അച്ഛന്റെ മകൾ
Saturday, August 22, 2015 3:43 AM IST
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം നമ്മൾ നൽകി. ഇപ്പോൾ ഇതാ അച്ഛന്റെ മക്കളായി അവർ അഭിനയത്തിലേക്കും എത്തിയിരിക്കുന്നു.

വിധി നൽകിയ കൽപനയിൽ പതറാതെ രതീഷിന്റെ മക്കൾ മുന്നോട്ടു പോവുകയാണ്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നത് സത്യമാകുന്നതുപോലെ... അമ്മയുടെയും അച്ഛന്റെയും വേർപാട് മനസിൽ ഒളിപ്പിച്ചു വച്ചുകൊണ്ട് ജീവിതത്തിൽ പുതിയ ഒരു തുടക്കം കുറിക്കുകയാണ്. മധുര നാരങ്ങ എന്ന സിനിമയിലൂടെ നായികയായി ഹരിശ്രീ കുറിക്കുന്ന പാർവതി രതീഷിനെ കാണുന്നത് തിരുവനന്തപുരം മുടവൻ മുകളിലെ പുതിയ ഫ്ളാറ്റിൽ വച്ചാണ്. കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന അധികം തിരക്കുകളില്ലാത്ത ഒരു സ്‌ഥലത്താവണം ഫ്ളാറ്റ് എന്നായിരുന്നു പാർവതിയുടെ ആഗ്രഹം. മനസിനിണങ്ങിയ ഫ്ളാറ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു മലയാള സിനിമയിലെ പുത്തൻ താരോദയം. ധാരാളം വെളിച്ചവും കാറ്റും നിറയുന്ന പത്താം നിലയിലെ ആ ഫ്ളാറ്റിൽ ഇരുന്നപ്പോൾ ശരിയാണ് ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്. സൗഹൃദത്തോടെ പാർവതി സംസാരിച്ചു തുടങ്ങി...

തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇങ്ങനെ ഒരു വീട് ആഗ്രഹിച്ചിരുന്നോ?

അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തേക്കു ഞങ്ങൾ വന്നത്്. ബ്രെയിൻ ട്യൂമറാണെന്ന് അറിഞ്ഞപ്പോൾ ഇവിടെ തന്നെ ചികിത്സിക്കാം എന്നു തീരുമാനിച്ചു. അന്ന് ഇവിടെ വന്നപ്പോൾ പെട്ടെന്ന് ഒരു സർവീസ്് അപ്പാർട്ടുമെന്റാണ് എടുത്തത്. എം.ബി.എയ്ക്കു ശേഷം ബാംഗ്ളൂരിൽ ആക്ച്വർ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി റിസൈൻ ചെയ്തിട്ടാണ് അമ്മയെ നോക്കാനായി ഞാൻ തിരുവനന്തപുരത്ത് എത്തുന്നത്്. എനിക്കു സിനിമയിലേക്കുള്ള ഓഫർ വന്നു. അഭിനയിക്കാൻ തീരുമാനിച്ചു. ആ സമയത്താണ് അമ്മയുടെ വേർപാട്. അനിയൻ പത്മരാജും സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ഇവിടെ സെറ്റിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിറയെ വെളിച്ചമുള്ള ഒരു ഫ്ളാറ്റ്തന്നെ വേണമെന്ന് ഒരാഗ്രഹം ഉണ്ടായിരുന്നു. കഴിഞ്ഞ മേയിലാണ് ഇങ്ങോട്ടു താമസം മാറ്റിയത്. അനിയന്മാരായ പത്മരാജും പ്രണവും എന്നോടൊപ്പം ഇവിടെ ഉണ്ട്. പ്രണവ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഡിഗ്രി കഴിഞ്ഞു. അനിയത്തി പത്മ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

മധുരനാരങ്ങയിലേക്ക് എത്തുന്നത്?

സുരേഷ്കുമാർ അങ്കിളിന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് പ്രൊഡ്യൂസർ എന്നെ കാണുന്നത്. രതീഷിന്റെ മകളാണെന്നു പറഞ്ഞ് എന്നെ പ്രൊഡ്യൂസർക്ക് അങ്കിൾ പരിചയപ്പെടുത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രൊഡ്യൂസർ എന്നെ വിളിച്ചിട്ടു പറഞ്ഞു ഓർഡിനറിയുടെ ഗ്രൂപ്പുതന്നെ പുതിയ ഒരു സിനിമ എടുക്കുന്നുണ്ട്. തിരക്കഥ ഒന്നു കേട്ടുനോക്കൂ എന്ന്. അങ്ങനെ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ഇഷ്‌ടമായി. പിറ്റെ ദിവസം എന്നെ സെലക്ട് ചെയ്തു എന്നു സംവിധായകൻ സുഗീതേട്ടൻ വിളിച്ചു പറഞ്ഞു.

കാമറയ്ക്കു മുൻപിൽ എത്തുന്നതിനു മുൻപ് തയ്യാറെടുപ്പുകൾ നടത്തിയിരുന്നോ?

ശ്രീലങ്കൻ പെൺകുട്ടിയായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്. ശ്രീലങ്കൻ പെൺകുട്ടിയുടെ കഥാപാത്രം വരുന്ന കന്നത്തിൽ മുത്തമിട്ടാൻ പോലുള്ള സിനിമകൾ കണ്ടു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് സുഗീതേട്ടന്റെ ഭാര്യ ഒരു വർക്ക്ഷോപ്പ്് എടുത്തിട്ടുണ്ടായിരുന്നു. അപ്പോൾ എനിക്ക് തിരക്കഥ മുഴുവൻ വായിച്ചുതന്നു. കുറെ സിനിമകളുടെ സി.ഡികൾ തന്നു. സിനിമകൾ കാണുന്നത് അഭിനയത്തിന് ഗുണം ചെയ്യുമെന്ന് പറഞ്ഞു. ഒരാഴ്ച സമയമുണ്ടായിരുന്നു. സിനിമകളെല്ലാം കണ്ടിട്ടാണ് ഞാൻ യുഎഇയിലേക്കു പോയത്. ഷൂട്ടിംഗ് അവിടെയായിരുന്നു. ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ ജനപ്രിയ താരങ്ങൾ ഉള്ള സെറ്റിലേക്കാണല്ലോ പോകുന്നത് അവരെ കാണാമല്ലോ എന്ന ആകാംക്ഷയോടെയാണ് അവിടെ ചെന്നിറങ്ങിയത്. സെറ്റിൽ പെൺകുട്ടിയായിട്ട് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ ദിവസം എല്ലാവരോടും ഹായ് പറഞ്ഞു ഫോർമലായി പരിചയപ്പെട്ടു. എനിക്ക് അഭിനയിക്കാമെങ്കിൽ നിനക്കും അഭിനയിക്കാം എന്നു പറഞ്ഞ് ചാക്കോച്ചൻ ധൈര്യം തന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബിജു ചേട്ടനും വന്നു സംസാരിച്ചു. അങ്ങനെ എല്ലാവരുമായി സൗഹൃദമായി. തീരെ ടെൻഷനില്ലാത്ത സെറ്റായിരുന്നു. ഒരു വെക്കേഷൻ ട്രിപ്പ് പോയതു പോലെയായിരുന്നു. പിറ്റെ ദിവസത്തെ ഷൂട്ടിംഗിനു വേണ്ടി തയ്യാറെടുക്കണമെന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നു. ഞാൻ ഒരു പെൺകുട്ടിയേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന പേടിയും ഇല്ലായിരുന്നു. എല്ലാവരും നല്ല കെയർ തന്നു. എന്റെ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിന് എന്നേക്കാൾ നല്ല ട്രീറ്റാണ് കിട്ടിയത്. സുഗീതേട്ടൻ വളരെ ക്ലിയറായിട്ട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുമായിരുന്നു. എന്താണ് ഒരു സീനിൽ അ‘ഭിനയിക്കുമ്പോൾ നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും വ്യക്‌തമാക്കും. തലയുടെ ഒരു ചലനമാണെങ്കിൽ കൂടി അത് കൃത്യമായി ചെയ്തു കാണിച്ചു തന്നിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ടെൻഷൻ ഇല്ലായിരുന്നു.

