ആദ്യം ഡിവോഴ്സ്, പിന്നെ കല്യാണം!
Monday, February 22, 2016 12:08 AM IST
ഈ പ്രേമത്തിനു കണ്ണില്ലെന്ന് അന്നേ ആരോ പറഞ്ഞതാ, അപ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ പറഞ്ഞു ഈ നാട്ടുകാർക്കു കണ്ണുകടിയാണെന്ന്. കണിച്ചുകുളങ്ങരക്കാരൻ പയ്യന്റെ കൈയും പിടിച്ചു കാവിപ്പെൺകൊടി ഡൽഹിയിലെ ഷാമരം ചുറ്റിയോടുന്നതു കണ്ടപ്പോൾ ഇടതുനെഞ്ചും വലതുനെഞ്ചും പടപടാ ഇടിച്ചു. ഈ മരം ചുറ്റിയോട്ടം കല്യാണത്തിലെത്തുമെന്നുതന്നെ പലരും കരുതി. ചുറ്റും കൊടികെട്ടിയ അസൂയക്കാരാണെന്നും കല്യാണം മുടക്കികളെ സൂക്ഷിക്കണമെന്നും ഡൽഹിയിലെ കാരണവൻമാർ ചെറുക്കനെയും പെണ്ണിനെയും ഉപദേശിച്ചു. ഇതിനിടെ, മൂത്തകാരണവർ രണ്ടുപേരെയും മാറ്റിനിർത്തി പറഞ്ഞു: ‘കുറെ വർഷമായിട്ടുള്ള ഒരു മോഹമാണ്. ഈ കാവിത്തറവാട്ടിൽ കല്യാണങ്ങൾ പലവട്ടം നടന്നു. പക്ഷേ, ഇന്നേവരെ കേരള മണ്ണിൽ ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. നിങ്ങളെങ്കിലും അതു സാധിച്ചുതരണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെങ്കിലും നമ്മുക്കൊരു കുഞ്ഞിക്കാല് പ്രതീക്ഷിച്ചോട്ടെ?’

കാരണവരുടെ ചോദ്യം കേട്ടതും ചെറുക്കനും പെണ്ണും കൈകോർത്തുപിടിച്ചു. എന്നിട്ടു തെല്ലു നാണത്തോടെ പറഞ്ഞു: ‘അമ്മാവൻ വിഷമിക്കേണ്ട, ഇത്തവണ വെറും കുഞ്ഞിക്കാലല്ല, ഇമ്മിണി ബല്യ കാലു തന്നെ പ്രതീക്ഷിക്കാം. അമ്മാവൻ കാലിന്റെ എണ്ണമെടുക്കാൻ തയാറായിക്കോളൂ.’
ഇതോടെ അമ്മാവന്റെയും കുടുംബക്കാരുടെയും മുഖം താമരപോലെ വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്ന കുഞ്ഞുങ്ങൾക്കായി തൊട്ടിലും കട്ടിലും ഉണ്ടാക്കാൻ ഓർഡറായി. കുഞ്ഞിയുടുപ്പുകൾ തുന്നാൻ മണ്ഡലം കമ്മിറ്റികളെ ചുമതലപ്പെടുത്തി. ആലോചനയും ഒത്തുകല്യാണവുമൊക്കെ ഡൽഹിയിൽ രഹസ്യമായി നടത്തിയെങ്കിലും കല്യാണം നാലാൾ കാൺകെ നാട്ടിൽതന്നെ ഗംഭീരമായി നടത്തണമെന്ന് ഉപദേശിച്ചാണ് ചെറുക്കനെയും പെണ്ണിനെയും കാരണവൻമാർ നാട്ടിലേക്കു വിട്ടത്.

ചെറുക്കന്റെയും പെണ്ണിന്റെയും അടുപ്പവും വർത്തമാനവുമൊക്കെ കണ്ടപ്പോൾ അടുത്ത തെരഞ്ഞെടുപ്പിലെ ഒറ്റ പ്രസവത്തിൽത്തന്നെ നാലു കുഞ്ഞുങ്ങളെ വരെ പ്രതീക്ഷിക്കാമെന്നു ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. എന്നാൽ, ഈ കല്യാണ ആലോചനകൾ മുറുകുമ്പോഴും മുരളീധരമാമയുടെ മാത്രം മുഖം തെളിഞ്ഞില്ല. ഈ ബന്ധം നമുക്കു പറ്റിയതല്ലെന്ന് എല്ലാ കാരണവൻമാരോടും പുള്ളിക്കാരൻ പറഞ്ഞതാ. പക്ഷേ, ആരും ചെവി കൊടുത്തില്ല. ഇപ്പോ മുരളീധരമാമ മനസിലെങ്കിലും ചിരിക്കുന്നുണ്ടാവണം. കാരണം, കല്യാണത്തിനു മുമ്പേ ഡിവോഴ്സ് നോട്ടീസ് കൊടുത്തിരിക്കുകയാണു പയ്യൻ. കല്യാണം നടത്താനും മണ്ഡലം തോറും പ്രസവമെടുക്കാനും ഒരുക്കം തകൃതിയായി നടക്കുന്നതിനിടയിലാണ് പയ്യന്റെ മനംമാറ്റം. ഇങ്ങനെയൊരു കല്യാണത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നാണ് ഇപ്പോൾ പയ്യന്റെ കുടുംബക്കാരുടെ പക്ഷം.


സംഘപ്പുര നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും കാവിപ്പെണ്ണിന് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു ഗതികേടുവരുമെന്ന് ആരും കരുതിയിരുന്നില്ല. എത്രയോ ചെറുക്കന്മാർ വന്നു പെണ്ണു കണ്ടിട്ട് ഇഷ്ടപ്പെട്ടു പോയതാണ്. അന്നൊന്നും താൻ സമ്മതിക്കാതിരുന്നത് ഈ പയ്യനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു പോയതുകൊണ്ടാണെന്നു പറഞ്ഞാണ് അവളുടെ കരച്ചിൽ. എന്നാൽ, നമ്മുടെ പയ്യന്റെ മനസിൽ മറ്റേതോ പെണ്ണ് ഇടംപിടിച്ചെന്നാണ് കേൾവി. കാശും ആളും സ്വാധീനവും കൂടുതലുള്ള മുന്നണി കുടുംബക്കാരെ കണ്ടപ്പോൾ പയ്യന്റെ മനസിളകി പോയത്രേ. നാട്ടുകാരുടെ കണ്ണുകടിയാണോ വീട്ടുകാരുടെ തമ്മിലടിയാണോ ഉടൻ നടക്കാൻ പോകുന്നതെന്നറിയാൻ അല്പംകൂടി കാത്തിരിക്കാം.

<യ>മിസ്ഡ് കോൾ
= ഒരു സംഘം അഭിഭാഷകർ പട്യാല ഹൗസ് കോടതിയിൽ അഴിഞ്ഞാടി.
– വാർത്ത
= കേസ് കർണൻ ജഡ്ജിക്കു വിട്ടാലോ?