വരള്‍ച്ചയെ പ്രതിരോധിക്കുന്ന ചെറുപയര്‍ നെല്‍പ്പാടത്ത്
വരള്‍ച്ചയെ പ്രതിരോധിക്കുന്ന ചെറുപയര്‍ നെല്‍പ്പാടത്ത്
Tuesday, May 8, 2018 5:16 PM IST
നെല്‍പ്പാടത്ത് ഇടവിളയായി വിലയേറെ ലഭിക്കുന്ന ചെറുപയര്‍ വിളയിച്ചിരിക്കുകയാണ് പാലക്കാട് ചിറ്റൂര്‍ പുത്തന്‍വീട്ടില്‍ സുരേഷിന്റെ ഭാര്യ രജനി. ചിറ്റൂര്‍ പെരുമാട്ടി മുതലാംതോട്ടിലെ തന്റെ നെല്‍പ്പാടത്തു വിളഞ്ഞ, വരള്‍ച്ചയെ പ്രതിരോധിക്കുന്ന ഇതിന്റെ പരിപാലനവും വിളവെടുപ്പുമെല്ലാം ഈ വീട്ടമ്മയും ഒരു സഹായിയും ചേര്‍ന്നാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഈ പാടത്ത് ഉഴുന്നു വിതച്ച് നൂറുമേനി കൊയ്തിരുന്നു ഇവര്‍.

ഇടവിളയായി ചെറുപയര്‍

രണ്ടു നെല്‍ക്കൃഷിയാണ് രജനിയുടെ പാടത്ത് നടക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിക്കുന്ന രണ്ടാം കൃഷിയും ജൂണില്‍ ആരംഭിക്കുന്ന ഒന്നാം കൃഷിയും. രണ്ടാംകൃഷിക്കു ശേഷമാണ് രജനി തന്റെ പാടത്ത് ചെറുപയര്‍ വിതച്ചത്. ഇതിനായി ഭര്‍ത്താവിന്റെ സുഹൃത്തുവഴി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച സിഒ-8 ഇനം ചെറുപയര്‍ വിത്ത് സംഘടിപ്പിക്കുകയായിരുന്നു ആദ്യപടി. ഒരേക്കറില്‍ 750 കിലോ മുതല്‍ വിളവു ലഭിക്കുന്ന ഇത്, നമ്മുടെ കൃഷിയിടങ്ങളില്‍ 400 കിലോ എങ്കിലും കുറഞ്ഞ വിളവു തരുന്ന ഇനമാണ്. മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ചെറുപയറിനേക്കാള്‍ ചെറുതും എന്നാല്‍ രുചിയേറിയതുമാണ് ഈ ഇനം.

60 ദിവസ മൂപ്പ് 45 ആയി ചുരുക്കി

ചെറുപയറില്‍ ചില പരീക്ഷണങ്ങളുമൊക്കെ നടത്തി രജനി.45-60 ദിവസം മൂപ്പുള്ള ഇനമാണ് സിഒ-8. എന്നാല്‍ 45-ാം ദിനം ഉണ്ടായ ബീന്‍സ് ശേഖരിച്ച് വിത്താക്കി അടുത്തകൃഷിക്കുപയോഗിച്ചു. രജനിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. 45-ാം ദിനം തന്നെ ഈ പയര്‍ചെടി വിളവെടുപ്പുപാകമായി. ഒന്നാംകൃഷിക്കുമുമ്പ് വിളവെടുപ്പും നിലമുഴലും സുഗമമാക്കുന്നതിനാണ് മൂപ്പു കാലാവധി കുറയ്ക്കാനുള്ള ഈ പരീക്ഷണം രജനി സ്വന്തം പാടത്ത് പയറ്റി നോക്കിയത്. അതിനാല്‍ ഇപ്പോള്‍ വെയിലുള്ള സമയത്തു തന്നെ ചെറുപയര്‍ വിളവെടുത്ത് സംസ്‌കരിക്കാന്‍ സമയം കിട്ടുന്നു. വര്‍ഷ, അമൃത്, മോഹിനി തുടങ്ങി കേരളത്തില്‍ കൃഷിചെയ്യുന്ന ചെറുപയറിനങ്ങള്‍ മൂപ്പെത്താന്‍ 75-80 ദിവസമെടുക്കുമെന്നിരിക്കെയാണ് സിഒ-8 എന്ന ഈ ഇനം 45-ാം ദിനം മൂപ്പെത്തുന്നത്. കിലോയ്ക്ക് 80 രൂപ മാര്‍ക്കറ്റ് വിലയുണ്ട് ഇപ്പോള്‍ ചെറുപയറിന്. ജൈവരീതിയില്‍ ചെയ്തതിനാല്‍ 100 രൂപയെങ്കിലും ലഭിച്ചാലേ മുതലാകൂ എന്നാണ് രജനി പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വിത്താവശ്യത്തിനു മാത്രം ഇതു നല്‍കാനാണ് രജനിയുടെ തീരുമാനം.