ലൊക്കേഷനിലെ ചില സംഭവങ്ങൾ ഓർത്തെടുത്താൽ?

ഷൂട്ടിംഗ് രസകരമായിരുന്നു. എപ്പോഴും എന്തെങ്കിലും പറഞ്ഞു നമ്മളെ ചിരിപ്പിച്ചുകൊണ്ടിരിക്കും. ഔട്ട് ഡോർ ഷൂട്ടിംഗ് നടക്കുമ്പോൾ അവിടെയുള്ള മലയാളികൾ വന്നിട്ട് ബിജുച്ചേട്ടന്റെയും ചാക്കോച്ചന്റെയും കൂടെ നിന്ന് ഫോട്ടോ എടുക്കും. ഞാൻ അവിടെ ഒരു സൈഡിൽ മാറി ഇരിക്കുന്നുണ്ടാവും. ആരും മൈൻഡ് ചെയ്യില്ല. പിന്നെ ചിലർക്ക് നമ്മൾ അവിടെ ഇരിക്കുന്നതു കണ്ട് പാവം തോന്നിയിട്ട് എന്നാൽ നിങ്ങളുടെ കൂടെനിന്നും ഒരു ഫോട്ടോ എന്നു പറഞ്ഞ് എടുക്കും. അപ്പോഴാണ് ചാക്കോച്ചനോടൊക്കെയുളള പ്രേക്ഷകരുടെ ഇഷ്‌ടം മനസിലാവുന്നത്. ഒരുപാട് മണ്ടത്തരങ്ങൾ ലൊക്കേഷനിൽ വച്ചുണ്ടായിട്ടുണ്ട്. ഒരു ദിവസം കോസ്റ്റ്യൂമർ എന്നോട് പറഞ്ഞു സിനിമയിൽ നമ്മൾ ഉപയോഗിക്കുന്ന കോസ്റ്റ്യൂംസ് ഇട്ട് ആർക്കും ഫോട്ടോസ് കൊടുക്കരുത്. ആദ്യമായി പരിചയപ്പെടുത്താൻ പോവുകയല്ലേ. ശരി. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞാൻ നോക്കിക്കൊള്ളാം.

ഒരു ദിവസം ഔട്ട് ഡോർ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു കുട്ടി വന്നിട്ട് ‘ചേച്ചീ ഒരു ഫോട്ടോ എടുത്തോട്ടെ’ എന്നു ചോദിച്ചു. സോറി മോളെ ഈ കോസ്റ്റ്യൂം ഇട്ടുകൊണ്ട് പറ്റില്ല. ഉടൻ തന്നെ ഡ്രസ് മാറും അപ്പോൾ ഫോട്ടോസ് തരാം എന്നു പറഞ്ഞു. ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും ഉൾപ്പെടെ എല്ലാവരും അവിടെ ഇരിപ്പുണ്ട്. ഒരു പടം അഭിനയിച്ചു തീർന്നില്ല. അതിനു മുൻപു തന്നെ അവളുടെ ജാഡ കണ്ടില്ലേ. എന്നു പറഞ്ഞു എല്ലാവരും കൂടി എന്നെ കളിയാക്കാൻ തുടങ്ങി. ആ ചെറിയ കുട്ടിയുടെ മുൻപിൽ ഞാൻ നാണംകെട്ടുപോയി.

നിങ്ങളല്ലേ പറഞ്ഞത് ഫോട്ടോസ് കൊടുക്കരുതെന്ന്

ഞങ്ങളോ എപ്പോൾ പറഞ്ഞു. അഹങ്കാരം കാണിച്ചിട്ട് ഞങ്ങളുടെ തലയിൽ പഴിയിടുന്നോ. അപ്പോഴേക്കും എന്റെ മുഖം ആകെ ചുവന്നു. തമാശയ്ക്കു വേണ്ടി പറഞ്ഞതാണ്.

