ജിഎസ്ടിക്ക് 1 വയസ്
ജിഎസ്ടിക്ക് 1 വയസ്
Wednesday, July 18, 2018 5:00 PM IST
"ഒരു രാജ്യം, ഒറ്റ നികുതി’ എന്ന ആശയത്തിലൂന്നി 2017 ജൂലൈ ഒന്നിന് നടപ്പാക്കിയ ചരക്കു സേവന നികുതിക്കു ( ജിഎസ്ടി) ഒരു വയസ് തികഞ്ഞിരിക്കുകയാണ്. സുതാര്യവും ലളിതവുമായി കച്ചവടം നടത്താൻ സഹായിക്കുന്ന നികുതി സംവിധാനമെന്ന നിലയിലാണ് ജിഎസ്ടി നടപ്പിലാക്കിയതെങ്കിലും അതുയർത്തിയ പ്രശ്നങ്ങളിൽനിന്നു, പ്രത്യേകിച്ചു ചെറുകിട വ്യവസായ, വ്യാപാരമേഖല ഇനിയും പുറത്തുവന്നിട്ടില്ല.

വ്യാപാര വ്യവസായ മേഖലയ്ക്കും ഉപഭോക്താക്കൾക്കും ഏറെ ഗുണം ചെയ്യുമെന്നായിരുന്നു ജിഎസ്ടി നടപ്പാക്കിയപ്പോൾ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിരുന്നത്. അത് അങ്ങനെ തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ, ബഹുഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാര, വ്യവസായമേഖലയിൽ അവബോധം സൃഷ്ടിക്കാതെ, അവരെ വിശ്വാസത്തിലെടുക്കാതെ, അവരിൽ ആത്മവിശ്വാസം ഉയർത്താതെ ഒരു സുപ്രഭാതത്തിൽ നടപ്പാക്കിയതു മാത്രമാണ് ജിഎസ്ടിയെക്കുറിച്ചുള്ള പരാതി പ്രളയത്തിനു കാരണം. സൂക്ഷ്മതയോടെ, സമയമെടുത്തു നടപ്പാക്കിയിരുന്നുവെങ്കിൽ ഇത്ര പരാതികൾ ഉയരുകയില്ലായിരുന്നു.

ഒരു വർഷത്തിനുള്ളിൽ തന്നെ ജിഎസ്ടി നിയമത്തിൽ 40-ലധികം ഭേദഗതികൾ വരുത്തേണ്ടതായി വന്നുവെന്നു പറയുന്പോൾ തന്നെ എത്ര ലാഘവത്തോടെയാണ് ഇന്ത്യയുടെ പരോക്ഷനികുതി ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരം നടപ്പാക്കിയതെന്നു മനസിലാക്കാവുന്നതേയുള്ളൂ. ഇനിയും ഭേദഗതികൾ തീർന്നിട്ടില്ല. പാർലമെന്‍റിന്‍റെ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ ജിഎസ്ടി നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവരുവാൻ ഗവണ്‍മെന്‍റ് ആലോചിക്കുകയാണ്.

ചെറുകിട സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും രജിസ്ട്രേഷൻ നടപടികൾ വളരെ എളുപ്പമായി എന്നുള്ളതു വസ്തുതയാണ്. പ്രത്യേകിച്ചു പുതിയതായി കടന്നുവരുന്നവർക്ക്. പഴയ വ്യവസായങ്ങൾക്ക് ഇതു പ്രയാസമായി. കംപ്യൂട്ടറും മറ്റു അനുബന്ധ സംവിധാനങ്ങളും കൊണ്ടുവരുന്നതിനും മറ്റും ചെലവു കൂടി. റിട്ടേണ്‍ സമർപ്പിക്കുന്നതിലേയും മറ്റും സങ്കീർണതകൾ മൂലം പ്രഫഷണൽ ടാക്സ് പ്രാക്ടീഷണർമാരുടെ സഹായം തേടേണ്ടതായി വന്നതും അവരുടെ ചെലവുകൾ കൂട്ടി. നാമമാത്ര മാർജിനിൽ വ്യാപാരം ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന വ്യാപാരികൾക്ക് അധിക ബാധ്യതയുണ്ടാകാത്ത വിധത്തിൽ ജിഎസ്ടി നടപ്പാക്കിയരുന്നുവെങ്കിൽ കാര്യങ്ങൾ ഇപ്പോഴത്തേതിലും വളരെ വ്യത്യസ്തമാകുമായിരുന്നു.

