കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
Monday, March 19, 2018 5:13 PM IST
പുതുതായി അനേകം കര്‍ ഷകര്‍ തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്‍ധിച്ചിട്ടുമുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് കേരളത്തില്‍ തേന്‍കാലം. റബര്‍മരങ്ങളെയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള തേനുത്പാദനത്തിന് ആശ്രയിക്കുന്നത്. റബറിന്റെ ഇലപൊഴിഞ്ഞ് പുതിയ ഇലകള്‍ പകുതി മൂപ്പെത്തുന്നതോടെ ഇലക്കാമ്പിലുള്ള മൂന്നു ഗ്രന്ഥികള്‍ മധു ചൊരിയും. രാവിലെ ആറു മുതല്‍ 10 വരെയാണ് തേന്‍ കൂടുതലുണ്ടാകുന്നത്. തേനീച്ചകള്‍ക്ക് ഈ തേന്‍ ഏറെ പ്രിയങ്കരമാണ്. കാലാവസ്ഥ നന്നായാല്‍ വേലക്കാരി ഈച്ചകള്‍ ഉത്‌സാഹത്തോടെ ധാരാളം തേന്‍ സംഭരിക്കും. വിദേശ വിപണികളില്‍ നമ്മുടെ തേനിന് വന്‍ ഡിമാന്‍ഡുണ്ട്.

മൈഗ്രേറ്ററി ബീക്കീപ്പിംഗ്

തേനീച്ചക്കോളനികള്‍ തേന്‍ലഭ്യത അനുസരിച്ച് പല സ്ഥലങ്ങളിലേക്ക് മാറ്റിവച്ച് തേന്‍ ശേഖരിക്കുന്ന രീതിയാണ് മൈഗ്രേറ്ററി ബീക്കീപ്പിംഗ്. ഇതിന് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. വളര്‍ച്ചാക്കാലത്ത് തെങ്ങിന്‍തോപ്പില്‍ സൂക്ഷിച്ചിരുന്ന തേനീച്ചക്കൂടുകളെ റബര്‍ തോട്ടങ്ങളിലേക്കു മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ ധാരാളം തേന്‍ ലഭിക്കൂ. ഡിസംബര്‍ അവസാനം മുതല്‍ റബര്‍മരങ്ങള്‍ ഇലപൊ ഴിച്ചു തുടങ്ങും. ഇത് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ആദ്യം ആരംഭിക്കുമെന്നതുകൊണ്ട് തേനീച്ചക്കൂടുകള്‍ അവിടെയുള്ള റബര്‍ തോട്ടങ്ങളില്‍ കൊണ്ടുവച്ച് തേന്‍ ശേഖരിക്കാം. തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് അവിെടനിന്നും തേന്‍ സംഭരിക്കാനാകും. റബര്‍ ഇല പൊഴിഞ്ഞു തുടങ്ങുന്നതോടൊപ്പം കോളനികള്‍ മാറ്റി സ്ഥാപിക്കണം. റബര്‍ തോട്ടങ്ങളില്‍ തന്നെയോ അടുത്ത പ്രദേശത്തോ കൂടുകള്‍ വച്ചിരിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഒരേക്കര്‍ റബര്‍ തോട്ടത്തില്‍ 10 ഞൊടിയല്‍ തേനീച്ച കൂടുകള്‍ എന്നതോതില്‍ സ്ഥാപിക്കാം.

തേനീച്ചയെ മാറ്റുമ്പോള്‍

നിറയെ വേലക്കാരി ഈച്ചകളുള്ള കോളനികള്‍ റബര്‍ തോട്ടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാം. നല്ല ശ്രദ്ധയോടെവേണം ഇങ്ങനെ ചെയ്യാന്‍. പത്തു വര്‍ഷത്തിനുമേല്‍ പ്രായമുള്ള റബര്‍ മരങ്ങളില്‍ നിന്നാണ് തേന്‍ കൂടുതല്‍ ലഭിക്കുക. അതിനാല്‍ കോളനികള്‍ ഇത്തരം തോട്ടങ്ങളിലേക്കു വേണം മാറ്റാന്‍.