കോസ്റ്റ്യൂം ചേഞ്ച് എന്നു പറയുമ്പോൾ ലൈറ്റ് ഒക്കെ സെറ്റ് ചെയ്ത് എല്ലാവരും റെഡിയായിട്ടിരിക്കും. ഞാൻ പോയി ചെയ്ഞ്ചു ചെയ്തിട്ടു വരുന്നത് പർദ ഇട്ടായിരിക്കും. കണ്ണു മാത്രം കാണാം. അപ്പോൾ ലൈറ്റ്മാൻമാർ കളിയാക്കും ഈ കണ്ണു കാണാനാണോ ഞങ്ങൾ ഈ ലൈറ്റ് ഒക്കെ സെറ്റ് ചെയ്തത്. എല്ലാവരും വളരെ സ്നേഹത്തോടെ ഇടപഴകി. രതീഷിന്റെ മകൾ എന്ന സ്നേഹം എല്ലാവർക്കും ഉണ്ടായിരുന്നു. ആദ്യത്തെ സിനിമ പൂർത്തിയാകുന്നതിനു മുമ്പുതന്നെ ധാരാളം ഓഫേഴ്സ് വന്നു. എന്തായാലും ആദ്യത്തെ സിനിമ റിലീസ് ചെയ്തതിനു ശേഷം മാത്രമേ അടുത്തതുള്ളൂ.

സിനിമയിലേക്ക് മക്കൾ എത്തുന്നത് കാണാൻ അച്ഛനും അമ്മയും ഇല്ല. ആഗ്രഹിക്കുന്നില്ലേ ആ സാമീപ്യം?

അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് ഇപ്പോഴാണ്. അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിന്തുണയും നിരൂപണവും മറ്റുള്ളവരുടെ അടുത്തു നിന്നു കിട്ടില്ല. എന്നാൽ അച്ഛന്റെ മരണശേഷം അച്ഛന്റെയും ഇപ്പോൾ അമ്മയുടെയും സ്നേഹം തരുന്നു സുരേഷ് കുമാർ അങ്കിളും മേനകാന്റിയും. മേനകാന്റിയെയും രേവതിയെയും കീർത്തിയെയും ട്രെയിലർ ഇറങ്ങിയ സമയത്ത് കാണിച്ചു കൊടുത്തിരുന്നു. നന്നായിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. സിനിമ കണ്ടിട്ട് ബാക്കി അഭിപ്രായങ്ങൾ പറയാം എന്ന്. ഞാനും രേവതിയും ഒരേ പ്രായമാണ്. കീർത്തിയും അനിയത്തി പത്മയും ഒരേ പ്രായം. ഞങ്ങളുടെ കൂട്ടുകെട്ടും അതുപോലെയാണ്. എന്റെയും പത്മരാജിന്റെയും കീർത്തിയുടെയും സിനിമ ഒരേ ദിവസമാണ് റിലീസ്. ഒരു ദിവസം മുഴുവനും ഞങ്ങൾ ഓടി നടന്ന് സിനിമ കാണേണ്ടിവരുമല്ലോയെന്ന് പറഞ്ഞു രേവതി ഇപ്പോഴേ ത്രില്ലില്ലാണ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.

എന്നെ തേടി ഒരു തിരക്കഥ എത്തിയാൽ അത് പോയി ആദ്യം പറയുന്നത് മേനകാന്റിയോടാണ്. ആന്റി ഒരമ്മയുടെ സ്‌ഥാനത്തു നിന്ന് വരുംവരായ്കകൾ പറഞ്ഞുതരും. ഇത്രയും വർഷത്തെ പരിചയസമ്പത്തുള്ള ആന്റി എന്നെ ഗൈഡ് ചെയ്യുന്നതിനേക്കാൾ നന്നായി മറ്റാർക്കും ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞുതരാൻ കഴിയില്ല. ഈ കുടുംബത്തെ പോലെ തന്നെ ഞങ്ങൾക്ക് അചഛന്റെ വാത്സല്യം പകർന്നു തന്ന ആളാണ് സുരേഷ് ഗോപിയങ്കിൾ. എന്നെ കുട്ടിയായിരിക്കുമ്പോൾ കണ്ടിട്ട് അങ്കിൾ പറഞ്ഞു, ഇവൾക്ക് ഒരു ഹീറോയിൻ ലുക്ക് ഉണ്ടല്ലോ എന്ന്. അങ്കിളിന്റെ വാക്കു ഫലിച്ചതുപോലെയായി. സുരേഷ്ഗോപി അങ്കിളിനെ എനിക്ക് ഷൂട്ടിംഗിന് മുൻപായിട്ട് കാണാൻ കഴിഞ്ഞില്ല. കോടീശ്വരന്റെ ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് അങ്കിൾ നല്ല തിരക്കിലായിരുന്നു. ഞാൻ രാധികാന്റിയെ വിളിച്ചു പറഞ്ഞു. എനിക്ക് അങ്കിളിന്റെ അനുഗ്രഹം കിട്ടിയില്ല. അതിൽ വിഷമമുണ്ട്.


