ്, മുൻ ഫുട്ബോർഡിൽ ഏപ്രിലിയ ബാഡ്ജിംഗ്, സീറ്റിനു താഴെ എസ്ആർ ബാഡ്ജിംഗ് എന്നിവയും നല്കിയിരിക്കുന്നു.
ലളിതം സുന്ദരം മീറ്റർ കണ്‍സോൾ
ഹോണ്ട ഗ്രാസിയ, ടിവിഎസ് എൻടോർക്ക് 125 തുടങ്ങിയ മോഡലുകൾ ഡിജിറ്റൽ കണ്‍സോളുകൾ നല്കുന്പോൾ ഫ്യുവൽ, സ്പീഡ് എന്നിവ സൂചിപ്പിക്കുന്ന അനലോഗ് ഡയലുകളാണ് എസ്ആറിലുള്ളത്.
125 സിസി എൻജിൻ
എയർകൂൾഡ് 124.49 സിസി കാർബറേറ്റഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് എസ്ആർ 125ന്റെ കരുത്ത്. 9.46 ബിഎച്ച്പി കരുത്തിൽ 9.9 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ ഈ എൻജിനു കഴിയും.
14 ഇഞ്ച് വീൽ
14 ഇഞ്ച് അലോയ് വീലിനൊപ്പം 120/70 ടയറുകളാണ് എസ്ആർ 125ന് നല്കിയിക്കുന്നത്. റൈഡർക്ക് ആത്മവിശ്വാസത്തോടെ വാഹനം കൈകാര്യം ചെയ്യാവുന്ന വിധത്തിൽ വലുപ്പമേറിയ ടയറുകളാണിവ. 220എംഎം ഡിസ്ക് ബ്രേക്ക് മുന്നിൽ നല്‍കിയിട്ടുണ്ട്. പിന്നിൽ ഡ്രം ബ്രേക്കാണ്.
വില: 65,500 (എക്സ് ഷോറൂം)
വാഹന ഉപയോഗത്തിന് കണക്ടിവിറ്റി ആപ്
വാഹന ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നതിനായി കണക്ടിവിറ്റി ആപ്പും കഴിഞ്ഞുപോയ ഓട്ടോ എക്സ്പോയിൽ പിയാജിയോ പുറത്തിറക്കി. വെസ്പ, എപ്രിലിയ സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നതിനായാണ് ആപ് അവതരിപ്പിച്ചിരിക്കുന്നത്.
മാന്വലായോ, ക്യൂആർ കോഡ് ഉപയോഗിച്ചോ വാഹനം ആപ്പുമായി ബന്ധിപ്പിക്കാം. വാഹനം കണ്ടെത്തുന്നതിനും ദിശ അറിയാനും ആപ് സഹായിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ആപ് ഉപയോഗിക്കാം
യുവാക്കൾക്കായി യുവത്വം തുളുന്പുന്ന സ്റ്റോം
സ്റ്റൈലിഷ് സ്കൂട്ടർ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കായാണ് പിയാജിയോയും ഏപ്രിലിയയും സ്റ്റോം അവതരിപ്പിച്ചിരിക്കുന്നത്. എസ്ആർ 125ന്റെ എൻജിൻതന്നെയാണ് സ്റ്റോമിന്റെയും കരുത്ത്. അതേസമയം, മാറ്റ് റെഡ്, മാറ്റ് യെല്ലോ നിറങ്ങളിൽ ലഭ്യമായ സ്റ്റോമിന് 12 ഇഞ്ച് വീലുകളാണ് നല്‍കിയിരിക്കുന്നത്. വൈകാതെ വിപണിയിലെത്തുന്ന ഈ മോഡലിന് 65,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓട്ടോസ്പോട്ട്/ഐബി