വിരുദ്ധാഹാരവും രോഗങ്ങളും
വിരുദ്ധാഹാരവും രോഗങ്ങളും
Friday, July 20, 2018 3:33 PM IST
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് ഉത്തരം ആഹാരം എന്നുതന്നെയാണ്. വിശപ്പ് എന്ന ചോദനയെ ശമിപ്പിക്കുന്നതിന് ആഹാരം വേണം. ശരീരത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആഹാരം ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. ആഹാരം തന്നെ പ്രയോഗരീതിയിലും ഗുണത്തിന്റെ അടിസ്ഥാനത്തിലും വിവിധങ്ങളാണെന്നു നമുക്കറിയാം. നാം കഴിക്കുന്ന ആഹാരം വേണ്ടരീതിയില്‍ പചിക്കപ്പെട്ടാണ് ശരീരത്തിനാവശ്യമുള്ള സാരാംശമായും മലാംശമായും രൂപാന്തരപ്പെടുന്നത്. എങ്ങനെയുള്ള ആഹാരം ഉപയോഗിച്ചാല്‍ ആണ് ശരീരത്തിന് ദോഷകരമായ രോഗങ്ങളെ ഉണ്ടാക്കുന്നത് എന്നും ശരീരത്തിന് ഗുണകരമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നവ എന്നും പ്രധാനമായും രണ്ടായി തരം തിരിക്കാം. പ്രാചീന കാലം മുതല്‍ മനുഷ്യന്‍ തനിക്കും തന്റെ ശരീരത്തിനും ഹിതവും ഗുണകരവുമായ ആഹാരങ്ങള്‍ ഏതെല്ലാം എന്ന് സാമാന്യബുദ്ധികൊണ്ട് തിരിച്ചറിഞ്ഞ് അവയെ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആയുര്‍വേദ ശാസ്ത്രം ഗുണത്തെയും ദോഷത്തെയും അടിസ്ഥാനമാക്കി അവയെ വേര്‍തിരിച്ച് വിശദമാക്കുന്നുണ്ട്. അപ്രകാരം കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ കാലതാമസം കൂടാതെയും ദീര്‍ഘകാലാടിസ്ഥാനത്തിലും ദോഷങ്ങളായ വാതപിത്തകഫങ്ങളെ പലതരത്തിലും ദുഷിപ്പിച്ച് രോഗങ്ങളെ ഉണ്ടാക്കി ത്തീര്‍ക്കുന്നതായി വിശദീകരിക്കുന്നുണ്ട്.

വിരുദ്ധാഹാരം

ശരീരത്തിലെ ദോഷങ്ങളെ ദുഷിപ്പിച്ച് അവയെ ഉല്‍ക്ലേശിപ്പിച്ച് അതായത് വര്‍ധിപ്പിച്ച് എന്നാല്‍ പുറത്തേക്ക് കളയാതെ പ്രവര്‍ത്തിക്കുന്ന ആഹാരങ്ങളെ വിരുദ്ധാഹാരം എന്ന പദം കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നു. വിരുദ്ധാഹാരം വിഷത്തിനും ഗരത്തിനും തുല്യമായവയാണ്.

സ്വഭാവം, സംയോഗം, സംസ്‌കാരം, മാത്ര, ദേശം, കാലം, ഉപയോഗവ്യവസ്ഥ എന്നിവയാണ് സപ്താഹാര കല്‍പനകള്‍.

1. സ്വഭാവം

ഓരോ ദ്രവ്യത്തിനും പറഞ്ഞിട്ടുള്ള ഗുണങ്ങളെ ദ്രവ്യസ്വഭാവമായി പറഞ്ഞിരിക്കുകയാണ്.
ഉദാഹരണത്തിന് ലഘുഗുണങ്ങളുള്ള മഴവെള്ളം, ഞവരനെല്ല്, ചെറുപയര്‍, മാനിന്റെ മാംസം എന്നിവ ഗുരുഗുണങ്ങളുള്ള ആനൂപമാംസം, പാല്‍, കരിമ്പ്, ഉഴുന്ന്, വ്രീഹിനെല്ല് എന്നിവയോട് ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വഭാവവിരുദ്ധം.

2. സംയോഗം

വിഷമഗുണസംയോഗവിരുദ്ധം
പാലും മുതിരയും. പാല്‍ ശീതവീര്യവും, മധുരരസവിപാകവുമാണ്. മുതിര ഉഷ്ണവീര്യവും, അമ്ലരസവിപാകവുമാണ്.

സദൃശഗുണസംയോഗവിരുദ്ധം
പാലും ചക്കപ്പഴവും ചേര്‍ത്ത് ഉപയോഗിക്കുന്നത്.