ഞാൻ എയർപോർട്ടിൽ എത്തിയപ്പോൾ ഫ്ളൈറ്റ് രണ്ടു മണിക്കൂർ ലേറ്റ് ആയിരുന്നു. അതു ഭാഗ്യമെന്നേ ഞാൻ പറയൂ. ആ സമയത്ത് അങ്കിളിന് എന്നെ വിളിക്കാൻ പറ്റി. ഫോണിലൂടെ അങ്കിൾ എന്നെ അനുഗ്രഹിച്ചു. നേരിട്ട് കണ്ടില്ലെങ്കിലും കുഴപ്പമില്ല. എന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും എന്നു പറഞ്ഞു. ഇപ്പോൾ ഞങ്ങൾ എല്ലാവരും സിനിമ കുടുംബമായി.

മലയാളം നന്നായി സംസാരിക്കുന്നുണ്ടല്ലോ?

ഇപ്പോൾ പഠിച്ചെടുത്തതാണ്. എല്ലാവരുമായും കഴിവതും മലയാളത്തിൽ സംസാരിക്കാനാണ് ശ്രമിക്കുന്നത്. മലയാളം എനിക്ക് വായിക്കാൻ അറിയില്ല. ഷൂട്ടിംഗിന്റെ സമയത്ത് ഡയലോഗ് അസിസ്റ്റന്റ് പറഞ്ഞുതന്നപ്പോൾ ഞാൻ അത് ഇംഗ്ലീഷിലാണ് എഴുതിയെടുത്തത്. ബിജുച്ചേട്ടൻ എന്നെ വഴക്കു പറഞ്ഞു. നിനക്ക് മലയാളം അറിയില്ലേ. ഇറ്റ് ഈസ് നോട്ട് എ ക്രെഡിറ്റ്. അതിൽ പിന്നെ എവിടെ മലയാളം കണ്ടാലും വായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

മലയാളസിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ നടനാണ് രതീഷ്. പാർവതിക്ക് എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്‌ടം?

ഏത് കാരക്ടർ ചെയ്താലും മറ്റൊരാൾ ചെയ്താൽ അത് പാർവതി ചെയ്തതിനേക്കാളും നന്നാകും എന്ന് ആരും പറയരുത്. അത്രയും നന്നായി ചെയ്യാൻ പറ്റണം. എനിക്ക് ആണ് സിനിമയിലേക്ക് ആദ്യം അവസരം വന്നതെങ്കിലും ആദ്യം സിനിമ റിലീസ് ചെയ്തത് അനിയൻ പത്മരാജിന്റെയാണ്. അവൻ എന്നോടു പറഞ്ഞത് സിനിമ ചെയ്യുന്നുവെന്നു കരുതി ചാടിക്കയറി എല്ലാ സിനിമയും ചെയ്യരുത്. വളരെ ശ്രദ്ധിച്ചു മാത്രം സിനിമ തെരഞ്ഞെടുക്കുക.

ധാരാളം പുതുമുഖങ്ങൾ മലയാളസിനിമയിൽ എത്തുന്ന സമയത്താണ് പാർവതിയും സിനിമയിലേക്ക് എത്തുന്നത്? ഒരു മത്സരം ഉണ്ടാകുമോ?

