രക്‌തദാനം സുരക്ഷിതം
Wednesday, July 20, 2016 4:17 AM IST
ഒരിക്കലും രക്‌തം ദാനംചെയ്യാൻ പാടില്ലാത്തവരുണ്ടോ?

ഹൃദ്രോഗികൾ, രക്‌താതിസമ്മർദ്ദം, പ്രമേഹം, മനോരോഗത്തിന് ചികിത്സയിലുള്ളവർ, ചുഴലിരോഗം, അർബുദം, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗബാധിതർ തുടങ്ങിയവർ രക്‌തദാനം ചെയ്യാൻ പാടില്ല.

രക്‌തദാനത്തിനു ദോഷഫലങ്ങളുണ്ടോ?

രക്‌തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്‌തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. ഒരാൾ രക്‌തം ദാനം ചെയ്യുമ്പോൾ ശരീരം അതിവേഗം രക്‌തകോശങ്ങളെ വീണ്ടെടുക്കുന്നതിനാൽ രക്‌തദാതാവിന് ക്ഷീണമോ പ്രയാസമോ അനുഭവപ്പെടുകയില്ല.

സുരക്ഷിതമായ രക്‌തം എങ്ങനെ ഉറപ്പാക്കാം?

*കഴിയുന്നതും സന്നദ്ധ രക്‌തദാതാക്കളിൽ നിന്നും രക്‌തം സ്വീകരിക്കുക.
*രക്‌തം രോഗാണുവിമുക്‌തമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രോഗികൾക്ക് നൽകാറുള്ളൂ.

രക്‌തദാനം എവിടെ ചെയ്യണം?

സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്‌തബാങ്കുകളിൽ രക്‌തദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്‌തം ശേഖരിക്കാനും വേണ്ട പരിശോധനകൾ നടത്താനും ഗുണമേന്മയുള്ള രക്‌തം സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യാനുമുള്ള സംവിധാനമാണ് രക്‌തബാങ്കുകളിലുള്ളത്.


രക്‌തം ദാനംചെയ്യാനും പ്രോത്സാഹിപ്പിക്കാനും നാം എന്തുചെയ്യണം?

അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബ്ലഡ് ഡോണർ ഫോറത്തിൽ പേര് രജിസ്റ്റർ ചെയ്ത് രക്‌തദാന കാർഡ് കൈപ്പറ്റുക.

ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യസ്‌ഥാപനങ്ങൾ, ക്ലബുകൾ തുടങ്ങിയ ഏതൊരു സ്‌ഥാപനത്തിനും അവരുമായി ബന്ധപ്പെട്ട ദാതാക്കളുടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കുവാൻ ഉപകരിക്കുന്ന ഒന്നാണ് ബ്ലഡ് ഡോണർ ഫോറങ്ങൾ.

സ്‌ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ ഒരുവർഷം നാലുലക്ഷം യൂണിറ്റിന് മുകളിൽ രക്‌തം ആവശ്യമായി വരുന്നു. എന്നാൽ സന്നദ്ധ ദാതാക്കളിൽ നിന്നു ലഭിക്കുന്നതു താരതമ്യേന കുറവാണ്. 2017 ആകുമ്പോൾ ആവശ്യമായ രക്‌തം 100% സന്നദ്ധ ദാതാക്കളിൽ നിന്നു ശേഖരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ മഹത്സംരംഭം വിജയിപ്പിക്കാനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.

വിവരങ്ങൾ– <യ> ഡോ.പ്രശാന്ത്,
മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം,
പാമ്പാടുംപാറ, ഇടുക്കി.