ഉഭയഗുണസംയോഗവിരുദ്ധം
ഭാഗികമായ ഗുണസാദൃശ്യം
പാലും മത്സ്യവും, പാല്‍ക്കഞ്ഞിയും പൊരിച്ച മത്സ്യവും. പാല്‍ മധുരരസവിപാകവും ശീതവീര്യവുമാണ്.
മത്സ്യം മധുരരസവിപാകവും ഉഷ്ണവീര്യവുമാണ്.
മലര്‍പ്പൊടി വെള്ളം ചേര്‍ത്ത് കഴിച്ചാല്‍ സംയോഗവിരുദ്ധമാണ്.

3 സംസ്‌കാരവിരുദ്ധം
ദ്രവ്യങ്ങള്‍ക്ക് അഗ്നി, ജലം, ശൗചം, മന്ഥനം, ദേശം, കാലം, ഭാവന, പാത്രം എന്നിവയുമായി സമ്പര്‍ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുണാന്തരം.

* ചെന്നെല്ലരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തിയാല്‍ ഗുരുവാകും (ദഹിക്കാന്‍ വിഷമമുള്ളത്)
* നെല്ല് ഗുരുഗുണമുള്ളതാണ്. (അത് അഗ്നിസമ്പര്‍ക്കം കൊണ്ട് ലഘുഗുണമുള്ള മലര് ആയി മാറുന്നു).
ശൗചം
കഞ്ചാവ് വെള്ളത്തിലിട്ട് വച്ചിരുന്നു പലപ്രാവശ്യം കഴുകിയാല്‍ വിഷാംശം കുറഞ്ഞ് ശുദ്ധമാകും .

മന്ഥനം

തൈര് ഗുരുഗുണമുള്ളതാണ്. തൈര് കടഞ്ഞെടുത്താല്‍ ലഘുഗുണമുള്ള മോര് ആയി മാറുന്നു.
ദേശവിരുദ്ധം
ജാംഗലഭാഗത്തു(മലകളും കുന്നുകളുമുള്ള വൃക്ഷങ്ങള്‍ കുറഞ്ഞ ദേശം) ധാരാളം ഉണ്ടാകുന്ന ദ്രവ്യം(ചിലതരം വാഴപ്പഴങ്ങളും കായ്കളും) ആനൂപദേശത്തുണ്ടായാല്‍(ചതുപ്പ് പ്രദേശം, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം) ഗുണത്തില്‍ വ്യത്യാസം ഉണ്ടാകും.

കാലവിരുദ്ധം
ശീതകാലത്തുണ്ടാകുന്ന ഒരു ദ്രവ്യം തന്നെ വര്‍ഷകാലത്തുണ്ടായാല്‍ ഗുണവ്യത്യാസം ഉണ്ടാകുന്നു. (കാലസ്വഭാവം)


ഭാവന
ഭാവന(ഒരു ദ്രവ്യം മറ്റൊരു ദ്രവ്യത്തിന്റെ രസത്തില്‍ പല പ്രാവശ്യം ഇട്ടുവച്ചിരുന്ന് ഉണക്കിയെടുക്കുന്ന പ്രക്രിയ) ചെയ്‌തെടുത്താല്‍ ഗുണങ്ങളില്‍ വര്‍ദ്ധനമോ ക്ഷയമോ ഉണ്ടാകുന്നു.

* ലോഹപാത്രത്തില്‍ മുന്തിരിങ്ങ സംസ്‌കരിച്ച് ഉപയോഗിച്ചാല്‍ അമ്ലരസപ്രധാനമായി മാറും. പാത്രത്തിന്റെ സ്വഭാവം നിമിത്തം ദ്രവ്യത്തില്‍ വന്നുചേരുന്ന ഗുണവ്യത്യാസം.
* തൈര് ചൂടാക്കി ഉപയോഗിക്കുന്നത് സംസ്‌കാരവിരുദ്ധമാണ്.
* കണ്ണിനു വളരെ ഹിതകരവും ഗുണയുക്തവുമായ ഗോതമ്പ് എള്ളെണ്ണ ചേര്‍ത്ത് പാകപ്പെടുത്തി ഉപയോഗിച്ചാല്‍ കാഴ്ചശക്തി ഇല്ലാതാകും.
* തക്രം(തൈര് കലക്കി വെണ്ണ നീക്കിയ മോര്) ചെയ്ത മോര് കദളിപ്പഴം ചേര്‍ത്ത് ഉപയോഗിച്ചാല്‍ വിരുദ്ധമാകും.

മാത്രാവിരുദ്ധം
സമാംശമായി ചില ദ്രവ്യങ്ങള്‍ ചേര്‍ത്തുകഴിച്ചാല്‍ വിരുദ്ധമാകും.
തേനും നെയ്യും സമമായി (തുല്യഅളവില്‍) ഉപയോഗിക്കുന്നത്.

ദേശവിരുദ്ധം
ആനൂപദേശത്തുള്ള ജലം വിരുദ്ധസ്വഭാവത്തോടു കൂടിയതാണ്.