ജലസേചനം നാമമാത്രം

ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം വീര്‍പ്പുമുട്ടുന്ന പാലക്കാടന്‍ കര്‍ഷകര്‍ക്ക് ഒരനുഗ്രഹമാണ് ജലസേചനം അധികം ആവശ്യമില്ലാത്ത സിഒ-8 ഇനം ചെറുപയര്‍. നെല്ലിന് ഇടവിളയായി ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വിത്തിട്ട് അഞ്ചാം ദിവസം ആദ്യ നന നല്‍കണം. പിന്നീട് 15 ദിവസത്തിലൊരിക്കല്‍ ഒന്നു മതിയാകും. വേനല്‍മഴ ലഭിച്ചതിനാല്‍ ഈ നനപോലും നല്‍കേണ്ടി വന്നില്ലെന്നാണ് രജനി പറയുന്നത്. ഒന്നാംകൃഷിക്കുള്ള പാടം ഉഴുമ്പോള്‍ നൈട്രജന്‍ ഏറെയുള്ള പയര്‍ചെടി ഉഴുതു ചേര്‍ക്കുന്നതിനാല്‍ നെല്ലിലും നല്ല വിളവു ലഭിക്കുന്നുണ്ടെന്നു രജനി പറയുന്നു.



നീറ്റുകക്കപ്രയോഗത്തോടെ തുടക്കം

രണ്ടാംകൃഷി നെല്ല് വിളവെടുത്ത് പത്തു ദിവസത്തിനു ശേഷം ഏക്കറിന് 10 ടണ്‍ ചാണകവും 10 കിലോ നീറ്റുകക്കയും ഇട്ട് ഒന്ന് ഉഴും. ഇതിനുശേഷം വെയിലുകൊള്ളിക്കാനായി കണ്ടം ഒരാഴ്ച വെറുതേയിടും. അതിനുശേഷം എന്‍പികെ വളങ്ങള്‍ യഥാക്രമം 10,10,8 കിലോ ലഭിക്കത്തക്ക വിധം 10 കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് ഒരു ദിവസം ഒരു കലത്തില്‍ കെട്ടിവയ്ക്കുന്നു. പിറ്റേദിവസം ഇതിട്ട് നിലം ഒന്നു കൂടി ഉഴും. പിന്നീട് വിത്തിട്ടശേഷം മണ്ണിനടിയിലേക്ക് വിത്തിറക്കാന്‍ ഒരു പ്രാവശ്യം കൂടി നിലമുഴും. ഒരേക്കറിന് എട്ടു കിലോ വിത്താണ് വിതയ്ക്കുക. പിന്നീട് വളപ്രയോഗത്തിന്റെ ആവശ്യമേയില്ല.