പരാതികൾ കുറയുന്നു

രണ്ടാം വർഷത്തിലേക്ക് ജിഎസ്ടി കടക്കുന്പോൾ പരാതികളുടെ എണ്ണം കുറയുകയും ജിഎസ്ടി സംവിധാനം ഏതാണ്ടു സ്ഥിരത കൈവരിക്കുകയും ചെയ്തിരിക്കുകയാണ്. റിട്ടേണ്‍ സമർപ്പണം, പ്രത്യേകിച്ചും ചെറുകിട വ്യാപാരികൾ, വ്യവസായികൾ തുടങ്ങിയവരുടെ കാര്യത്തിൽ, കൂടുതൽ ലളിതമാകുന്നതോടെ നികുതിദായകരുടെ അടിത്തറയും നികുതി വരുമാനവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിഎസ്ടിയിലെ ഏറ്റവും വലിയ വെല്ലുവിളി ജിഎസ്ടിയുടെ സാങ്കേതികവിഭാഗമായ ജിഎസ്ടി നെറ്റ് വർക്കിലൂടെ ( ജിഎസ്ടിഎൻ) കംപ്ലിയൻസ് സാധ്യമാക്കുകയെന്നതാണ്. അത് ഇനിയും സാധിച്ചിട്ടില്ല. പ്രധാന കാരണങ്ങളിലൊന്ന് ജിഎസ്ടി നിയമവും അതിന്‍റെ നടപടിക്രമങ്ങളും നികുതിദായകർക്ക് പരിചിതമായിട്ടില്ല എന്നതാണ്.

ഇതുവരെയും ജിഎസ്ടി ആർ വണ്‍, ജിഎസ്ടി ആർ 3 എന്നീ റിട്ടേണുകൾ മാത്രമാണ് ഏതാണ്ട് നടപ്പിലാകുന്നത്. ഇതിൽ വരുന്ന മിസ്മാച്ചിന്‍റെ പേരിൽ പല ബിസിനകാർക്കും നോട്ടീസ് ലഭിക്കുന്നതും നികുതിദായകരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇപ്പോഴും ഇവ രണ്ടും പൂർണമാച്ചിംഗിലേക്ക് എത്തിയിട്ടില്ല.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമായി അടുത്ത ആറു മാസത്തിനകം ഒറ്റ പേജ് റിട്ടേണ്‍ ഫോം ലഭ്യമാക്കുമെന്നാണ് ധനകാര്യ സെക്രട്ടറി ഹഷ്മുഖ് അദിയ അടുത്തയിടെ അറിയിച്ചത്. സപ്ളയർ ഇൻവോയിസ് അപ് ലോഡ് ചെയ്താൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രൊവിഷണലായി ലഭ്യമാക്കുന്ന വിധത്തിലുള്ള റിട്ടേണ്‍ ഫോം ആണ് ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ആർ -1, 2, 3 എന്നീവയ്ക്കു പകരും ഒറ്റ റിട്ടേണ്‍ ഫോം എന്നതാണ് ജിഎസ്ടി കൗണ്‍സിൽ ലക്ഷ്യമിടുന്നത്. ഇതോടെ പ്രതിവർഷം 36 റിട്ടേണ്‍ എന്നത് 12 ആയി കുറയും.
പുതിയ ഒറ്റപ്പേജ് റിട്ടേണ്‍ നടപ്പാക്കുന്നതിനു മുന്പ് അതു പരിശോധിച്ച്, ബന്ധപ്പെട്ടവരുമായി ആവശ്യമായ ചർച്ചകൾ നടത്തി, പരീക്ഷിച്ച് പിഴവുകളില്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷമേ ഫയലിംഗിനായി നികുതിദായകരുടെ മുന്നിൽ എത്തിക്കാവൂ. ഇല്ലെങ്കിൽ ജിഎസ് ടിയുടെ ആദ്യ വർഷത്തിലേതുപോലെ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള സമയക്രമം പലതവണ നീട്ടി വയ്ക്കേണ്ടതായി വരും.