എല്ലാ വേലക്കാരി ഈച്ചകളും കൂട്ടില്‍ കയറിയെന്നുറപ്പു വരുത്തിയശേഷം കൂടിന്റെ പ്രവേശനകവാടം പേപ്പര്‍ അല്ലെങ്കില്‍ ഉണങ്ങിയ വാഴയില ഉപയോഗിച്ച് അടയ്ക്കണം. കൊണ്ടുപോകുമ്പോള്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ കോളനികള്‍ കയറുകൊണ്ട് നെടുകയും കുറുകെയും കെട്ടണം. സൂര്യാസ്തമനത്തിനുശേഷം വേണം കോളനികള്‍ വാഹനത്തിലേക്ക് മാറ്റാന്‍. കോളനികള്‍ വാഹനത്തില്‍ അടുക്കുമ്പോള്‍ അതിന്റെ വാതില്‍ വാഹനത്തിന്റെ മുന്‍വശത്തേക്ക് അഭിമുഖീകരിക്കും വിധം വയ്ക്കണം. അമിത വേഗവും മോശമായ റോഡുകളും ഒഴിവാക്കണം. പുലരും മുമ്പ് കോളനികള്‍ പുതിയ സ്ഥലത്ത് എത്തിക്കണം. കൂടുകള്‍ക്ക് ഉലച്ചില്‍ തട്ടാതെ സാവധാനം ഇറക്കി സ്റ്റാന്‍ഡുകളില്‍ വച്ച ശേഷം അടച്ചിരിക്കുന്ന വാതിലുകള്‍ തുറന്നു കൊടു ക്കണം. അടകള്‍ക്ക് കേടു സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അടകള്‍ക്ക് കേടു സംഭവിക്കുകയോ അടര്‍ന്ന് വീഴുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ ചട്ടങ്ങളോട് ചേര്‍ത്തുകെട്ടുക. ആവശ്യമെന്ന് തോന്നിയാല്‍ പഞ്ചസാര ലായനി നല്‍കണം.

പരിചരണം ശ്രദ്ധയോടെ

തേനുത്പാദനകാലം ആരംഭിക്കുന്നതോടെ ഞൊടിയല്‍ തേനീച്ചകളില്‍ കൂട്ടം പിരിയാനുള്ള പ്രവണത വര്‍ധിക്കും. ഇത് തേനുത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കൂട് പരിശോധിച്ച് റാണി യറകള്‍ കണ്ടാല്‍ അവയെ നശിപ്പിക്കണം. ഇത് കൂട്ടംപിരിയല്‍ തടയാന്‍ സഹായിക്കും. ഒരിക്കല്‍ റാണി അറകള്‍ നശിപ്പിച്ചുകളഞ്ഞാലും വീണ്ടും കോളനിയില്‍ പുതിയ റാണിയറകള്‍ നിര്‍മിക്കപ്പെടും. അതുകൊണ്ട് കൃത്യമായി അഞ്ചുദിവസത്തിലൊരിക്കല്‍ പുഴു അറ പരിശോധിച്ച് റാണി അറകള്‍ നീക്കം ചെയ്യണം. കൂട്ടം പിരിയല്‍ തടയാന്‍ ഇതു സഹായിക്കും. ഇനി ആവശ്യാനുസരണം തേനറകള്‍ സുസജ്ജമാക്കുക എന്നതാണ് പ്രധാനം.

