കര്‍ക്കടകത്തിലെ സുഖചികിത്സ
കര്‍ക്കടകത്തിലെ സുഖചികിത്സ
Tuesday, July 17, 2018 4:32 PM IST
രോഗപ്രതിരോധം എന്ന ആശയത്തോടു പൊതുവില്‍ താത്പര്യം കൂടിവരുന്ന കാലഘട്ടമാണിത്. ആയുര്‍വേദ ചികിത്സകള്‍ മുതല്‍ കര്‍ക്കടക കഞ്ഞിവരെയുള്ള പഴമക്കാരുടെ പൈതൃകവും പാരമ്പര്യവുമായിരുന്ന കര്‍ക്കടക ചികിത്സയ്ക്ക് ഇപ്പോള്‍ നാട്ടിലും മറുനാട്ടിലും പ്രചാരമേറി വരുകയാണ്. കര്‍ക്കടകത്തിലെ ഭക്ഷണരീതി, മരുന്നു കഞ്ഞി എന്നിവയുടെ പ്രത്യേകതകളെക്കുറിച്ചറിയാം...

ശരീരത്തിന് ഉണര്‍വേകാന്‍ കര്‍ക്കടക ചികിത്സ

മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. 11 മാസത്തെ അധ്വാനത്തിന്റെ ഫലമായി ശരീരത്തിനും മനസിനും ഉണ്ടായിട്ടുള്ള ക്ഷീണം അകറ്റാനായി കേരളീയര്‍ പണ്ടുമുതല്‍ക്കേ അനുഷ്ഠിച്ചു പോന്നിരുന്ന ചര്യകളാണ് കര്‍ക്കടക ചികിത്സയും കര്‍ക്കടകക്കഞ്ഞിയും.

രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്നത് വര്‍ഷകാലത്താണ്. രോഗാതുരതകളും പകര്‍ച്ചവ്യാധികളും ഏറ്റവും പടര്‍ന്നുപിടിക്കുന്ന കാലമാണത്. ആയതിനാല്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ കര്‍ക്കടക ചികിത്സകള്‍ക്കു പ്രാധാന്യം ഏറുന്നു.

കര്‍ക്കടക ചികിത്സ എന്നത് മനസിനും ശരീരത്തിനും ഉന്മേഷവും പുതുജീവനും പ്രദാനം ചെയ്യുന്ന ഒരു പ്രകിയയാണ്. ദഹനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുക, രക്തസഞ്ചാരം വര്‍ധിപ്പിച്ച് ശരീരവേദനകളെ അകറ്റുക, നാഡിഞരമ്പുകള്‍ക്ക് ഊര്‍ജവും ഉത്തേജനവും പ്രദാനം ചെയ്യുക, ബാഹ്യസൗന്ദര്യവും ആകാരഭംഗിയും വര്‍ധിപ്പിക്കുക എന്നിവയ്‌ക്കെല്ലാം കര്‍ക്കടക ചികിത്സ സഹായിക്കുന്നു.

ദീര്‍ഘായുസും നിത്യയൗവനവും

ആയുര്‍വേദശാസ്ത്രത്തിന്റെ പരമപ്രധാനമായ ലക്ഷ്യം ആയുസിന്റെ പരിപാലനമാണ്. രോഗങ്ങളൊന്നും ശരീരത്തെ ബാധിക്കാതിരിക്കാനും അഥവാ ബാധിച്ചു പോയാല്‍ അവയെ ശമിപ്പിക്കാനും വേണ്ടതു ചെയ്തിട്ടാണ് ആയുസിനെ പരിപാലിക്കുന്നത്. രോഗം ഉണ്ടായിട്ടു ശമിപ്പിക്കുന്നതിലും ഭേദം ഉണ്ടാകാതെ ശ്രദ്ധിക്കുന്നതാണ് എന്നതുകൊണ്ട് എണ്ണതേച്ചുകുളി, വ്യായാമം, ആഹാരം, ദിനചര്യകള്‍, രസായനചികിത്സകള്‍, പഞ്ചകര്‍ചികിത്സകള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം കൊടുക്കുന്നു.