മഞ്ഞളിപ്പില്ലാത്ത സിഒ-8

മഞ്ഞളിപ്പു രോഗത്തിനെതിരേ പ്രതിരോധശേഷിയുള്ളതാണ് സിഒ-8 ചെറുപയര്‍. ഇത് ജൈവരീതിയിലാണ് രജനി വളര്‍ത്തിയത്. മത്തി കഷണങ്ങളാക്കി ആറുദിവസം കുപ്പിയില്‍ സൂക്ഷിച്ചശേഷം തുറന്ന പാത്രങ്ങളില്‍ വയലില്‍ വച്ചു. ഇതിന്റെ ദുര്‍ഗന്ധം മൂലം ചാഴിപോലുള്ള കീടങ്ങള്‍ അകന്നു. കാന്താരിയും വെളുത്തുള്ളിയും തുല്യ അളവിലെടുത്ത് 10 ലിറ്റര്‍ ഗോമൂത്രത്തില്‍ ലയിപ്പിച്ച ശേഷം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചു. ഇതിനാല്‍ കീടങ്ങളുടെ ഉപദ്രവമുണ്ടായില്ല. ജൈവരീതിയില്‍ നമ്മുടെനാട്ടില്‍ ചെറുപയര്‍ കൃഷി പ്രോത്സാഹിപ്പിച്ചാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമുള്ള പയര്‍ സ്‌കൂളുകള്‍ വഴി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലേ എന്നാണ് രജനിയുടെ ചോദ്യം.

കണ്ടംമാറ്റികൃഷി

കൃഷിസ്ഥലം മാറി കൃഷിചെയ്യുന്നത് നേരത്തേവിളവെടുപ്പു പ്രായമെത്താന്‍ നല്ലതെന്നാണ് രജനിയുടെ അനുഭവം. പുരാതനകാലത്തെ രാജകീയഭക്ഷണമായ ഔഷധ നെല്ലിനം രക്തശാലിയും ഇവര്‍ കൃഷിചെയ്യുന്നു. ഞവര നെല്ലിനുമുമ്പ് ഔഷധക്കഞ്ഞിയിലെ പ്രധാന ചേരുവയായിരുന്നു രക്തശാലി. ഇതും സിഒ-8 ചെറുപയറും ഈ കര്‍ക്കിടകത്തില്‍ കഞ്ഞിക്കായി ലഭ്യമാക്കാനാണ് ഇവരുടെ പദ്ധതി.

തനിമ നഷ്ടപ്പെടാതിരിക്കാന്‍

നെല്ലിന്റെ കളറും തനിമയും നഷ്ടപ്പെടാതിരിക്കാന്‍ പലസ്ഥലങ്ങളില്‍ ഇവ കൃഷിചെയ്യിപ്പിച്ച് വിത്തെടുത്ത് തന്റെ കൃഷിയിടത്തില്‍ വേര്‍തിരിച്ച് കൃഷിചെയ്യുന്നുണ്ട് രജനിയുടെ ഭര്‍ത്താവ് സുരേഷ്.

ചെലവു തുച്ഛം

ചെറുപയര്‍ കൃഷിക്ക് ചെലവു കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുകിലോ നെല്‍വിത്തിന് 125 രൂപയാണ് വില. ട്രാക്ടര്‍ കൂലിയും വളവും ചേര്‍ത്ത് 4000 രൂപ. എങ്ങനെ പോയാലും ചെലവ് 7000 ലൊതുങ്ങും. 80 രൂപ വച്ച് 4000 കിലോയ്ക്ക് ലഭിച്ചാല്‍ 40,000 രൂപ വരുമാനമായി. ചെലവു കഴിച്ച് ഏക്കറിന് 37,000 രൂപ നെല്ലില്‍ നിന്നുപോലും ലഭിക്കില്ലെന്ന് രജനി പറയുന്നു.

ഇടവിളയാക്കാം

നെല്ലിനുപരി വാഴ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ ഇടവിളയായും ചെറുപയര്‍ കൃഷി നടത്താം. അധിക ലാഭത്തിനു പുറമേ മറ്റുവിളകള്‍ക്ക് ചെടികള്‍ വളവുമാകും.

ഫോണ്‍: സുരേഷ് (രജനിയുടെ ഭര്‍ത്താവ്)- 99613 60653.
ലേഖകന്റെ ഫോണ്‍- 93495 99023.