ജീവിതശൈലി തെറ്റായതു കൊണ്ടുമാത്രം പിടിച്ചുവാങ്ങുന്ന രോഗങ്ങൾ അടുത്തിടെയായി ജീവിതശൈലീരോഗങ്ങൾ എന്നുളള ഓമനപ്പേരിൽ അറിയപ്പെടുന്നുണ്ട്.. അമിതവണ്ണം, അമിതഭാരം, ഉയർന്ന കൊളസ്ട്രോൾ, രക്താതിസമ്മർദം... എന്നിങ്ങനെ അതിനു പല രൂപഭാവങ്ങൾ.
പതിവായി നടന്നാൽ അത്തരം രോഗങ്ങൾ ഒരുപരിധിവരെ അകന്നു നിൽക്കും. നടത്തം ഉൾപ്പെടെയുളള വ്യായാമരീതികൾ ശീലമാക്കുന്നത് ആരോഗ്യജീവിതം ഉറപ്പാക്കും. പതിവായി അര മണിക്കൂറെങ്കിലും നടക്കണം. വെറുതേ നടന്നാൽ പോരാ; വേഗത്തിൽ നടക്കണം, നന്നായി വിയർക്കട്ടെ. അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കുന്നതിന് അതു സഹായകം. രാവിലത്തെ ഇളംവെയിലേറ്റു നടന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഉത്പാദനവും സാധ്യമാകും. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമം പാടുളളൂ. ജിമ്മിൽ പോയി ചെയ്യുന്നതു മാത്രമല്ല വ്യായാമം; ജോഗിംഗ്, സൈക്കിൾ സവാരി, കളികൾ, പൂന്തോട്ട പരിപാലനം എന്നിവയെല്ലാം വ്യായാമത്തിനുളള ഉപാധികൾ തന്നെ. നടത്തം ആർക്കും എപ്പോഴും ചെലവില്ലാതെ സാധ്യമാകും.
വ്യായാമം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ഓക്സിജൻസമ്പന്നമായ രക്തം ശരീരത്തിലെമ്പാടും എത്തിക്കുമെന്നതിനാൽ എയ്റോബിക് വ്യായാമവും ഏറെ ഗുണകരം. ഇതു തുടങ്ങുംമുമ്പ് ഫിസിഷ്യന്റെ നിർദേശം തേടാവുന്നതാണ്. വ്യായാമത്തിനിടെ ശ്വാസംമുട്ടൽ, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ഫിസിഷ്യന്റെ സേവനം തേടുക. കാൻസർ, ഹൃദയരോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, സ്ട്രോക്ക്, ഡിമെൻഷ്യ, ഡിപ്രഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനു വ്യായാമം സഹായമെന്നു പഠനങ്ങൾ. പ്രായമാകുന്നതുമായി ബന്ധപ്പെട്ട ശാരീരിക മാറ്റങ്ങളുടെ വേഗം കുറച്ചു യുവത്വം നിലനിർത്തുന്നതിനും വ്യായാമം സഹായകം.
<യ> ജൈവപച്ചക്കറികൾ
ജൈവരീതിയിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു സഹായകം. വിവിധ നിറങ്ങളിലുളള പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. ചക്ക, മാങ്ങ, പപ്പായ, വാഴപ്പഴം, വാഴക്കൂമ്പ്, ആത്തച്ചക്ക, മുരിങ്ങയില... തുടങ്ങി വീട്ടുവളപ്പിൽ നിന്നു കിട്ടുന്നവയ്ക്കു മുൻഗണന കൊടുക്കണം. അവയിലുളള ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ആരോഗ്യജീവിതത്തിന് അവശ്യം. അവ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ജൈവരീതിയിൽ വിളയിച്ചവയ്ക്കു മുൻഗണന കൊടുക്കണം. വേവിക്കാതെ കഴിക്കാവുന്ന ശുദ്ധമായ പഴങ്ങളും പച്ചക്കറികളും അങ്ങനെതന്നെ കഴിക്കുക. അവ യഥേഷ്ടം ലഭിക്കാൻ വീട്ടുവളപ്പിലോ ചട്ടികളിൽ മണ്ണുനിറച്ചോ പച്ചക്കറിത്തോട്ടം രൂപപ്പെടുത്തണം. പച്ചക്കറികൾ പുറമേ നിന്നു വാങ്ങുന്നവർ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിലോ പുളിവെളളത്തിലോ വെജിവാഷിലോ നന്നായി മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചതിനുശേഷം ശുദ്ധജലത്തിൽ കഴുകിയെടുത്തുവേണം പാചകത്തിന് ഉപയോഗിക്കാൻ. (തുടരും)
തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്