എണ്ണതേച്ചു കുളി

ശരീരത്തില്‍ നിത്യവും എണ്ണതേച്ചുകുളിക്കുന്നത് ആരോഗ്യപ്രദമായ ഒന്നാണ്. ജരാനരകള്‍, ക്ഷീണം, വാതരോഗങ്ങള്‍ എന്നിവ ഉണ്ടാകാതെയിരിക്കുന്നതിനും ഉണ്ടായവയെ ശമിപ്പിക്കുന്നതിനും തേച്ചുകുളി ഫലപ്രദമാണ്. കണ്ണുകള്‍ക്കും കാഴ്ചശക്തിക്കും, ഉന്മേഷം, ശരീരപുഷ്ടി, ദീര്‍ഘായുസ്സ്, നല്ല ഉറക്കം, ത്വക്കിനു മാര്‍ദവവും ദൃഢതയും എന്നിവയെല്ലാം നിത്യവും എണ്ണതേച്ചുകുളിക്കുന്നവരില്‍ കൂടുതലായിക്കാണാം.എണ്ണതേയ്ക്കുമ്പോള്‍ തലയിലും, കാതിലും, ഉള്ളംകാലിലും പ്രത്യേകിച്ചും തേയ്ക്കണം. ധന്വന്തരം, സഹചരാദി, പിണ്ഡതൈലം, കാര്‍പ്പാസാസ്ഥ്യാദി, ക്ഷീരബല എന്നീ തൈലങ്ങളും കുഴമ്പുകളുമാണ് എണ്ണതേച്ചുകുളിക്ക് ഉപയോഗിക്കാവുന്നത് .പ്രത്യേകിച്ചു വ്യായാമം ഒന്നും ചെയ്യാതെയിരിക്കുന്നവരില്‍ ശരീരത്തില്‍ കുഴമ്പോ തൈലമോ പുരട്ടിയതിനു ശേഷം വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിനു ലഘുത്വം ഉണ്ടാകുക, ജോലികള്‍ ചെയ്യുന്നതിനു സാമര്‍ത്ഥ്യം ഉണ്ടാകുക, നല്ല രീതിയില്‍ വിശപ്പ് ഉണ്ടാകുക, ശരീരത്തിലെ ദുര്‍മേദസ്സ് കുറയുക, അവയവങ്ങള്‍ക്ക് ദൃഢതയുണ്ടാകുക എന്നിവയെല്ലാം വ്യായാമം ചെയ്താല്‍ ഉണ്ടാകുന്ന ഗുണങ്ങളാണ് .

ശരീരത്തില്‍ തൈലങ്ങള്‍ ഉപയോഗിച്ചു തിരുമ്മുന്നതിനു പകരം ഔഷധചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു തിരുമ്മുന്ന പതിവുണ്ട്. ഉദ്വര്‍ത്തനം എന്ന പേരില്‍ അറിയപ്പെടുന്ന ഈ തിരുമ്മല്‍ കഫത്തെ ശമിപ്പിക്കുന്നതും ദുര്‍േദസ്സിനെ കുറയ്ക്കുന്നതുമാണ്.

ദിവസവും കുളിക്കുന്നതു ബലത്തെ വര്‍ദ്ധിപ്പിക്കും. വിശപ്പ് ഉണ്ടാകുകയും മനഃപ്രസാദം, ദീര്‍ഘായുസ്സ്, ശരീരബലം എന്നിവ വര്‍ദ്ധിക്കുകയും ചൊറിച്ചില്‍ , അഴുക്ക്, തളര്‍ച്ച, വിയര്‍പ്പ്, അലസത, ദാഹം, ഉഷ്ണം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

