പൂക്കള്‍ക്ക് ജീവന്‍നല്‍കുന്ന ഇക്കബാന
പൂക്കള്‍ക്ക് ജീവന്‍നല്‍കുന്ന ഇക്കബാന
Tuesday, June 26, 2018 4:53 PM IST
ജപ്പാനിലെ പുഷ്പാലങ്കാര സംവിധാന രീതിയിലെ ആകര്‍ഷകമായ ഒന്നാണ് 'ഇക്കബാന'. പൂക്കള്‍ അടുക്കും ചിട്ടയുമില്ലാതെ, ഒരു പൂ പാത്രത്തില്‍ കുത്തിനിറയ്ക്കുന്ന രീതിയല്ല ഇക്കബാന. വളരെ ശ്രദ്ധയോടുകൂടി വരുത്തിയ അശ്രദ്ധയെന്ന് ഈ രീതിയെ വിളിക്കാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുന്ദരമായ പാരസ്പര്യത്തിന്റെ മൂര്‍ത്തരൂപമാണ് 'ഇക്കബാന'. ഈ രീതിയെ 'കാഡോ' എന്നും വിളിക്കും. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടു മുതലാണ് ഈ പുഷ്പസംവിധാന രീതി ആരംഭിച്ചതെന്നു പറയപ്പെടുന്നു.

ജീവിക്കുന്ന പൂക്കളെന്നോ അല്ലെങ്കില്‍ പൂക്കള്‍ക്കു ജീവന്‍ നല്‍കുകയെന്നോ ഈ ജാപ്പനീസ് പദത്തിന് അര്‍ഥം നല്‍കാം. 'ഇക്കെ' യെന്നും 'ഹന'യെന്നുമുള്ള രണ്ടുവാക്കുകളില്‍ നിന്നാണ് ഈ പദത്തിന്റെ ഉല്‍പത്തി. 'ഹന' അല്ലെങ്കില്‍ 'ബാന' എന്ന വാക്കിന്നര്‍ഥം പൂക്കളെന്നാണ്. 'ഇക്കെ' എന്നവാക്കിന്റെ അര്‍ഥം ഒരുക്കിവയ്ക്കുകയെന്നാണ്.

ബുദ്ധ വിഹാരങ്ങളിലെ പൂജാമണ്ഡപങ്ങളില്‍ പൂക്കളര്‍പ്പിക്കുന്ന രീതിയില്‍ നിന്നാണ് ഇക്കബാനയുടെ തുടക്കം. പിന്നീട് വീട്ടിലെ പൂജാമുറിയില്‍ പൂക്കള്‍ അലങ്കരിച്ചു വയ്ക്കുന്നരീതി വന്നു. 17-ാം നൂറ്റാണ്ടോടെ ബുദ്ധഭിക്ഷുക്കളിലുള്‍പ്പെടെ ഈ പ്രത്യേക പുഷ്പസംവിധാന രീതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. കാലങ്ങളിലൂടെ പരിഷ്‌കരിക്കപ്പെട്ട ഈ രീതിക്ക് ഇന്ന് മൂവായിരത്തോളം സ്‌കൂളുകളുണ്ട്.

മനസിന്റെ നവീകരണത്തിനും ആത്മോദ്ദീപനത്തിനും ഇക്കബാന ഉപകരിക്കുമെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ജപ്പാനിലെ ആദ്യ മതമായ ഷിന്റോ മതത്തില്‍ ചെടികള്‍ക്കും പൂക്കള്‍ക്കും പ്രത്യേകസ്ഥാനമുണ്ട്. പുതുവര്‍ഷാരംഭത്തിലും കൊയ്ത്തുത്സവത്തിന്റെ തുടക്കത്തിലും പിരിഞ്ഞു പോയ പരേതാത്മാക്കളെ സ്വീകരിക്കുന്നതിനും സമൃദ്ധമായ വിളവുലഭിക്കുന്നതിനും വീടിന്റെ മുമ്പില്‍ ത്രികോണാകൃതിയിലുള്ള ചെടികളും പൂങ്കുലകളും തൂക്കിയിട്ടിരുന്നു. ചെടികളോടും പൂക്കളോടുമുള്ള പ്രണയം ജാപ്പനീസ് സംസ്‌കാരത്തിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടങ്ങളില്‍ പുഷ്പസംവിധാനത്തിന് നിയതമായ രീതികളൊന്നുമുണ്ടായിരുന്നില്ല. ചില പ്രത്യേക നിയമങ്ങളനുസരിച്ച് പുഷ്പം ഒരുക്കി വയ്ക്കുന്നതിന് ടവശി ചീ ഒമിമ എന്നു പറയുന്നു. ഈ രീതിയില്‍ പൂപ്പാത്രത്തിന്റെ നടുവില്‍ ഒരു ചെറിയ ചെടികുത്തിവയ്ക്കും ഇതിനു ചുറ്റും ഋതുഭേദങ്ങളനുസരിച്ച് വിടരുന്ന പുഷ്പങ്ങളില്‍ നാലോ അഞ്ചോ പൂക്കള്‍വയ്ക്കും. ഇതായിരുന്നു ആദ്യത്തെ 'ഇക്കബാന' സംവിധാനം.