അറകള്‍ ശക്തിപ്പെടുത്താം

പുഴു അറയ്ക്ക് മുകളില്‍ തേന്‍ തട്ടു സ്ഥാപിക്കണം. കോളനിയുടെ അടിത്തട്ടില്‍ വിരിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വേലക്കാരി ഈച്ചകളെ അതിലേക്ക് ആകര്‍ഷിക്കാനാണിത്. ഇതിനായി അടിത്തട്ടില്‍ വലത്തേ അറ്റത്തുള്ള ഒരടയെടുത്ത് അതിലെ ഈച്ചകളെ പുഴുഅറയിലേക്ക് മാറ്റാം. അട മുഴുവനായി മുറിച്ചുമാറ്റി ഒഴിഞ്ഞ ചട്ടം പുഴുഅറയുടെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. മുറിച്ചുമാറ്റിയ അട ഒന്നര- രണ്ടിഞ്ച് വീതിയില്‍ നെടുകെ മുറിക്കുക. ഓരോ കഷണവും തേനറയിലെ ചട്ടത്തിന്റെ താഴ്ഭാഗത്തുവച്ച് റബര്‍ ബാന്‍ഡോ വാഴനാരോ ഉപയോഗിച്ച് ഉറപ്പിക്കുക. ശേഷം തേനറയുടെ ഇടതു ഭാഗത്തിട്ടു കൊടുക്കുക. ഈ സമയം പുഴുഅറയില്‍ നിന്നും വേലക്കാരി ഈച്ചകള്‍ തേനറയിലേക്ക് പ്രവേശിക്കും. 4-5 ദിവസം കൊണ്ട് അട പൂര്‍ണമായും നിര്‍മിച്ചുകഴിയും. ഇത്തരത്തില്‍ ഒരേസമയത്ത് ഒരു ചട്ടത്തില്‍ മാത്രമേ മുറിച്ച കഷണങ്ങള്‍ ഘടിപ്പിക്കാവൂ. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ ചട്ടം മേല്‍പറഞ്ഞ രീതിയില്‍ നല്‍കാം. പുതുതായികെട്ടുന്ന ചട്ടത്തിന്റെ അടിഭാഗത്ത് നിന്ന് മുകളിലേക്കു നിര്‍മിക്കുന്നതുകൊണ്ട് റാണിഈച്ച ഈ അടകളില്‍ മുട്ടയിടില്ല. വീണ്ടും ഇത്തരത്തില്‍ അടകളുടെ കഷ്ണം കെട്ടിക്കൊടുത്ത് തേനറ അടകള്‍ കൊണ്ട് നിറയ്ക്കാവുന്നതാണ.് ഒരു തേന്‍ തട്ടില്‍ നാല് ചട്ടത്തില്‍ ഇപ്രകാരം അടകളുടെ പണി പുര്‍ത്തിയായാല്‍, പുതിയ ഒരു തേന്‍തട്ട് വച്ചുകൊടുക്കാം. ഇത് പുഴുഅറയ്ക്ക് തൊട്ടുമുകളിലായിരിക്കണം. ഈച്ച നിറഞ്ഞ ആദ്യത്തെ തേന്‍തട്ട് മുകളില്‍ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടാമത്തെ തട്ടിലും പുതിയ തേനടകളുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ തേന്‍തട്ട് വയ്ക്കാവുന്നതാണ്.




കര്‍ഷകര്‍ ശാസ്ത്രീയമായി മേന്മയുള്ള തേന്‍ ഉത്പാദിപ്പിക്കണം. കൃത്രിമ ആഹാരം നല്‍കുന്ന സമയം തേനെടുക്കാന്‍ പാടില്ല. പഞ്ചസാര ലായനിയില്‍ നിന്നും തേനീച്ചകള്‍ക്ക് ഗുണനിലവാരമുള്ള തേനുത്പാദിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലാക്കുക. അടിത്തട്ടില്‍ നിന്നും ഒരിക്കലും തേന്‍ എടുക്കാതിരിക്കുക. തേനറയില്‍ നിന്നുമാത്രം തേനെടുക്കുക. 90 ശതമാനം മെഴുകു കൊണ്ട് മൂടിയ അടകളില്‍ നിന്നു മാത്രം തേനെടുക്കുക. സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ള തേനെടുക്കല്‍ യന്ത്രം, തേനടക്കത്തി എന്നിവ ഉപയോഗിക്കുക. ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. തേനില്‍ മാലിന്യങ്ങള്‍, പൊടി എന്നിവ കലര്‍ന്ന് മലിനപ്പെടാതെ ശ്രദ്ധിക്കണം. തേന്‍ സൂക്ഷിക്കുന്നതിന് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡ്രമ്മുകളോ പാത്രങ്ങളോ ഉപയോഗിക്കുക.

തേന്‍ എടുക്കുന്നതിനു മുമ്പും ശേഷവും ഇവ ചെറു ചൂടുവെള്ളത്തില്‍ കഴുകി ഉണക്കണം. തേനെടുത്തശേഷം ഒഴിഞ്ഞ അടകള്‍ വീണ്ടും അതേ കൂടുകളില്‍ തന്നെ സ്ഥാപിക്കണം. 7- 8 ദിവസം ഇടവിട്ട് കൂടുകളില്‍ നിന്നും തേന്‍ സംഭരിക്കാം. തേനെടുത്തതിനു ശേഷം തേനറയും പുഴുഅറയും എപ്പിയറിയില്‍ തുറന്ന നിലയില്‍ ഉപേക്ഷിച്ചു പോകരുത്. തേന്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകളും മാസ്‌കും ഉപയോഗിക്കുന്നത് നന്നായിരിക്കും.

