സുന്ദരിയാകാം, വീട്ടില്‍ത്തന്നെ
സുന്ദരിയാകാം, വീട്ടില്‍ത്തന്നെ
Friday, August 3, 2018 4:15 PM IST
സൗന്ദര്യ സംരക്ഷണത്തിന് മലയാളി സ്ത്രീകള്‍ക്ക് സ്വന്തം രീതികളുണ്ടായിരുന്നു. തൊടിയില്‍ നിന്നു തന്നെ അവര്‍ക്ക് സൗന്ദര്യക്കൂട്ടുകള്‍ കിട്ടിയിരുന്നു.

താളി ചതച്ച് പതപ്പിച്ചാല്‍ മുടിയിലെ അഴുക്കിളക്കുന്ന, ദോഷരഹിതമായ ഷാമ്പൂ റെഡിയായി. കയ്യുണ്യം, ചിറ്റമൃത്, കറ്റാര്‍വാഴ, കറിവേപ്പില, മൈലാഞ്ചി, ഔഷധച്ചെത്തി എന്നിങ്ങനെ തൊടിയില്‍ സമൃദ്ധമായി ഉണ്ടായിരുന്ന ഇലകളും പൂക്കളും ഇട്ടു കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ പുരട്ടിയാല്‍ താരനും മുടികൊഴിച്ചിലും മാറിയിരുന്നു. ഇത് വെറും പറച്ചിലുകളല്ലെന്ന് തെളിയിക്കാന്‍ നാട്ടിന്‍പുറത്തെ മുത്തശ്ശിമാരെ നോക്കിയാല്‍ മതിയാകും.

ദേഹത്തു തേച്ചു കുളിക്കാനുമുണ്ട് ഔഷധങ്ങളിട്ടു കാച്ചിയെടുത്ത സുഗന്ധം പരത്തുന്ന നിരവധി എണ്ണകള്‍. ഇവയും ധാരാളമായി വീടുകളില്‍ തയാറാക്കിയിരുന്നു. ശരീരത്തിലെ മെഴുക്കും അഴുക്കും ഇളക്കാന്‍ ചെറുപയറുപൊടി ഉള്‍പ്പെടെ ധാരാളം സ്‌നാനകൂട്ടുകളുമുണ്ടായിരുന്നു.

എണ്ണവിളക്കിലെ കരിയെടുത്ത് മിഴിയെഴുതിയാല്‍ കണ്ണുകള്‍ പരല്‍മീന്‍ പോലെ പിടച്ചു തിളങ്ങും.
അതിനാല്‍ ഫേഷ്യലുകളും ബ്ലീച്ചിങ്ങും വാക്‌സിങ്ങും ഇല്ലാതെ തന്നെ അവര്‍ പൊന്നിന്റെ നിറമുള്ളവരും പൂപോലെ ഉടലുള്ളവരും ആയിരുന്നു. അത് ഭാവനയോ കല്പനയോ ആണെന്ന് കരുതരുത്. കാരണം ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ മലയാളി സ്ത്രീകള്‍ പണ്ടേ ശ്രദ്ധയുള്ളവരായിരുന്നു.
മലയാളി സ്ത്രീയുടെ തനതായ സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളെക്കുറിച്ചറിയാം.

വീട്ടുമുറ്റത്തെ സൗന്ദര്യക്കൂട്ടുകള്‍

ആധുനികസൗന്ദര്യ പരിചരണ രീതികള്‍ ഉടനടി ഫലം തരുമെങ്കിലും താമസിയാതെ സൗന്ദര്യത്തിന് തിരിച്ചടിയാകാറുണ്ടെന്ന് അറിയാത്തവരല്ല നമ്മള്‍. നാടന്‍ രീതിയിലുള്ള പരിചരണങ്ങള്‍ ഫലം തരാന്‍ ഒന്നോ രണ്ടോ മാസത്തെ താമസം വരുമെങ്കിലും പിന്നീടങ്ങോട്ട് സ്ഥിരമായും സ്വാഭാവികമായും ഉള്ള ഫലം തരുന്നവയാണ്. പഴയകാല രീതികളൊക്കെ മെനക്കേടാണെന്ന് കരുതിയാണ് മറ്റ് ചിലര്‍ ഇവയെ ഉപേക്ഷിക്കുന്നത്.

