പ്രസവാനന്തര ശുശ്രൂഷയുടെ ആവശ്യകത എന്താണ്? പ്രസവാനന്തര ചികിത്സ എന്തെല്ലാം?
Wednesday, February 10, 2016 6:23 AM IST
പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്നു മാസം വളരെ ശ്രദ്ധിക്കേണ്ടതാണ്. ആയുർവേദവിധിപ്രകാരം പ്രസവം കഴിയുമ്പോൾ വാതദോഷം കൂടുകയും ദഹനപ്രക്രിയ, പ്രതിരോധശേഷി എന്നിവ കുറയുകയും ചെയ്യുന്നു. പ്രസവശേഷം ഉണ്ടാകുന്ന ദോഷവ്യതിയാനങ്ങളെ മാറ്റി ശരീരത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് പ്രസവാനന്തര ശുശ്രൂഷ ചെയ്യുന്നത്. വികസിച്ചിരിക്കുന്ന ഗർഭപാത്രം സാധാരണ നിലയിലേക്ക് എത്തുന്നത് ഈ സമയത്താണ്.
ചികിത്സ രണ്ടു രീതിയിലാണുള്ളത്.

1. ശരീരത്തിൽ ബാഹ്യമായി ഉപയോഗിക്കുന്നതും (external)
2. ഉള്ളിൽ സേവിക്കാവുന്നതും (interal) ശരീരത്തിൽ ബാഹ്യമായി ഉപയോഗിക്കുന്നത്

സുഖപ്രസവം കഴിഞ്ഞാൽ അഞ്ചാമത്തെ ദിവസവും സിസേറിയൻ ആണെങ്കിൽ പതിനഞ്ചു ദിവസം കഴിഞ്ഞുമാണ് വേദ്കുളി (പ്രസവത്തിനുശേഷമുള്ള കുളി) തുടങ്ങുന്നത്. ധന്വന്തരം കുഴമ്പ്, കസ്തൂരിമഞ്ഞളും ചേർത്ത് ശരീരത്തിൽ പുരട്ടി വേദ് മരുന്ന് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി കൊടുക്കുന്നു. വാതത്തെ കുറയ്ക്കുന്ന ഔഷധങ്ങളായ ആടലോടകം, പുളിയില, ആവണക്ക്, എരിക്ക് തുടങ്ങിയവയുടെ ഇലകളും മറ്റു ആയുർവേദ മരുന്നുകളും ഉപയോഗിച്ച് കിഴി ചെയ്യാറുണ്ട്.


ഉള്ളിൽ മരുന്ന് സേവിക്കുന്നത്

ശരീരത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാനും മുലപ്പാൽ വർധനയ്ക്കും വേണ്ടിയാണ് ഉള്ളിൽ മരുന്ന് സേവിക്കുന്നത്. ധന്വന്തരം കഷായം, പഞ്ചകോലാസവം, ദശമൂലാരിഷ്‌ടം, ജീരകാരിഷ്‌ടം, കുറിഞ്ഞിക്കുഴമ്പ് തുടങ്ങിയ ഔഷധങ്ങളാണ് ഉള്ളിൽ സേവിക്കുന്നത്.