ലൊക്കേഷനിൽ ഇരിക്കുമ്പോൾ തന്നെ ഓരോ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചൊക്കെ കേട്ടു. അതിൽ എല്ലാം പുതിയ നായികമാരുമാണ്. അപ്പോൾ എല്ലാവരും പറഞ്ഞു പാർവതിക്കു കോംപറ്റീഷൻ തുടങ്ങി എന്ന്. ആരോഗ്യപരമായ മത്സരം നല്ലതല്ലേ. മറ്റുള്ളവർ കൂടി വരുമ്പോഴല്ലേ നമ്മൾ ചെയ്യുന്നത് കൂടുതൽ നന്നാക്കാൻ ശ്രമിക്കൂ.

പാർവതിയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

എന്നോടു തീരെ ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണ്. മുഖം കണ്ടപ്പോഴേ മനസിലായില്ലേ ഒന്നും ചെയ്യാറില്ലെന്ന്. ഞാൻ വെള്ളം പോലും ശരിക്കും കുടിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്. എന്റെ ഫ്രണ്ട്സ് ഉൾപ്പെടെ എല്ലാവരും പറയും നേരത്തെ നീ എങ്ങനെ നടന്നാലും പ്രശ്നമില്ലായിരുന്നു. ഇനി നീ നിന്റെ സൗന്ദര്യവും ശരീരവുമൊക്കെ ശ്രദ്ധിക്കണം. ബോഡി മെയിന്റൈൻ ചെയ്യുകയെന്നത് ഞാൻ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. ഭക്ഷണത്തോടു വല്ലാത്തൊരിഷടമാണ് എനിക്ക്. ബാംഗ്ലൂരിൽ എനിക്ക് ഏറ്റവും അടുത്ത അഞ്ചു സുഹൃത്തുക്കളുണ്ട്. ശനിയും ഞായറും അവധി കിട്ടുമ്പോൾ ഞായറാഴ്ച മാറ്റിവയ്ക്കുന്നത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ്. ബാംഗ്ലൂരിലാണ് എന്റെ സുഹൃത്തുക്കൾ മുഴുവൻ. ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയപ്പോൾ ഞാൻ ബാംഗ്ലൂരിലേക്കു പോയി. എല്ലാവരെയും കണ്ടു. പോകാത്ത റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചു.

ഭക്ഷണത്തോടു നോ പറയാനാവില്ല. ഇപ്പോൾ രാവിലെ കുറെ സമയം ജോഗിംഗിനായി മാറ്റിവയ്ക്കുന്നു. ഷൂട്ടിംഗിനിടയിൽ മേക്കപ്പ്്മാനും ഞാൻ സ്കിൻ നോക്കുന്നില്ല എന്നു പറഞ്ഞ് എന്നെ വഴക്കു പറഞ്ഞിട്ടുണ്ട്. നല്ല മഴയും തണുപ്പുമുള്ള സമയത്തായിരുന്നു ഷൂട്ടിംഗ്. ആദ്യത്തെ രണ്ടു ദിവസം വലിയ കുഴപ്പമില്ലായിരുന്നു. അടുത്ത ദിവസം മേക്കപ്പിടാൻ തുടങ്ങിയപ്പോൾ എന്റെ മുഖം വല്ലാതെ വരണ്ടിരിക്കുന്നു. വൈകിട്ടു കിടക്കുന്നതിനുമുൻപായിട്ടു ഫേസ് വാഷ് ചെയ്തിട്ട് ക്രീം പുരട്ടണമെന്നു പറഞ്ഞു മേക്കപ്പ്മാൻ. ഞാൻ ചെയ്തില്ല. പിറ്റെ ദിവസം വന്നപ്പോഴും സ്കിൻ പഴയതുപോലെ. ഇന്നും ഒന്നും ചെയ്തില്ലേ എന്നു ചോദിച്ചു വഴക്കു പറഞ്ഞു. മേക്കപ്പ്മാനെ പേടിച്ച് ഞാൻ പിന്നെ മുഖം കെയർ ചെയ്തു തുടങ്ങി.

സിനിമയല്ലാത്ത ഇഷ്‌ടങ്ങൾ?