അടിസ്ഥാന തത്ത്വങ്ങള്‍

* നിരവധി സ്‌കൂളുകളുള്ള ഇക്കബാനയ്ക്ക് അതിന്റേതായ രീതികളും നിയമങ്ങളുമുണ്ട്
* അതീവ ശ്രദ്ധയോടെ പ്രകൃതിയോടുള്ള ഭക്തിയോടുകൂടി ശാന്തമായ ഒരു സ്ഥലത്തിരുന്നാണ് ജപ്പാന്‍കാര്‍ ഇക്കബാനയൊരുക്കുന്നത്.
* ഏറ്റവും കുറച്ച് പൂക്കളും കമ്പുകളും ഇലകളും ഉപയോഗിച്ചാണ് ഇക്കബാനയൊരുക്കുന്നത്. ബുദ്ധമതത്തിന്റെ സ്വാധീനമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

* പൂക്കള്‍ക്കും കമ്പുകള്‍ക്കും, ഇടയിലുള്ള ശൂന്യസ്ഥലത്തിനും ഇക്കബാനയില്‍ പ്രാധാന്യമുണ്ട്
* ഓരോ സംവിധാനത്തിനും ആകൃതിക്കും പ്രത്യേകതകളുണ്ട്. ഇക്കബാനയില്‍ ഉപയോഗിക്കുന്ന രേഖകള്‍ ലളിതവും ആകര്‍ഷകവുമായിരിക്കണം ഈ രേഖകളനുസരിച്ചാണ് പൂക്കളും കമ്പുകളും പൂപ്പാത്രത്തില്‍ വയ്ക്കുന്നത്.
* മുന്‍കൂര്‍ ധാരണയോടുകൂടിയാവരുത് ഇക്കബാനയൊരുക്കുന്നത്. ഒരുക്കുമ്പോള്‍ രൂപം സ്വയം രൂപപ്പെട്ടുവരണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സര്‍ഗാതമകത സംവാദമാണ് ഇക്കബാനയില്‍ പ്രതിഫലിക്കേണ്ടത്. രൂപപ്പെട്ടുവരുമ്പോള്‍ ത്രിമാനാകൃതിയിലുള്ള ഒരു ശില്പമായിരിക്കണം ഇക്കബാന.
* ജപ്പാന്‍കാരുടെ സൗന്ദര്യബോധത്തിന്റെ നിദര്‍ശനമാണ് ഇക്കബാന.
* മൂന്നുവശവും തുല്യമല്ലാത്ത ത്രികോണകൃതിയിലായിരിക്കണം ഇക്കബാനയുടെ പ്രാഥമികരൂപം. ഓരോ വശവും ദൈവത്തേയും മനുഷ്യനേയും ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു. കൃത്രിമത്വം ഒട്ടും കലരാത്ത വിധത്തിലായിരിക്കണം ഇക്കബാന സംവിധാനം ചെയ്യേണ്ടത്.



ഇക്കബാന സ്റ്റൈല്‍സ്

ഇക്കബാനയില്‍ നിരവധി രീതികളുണ്ടെങ്കിലും താഴെപറയുന്ന അഞ്ചു രീതികളാണ് പൊതുവെ അവലംബിച്ചു കാണുന്നത്.

1. മോറിബാന
ഈ രീതിയില്‍ പൂക്കള്‍ കൂട്ടിക്കെട്ടിയരിക്കുന്ന നിലയിലാണ് സംവിധാനം. സുയിബാന്‍ എന്നു വിളിക്കുന്ന ആഴം കുറഞ്ഞ പൂപ്പാത്രത്തിലോ കൊട്ടയിലോ പൂക്കള്‍ വയ്ക്കുന്നു. അല്ലെങ്കില്‍ പിന്‍ ഹോള്‍ഡറില്‍ കുത്തിവയ്ക്കുന്നു.

2. ജൂക്കാ
ഈ രീതിയില്‍ പൂക്കളൊരുക്കുന്നയാള്‍ക്ക് സ്വതന്ത്രമായ നിലയില്‍ പൂക്കള്‍ വയ്ക്കാം.

3. റിക്ക
പ്രകൃതിയോടുള്ള ബുദ്ധമതക്കാരുടെ ആരാധന മനോഭാവമാണ് ഈ രീതിയില്‍ പ്രകടമാകുന്നത്. ഒമ്പത് കമ്പുകളാണ് ഈരീതിയില്‍ ഉപയോഗിക്കുന്നത്.

4. നഗരീബാന
ഈ രീതിയില്‍ ഏതാനും കമ്പുകള്‍ മുറുക്കിക്കെട്ടി ത്രിമാനാകൃതിയില്‍ സംവിധാനം ചെയ്യുന്നു. ഈരീതിയെ 'നാഗിര്‍' എന്നും വിളിക്കും.

5 ഷോക
ഒരു ചെടിയുടെ ആകാരം മുഴുവന്‍ ഈ രീതിയില്‍ പ്രകടമാവുന്നു.

ഇക്കബാനയില്‍ മൂന്നു രേഖകള്‍
1. സബ്ജക്റ്റ് ലൈന്‍: ഇതാണ് പ്രധാന രേഖ. ഇതിന് ഷിന്‍ എന്ന് പറയുന്നു. ഇത് സ്വര്‍ഗത്തെ പ്രതിനിധീകരിക്കുന്നു.
2. സെക്കന്‍ഡറിലൈന്‍: ഈരേഖയെ സോക്ക് എന്നു വിളിക്കുന്നു.
3. മൂന്നാമത്തെ രേഖയെ ഹിക്കേ എന്ന് വിളിക്കുന്നു. ഈ രേഖ ഭൂമിയെ പ്രതിനിധീകരിക്കുന്നു. മോറിബാന രീതിയില്‍ എങ്ങനെയാണ് ഇക്കബാന സംവിധാനമൊരുക്കുന്നത് എന്നു നോക്കാം.

ഡോ. പോള്‍ വാഴപ്പിള്ളി എം. എസ്
കണ്‍സള്‍ട്ടന്റ് സര്‍ജന്‍, നിവില്‍ ഹോസ്പിറ്റല്‍
ശ്രീകണ്ഠപുരം, കണ്ണൂര്‍