സൗന്ദര്യം കൈവരിക്കാനായി ചെലവിടുന്ന സമയവും പണവും കണക്കാക്കിയാല്‍ നാടന്‍ സൗന്ദര്യസംരക്ഷണത്തിന് അത്രയൊന്നും ബുദ്ധിമുട്ടില്ലെന്ന് മനസിലാവും.

തൊടിയിലും മുറ്റത്തും തന്നെ സൗന്ദര്യക്കൂട്ടുകള്‍ ധാരാളമുണ്ട്. ഇവയെല്ലാം ഔഷധങ്ങളാണെന്ന് തിരിച്ചറിയുകയേ വേണ്ടൂ. ഇനി മുറ്റത്ത് കിട്ടാത്തവയുണ്ടെങ്കില്‍ പച്ചമരുന്ന് കടകളില്‍ നിന്ന് ലഭിക്കും.

മുഖക്കുരുവിനോടും പാടുകളോടും വിടപറയൂ

മുഖക്കുരുവിന്റെ രണ്ടു പാടുകളെങ്കിലുമില്ലാതെ കൗമാരം പടികടക്കില്ല. മുഖക്കുരുവും കാരയും പാടുകളും മറ്റുമാണ് കൗമാരകാലത്ത് മുഖസൗന്ദര്യം കെടുത്തുന്നതില്‍ പ്രധാനി.

ഏലാദിഗണം ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ദിവസവും മുഖത്ത് ആവി പിടിക്കുന്നത് മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളും വരാതിരിക്കാന്‍ നല്ലതാണ്. ആവി പിടിക്കുന്ന നേരത്ത് കണ്ണുകള്‍ നനഞ്ഞ തുണി കൊണ്ട് പതുക്കെ കെട്ടണം. കണ്ണില്‍ ചൂട് തട്ടാതിരിക്കാനാണിത്.

ഏലാദിഗണം ചൂര്‍ണ്ണമി് തിളപ്പിച്ച് ആറിയ വെള്ളം മുഖം കഴുകാനും ഉപയോഗിക്കാം. ശരീരത്തില്‍ കൊഴുപ്പ് കൂടുന്നത് മുഖക്കുരുവിനും ശരീരത്തിന്റെ പലഭാഗത്തും കുരുക്കള്‍ വരുന്നതിനും കാരണമാകും. അതിനാല്‍ മുഖക്കുരു കൂടുതലായി കാണുന്നുണ്ടെങ്കില്‍ ഭക്ഷണത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം.

മഞ്ഞളും ചന്ദനവും അരച്ച് പുരുന്നതും തുളസിനീര് പുരട്ടുന്നതും മുഖക്കുരു ശമിപ്പിക്കും. മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയാന്‍ പച്ചമഞ്ഞളും ചെറുപയര്‍ പൊടിയും അരച്ച് കട്ടിയില്‍ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയണം. അല്പം കറുത്ത മുന്തിരി പിഴിഞ്ഞ് ചാറെടുത്ത് പനിനീരും ചേര്‍ത്ത് കഴുത്തില്‍ പുരട്ടുന്നതും തൈര് പുരട്ടുന്നതും കഴുത്തിലെ കറുപ്പ് നിറം മാറ്റും.

പല്ലുകള്‍ തിളങ്ങട്ടെ മുത്തുപോലെ

പുഞ്ചിരിക്കുമ്പോള്‍ മുത്തുപോലെ തിളങ്ങുന്ന പല്ലുകള്‍ ടൂത്ത് പേസ്റ്റുകളുടെ പരസ്യത്തില്‍ മാത്രമല്ല ആര്‍ക്കും സ്വന്തമാക്കാം. അല്പം പരിശ്രമം മാത്രം മതിയാവും.