കാലവിരുദ്ധം
മലര്‍പ്പൊടി രാത്രി കഴിച്ചാല്‍ വിരുദ്ധമാണ്.

സ്വഭാവവിരുദ്ധം
യവകം സ്വയമേ തന്നെ വിരുദ്ധമാണ്.

വിരുദ്ധ ആഹാരം സ്ഥിരമായി കഴിച്ചാല്‍ വിസ്‌ഫോടം (തൊലിപ്പുറമേയുള്ള പൊള്ളലുകള്‍), ശരീരത്തില്‍ വീക്കം, മദം(മയക്കുന്ന അവസ്ഥ), വിദ്രധി(ശരീരത്തില്‍ ഉണ്ടാകുന്ന കിയുള്ള മുഴപോലയുള്ള രോഗാവസ്ഥ), ഗുല്മം(വയറ്റില്‍ കിയുള്ള എന്തോ ഇരിക്കുന്ന അവസ്ഥ വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ), രാജയഷ്മാവ് (ക്ഷയരോഗം) എന്നിവയും തേജസ്, ബലം, ഓര്‍ശക്തി, ബുദ്ധിശക്തി തുടങ്ങിയവയ്ക്കു നാശവും ഇന്ദ്രിയനാശം, ചിത്തനാശം, ജ്വരം, രക്തപിത്തം എന്നിങ്ങനെ പല രോഗങ്ങളും ഉണ്ടാക്കും. മരണത്തിന് പോലും അവ കാരണമാകാം. ഷണ്ഡത, കാഴ്ച നശിക്കല്‍, വിസര്‍പ്പം (പെെന്ന് ശരീരത്തില്‍ വ്യാപിക്കുന്ന ഒരു തരം ത്വക്ക് രോഗം), ഉന്മാദം, ഭഗന്ദരം, മോഹാലസ്യം, പാുരോഗം (വിളര്‍ച്ച), അമ്ലത്വം കൊണ്ടുണ്ടാകുന്ന വിഷമത, കുഷ്ഠരോഗം, ഗ്രഹണി, ശരീരത്തില്‍ നീര്‍ക്കെ്, ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഉണ്ടാകും. ദ്രവ്യത്തിലെ മായം ചേര്‍ക്കല്‍, രാസവളങ്ങളുടെ ഉപയോഗം, ഇന്നത്തെ ആഹാരക്രമം എന്നിവ വഴി നാം വിരുദ്ധാഹാരത്തിന്റെ പിടിയില്‍ പെിരിക്കുകയാണ്.

പ്രതിവിധി

ശമനൗഷധങ്ങള്‍, ശോധനക്രിയകള്‍ (പഞ്ചകര്‍മങ്ങള്‍) എന്നിവ പ്രയോഗിക്കുക. വിരുദ്ധാഹാരത്തിന്റെ ഉപയോഗം കൊണ്ടു ഉണ്ടാകുന്ന ദോഷങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിനായി ശരീരത്തെ തയാറാക്കി നിര്‍ത്തുക. ദൂഷിവിഷാരി അഗദം, ബൃഹസ്പതി കൃതമായ അഗദയോഗങ്ങള്‍ കഴിക്കുക എന്നിവയാണ് വിരുദ്ധാഹാര ജന്യരോഗങ്ങള്‍ക്കുള്ള പ്രതിവിധി.

വിരുദ്ധത, ആഹാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വിഹാരത്തിന്റെ കാര്യത്തിലും ഉണ്ടാകുന്നുണ്ട്. ചൂടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പൊരിയുന്ന വെയിലത്തു നിന്നും വീടിനുള്ളില്‍ പ്രവേശിച്ചതിനുശേഷം ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നുതും വിരുദ്ധവിഹാരത്തിന് ഉദാഹരണമാണ്.

വിഷമയമായ ആഹാരങ്ങളും ഇപ്രകാരമുള്ള കൂിക്കലര്‍ത്തിയുള്ള ഉപയോഗം അഥവാ വിരുദ്ധാഹാരങ്ങളുടെ നിരന്തരമായ ഉപയോഗവും ഒഴിവാക്കുന്നത് മുകളില്‍ പരാമര്‍ശിച്ച രീതിയിലുള്ള പലതരം വിരുദ്ധാഹാജന്യങ്ങളായ രോഗങ്ങളെ തടയുന്നതിനും അപ്രകാരം ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ഡോ. കൃഷ്ണകുമാര്‍ ടി.ടി
സീനിയര്‍ ഫിസിഷ്യന്‍ ആന്‍ഡ് മെഡിക്കല്‍ സൂപ്രണ്ട്, ആസ്റ്റര്‍ ആയുര്‍വൈദ് സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റ്ഡ് മെഡിസിന്‍, ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം.