അതിസാന്ദ്രതയില്‍ അടുക്കളക്കുളം
അതിസാന്ദ്രതയില്‍ അടുക്കളക്കുളം
Tuesday, July 17, 2018 5:03 PM IST
ഗള്‍ഫ് ജോലി മതിയാക്കി ഇന്ന് ജോയല്‍ മുഴുവന്‍സമയ മത്സ്യകര്‍ഷകനാണ്. ഈ കൃഷിയില്‍ പുതിയചില പരീക്ഷണങ്ങള്‍ നടത്തുന്നുമുണ്ടിദ്ദേഹം. അടുക്കളക്കുള മാതൃകയില്‍ മുറ്റത്ത് സിമന്റില്‍ തീര്‍ത്ത ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അടുക്കളയിലേക്കാവശ്യമുള്ള മത്സ്യലഭ്യത ഉറപ്പുവരുത്തുന്നു. ഒപ്പം വാണിജ്യക്കൃഷിക്കായി അതിസാന്ദ്രത(ഹൈഡെന്‍സിറ്റി)മത്സ്യകൃഷിയും നടത്തുന്നു. കൂടുതല്‍ മത്സ്യങ്ങളെ കുറഞ്ഞസ്ഥലത്ത് വളര്‍ത്തുന്ന രീതിയാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ 22 അടി നീളവും 14 അടി വീതിയും മൂന്നടി പൊക്കവുമുള്ള ടാങ്കില്‍ അത്യുത്പാദനശേഷിയുള്ള തിലാപ്പിയയെയാണ് അതിസാന്ദ്രത രീതിയില്‍ വളര്‍ത്തുന്നത്. ഫില്‍ട്ടറേഷന്‍, എയറേഷന്‍ സംവിധാനങ്ങളുള്ള ഈ ടാങ്കില്‍ 2000 മത്സ്യങ്ങളെയാണ് ഈ രീതിയില്‍ ഇപ്പോള്‍ വളര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അഥോറിട്ടിയുടെ(എംപിഇഡിഎ) ഗ്രേഡ്-3 പ്രോജക്ട് ഫാം കൂടിയാണ് തൊടുപുഴ വഴിത്തലയിലെ വീട്ടിയാങ്കല്‍ ജോയല്‍മാത്യുവിന്റെ ജീസസ് ഫിഷ് ഫാം.

ഗിഫ്റ്റ്, നട്ടര്‍, ജയന്റ് ഗൗരാമി, അനാബസ് മുതലായ വളര്‍ത്തു മത്സ്യങ്ങളും എയ്ഞ്ചല്‍, ഗപ്പി, സെവറം, ഓസ്‌കാര്‍ തുടങ്ങിയ അലങ്കാരമത്സ്യങ്ങളും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് വില്‍പനയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു ടാങ്കുകളിലായി അഞ്ചിനം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. കോല്‍ക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗമാണ് മത്സ്യക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കുന്നത്.


മത്സ്യക്കുഞ്ഞുങ്ങള്‍ക്കൊപ്പം മത്സ്യം വളര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍, പടുതാക്കുള നിര്‍മാണത്തിനുള്ള വസ്തുക്കള്‍, ഫില്‍ട്ടറേഷന്‍ യൂണിറ്റ്, മത്സ്യവും പച്ചക്കറിയും ഒപ്പം വളര്‍ത്തുന്നതിനുള്ള അക്വാപോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം ജോയല്‍ നല്‍കുന്നുണ്ട്. മത്സ്യം വില്‍ക്കാനുമുള്ള സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നതില്‍ ജോയല്‍ ശ്രദ്ധിക്കുന്നു. ഒരു രൂപ മുതല്‍ 10 രൂപവരെ വലിപ്പമനുസരിച്ചാണ് മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വില. ആറുമാസം കൊണ്ടു വിളവെടുക്കാവുന്നവയാണ് വളര്‍ത്തു മത്സ്യങ്ങള്‍. അതുവരെയുള്ള കൃഷി നിര്‍ദേശങ്ങളും ഫാമില്‍ നിന്നു നല്‍കുന്നു. ഭാര്യ റൂബിയും മക്കളായ സെബിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരും ജോയലിനൊപ്പം മത്സ്യക്കൃഷിയില്‍ സജീവമാണ്. ഫോണ്‍: ജോയല്‍- 9496513559, 9961108999.

ടോം ജോര്‍ജ്
ഫോട്ടോ: അനൂപ് ടോം