ഉപ്പും കുരുമുളകും ഉമിക്കരിയും നേര്‍മ്മയായി പൊടിച്ച് പല്ലു തേച്ചാല്‍ മതി. മഞ്ഞപ്പുള്ള പല്ലുകളാണെങ്കില്‍ മരക്കരിപ്പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേച്ചാല്‍ മഞ്ഞപ്പ് മാറിക്കിട്ടും. പല്ലിന് ബലക്ഷയം ഉള്ളവരാണെങ്കില്‍ പല്ല് തേയ്ക്കാന്‍ വേപ്പിന്‍ കമ്പ് ഉപയോഗിക്കാം. വീട്ടില്‍ തന്നെ പല്‍പ്പൊടി നിര്‍മ്മിച്ച് പല്ല് തേയ്ക്കുകയോ ഏതെങ്കിലും ദന്തധാവന ചൂര്‍ണ്ണം ഉപയോഗിക്കുകയോ ചെയ്യാം.

മുടിക്ക് പോഷണം നല്‍കുന്ന എണ്ണകള്‍

നീണ്ട്, ഇടതൂര്‍ന്ന മുടി പെണ്ണിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്നു. പുത്തന്‍ സ്റ്റൈലുകളില്‍ മുടി വെട്ടിയിാലും മുാേളം നീട്ടി വളര്‍ത്തിയാലും മുടിക്ക് ഉള്ളും ഉറപ്പും അത്യാവശ്യം. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളടങ്ങിയ എണ്ണകള്‍ നമ്മുടെ നാറിവില്‍ ധാരാളമായുണ്ട്.

മുടി വളരാന്‍ മാത്രമല്ല താരന്‍ കളയാനും, മുടി കൊഴിച്ചില്‍ തടയാനും എന്തിന് അകാലനര മാറാന്‍ വരെ പര്യാപ്തമായ എണ്ണകള്‍ നമ്മുടെ കലവറയിലുണ്ട്. ചെറുപ്രായത്തിലേ മുതല്‍ തലയില്‍ ദിവസവും എണ്ണ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ നിന്ന ശേഷം കുളിക്കുന്ന ശീലം ഉണ്ടായാല്‍ മുടിനന്നായി വളരാനും അകാലനര ബാധിക്കാതിരിക്കാനും സഹായിക്കും.

കയ്യുണ്യം, ചിറ്റമൃത്, കറ്റാര്‍വാഴ, കറിവേപ്പില, മൈലാഞ്ചി, ഔഷധചെത്തി (ഒറ്റയായ പൂവുള്ളത്) എന്നിവ ഇടിച്ച് പിഴിഞ്ഞെടുത്ത നീരും (സ്വരസം), നെല്ലിക്ക, ഇരിമധുരം, എന്നിവ പൊടിച്ചെടുത്തതും (കല്‍ക്കം) വെളിച്ചെണ്ണയില്‍ ചേര്‍ത്ത് എണ്ണ വീട്ടില്‍ തന്നെ കാച്ചിയെടുക്കാം. മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നതാണ് ഈ എണ്ണ.

ഇത്രയേറെ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക്, വെളിച്ചെണ്ണയില്‍ ഉള്ളിയും ജീരകവും ചേര്‍ത്ത് മുറുക്കിയോ, തുളസിയിലയും, കറിവേപ്പിലയും ചെമ്പരത്തി മൊട്ടും ചേര്‍ത്ത് മുറുക്കിയോ തേയ്ക്കാം. ഏതാവശ്യത്തിനും തയ്യാറാക്കുന്ന എണ്ണയില്‍ ജലാംശം തീരെയില്ലെന്ന് ഉറപ്പുവരുത്തുക കൂടി വേണം.



ജലാംശം മാറിയോ എന്നറിയാന്‍ ഒരു തിരി എണ്ണയില്‍ മുക്കി കത്തിച്ച് നോക്കിയാല്‍ മതിയാകും. ചീറലോടെയാണ് കത്തുന്നതെങ്കില്‍ ജലാംശം ഉണ്ട്.

നെല്ലിക്ക അടങ്ങിയ ലേഹ്യം കഴിക്കുകയോ, നെല്ലിക്ക നേരിട്ട് കഴിക്കുകയോ (ഉപ്പിലിട്ട് കഴിക്കരുത്) ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അകാലനരയ്ക്ക് ചെറുപയര്‍ പൊടിച്ച് പതിവായി തലയില്‍ പുരട്ടി കുളിക്കാം. കരിംജീരകം ഇട്ട് കാച്ചിയ എണ്ണ തലയില്‍ പുരട്ടുന്നതും നല്ലതാണ്. കറിവേപ്പില അരച്ച് ചേര്‍ത്ത മോര് തലയില്‍ പുരട്ടി ഇരുപത് മിനിറ്റോളം നിന്ന ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെയ്താല്‍ മതിയാകും.

എണ്ണ തേച്ചുകുളിച്ച് പ്രായത്തെ തോല്പിക്കാം

എണ്ണതേച്ചുള്ള കുളി തന്നെയാണ് ചര്‍മസംരക്ഷണത്തിലും പ്രധാനം. സ്ഥിരമായി എണ്ണ തേച്ച് കുളിക്കുന്നത് ജരയെ അകറ്റി നിര്‍ത്തി ചര്‍മത്തിന് യൗവനം നല്‍കും. നീര് വീഴ്ച, ശരീരത്തിലെ മറ്റ് വേദനകള്‍, വരണ്ട ചര്‍ം, തൊലിപ്പുറത്തുള്ള രോഗങ്ങള്‍ എന്നിവ ഇല്ലാതാക്കാനും എണ്ണതേച്ചുള്ള കുളി ഉപകരിക്കും.

കാലത്തിനനുസരിച്ചാവണം ശരീരത്തില്‍ എണ്ണ തേയ്‌ക്കേണ്ടത്. ആയുര്‍വേദ എണ്ണകള്‍ വാങ്ങി തേയ്ക്കുകയാണെങ്കില്‍ വേനല്‍ക്കാലത്ത് പിണ്ഡതൈലവും വര്‍ഷകാലത്ത് ചിഞ്ജാദിതൈലം, കൊംചുക്കാദി തൈലം മുതലായവയും ഉപയോഗിക്കണം. വീട്ടില്‍ എണ്ണ തയ്യാറാക്കുകയാണെങ്കില്‍ കസ്തൂരിമഞ്ഞള്‍, മൈലാഞ്ചി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ എണ്ണ മുറുക്കിയെടുക്കാം.

ഏലാദിഗണം ചൂര്‍ണ്ണം ഇട്ട് തയ്യാറാക്കിയ എണ്ണ ചര്‍മരോഗങ്ങള്‍ മാറാനും ശരീരത്തിന് നിറം ലഭിക്കാനും നല്ലതാണ്. ശരീരത്തിന് നിറം ലഭിക്കാന്‍ ചെറുനാരങ്ങാ നീരും വെള്ളരിക്കാ നീരും ചേര്‍ത്ത് ശരീരമാസകലം പുരുക. കസ്തൂരിമഞ്ഞള്‍ പൊടി വെളിച്ചെണ്ണയിലോ വെള്ളത്തിലോ ചാലിച്ച് ശരീരമാസകലം തേച്ച് അര മണിക്കൂര്‍ നിന്ന ശേഷം ചെറുപയര്‍ പൊടി കൊണ്ട് കഴുകിക്കളയുന്നത് നിറം ലഭിക്കാനും അമിതരോമം കുറയാനും നല്ലതാണ്.

സോപ്പ് ഉപയോഗിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ മികച്ച ആയുര്‍വേദകേന്ദ്രങ്ങളുടെ ഔഷധസോപ്പുകള്‍ ഉപയോഗിക്കുകയാണ് നല്ലത്. കുറഞ്ഞപക്ഷം കുളിക്കാന്‍ സ്ഥിരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത് ശരീരത്തിലെ പാടുകള്‍ നീക്കി നിറം ലഭിക്കാന്‍ വളരെയധികം സഹായിക്കും. കുളിക്കാനുള്ള വെള്ളത്തില്‍ ഏലാദിഗണം ചൂര്‍ണ്ണമിട്ട് തിളപ്പിച്ച വെള്ളം കലര്‍ത്തുന്നത് ചര്‍രോഗങ്ങള്‍ പ്രതിരോധിക്കും.

സ്വന്തമാക്കാം ആകാരഭംഗിയും ശ്രീയും

ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും കളയുന്ന ഏറ്റവും വലിയ വില്ലനാണ് അമിതവണ്ണം. അമിതവണ്ണത്തിന് ചുക്കും കരിങ്ങാലിയും ഇട്ട് വെള്ളം തിളപ്പിച്ച് പാതി കുറുക്കി കുടിക്കാം. കരിങ്ങാലിക്കാതലും നെല്ലിക്കയും കഷായം വച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ച് ഗ്രാം ചുക്ക് പൊടിച്ചു ചേര്‍ത്ത് പതിവായി കഴിക്കുന്നതും ഫലപ്രദമാണ്.

ഒരു ഔണ്‍സ് തേന്‍ അര ഔണ്‍സ് തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് രാത്രി പതിവായി കഴിക്കുക.
ശരീരഭംഗിയില്‍ കൈകാലുകളുടെ ഭംഗിയും പ്രധാനമാണ്. കൈകാലുകളുടെ വിരലുകളില്‍ കുളിക്കും മുന്‍പ് ആവണക്കെണ്ണ പുരട്ടുന്നത് നഖത്തിന് ചുറ്റുമുള്ള ചര്‍മം വരണ്ട് കീറുന്നത് തടയും. ഉപ്പൂറ്റി വിണ്ട് കീറുന്നുണ്ടെങ്കില്‍ നാല്പാമരത്തൊലിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ചെറുചൂടുള്ളപ്പോള്‍ കാല്‍ മുക്കി വയ്ക്കുക. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച് പുരട്ടുന്നതും ഫലം ചെയ്യും. ചെറുചികിത്സകള്‍ കൊണ്ട് കുറയുന്നില്ലെങ്കില്‍ ചൂട് വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം ഉപ്പൂറ്റിയില്‍ ജാത്യാദിഘൃതം, ശതതൗതഘൃതം, രസോത്തമാദിലേപം ഇതിലേതെങ്കിലും പുരാം.

അണിയാം സിന്ദൂരം

ഏത് നിറമുള്ള ചര്‍മക്കാര്‍ക്കും ഇണങ്ങുന്നതാണ് ചുവന്ന പൊട്ട്. കസ്തൂരിമഞ്ഞള്‍പ്പൊടിയും അല്പം നാരങ്ങാനീരും പച്ചകര്‍പ്പൂരവും നന്നായി യോജിപ്പിച്ച് അതില്‍ ചുവപ്പ് നിറം കിട്ടാന്‍ ആവശ്യമായത്ര ചുണ്ണാമ്പും (വളരെക്കുറച്ച് മതിയാകും) ചേര്‍ത്ത് കുഴച്ച് തണലില്‍ നന്നായി ഉണക്കി ചിമിഴില്‍ സൂക്ഷിച്ച് വയ്ക്കാം. നല്ല മണവും അണുനാശകശക്തിയുമുള്ള ഇത് വെള്ളത്തിലോ എണ്ണയിലോ ചാലിച്ച് പൊട്ടുതൊടാം.