തേനെടുക്കല്‍ യന്ത്രത്തില്‍ നിന്നും സംഭരണികളിലേക്ക് മാറ്റുന്നതിനു മുമ്പ് തേന്‍ വൃത്തിയുള്ള അരിപ്പയില്‍ അരിച്ച് മെഴുക്, പുഴു, ഈച്ച ഇവയുടെ അംശങ്ങള്‍ മാറ്റണം. സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളും പാത്രങ്ങളും വേണം തേനെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കേണ്ടത്. മറ്റു ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയവ ഉപയോഗിച്ചാല്‍ തേനില്‍ ലോഹമാലിന്യങ്ങള്‍ അടിഞ്ഞ് ഗുണമേന്മ ഇല്ലാതാകും. കീടനാശിനികള്‍, ആസിഡുകള്‍ എന്നിവ സൂക്ഷിച്ചിരുന്ന പാത്രങ്ങളില്‍ തേന്‍ സൂക്ഷിക്കരുത്.

തേന്‍മെഴുകുണ്ടാക്കാം...ശാസ്ത്രീയമായി

തേനീച്ചക്കൂട്ടില്‍ നിന്നു കിട്ടുന്ന മറ്റൊരു ഉത്പന്നമാണ് മെഴുക്. തേനിനേക്കാള്‍ വിലയേറിയതാണിത്. തേനെടുക്കുമ്പോള്‍ ചീകിമാറ്റുന്ന മെഴുകും തേനുത്പാദനകാലത്തിനുശേഷം തേനറകളില്‍ നിന്നു നീക്കംചെയ്യുന്ന അടകളും ഉരുക്കിയെടുത്താണ് മെഴുകുണ്ടാക്കുന്നത്. ഓരോതവണ തേന്‍ എടുക്കുമ്പോഴും ചീകിമാറ്റുന്നമെഴുക്, വെള്ളത്തില്‍ കഴുകി തേനിന്റെ അംശം നീക്കംചെയ്ത് സൂക്ഷിച്ചുവയ്ക്കാം . തേനുത് പാദനകാലം കഴിഞ്ഞാല്‍ ഉരുക്കിയെടുക്കാം. മെഴുക് ഉരുക്കുന്നതിന് ആദ്യം ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകിയ അടകള്‍ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കിയിടുക. മെഴുക് 65ത്ഥഇ ഉരുകണം. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി അധികം കണ്ണിയകലമില്ലാത്ത കമ്പിവലയില്‍ അരിക്കുക. അരിച്ചെടുത്ത വെള്ളവും മെഴുകും ചേര്‍ന്ന മിശ്രിതം തണുക്കാന്‍ വയ്ക്കുക. തണുക്കുമ്പോള്‍ മെഴുക് കട്ടയായി വെള്ളത്തിന്റെ മുകളില്‍ സ്ഥാനം പിടിക്കും. ഈ കട്ടയുടെ അടിഭാഗത്ത് അഴുക്കുണ്ടെങ്കില്‍ കഴുകിക്കള യുക. വീണ്ടും മെഴുകുകട്ട വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിനു ശേഷം വെള്ളത്തുണിയില്‍ അരിച്ചെടുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ കിട്ടുന്ന മെഴുകുകട്ട വെള്ളം ചേര്‍ക്കാതെ ഉരുക്കി തുണിയിലരിച്ച് പാത്രത്തില്‍ ഒഴിക്കാം. തണുക്കുമ്പോള്‍ ശുദ്ധമായ മെഴുകുകട്ട ലഭിക്കും. ഒരു കിലോഗ്രാം തേന്‍മെഴുകിന് 500 രൂപയിലധികം വില ലഭിക്കും. മെഴുകുതിരി, പോളിഷ്, വാര്‍ണിഷ്, ലോഷനുകള്‍, ക്രീമുകള്‍, ഓയില്‍മെന്റുകള്‍, മഷി, പെയിന്റ്, മെഴുകുപ്രതിമകള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങി അനേകം വസ്തുക്കളുടെ നിര്‍മാണത്തിനും ധാരാളം വ്യാവസായികോത്പന്നങ്ങള്‍ ഉണ്ടാക്കാനും തേന്‍മെഴുക് ഉപയോഗിക്കുന്നു.

കര്‍ഷകര്‍ക്ക് മറ്റേതൊരു കൃഷിയില്‍ നിന്നും ലഭിക്കുന്നതി നേക്കാള്‍ ലാഭം തേനീച്ചക്കൃഷിയില്‍ നിന്നും ലഭിക്കും. ഇപ്പോള്‍ നമ്മുടെ തേനിന് വിദേശ വിപണിയില്‍ പ്രിയം വര്‍ധിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗവും കൂടിയിട്ടുണ്ട്. തേനിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉപോത്പന്നങ്ങളും ഉത്പാദിപ്പിച്ച് വിപണി ശക്തിപ്പെടുത്താം. ഫോണ്‍: 9961431306.

ഡോ. കെ.കെ. ഷൈലജ