ഹൃദയാരോഗ്യത്തിനു തക്കാളി
Tuesday, July 26, 2016 3:01 AM IST
തക്കാളി ഹൃദയാരോഗ്യത്തിനു ഗുണകരം. തക്കാളിയിൽ പൊട്ടാസ്യം ധാരാളം. രക്‌തസമ്മർദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോഴാണ് രക്‌തസമ്മർദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തിൽ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്‌തസമ്മർദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ എ, സി, നാരുകൾ, കരോട്ടിനോയ്ഡുകൾ എന്നിവയുടെ യോജിച്ചുളള പ്രവർത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു.

<യ> തക്കാളി ചട്ണി

ചീനച്ചട്ടിയിൽ കടുവറുത്ത് വെളുത്തുളളി ചതച്ചത്, കറിവേപ്പില, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. കടു വറുക്കാൻ എണ്ണ മിതമായി ഉപയോഗിക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി കൂടി ചേർത്തിളക്കി 5 മിനിറ്റ് അടച്ചുവച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. എരിവ് കൂടുതലാണെങ്കിൽ വേണമെങ്കിൽ അല്പം പഞ്ചസാര കൂടി ചേർക്കാം. തക്കാളിയിൽ ഏറെ ജലാംശമുളളതിനാൽ വെളളം പ്രത്യേകമായി ചേർക്കേണ്ടതില്ല. ട്രെയിൻ യാത്രകളിലും മറ്റും ചപ്പാത്തി കരുതുന്നവർക്കു കൂട്ടാനായി തക്കാളി ചട്ണി കൊണ്ടുപോകാം; പെട്ടെന്നു കേടാകില്ല എന്നതാണ് ഇതിന്റെ മെച്ചം. ഒരു കാര്യം കൂടി... പാചകത്തിന് പഞ്ചസാര, ഉപ്പ്, എണ്ണ, എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.


തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്