ജിഎസ്ടിയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ ഗവണ്‍മെന്‍റും ജിഎസ്ടി കൗണ്‍സിലും പരമാവധി ശ്രമിക്കുന്നുണ്ടെന്നതാണ് ആശ്വാസകരമായ സംഗതി.

സങ്കീർണമായ ജിഎസ്ടി

ജിഎസ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ ആക്ഷേപം അതിന്‍റെ സങ്കീർണതയെക്കുറിച്ചാണ്. ജിഎസ്ടിയിൽ രണ്ടു വിഭാഗങ്ങളാണുള്ളത്. ചരക്കും സേവനവും. ഇതിൽ പഴയ സേവന നികുതി വളരെ ലളിതമായിരുന്നു. സേവനങ്ങൾക്കു 15 ശതമാനം നികുതി നൽകിയാൽ മതിയായിരുന്നു.
സേവനനികുതി പിരിച്ചെടുത്തശേഷം അതു അടച്ചാൽ മതിയായിരുന്നു. അതോടെ കഴിഞ്ഞു. ഇന്ന് സ്ഥിതി അതല്ല. സങ്കീർണമാണ്. പല സേവനങ്ങൾക്കും പല നികുതി. ഇൻവോയിസ് ഉണ്ടായിക്കഴിഞ്ഞാൽ ജിഎസ്ടി പിരിഞ്ഞു കിട്ടിയാലും ഇല്ലെങ്കിലും അടയ്ക്കണം.വൻകിട സ്ഥാപനങ്ങൾ പേമെന്‍റ് നൽകുവാൻ അവരുടേതായ സമയമെടുക്കും. ഇതു പല ചെറുകിട സ്ഥാപനങ്ങളേയും പ്രവർത്തനമൂലധന പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്ത്യൻ സന്പദ്ഘടനയുടെ 50 ശതമാനത്തിലധികം സേവനമേഖലയാണെന്നു വരുന്പോളാണ് ഇതിന്‍റെ ഭീകരമായ അവസ്ഥ വ്യക്തമാകുന്നത്.

ചരക്കു നികുതി കൂടി, പഴയ സേവന നികുതിപോലെ ലളിതമാകേണ്ടിയിരിക്കുന്നു.
അതായത് റിട്ടേണ്‍ ഫയലിംഗും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനവും കൂടുതൽ ലളിതമാകണം. പ്രവർത്തനമൂലധനത്തെ ബാധിക്കാത്ത വിധത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം കാര്യക്ഷമമാകണം.

ലക്ഷ്യത്തെ സഹായിക്കാത്ത മാർഗം

ചരക്കു സേവന നികുതി കൊണ്ടുവന്നതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നികുതിദായകരുടെ അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ സങ്കീർണമായ റിട്ടേണ്‍ സമർപ്പണവും ജിഎസ്ടിഎൻ നെറ്റ്വർക്ക് പ്രശ്നങ്ങളും ഈ ലക്ഷ്യത്തിനു തുരങ്കം വയ്ക്കുകയാണെന്നു പറഞ്ഞാൽ അതിൽ വാസ്തവ വിരുദ്ധമായി ഒന്നുമില്ല.

ഇപ്പോൾ ജിഎസ്ടി രജിസ്ട്രേഷനുള്ള 1.11 കോടി ബിസിനസുകളാണുള്ളത്. ഇതിൽ 63.67 ലക്ഷം പഴയ സേവനനികുതിയിൽനിന്നും ഇങ്ങോട്ടേയ്ക്ക് കുടിയേറിയതാണ്. പുതിയതായി രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ 47.72 ലക്ഷമാണ്. കോന്പോസിഷൻ സ്കീം തെരഞ്ഞെടുത്തവർ 17.61 ലക്ഷമാണ്.