എനിക്ക് പെയിന്റിംഗ് വലിയ ഇഷ്‌ടമാണ്. കുട്ടിക്കാലത്ത് എന്നെ പെയിന്റിംഗ് പഠിപ്പിച്ച ടീച്ചർ ഒരു എക്സിബിഷൻ നടത്തിയപ്പോൾ അച്ഛനെ ചീഫ് ഗസ്റ്റായി ക്ഷണിച്ചു. അപ്പോൾ അവിടെ വച്ച് അച്ഛന് ഇഷ്‌ടപ്പെട്ട പെയിന്റിംഗ് വാങ്ങിച്ചതാണ് ഈ ഭിത്തിയിൽ കാണുന്ന പെയിന്റിംഗ്. എനിക്ക് ടാൻജോ പെയിന്റിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ബാംഗ്ലൂരിൽ ഒരു ടീച്ചറെ കണ്ടെത്തിയിട്ടുണ്ട്. ഇനി പഠിച്ചാൽ മതി. ഡാൻസ് കോഴ്സും ചെയ്യണമെന്നുണ്ട്. അത് സിനിമയ്ക്കു വേണ്ടിയാണ്്. കാരണം പാട്ടു സീൻ ഷൂട്ടു ചെയ്തപ്പോൾ എന്നോട് ഒന്നു കറങ്ങാൻ പറഞ്ഞപ്പോൾ തന്നെ കൺഫ്യൂഷനായി. ഇടത്തു നിന്നു തുടങ്ങണോ വലത്തു നിന്നു തുടങ്ങണോ എന്ന്. ചാക്കോച്ചനോട് ഈ സ്റ്റെപ്പ് നമുക്കൊന്നു ചെയ്തു നോക്കിയാലോ എന്നു പറയുമ്പോൾ തന്നെ ചാക്കോച്ചൻ അത് ചെയ്തിരിക്കും. ഈ സിനിമയിൽ വലിയ സ്റ്റൈപ്പുള്ള ഡാൻസ് ഒന്നും ഇല്ലായിരുന്നു. ശരീരം ഒന്നു വഴങ്ങിക്കിട്ടാൻ ഏതെങ്കിലും ഒരു ഡാൻസ് കോഴ്സ് ചെയ്യണം.

അച്ഛൻ അഭിനയിച്ചിരുന്ന സമയത്ത്

ലൊക്കേഷനിൽ പോകാറുണ്ടായിരുന്നോ?

വെക്കേഷൻ സമയത്താണ് കൂടുതലും അച്ഛനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നത്. ഒരു ദിവസം മുഴുവനും ഞങ്ങളെ നാലുപേരെയും ലൊക്കേഷനിൽ പിടിച്ചിരുത്തുകയെന്നു പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരിക്കൽ ഒരു ലൊക്കേഷനിൽ പോയപ്പോൾ ഞങ്ങൾ ഷൂട്ടിംഗ് ഒന്നും കാണാതെ ഓടി നടക്കുകയാണ്. അച്ഛന്റെ ഫ്രണ്ടായ ഒരു ആന്റിയെ പരിചയപ്പെടുത്തി. ബ്ലൂ സൽവാറാണ് ആ ആന്റി ഇട്ടിരുന്നത്. ഞാൻ പിന്നെയും ഓടിക്കളിച്ചുനടന്നിട്ട് വന്ന് ആ ആന്റിയുടെ കാലിൽ പുറകിലൂടെ വന്നു കെട്ടിപ്പിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴാണ് അത് ആന്റിയല്ല ബാബു ആന്റണിയാണെന്നു മനസിലായത്. ഞാൻ ഞെട്ടിപ്പോയി.

കമ്മീഷണറിലെ മോഹൻ തോമസ് എന്ന കഥാപാത്രമാണ് എനിക്ക് അച്ഛന്റെ കഥാപാത്രങ്ങളിൽ കൂടുതൽ ഇഷ്‌ടം. ഞങ്ങൾ വലുതായപ്പോൾ അച്ഛൻ നായകനിൽ നിന്ന് വില്ലനിലേക്ക് മാറിയിരുന്നു. കമ്മീഷണറിന്റെ ലൊക്കേഷനിൽ ശോഭനയാന്റിയുണ്ടായിരുന്നു. ഞങ്ങൾക്ക് ആന്റി ഐസ്ക്രീമൊക്കെ വാങ്ങിത്തന്നു. പത്മരാജിനെ ഒരുപാട് ഇഷ്‌ടമായിരുന്നു ആന്റിക്ക്.