കുളിക്കുന്നത് ചൂടുവെള്ളം കൊണ്ടാണെങ്കില്‍ ഏറ്റവും ബലവര്‍ദ്ധകമാണ്. എന്നാല്‍ തലയില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് കണ്ണിന്റെയും തലമുടിയുടെയും ബലത്തെ നശിപ്പിക്കും. തലയില്‍ എപ്പോഴും തണുപ്പു മാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവു. മുഖം ഒരുവശത്തേക്ക് കോടിപ്പോകുന്ന അര്‍ദ്ദിതം എന്നരോഗം, നേത്രരോഗങ്ങള്‍, വായില്‍ രോഗം, ചെവിയില്‍ രോഗം, വയറിളക്കം, വയറുവീര്‍പ്പ് , ജലദോഷം, ദഹനക്കുറവ് എന്നിവ ഉള്ളവര്‍ ഊണുകഴിച്ച ഉടനെ കുളിക്കാന്‍ പാടില്ല .

ആഹാരത്തില്‍ ശ്രദ്ധിക്കാം

ആഹാരകാര്യത്തില്‍ കൃത്യനിഷ്ഠയും കഴിക്കുന്ന ആഹാരത്തിനു ക്ലിപ്തതയും ഉണ്ടായിരിക്കണം. വയറിന്റെ പകുതി ഭാഗം ആഹാരം കൊണ്ടും കാല്‍ ഭാഗം വെള്ളം കൊണ്ടും നിറച്ചതിനുശേഷം മിച്ചം വരുന്ന കാല്‍ ഭാഗം ഒഴിവാക്കിയിടണം എന്നതാണ് ശാസ്ത്രീയമായ ആഹാരക്രമം. ഇപ്രകാരം ചെയ്താല്‍ കഴിച്ച ആഹാരം ശരിക്ക് ദഹിക്കുകയും വായുകോപം, മലബന്ധം എന്നിവയ്ക്കുളള സാധ്യത കുറയുകയും ചെയ്യും.

ഓജസ് വര്‍ധിപ്പിക്കാം

കോപം, വിശപ്പ്, അമിതവിചാരം, അത്യധ്വാനം എന്നിവകൊണ്ട് ഓജസ് ക്ഷയിച്ചുപോകുകയും മനുഷ്യന്‍ ബലഹീനനായിത്തീരുകയും ചെയ്യുന്നു. ഓജസ് ക്ഷയിച്ചുപോയാല്‍ യാതൊരു ചികിത്സകളും ഫലപ്പെടുകയില്ല. ഓജസിനെ പോഷിപ്പിച്ചു ക്രമീകരിച്ചുനിര്‍ത്തുകയാണെങ്കില്‍ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാക്കാനും രോഗങ്ങളെ ഔഷധപ്രയോഗങ്ങള്‍ കൊണ്ട് സുഖമായി ശമിപ്പിക്കാനും സാധിക്കും. ഓജസും യൗവനവും നിലനിര്‍ത്തുന്നതില്‍ രസായന, വാജീകരണ ചികിത്സകള്‍ക്ക് മുഖ്യമായ പങ്കുണ്ട്. മധ്യവയസിലോ യൗവനത്തിലോപോലും രസായനചികിത്സ നടത്തുമ്പോള്‍ യാതൊരുവിധരോഗവും ഇല്ലാത്ത ആളാണെങ്കില്‍ കൂടി പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്തതിനു ശേഷമാണ് രസായനചികിത്സ തുടങ്ങുന്നത്. പുറമേ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെതന്നെ ഉള്ളില്‍ ഏതെങ്കിലും ദോഷങ്ങള്‍ വര്‍ധിച്ചിുണ്ടെങ്കില്‍ അതിനെ പോലും ഇല്ലാതാക്കുന്നതിനുമാണ് ഇപ്രകാരം ചെയ്യുന്നത്.