ഇതിൽ 86.5 ലക്ഷം നികുതിദായകർ പ്രതിമാസ റിട്ടേണ്‍ സമർപ്പിക്കുവാൻ ബാധ്യസ്ഥരാണ്. എന്നാൽ മേയിൽ കഷ്ടിച്ച് 62.46 ലക്ഷം പേർ മാത്രമാണ് ജിഎസ്ടി ആർ 1 റിട്ടേണ്‍ സമർപ്പിച്ചിട്ടുള്ളത്. അതായത് നികുതി റിട്ടേണ്‍ സമർപ്പിക്കാൻ ബാധ്യസ്ഥരായവരുടെ 69.3 ശതമാനം. മൂന്നിലൊന്നു നികുതിദായകർ ഇനിയും റിട്ടേണ്‍ സമർപ്പിക്കേണ്ടതായിട്ടുണ്ട്. വരുംമാസങ്ങളിൽ കൂടുതൽ പേർ റിട്ടേണ്‍ സമർപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

റിട്ടേണ്‍ സമർപ്പണം വർധിക്കുന്പോഴും നികുതി വരുമാനം കുറയുന്നുവെന്ന വിരോധാഭാസവും കാണുവാൻ സാധിക്കുന്നു. ഇതു ജിഎസ്ടിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നുവെന്നു കാണാം. 2017-18-ലെ ജിഎസ്ടി ശരാശരി വരുമാനം 89885 കോടി രൂപയാണ്. ഈ കാലയളവിൽ ഒരു മാസം ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത് മാർച്ചിലാണ്. മാർച്ചിലെ വരുമാനം 1.03 കോടി രൂപയാണ്. ഏപ്രിൽ ആയപ്പോൾ ഇത് 94016 കോടി രൂപയായി താഴ്ന്നിരിക്കുന്നു.

ജിഡിപി വളർച്ച മെച്ചപ്പെടുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ നികുതി വരുമാനവും നികുതി റിട്ടേണും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാന്പത്തിക വർഷത്തിൽ കുറഞ്ഞത് പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപ ജിഎസ്ടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">

റിട്ടേണ്‍ കുറയാൻ കാരണം

എന്തുകൊണ്ടാണ് റിട്ടേണ്‍ കുറയുന്നതത്. ജിഎസ്ടി സംവിധാനം ഇനിയും പ്രശ്ന രഹിതമായിട്ടില്ല എന്നതാണ് സത്യം. ഒരുക്കങ്ങളില്ലാതെ, പ്രശ്നങ്ങളെപ്പറ്റി ധാരണയില്ലാതെ, നടപ്പാക്കിയെന്നതാണ് ജിഎസ്ടിയുടെ പ്രശ്നം.
റിട്ടേണും വരുമാനവും കുറഞ്ഞു നിൽക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് റിട്ടേണ്‍ സമർപ്പിക്കുന്നതിലെ സങ്കീർണതയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒക്ടോബർ- നവംബറിൽ നടത്തിയ സർവേ ജിഎസ്ടി സംവിധാനത്തിലെ അപാകതകളിലേക്കു വിരൽ ചൂണ്ടുന്നതാണ്.
¬ ഇലക്ട്രോണിക് പ്രക്രിയെക്കുറിച്ചുള്ള അവബോധം ഇല്ലാത്തത്. ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെയുള്ളവ കാരണങ്ങളാണ്.
¬ ജിഎസ്ടിയെക്കുറിച്ചു കുറേ ബോധവത്കരണം നടത്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിനും ഇതു മനസിലായിട്ടില്ല.
¬ജിഎസ്ടി ഹെൽപ്പ് ഡെസ്കിന് പ്രശ്നങ്ങളോടു കൃത്യസമയത്തു പ്രതികരിക്കാൻ സാധിക്കാതെ പോകുന്നത്.
¬ജിഎസ്ടി ചിന്തയിലേക്ക് എത്താത്ത ഉദ്യോഗസ്ഥർ
¬റിട്ടേണിൽ തെറ്റുണ്ടായാൽ തിരുത്താൻ സാധിക്കാത്തത്. അതുകൊണ്ടുതന്നെ റിട്ടേണ്‍ സമർപ്പിക്കാൻ കൂടുതൽ സമയമെടുക്കുന്നു.
¬നികുതി മേഖലയിലുള്ള ഉദ്യോഗസ്ഥർക്കുതന്നെ ജിഎസ്ടി നിയമത്തെക്കുറിച്ചു പറഞ്ഞുകൊടുക്കാൻ സാധിക്കുന്നില്ല.
¬ജിഎസ്ടി പോർട്ടലിലെ പ്രശ്നങ്ങൾ. പാളം തെറ്റിയ ജിഎസ്ടി നെറ്റ് വർക്കും സോഫ്റ്റ് വേറും
¬ചെറുകിട നികുതിദായകർക്കും പ്രഫഷണൽ സഹായം തേടേണ്ടി വരുന്നത്.
¬ജിഎസ്ടി മൈഗ്രേഷനിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ
¬ചെറുകിട വ്യാപാരമേഖലയ്ക്കു പ്രവർത്തനച്ചെലവേറി
ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ജിഎസ്ടി കൗണ്‍സിൽ തുണ്ടുതുണ്ടായുള്ള പരിഹാരമാണ് നിർദ്ദേശിക്കുന്നത്. സമഗ്രമായ പരിഹാരം നൽകുന്നില്ലെന്നതാണ് ഏറ്റവും വലിയ പോരായ്മ.