വീട്ടിലുണ്ടാക്കാവുന്ന ബോഡി ഡിയോഡറന്റ്

രാമച്ചം, ചന്ദനം, ഇരുവേലി, കൊട്ടം തുടങ്ങിയവയിലേതെങ്കിലും വെണ്ണ പോലെ അരച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്താല്‍ ദേഹത്ത് പുരട്ടാനുള്ള സുഗന്ധതൈലമായി. ഇത് പതിവായി തേച്ച് കുളിക്കുന്നത് വിയര്‍പ്പ് ഗന്ധത്തില്‍ നിന്ന് മോചനം നല്‍കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യും.

പരല്‍മീന്‍പോല്‍ പിടയ്ക്കും കണ്ണുകള്‍

നാടന്‍ രീതിയില്‍ തയ്യാറാക്കിയ, കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാതെയുണ്ടാക്കുന്ന മഷികൊണ്ട് കണ്ണെഴുതുന്നത് കണ്ണിന്റെ അഴക് മാത്രമല്ല ആരോഗ്യവും സംരക്ഷിക്കുന്നു. കണ്‍മഷി തന്നെ ഒരു ഔഷധമായി പ്രവര്‍ത്തിച്ചിരുന്നു. അണുതൈലം മൂക്കിലൊഴിച്ച് നിത്യവും നസ്യം ചെയ്യുന്നത് കാഴ്ചശക്തി കൂടാനും കണ്ണ് രോഗങ്ങള്‍ പിടിപെടാതിരിക്കാനും സഹായിക്കും.

കണ്ണ് കലങ്ങിയിരിക്കുകയോ ക്ഷീണിച്ചിരിക്കുകയോ ചെയ്യുകയാണെങ്കില്‍ കണ്ണില്‍ രണ്ടോ മൂന്നോ തുള്ളി പനിനീര്‍ ഇറ്റിക്കുക. അല്ലെങ്കില്‍ പനിനീരിലോ കറ്റാര്‍വാഴ നീരിലോ മുക്കിയ തുണി കണ്ണിന് മീതേ ഇട്ട് പത്തോ ഇരുപതോ മിനിറ്റ് നേരം കിടക്കുക. കണ്ണിലെ അലര്‍ജികളും അസ്വസ്ഥതകളും മാറാനും കണ്‍പീലികളില്‍ വരുന്ന ഫംഗസ് ബാധകള്‍ തടയാനും കടുക്ക, നെല്ലിക്ക, താന്നിയ്ക്ക ഇവ സമം ചേര്‍ത്ത് വെള്ളം തിളപ്പിച്ച് തണുത്തുകഴിയുമ്പോള്‍ കണ്ണില്‍ ധാര കോരണം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെയ്യുന്നത് നല്ലതാണ്. പുരികവും കണ്‍പീലികളും കറുക്കാനും കട്ടി വയ്ക്കാനും ആവണക്കെണ്ണ പുരട്ടിയാല്‍ മതി.

വീട്ടില്‍ തന്നെ ഒരു ഫെയ്‌സ് പായ്ക്ക്

കസ്തൂരിമഞ്ഞള്‍, രാമച്ചം, പതിമുഖം, ചന്ദനം എന്നിവ സമം എടുത്ത് ആര്യവേപ്പില, കണിക്കൊന്നയുടെ തളിരില എന്നിവയും ചേര്‍ത്ത് അരച്ച് നീരെടുത്തത് വെയിലത്ത് ഉണക്കി കാറ്റ് കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കണം. ഇത് ആവശ്യാനുസരണം വെള്ളത്തില്‍ ചാലിച്ച് കനത്തില്‍ മുഖത്തും കഴുത്തിലും പുരട്ടി നന്നായി ഉണങ്ങിയ ശേഷം കഴുകിക്കളയാം.

സീമ