ഔഷധങ്ങളും ചികിത്സകളും രണ്ടുവിധമാണ്; ആരോഗ്യത്തെ അല്ലെങ്കില്‍ ശരീരബലത്തെ ഉണ്ടാക്കുന്നതും രോഗവിമുക്തിയെ പ്രദാനം ചെയ്യുന്നതും. ഇതില്‍ത്തന്നെ ആരോഗ്യത്തെ ഉണ്ടാക്കുന്നവ ഓജസിനെ വര്‍ദ്ധിപ്പിച്ച് ദോഷശമനത്തെ ഉണ്ടാക്കി രോഗവിമുക്തിയെ പ്രദാനം ചെയ്യുന്നു. ചില രോഗങ്ങള്‍ക്ക് ചികിത്സക്കായി ഉപയോഗിക്കുന്ന ഔഷധങ്ങള്‍ തന്നെ രസായനഗുണമുള്ളവയാണ്.

രസായന ചികിത്സ

രസായനം എന്നപേരുകോല്‍ ശരീരത്തിന് തടിയും തൂക്കവും വര്‍ധിപ്പിക്കുന്ന ഔഷധം എന്നാണ് സാധാരണക്കാരുടെ നിഗമനം. എന്നാല്‍ അതൊരു മിഥ്യാധാരണ മാത്രമാണ്. അത്തരത്തിലുള്ളവ രസായനങ്ങളില്‍ കുറവാണ്. ശരീരത്തിലെ ദോഷങ്ങളെ ശമിപ്പിച്ച് ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിച്ച് ദീര്‍ഘായുസിനെ പ്രദാനം ചെയ്യുന്നവയാണ് മിക്ക രസായനങ്ങളും.

രോഗങ്ങള്‍ മൂലമോ രോഗവിമുക്തിക്കായി ചെയ്യപ്പെടുന്ന ചികിത്സയുടെ പാര്‍ശ്വഫലം കൊണ്ടോ ഔഷധസേവ നടത്തുമ്പോള്‍ പാലിക്കപ്പെടുന്ന കഠിനമായ പാകപത്ഥ്യങ്ങളുടെ ഫലമായോ ശരീരബലം വളരെ കുറഞ്ഞ് രോഗി ശക്തികുറഞ്ഞവനായിത്തീരാറുണ്ട്. പ്രത്യേകിച്ചും കാന്‍സര്‍, ക്ഷയം മുതലായരോഗങ്ങളില്‍. കാന്‍സര്‍ രോഗത്തിന് പ്രതിവിധിയായി ചെയ്യുന്ന കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയുടെ ഫലമായി രോഗികളുടെ ആരോഗ്യം പൂര്‍ണ്ണമായി നശിക്കുകയും തലമുടിവരെ കൊഴിഞ്ഞ് പോകാറുമുണ്ട്. ഇത്തരം അവസ്ഥകളില്‍ ച്യവനപ്രാശത്തെപ്പോലെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വര്‍ിപ്പിക്കുന്ന രസാനപ്രയോഗങ്ങള്‍ വളരെയധികം ഫലപ്രദമാണ്.


വാര്‍ധക്യത്തിലും വാര്‍ധക്യകാലരോഗങ്ങള്‍ക്ക് ചികിത്സ നടത്തുമ്പോഴും രസായനങ്ങള്‍ കൂടി ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും .വാര്‍ധക്യാവസ്ഥ എന്നത് വളരെ പെെട്ടന്നു വന്നുചേരുന്ന ഒന്നല്ല. മധ്യവയസുമുതല്‍ ക്രമമായി വന്നുചേരുന്ന ഒരു പ്രതിഭാസമാണ്. 40 വയസുമുതല്‍ ബുദ്ധിയേയും 50 വയസുമുതല്‍ ത്വക്കിനെയും 60 വയസുമുതല്‍ കണ്ണിനെയും 70 വയസുമുതല്‍ ചെവിയേയും വാര്‍ധക്യം ബാധിച്ചുതുടങ്ങും.

വാര്‍ധക്യം, മരണം എന്നീ രണ്ട് അവസ്ഥകളെയും ഇല്ലാതാക്കാന്‍ കഴിയില്ല. എങ്കില്‍പ്പോലും യൗവനകാലത്ത് ചെയ്യുന്ന രസായനപ്രയോഗങ്ങള്‍ കൊണ്ട് ഇവയെ വൈകിക്കാന്‍ സാധിക്കും. യൗവനകാലത്ത് രസായനപ്രയോഗങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വാര്‍ധക്യ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങുമ്പോഴെങ്കിലും രസായനപ്രയോഗങ്ങള്‍ ആരംഭിച്ചാല്‍ വാര്‍ധക്യത്തെ വൈകിക്കുന്നതിനോ ദുര്‍ബലപ്പെടുത്തുന്നതിനോ കഴിയും.

സദാസമയവും നശിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ശരീരം. ഓരോ കോശത്തിലും അതിന്റെ പ്രതിഫലനം മനസിലാക്കാന്‍ സാധിക്കും. പ്രായമാകുന്തോറും കോശഭിത്തികളുടെ സുതാര്യതയും കുറഞ്ഞു വരുന്നു. അതുകൊണ്ട് ശരിയായപോഷണം കോശങ്ങള്‍ക്ക് കിട്ടാതാകുകയും മാലിന്യങ്ങള്‍ കോശങ്ങളില്‍ തന്നെ അടിഞ്ഞു കൂടുകയും ചെയ്യും. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോശങ്ങളില്‍ ഈ പ്രക്രിയ തുടരുന്നതിന്റെ ഫലമായി കോശങ്ങള്‍ക്ക് ശോഷണം സംഭവിക്കുകയും വാര്‍ധക്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ഓരോ വ്യക്തിയിലും ബലം, ഓജസ് എന്നിവ വ്യത്യസ്തമായിരിക്കും. ബാല്യത്തിലും യൗവനത്തിലും കാണുന്ന ബലമല്ല വാര്‍ധക്യത്തില്‍ ഉള്ളത്. അഗ്നി ദീപ്തിയും ദോഷസാ്യവും ശരിയായ രീതിയില്‍ ധാതുക്കളുടെ പരിണാമവും നടക്കുന്നത് മധ്യവയസ്സിലാണ്. ഈ അവസ്ഥ നിലനിര്‍ത്തിയാല്‍ വാര്‍ധക്യത്തിന്റെ ആഗമനത്തെ പരമാവധി വൈകിക്കാം. അങ്ങനെ വാര്‍ധക്യ ദുരിതത്തില്‍ നിന്നും പരമാവധി രക്ഷനേടുന്നതിനും മധ്യവയസുകൂടി ഉള്‍പ്പെ യൗവനാവസ്ഥയിലെ രസായനചികിത്സകള്‍ക്ക് പ്രാധാന്യം ഏറെയാണ് .

ശരീരത്തിനു മുഴുവനായും ഗുണം കിട്ടുന്നതിനായി രസായനം ഉപയോഗിക്കുന്നതുപോലെ തന്നെ പ്രത്യേക ഭാഗത്ത് ഗുണം കിട്ടുന്നതിനായി ഉപയോഗിക്കാവുന്ന രസായനങ്ങളുമുണ്ട്. കണ്ണിന് ഗുണം കിട്ടുന്നവ, തലമുടിക്ക് ഗുണം കിട്ടുന്നവ, ബുദ്ധിക്ക് ഗുണം കിട്ടുന്നവ എന്നിവയാണത്.

ഓര്‍മശക്തി, ധാരണാശക്തി, രോഗമില്ലായ്മ, യൗവനം, ശരീരകാന്തി, സ്വരമാധുര്യം, ശരീരത്തിനും കണ്ണ് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ക്കും ബലസിദ്ധി, വാക്‌സാമര്‍ത്ഥ്യം എന്നിവ രസായനസേവയുടെ ഗുണങ്ങളായി പറയപ്പെടുന്നു .