ജിഎസ്ടിയിൽ ഉയർന്നുവന്നിട്ടുള്ള ചില പ്രശ്നങ്ങൾ

1. നിരക്ക്
തുടങ്ങിയത് ഒരു രാജ്യം ഒരു നികുതി എന്ന ആശയത്തിൽ. എന്നാൽ എത്തി നിൽക്കുന്നത് ഏഴു നിരക്കുകളിൽ. പൂജ്യം, 5, 12, 18, 28 ശതമാനം. സ്വർണത്തിന് മൂന്നു ശതമാനം. ഏഴാമത്തെ നിരക്ക് പെട്രോളിയം ഉത്പന്നങ്ങൾ ഏർപ്പെടുത്തുവാനുള്ള ഉദ്ദേശ്യത്തിലാണ്.
പെട്രോളിയം, വൈദ്യുതി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്.

2. അസംഘടിത ചെറുകിട കച്ചവടക്കാർ
അസംഘടിത മേഖലയിലുള്ള ചെറുകിട കച്ചവടക്കാരും ജിഎസ്ടി ബില്ലുകളും ഇൻവോയിസും മറ്റും സൂക്ഷിക്കേണ്ടതായി വരുന്നു. മിഠായികളും കേക്കുകളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നവർ ഏതു ജിഎസ്ടി നിരക്ക് ചുമത്തണമെന്നതിൽ ആശയക്കുഴപ്പത്തിലാണ്. പല ചെറുകിട ബിസിനസുകളും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടുന്നുണ്ട്.

3. റിട്ടേണ്‍ ഫയൽ ചെയ്യൽ
ബഹുഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികളുടേയും പ്രശ്നം ഓരോ മാസവും റിട്ടേണ്‍ സമർപ്പിക്കുകയെന്നതാണ്. ഇതിന് പ്രഫഷണൽ സഹായം തേടേണ്ട അവസ്ഥയിലാണ് അവർ. കംപ്യൂട്ടർ സംവിധാനവും ഏർപ്പെടുത്തണം. അതു മാനേജ് ചെയ്യാൻ ആളേയും നിയമിക്കേണ്ട സ്ഥിതിയാണ്. ഇതെല്ലാം അവരുടെ പ്രവർത്തനച്ചെലവു വർധിപ്പിക്കുന്നു. മിക്കവർക്കും റിട്ടേണ്‍ ഫയലിംഗ് പ്രക്രിയയെക്കുറിച്ചു മതിയായി അറിവില്ല.
പല ചെറുകിട സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും അധിക പ്രവർത്തനച്ചെലവ് വഹിക്കാൻ സാധിക്കില്ലാത്ത സ്ഥിതിയിലാണ്.

