ഡിജിലോക്കർ; രേഖകളെല്ലാം സുരക്ഷിതം
ഡിജിലോക്കർ; രേഖകളെല്ലാം സുരക്ഷിതം
Saturday, June 23, 2018 4:00 PM IST
ഡിജിറ്റൽ ഇന്ത്യ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണ് ഡിജിലോക്കറിന്‍റെ വരവ്. രേഖകൾ കടലാസു രഹിതമായി സൂക്ഷിക്കുക, അതോടൊപ്പം രേഖകളുടെ കോപ്പികൾ കയ്യിൽ കൊണ്ടു നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി ഇതിനു പിന്നിലുണ്ട്. കടലാസു രൂപത്തിൽ രേഖകൾ സൂക്ഷിച്ച് നഷ്ടപ്പെടുമോ എന്നുള്ള ഭയവും രേഖകളൊക്കെ ഡിജിറ്റലാകുന്നതോടെ ഇല്ലാതാക്കാം.

ഡിജിറ്റൽ ലോക്കറിന്‍റെ പ്രത്യേകതകൾ

ഡിജിലോക്കർ വെബ്സൈറ്റുവഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ലഭ്യമാകും. ഉപയോക്താക്കൾക്കു വളരെ സൗകര്യപ്രദമായി ഉപയോഗിക്കത്തക്കവിധത്തിലാണ് ഇവ രണ്ടും തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനാണെങ്കിൽ ഒരു ജിബി സ്പേസാണ് വേണ്ടത്. അതിലേക്ക് അപ് ലോഡഡ് ഡോക്യുമെന്‍റ്സും ഇഷ്യുഡ് ഡോക്യുമെന്‍റ്സും ശേഖരിക്കാം. പിന്നീട് നിങ്ങളുടെ രേഖകൾ ആവശ്യമായി വരുന്നിടത്തേക്ക് ഈ യുആർഐ ലിങ്ക് നൽകിയാൽ മതി. ആധാർ ഉള്ളവർക്കും ഇല്ലാത്തവർക്കും അക്കൗണ്ട് തുറക്കാവുന്നതാണ്.

ഇഷ്യുഡ് ഡോക്യുമെന്‍റ്സും അപ് ലോഡഡ് ഡോക്യുമെന്‍റ്സും

രേഖകൾ ഇഷ്യു ചെയ്യുന്നവർ ഡിജിലോക്കറിലേക്ക് നൽകുന്ന രേഖകളാണ് ഇഷ്യൂഡ് ഡോക്യുമെന്‍റ്സ്. ഇത് രണ്ടു രീതിയിൽ നൽകാം

1. പുഷ് വേ: ഡിജി അക്കൗണ്ടിലേക്ക് രേഖകൾ നൽകാൻ ആധാർ നന്പർ ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് തെരഞ്ഞെടുത്തതിനുശേഷമാണെങ്കിൽ അത് പുഷ് വേ മാർഗമാണ്.
2. പുൾവേ: യുആർഐ ലിങ്ക് വഴി രേഖകൾ അപ് ലോഡ് ചെയ്യുന്ന രീതിക്കാണ് പുൾവേ എന്നു പറയുന്നത്. ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളാണ് ഇവ.

ഇത്തരത്തിൽ അപ് ലോഡ് ചെയ്യുന്നത് രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളാണ്. ഇവ ഡിജി അക്കൗണ്ടുകളിൽ സേവ് ചെയ്യും.

എങ്ങനെയാണ് ഡിജി ലോക്കർ ഉപയോഗിക്കേണ്ടത്

സ്റ്റെപ് 1: പ്ലേസ്റ്റോറിൽ നിന്നും ഡിജി ലോക്കർ ആപ്ലിക്കേഷൻ ഡൗണ്‍ ലോഡ് ചെയ്യുക. അല്ലെങ്കിൽ https://digilocker.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം സൈൻ അപ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക


സ്റ്റെപ് 2: മൊബൈൽ നന്പർ നൽകുക. കണ്ടിന്യു എന്നത് ക്ലിക് ചെയ്യുക. അപ്പോൾ മൊബൈൽ നന്പറിലേക്ക് ഒടിപി വരും. അതു നൽകുക. കണ്ടിന്യു ക്ലിക് ചെയ്യുക. മറ്റൊരു പേജിലേക്ക് എത്തിച്ചേരും.

സ്റ്റെപ് 3: യൂസർ നെയിം, പാസ് വേർഡ് എന്നിവ നൽകുക

സ്റ്റെപ് 4: ആധാർ നന്പർ നൽകുക. മൊബൈലും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ആധാർ നന്പർ നൽകി കഴിയുന്പോൾ ഒടിപി ലഭിക്കും അതു നൽകുക. ആധാറുമായി ബന്ധിപ്പിക്കേണ്ടെങ്കിൽ കണ്ടിന്യു ഹിയർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഈ നടപടി ഒഴിവാക്കാവുന്നതാണ്. ഇത്രയും ചെയ്താൽ ഡിജി അക്കൗണ്ട് ആക്ടീവായി.
ഡിജിലോക്കറിൽ മൂന്നു വിഭാഗങ്ങളാണുള്ളത്

1. പൗരൻ
ഒന്നാമത്തെ വിഭാഗം ഡിജിലോക്കറിന്‍റെ ഉടമയാണ്. ഉടമയുടെ അനുവാദമില്ലാതെ ആർക്കും രേഖകൾ സ്വന്തമാക്കാൻ സാധിക്കില്ല. എന്നാൽ ഉടമയ്ക്ക് ആവശ്യമുള്ളപ്പോൾ എവിടെവെച്ചും ഉപയോഗിക്കാം.
2. ഇഷ്യു ചെയ്യുന്നവർ:
രേഖകൾ ഇഷ്യു ചെയ്യുന്നത് സർക്കാർ ഓഫീസുകളോ സ്വാകര്യ സ്ഥാപനങ്ങളോ കന്പനികളോ ആണ്. ഇ ഡോക്യുമെന്‍റുകൾ യുആർഐ ഉപയോഗിച്ച് ആധാർ നന്പർ വഴിയാണ് നൽകുന്നത്. ഇതുവഴി ഇഷ്യു ചെയ്യുന്നവർക്കും ലഭിക്കേണ്ടവർക്കും കാലതാമസമില്ലാതെ രേഖകൾ ലഭിക്കും.
3. റിക്വസ്റ്റർ:

ഡിജി ലോക്കറിൽ നിന്നും രേഖകൾ വെരിഫിക്കേഷനു വേണ്ടി ഉപയോഗിക്കുന്നവരാണ് റിക്വസ്റ്റർ. റിക്വസ്റ്റർക്ക് യുആർഐ ലിങ്ക് നൽകിയാൽ മതി അതുപയോഗിച്ച് ആവശ്യമുള്ള രേഖകൾ എടുക്കാൻ സാധിക്കും. ഇത്തരം രേഖകൾ ഇ-സൈൻ ചെയ്തു കൂടി സൂക്ഷിക്കാൻ സാധിച്ചാൽ സെൽഫ് അറ്റസ്റ്റേഷൻ കൂടി ഒഴിവാക്കാം.