വാജീകരണപ്രയോഗങ്ങള്‍

രസായനപ്രയോഗങ്ങള്‍ പോലെതന്നെ ആയുര്‍വേദത്തിലെ പ്രധാനപ്പെട്ട ചികിത്സാരീതിയാണ് വാജീകരണപ്രയോഗങ്ങള്‍. ഇതും ദുര്‍ബലന്മാര്‍ക്ക് ബലത്തെ പ്രധാനം ചെയ്യുന്ന മറ്റൊരു തരം രസായനമാണ്. വളരെ ബലത്തോടും ശുക്ലവൃദ്ധിയോടും കൂടി ലൈംഗിക ശക്തിയെ വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് ഓജസിനെ പ്രധാനം ചെയ്യുകയും ചെയ്യുന്ന ഔഷധങ്ങളാണ് വാജീകരണ ഔഷധങ്ങള്‍.

വാജീകരണം എന്ന വാക്കിന്റെ അര്‍ഥം തന്നെ കുതിരയെപ്പോലെ ശക്തിയെ ഉണ്ടാക്കുന്നത് എന്നാണ്. ബീജദോഷങ്ങളാലും ലൈംഗികശേഷിക്കുറവിനാലും സന്താനസൗഭാഗ്യം ഇല്ലാത്തവരിലും രോഗം ഹേതുവായിട്ടോ പല ഔഷധങ്ങളു ടെയും പാര്‍ശ്വഫലം കൊണ്ടോ ലൈംഗികശേഷി കുറഞ്ഞവരിലും നഷ്ടപ്പെട്ടവരിലും വാജീകരണ ഔഷധങ്ങള്‍ അത്യധികം ഫലം ചെയ്യും.

പഞ്ചകര്‍മ ചികിത്സകള്‍

വിധിപ്രകാരം ചെയ്യുന്ന പഞ്ചകര്‍മ ചികിത്സകള്‍ ശരീരത്തില്‍ അധികമായിരിക്കുന്ന ദോഷങ്ങളെയും ദുഷ്ടിനെയും പുറത്തുകളഞ്ഞ് ഉന്മേഷത്തെയും രക്തസഞ്ചാരത്തെയും വര്‍ധിപ്പിക്കും. നാഡിഞരമ്പുകളുടെ ക്ഷീണം തീര്‍ത്ത് ശരീരത്തിന് ആരോഗ്യം, സുഖ നിദ്ര, ദീര്‍ഘായുസ് എന്നിവയെ പ്രദാനം ചെയ്യുകയും ചെയ്യും.

ഓജസ് വര്‍ധിക്കുന്നതിനും വാര്‍ധക്യം തടയുന്നതിനും ദീര്‍ഘായുസിനും വേണ്ടി ചെയ്യുന്ന ചികിത്സാ കര്‍മ്മങ്ങളും ഔഷധസേവകളും വര്‍ഷകാലത്ത് ചെയ്യുന്നത് മറ്റ് കാലങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഗുണപ്രദമായിരിക്കും .

ആഹാരക്രമത്തില്‍ ശ്രദ്ധിക്കാം

വര്‍ഷകാലത്ത് മറ്റു കാലങ്ങളെ അപേക്ഷിച്ച് ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. നോണ്‍ വെജിറ്റേറിയന്‍ ആഹാരങ്ങള്‍, അധികം കയ്പുരസമുള്ള ആഹാരങ്ങള്‍, ദഹനശക്തിയെ മന്ദീഭവിപ്പിക്കുന്നതരം കട്ടിയേറിയ ആഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കൃത്രിമമായി ഉണ്ടാക്കുന്ന വിഭവങ്ങള്‍, ബേക്കറി സാധനങ്ങള്‍, അധികം എരിവും പുളിയുമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, തൈര്, തണുത്ത ആഹാരങ്ങള്‍ എന്നിവയെല്ലാം പരമാവധി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യണം.