4. വിശ്വസ്യതയും പ്രശ്നം
ജിഎസ്ടിയിൽനിന്നു ഒഴിവാക്കിയിട്ടുള്ള ചെറുകിട കച്ചവടക്കാരിൽനിന്നു സാധനങ്ങൾ വാങ്ങുവാൻ ആളുകൾക്കു മടിയായിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ചെറുകിട നിർമാതാക്കളുടെ കൈകളിൽനിന്ന് വാങ്ങുവാൻ. ഇവരിൽനിന്നു വാങ്ങുന്ന ഉത്പന്നങ്ങൾക്ക് ജിഎസ്ടി എങ്ങനെ ഏർപ്പെടുത്തുന്നുവെന്നതാണ് ഡീലർമാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
രാജ്യത്തെ ബിസനസ് മുന്നോട്ടു കൊണ്ടുപോകുന്നത് ബഹുഭൂരിപക്ഷം വരുന്ന ചെറുകിടക്കാരാണ്. ലക്ഷക്കണക്കിന് ആളുകളാണ് ചെറുകച്ചവടം വഴി തൊഴിൽ കണ്ടെത്തിയിട്ടുള്ളത്. നികുതിയടിത്തറയിൽ കൊണ്ടു വരുന്നുവെന്നതിന്‍റെ പേരിൽ ഇവരെ ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവരികയും ബിസിനസ് നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത വിധത്തിൽ തള്ളിവിടുന്നതും പ്രശ്നമുയർത്തുന്ന കാര്യമാണ്. അധികച്ചെലവുണ്ടാകാത്ത വിധത്തിൽ ജിഎസ്ടി കംപ്ലിയൻസ് പാലിക്കുവാനുള്ള അവസരം ഇവർക്കുണ്ടാകേണ്ടിയിരിക്കുന്നു.

5. ഇ-വേ ബിൽ
ഇ- വേ ബില്ലിന്‍റെ വരവ് തീർച്ചയായും അന്തർസംസ്ഥാന വ്യാപാരത്തിലെ പല പ്രശ്നങ്ങളും ഒഴിവാക്കുവാൻ സഹായിക്കുമെന്നതിൽ തർക്കമില്ല. ചരക്കു കടത്തിനുള്ള സമയവും കുറയ്ക്കും. ജൂണ്‍ ഒന്നു മുതൽ ഇതു നടപ്പാക്കിയെങ്കിലും ഇതുവരെ വളരെക്കുറച്ചു സംസ്ഥാനങ്ങൾ മാത്രമേ ഇതു നടപ്പാക്കിയിട്ടുള്ളു. അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കാത്തതു പ്രശ്നമായിത്തന്നെ തുടരുകയാണ്. മിക്ക പ്രധാനപ്പെട്ട കന്പനികൾക്കും ഇ-വേ ബില്ലിനെക്കുറിച്ച് ആശങ്കയുണ്ട്. ജിഎസ്ടി ഇ-വേ നിയമത്തിലെ വകുപ്പകൾക്കനുസരിച്ച് എങ്ങനെ പ്രവർത്തിക്കുവാൻ കഴിയുമെന്ന ശ്രമത്തിലാണ് ട്രാൻസ്പോർട്ടിംഗ് കന്പനികൾ.

6. ജിഎസ്ടിഎൻ നെറ്റ് വർക്ക്
നെറ്റ് വർക്കിലുണ്ടാകുന്ന പ്രശ്നങ്ങൾ മൂലം തീരുമാനങ്ങൾ പിൻവലിക്കുകയും മാറ്റി വയ്ക്കുകയുമൊക്കെ ചെയ്യുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതു നികുതി വെട്ടിപ്പിനും വഴിയൊരുക്കുന്നു.
കോന്പോസിഷൻ പദ്ധതി 17 ലക്ഷത്തോളം ബിസിനസുകാർ സ്വീകരിച്ചുവെങ്കിലും നികുതിയായി ലഭിക്കുന്നത് 300 കോടി രൂപയിൽ താഴെയാണ്. ഇതു ഗവണ്‍മെന്‍റിനെ പുനർചിന്തനത്തിനു പ്രേരിപ്പിക്കുകയാണ്. വരുമാനം കുറയുന്നുവെന്നാണ് ഗവണ്‍മെന്‍റ് കരുതുന്നത്.