ഓണമെത്തുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത്?

കുട്ടിക്കാലത്തെ ഓണം. ഞങ്ങൾ തമിഴ്നാട്ടിൽ ആയിരുന്നതുകൊണ്ട് ഓണം എത്തുന്നതിനു മുൻപേ ലീവിന് അപേക്ഷിക്കും. അവിടെ ഓണാഘോഷമില്ലല്ലോ. ഓണസദ്യയെക്കാളും ഞാൻ ഇഷ്‌ടപ്പെടുന്നത് അത്തപ്പൂ ഇടുന്നതാണ്. പൂ വാങ്ങിച്ച് ഞാനും അനുജത്തിയും കൂടി പൂവിടും. കാറൊക്കെയായിരിക്കും ഞങ്ങളുടെ ഡിസൈൻസ്. ഭയങ്കര തമാശയാണ്. അമ്മ തന്നെയാണ് ഓണസദ്യ തയാറാക്കുന്നത്. അച്ഛനും അമ്മയും ജോലിക്കാരും എല്ലാവരും കൂടി തറയിൽ ഇരുന്ന്, വാഴയിലയിൽ ഓണസദ്യ കഴിക്കും. അതാണ് ഞങ്ങളുടെ സ്‌ഥിരഓണം. ഫെസ്റ്റിവൽ സമയത്തൊന്നും അച്ഛനൊപ്പം ഞങ്ങൾ ഷൂട്ടിംഗിന് പോയിട്ടില്ല. വീട്ടിൽ തന്നെയായിരുന്നു അതുകൊണ്ട് എല്ലാവർഷവും ഓണാഘോഷം.

ഇത്തവണ ഓണം ആഘോഷിക്കണമെന്നു തോന്നുന്നില്ല. അമ്മയും ഞങ്ങളെ വിട്ടുപോയി. എന്നാൽ ഇത് പുതിയ വീട്ടിലെ ആദ്യത്തെ ഓണവുമാണ്. ഇവിടെ ഓണത്തിന് ഞങ്ങൾ നാലുപേരും ഒത്തുകൂടിയാൽ ഞാൻ തന്നെ പാചകം ചെയ്യേണ്ടിവരും. ഞാൻ പാചകം ചെയ്യുന്നത് എന്റെ അനിയന്മാർക്കു വലിയ ഇഷ്‌ടമാണ്. രണ്ടുപേർക്കും ഭക്ഷണമുണ്ടാക്കി ഞാൻ ഇപ്പോൾ എപ്പോഴും അടുക്കളയിലാണോ എന്നു പോലും എനിക്കു ചിലപ്പോൾ തോന്നും. അവരോടു ഞാൻ എപ്പോഴും പറയും പാചകം ഒരു കലയാണ് റെസ്പെക്ട് ഇറ്റ് എന്ന്. ഞങ്ങൾ സഹോദരങ്ങളെപ്പോലെയല്ല. നല്ല സുഹൃത്തുക്കളെപ്പോലെയാണ്. എന്റെ സുഹൃത്തുക്കളും അവരുടെ കൂട്ടുകാരാണ്. തിരിച്ചും അങ്ങനെ തന്നെ. അമ്മയും അച്ഛനും ഇല്ലാത്തതിന്റെ സങ്കടം മറക്കുന്നത് ഈ സ്നേഹവലയങ്ങളിലാണ്.

പറഞ്ഞുനിർത്തിയപ്പോൾ ആ വെള്ളാരംകണ്ണുകളിൽ നനവു പടർന്നു. പെട്ടെന്നു തന്നെ ഫോട്ടോ ഷൂട്ടിനായി സെറ്റു സാരിയുടുത്ത് മുല്ലപ്പൂ ചൂടി പാർവതി വന്നു. തനി മലയാളി പെൺകുട്ടിയായി...

<യ>അജിന മോഹൻ

ഫോട്ടോ– ടി.സി ഷിജുമോൻ