ദഹനശക്തി വര്‍ധിപ്പിക്കുന്ന ആഹാരമാകാം

വേഗത്തില്‍ ദഹിക്കുന്നവയും ദഹനശക്തിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പച്ചക്കറി സൂപ്പുകള്‍, കഞ്ഞിയും ചെറുപയറും, പഴങ്ങള്‍, പച്ചക്കറികള്‍, കര്‍ക്കടക കഞ്ഞി എന്നറിയപ്പെടുന്ന ഔഷധക്കഞ്ഞി, ചുക്ക്, മല്ലി ഇവ ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന വെള്ളം എന്നിവയെല്ലാം കര്‍ക്കടക കാലത്ത് ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിനു പോഷണം ലഭിക്കുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഉത്തമമായ ഭക്ഷണങ്ങളും പാനീയവുമാണ്.

കര്‍ക്കടക ചികിത്സാക്രമങ്ങളില്‍ നിന്നും ആഹാരശീലങ്ങളില്‍ നിന്നും കര്‍ക്കടകക്കഞ്ഞിയെ ഒഴിവാക്കാനാവില്ല. ഇതിന്റെ ഔഷധവീര്യം കൊണ്ടും ദഹനപ്രക്രിയയെ സുഗമമാക്കും എന്നതുകൊണ്ടും ഇതിന്റെ പ്രാധാന്യം കാലം ചെല്ലുന്തോറും ഏറിവരുകയാണ്.

കര്‍ക്കടകക്കഞ്ഞി എന്ന ഔഷധം

നവരയരി, ഉണക്കലരി, സൂചി ഗോതമ്പ്, ഉലുവ എന്നീ ധാന്യങ്ങളും ആശാളി എന്ന പച്ചമരുന്നും ചേര്‍ത്ത് വെള്ളത്തിലോ കുറുന്തോട്ടിക്കഷായത്തിലോ കഞ്ഞിയാക്കി അതില്‍ ജീരകം, ഏലക്കായ, അയമോദകം മുതലായ ദഹനസഹായികള്‍ പൊടിച്ചു ചേര്‍ത്ത് തേങ്ങാപ്പാല്‍, ആട്ടിന്‍ പാല്‍, പശുവിന്‍ പാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നും കൂടി ചേര്‍ത്ത് ഉപയോഗിക്കാം. അല്ലെങ്കില്‍ പൊടിയരി, സൂചിഗോതമ്പ്, ഞവരയരി, ഉലുവ എന്നിവ കഞ്ഞിവച്ച് അതില്‍ നിലപ്പന, ചിറ്റരത്ത, അമുക്കുരം മുതലായവ പൊടിച്ചു ചേര്‍ത്ത് മേല്‍പ്പറഞ്ഞ പാലുകളില്‍ ഏതെങ്കിലും ഒന്നും ചേര്‍ത്ത് കഴിച്ചാലും കര്‍ക്കടകക്കഞ്ഞിയായി.

മരുന്നുകഞ്ഞി എത്ര ദിവസം കഴിക്കണം

കര്‍ക്കടക മാസത്തില്‍ മുഴുവനുമോ അല്ലെങ്കില്‍ അവരവരുടെ താല്‍പര്യത്തിനനുസരിച്ച് ഏഴു ദിവസമോ, പതിനാലു ദിവസമോ, ഇരുപത്തൊന്നു ദിവസമോ ഒരു നേരത്തെ പ്രധാന ആഹാരമായി കര്‍ക്കടകക്കഞ്ഞി ഉപയോഗിക്കാം. ഇത് പ്രഭാത ഭക്ഷണമായിട്ടോ രാത്രി ഭക്ഷണമായിാേ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ദി ആര്യവൈദ്യ ഫാര്‍മസി
(കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്, സിഎംഎസ് കോളജ് റോഡ്, കോട്ടയം