7. മിസ്മാച്ച്
ജിഎസ്ടി റിട്ടേണ്‍ നൽകാൻ ബാധ്യസ്ഥരായവരിൽ 70 ശതമാനത്തോളമേ അതു നൽകുന്നുള്ളു. അതിൽതന്നെ ആദ്യം നൽകിയ റിട്ടേണും ഫൈനൽ റിട്ടേണും തമ്മിലുള്ള മിസ്മാച്ചിംഗ് തലവേദനയായിക്കൊണ്ടിരിക്കുകയാണ്. കച്ചവടക്കാർക്കുമാത്രമല്ല ഗവണ്മെന്‍റിനും ഇതുതലവേദനയാണ്. ജിഎസ്ടി ആർ1, ജിഎസ്ടിആർ 3 എന്നിവ തമ്മിലുള്ള വ്യത്യാസം മുലം 34000 കോടി രൂപയുടെ നികുതി ബാധ്യത തർക്കത്തിലാണ്.

മിസ്മാച്ചിഗ് പരിശോധിക്കുവാനുള്ള സംവിധാനം ജിഎസ്ടി ഘടനയിൽ ഫലപ്രദമായിട്ടില്ല.
റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ടെങ്കിലും വരുമാനത്തിൽ അതു പ്രതിഫലിക്കുന്നില്ല. ഏപ്രിലിൽ 1.03 ലക്ഷം കോടി രൂപ ലഭിച്ചപ്പോൾ മേയിൽ അത് 94000 കോടിയിലേക്കു താഴ്ന്നു.

ഉയർന്ന നിരക്കും നിരവധി നികുതി സ്ലാബുകളും

ഗവണ്‍മെന്‍റ് പ്രതീക്ഷിച്ചതുപോലെ ജിഎസ്ടി അതേ അർത്ഥത്തിൽ ഇനിയും നടപ്പിലായിട്ടില്ല. ഉയർന്ന നിരക്കുമുതൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ പരാജയം വരെ അതിനു കാരണങ്ങളാണ്. മറ്റൊന്ന് ജിഎസ്ടിയുടെ സങ്കീർണതയാണ്.

ജിഎസ്ടി സംവിധാനത്തെ പൊതുവേ സങ്കീർണമെന്നാണ് ലോകബാങ്ക് വിലയിരുത്തിയിട്ടുള്ളത്. ഇന്ത്യയിലേക്കു വരുന്പോൾ അതു കുറേക്കൂടി കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണ്. ""പൂജ്യത്തിനു പുറമേ അഞ്ചു നിരക്കുകളാണ് ഇന്ത്യൻ ജിഎസ്ടി സംവിധാനത്തിലുള്ളത്. അഞ്ച്, 12,18, 28, സ്വർണത്തിന് 3 ശതമാനം എന്നിവയാണവ.... ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഒരു ജിഎസ്ടി നിരക്കേയുള്ളു. ജിഎസ്ടി നടപ്പാക്കിയ 115 രാജ്യങ്ങളിൽ 49 രാജ്യങ്ങൾ ഒറ്റ നിരക്ക് സ്വീകരിച്ചപ്പോൾ 28 രാജ്യങ്ങളിൽ രണ്ടു നിരക്കുകളേയുള്ളു. ഇന്ത്യയുൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ മാത്രമാണ് അഞ്ചു നിരക്കുകൾ സ്വീകരിച്ചിട്ടുള്ളത്. ഈ അഞ്ചു രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള രാജ്യം ഇന്ത്യയാണ്. ’’ ലോക ബാങ്കിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ആറാമതൊരു നിരക്കു കൂടി എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്ക് 28 ശതമാനം ജിഎസ്ടിയും സെസും ഏർപ്പെടുത്തി പുതിയ നിരക്ക് സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ജിഎസ്ടി കൗണ്‍സിൽ.