സുഖകരമായ ദഹനത്തിന് വെളുത്തുള്ളി
Thursday, June 30, 2016 3:07 AM IST
ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയിൽ നടക്കുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. (ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകൾ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു.) വെളുത്തുള്ളി ചുട്ടു കഴിക്കുന്നതും വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം.

ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മരുന്നായും ഉപയോഗിക്കാം. വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ മഹഹശരശി എന്ന സംയുക്‌തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആന്റി ഓക്സിഡന്റ് സ്വഭാവവും അല്ലിസിനുണ്ട്. വിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുമ്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസമ്പുഷ്‌ടമാക്കുന്നു. വെളുത്തുളളിയുടെ ഔഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം.പാകം ചെയ്താൽ അതിന്റെ ഔഷധഗുണത്തിന്റെ നല്ലൊരുഭാഗം നഷ്‌ടപ്പെടും.


ഹൃദയം, രക്‌തസഞ്ചാര വ്യവസ്‌ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം, ഉയർന്ന രക്‌തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി ഹൃദയ രോഗങ്ങൾ, ഹൃദയാഘാതം, ആർട്ടീരിയോ സ്ളിറോസിസ് രക്‌തധമനികളുടെ കട്ടി കൂടി ഉൾവ്യാസം കുറയുന്ന അവസ്‌ഥ എന്നിവ തടയുന്നതിനു വെളുത്തുളളി ഫലപ്രദം. വെളുത്തുളളിയുടെ ഇത്തരം ഗുണങ്ങൾ ശാസ്ത്രവും ശരിവയ്ക്കുന്നു. 600–900 മില്ലിഗ്രാം വെളുത്തുളളി ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു സഹായകമെന്നു പഠനം. അതേസമയം നല്ല കൊളസ്ട്രോളായ എച്ച്ഡിലിന്റെ തോതിൽ കുറവുണ്ടാകാതെ കരുതുന്നു. കരളിന്റെ എൽഡിഎൽ കൊളസ്ട്രോൾ നിർമാണം തടയുന്നു.

രക്‌തക്കുഴലുകൾ വികസിക്കുന്നതിനും രക്‌തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം.രക്‌തം കട്ട പിടിക്കുന്നതു തടയുന്നതിൽ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം. എന്നാൽ ഇത്തരം രോഗങ്ങൾക്കു മരുന്നുകഴിക്കുന്നവർ വെളുത്തുളളി എത്രത്തോളം ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ചികിത്സകന്റെ ഉപദേശം തേടാവുന്നതാണ്. അമിതമായി കഴിക്കരുതെന്നു ചുരുക്കം. (തുടരും)

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്