വെപ്പുപല്ലുകളും നൂതന മാർഗങ്ങളും
Friday, July 29, 2016 12:43 AM IST
അത്യാധുനിക ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയംകൊണ്ട് ഡെന്റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പല്ലുകൾ നൽകും.

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. വാർധക്യത്തിലെ പല്ലുകൊഴിച്ചിൽ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു, യഥാർത്ഥത്തിൽ, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗകാരണങ്ങളാണതിനു കാരണമാകുന്നത്. കൃത്യസമയത്തു ചികിത്സ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിനു കാരണമാകുകയും വ്യക്‌തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ, ദന്തപരിപാലനത്തിലെ പ്രധാന ഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്.

ഏതെങ്കിലും കാരണങ്ങളാൽ പല്ലുകൾ നഷ്ടമാകുന്നപക്ഷം ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്‌ഥ നഷ്ടമാകുകയും ബാക്കിയുള്ള പല്ലുകളേയും മോണയേയും താടിയെല്ലുകളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറെ കഴിയുമ്പോൾ, നഷ്ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിന്റെ രൂപത്തിനു ഹാനി സംഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവംമൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായിത്തീരുകയും പോഷകാഹാരക്കുറവുമൂലം വേഗത്തിൽ വാർധക്യത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, പലവിധ പ്രശ്നങ്ങൾ ഒഴിവാക്കാൻ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.



കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്

നഷ്ടപ്പെട്ട പല്ല് രണ്ടുവിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചുവയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവെയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പു പല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്ടപ്പെട്ട അനേകായിരം പേർക്കു വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിനു ഏക പോംവഴി.

വെപ്പുപല്ലുകളുടെ ന്യൂനതകൾ

നൂതന സാങ്കേതികതയുടെ സഹായത്താൽ സമീപകാലത്ത് വെപ്പുപല്ലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് രോഗികൾക്കു കൂടുതൽ സൗകര്യപ്രദമായി തീർന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ഈരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളിൽ പലരും തൃപ്തരല്ലെന്നതിനു ചില കാരണങ്ങൾ താഴെപ്പറയുന്നു:

* ചവയ്ക്കാൻ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാർഥ പല്ലുകൾ നൽകുന്ന സൗകര്യത്തിന്റെ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിനു വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും ഊഷ്മാവും വ്യത്യസ്തമയി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.




* ദുഷിച്ച ശ്വാസം, സംസാരിക്കുന്നതിനുള്ള പ്രയാസം.... പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരിൽ അസുഖകരമായ ശബ്ദങ്ങൾ ഉപയോക്‌താവിനു അലോരസമുണ്ടാക്കുംവിധമുള്ള ശബ്ദങ്ങൾക്കു വെപ്പു പല്ലുകൾ കാരണമാകും.

* ചവയ്ക്കുന്നതിനുള്ള പ്രയാസംമൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ആരോഗ്യം കുറയുന്നു. അളവ് തെറ്റിയതും, ന്യൂനതകളുള്ളതുമായ വെപ്പു പല്ലുകൾ ഉപയോക്‌താവിന്റെ ദൈനംദിന പ്രവർത്തികൾക്ക് തടസം സൃഷ്ടിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും, ശാരീരിക– കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും അവർക്കു തടസം അനുഭവപ്പെടുന്നു. വ്യക്‌തിബന്ധങ്ങളെപ്പോലും അതു പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തേക്കാൾ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തത്ഫലമായി മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും (Facial collapse) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാകുകയും തുടർന്നു വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാകുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമ ദന്തങ്ങളെ അപേക്ഷിച്ചു വെപ്പുപല്ലുകൾക്കുള്ള ഏക മേന്മ അവയ്ക്കു ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കുപോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.

(തുടരും.....)



ഡോ. പ്രശാന്ത് പിള്ള
ഓറോ– മാക്സിലോഫേഷ്യൽ സർജൻ * ഇംപ്ലാന്റോളജിസ്റ്റ്,
ദി സ്മൈൽ സെന്റർ.ഇൻ, എറണാകുളം
email: [email protected]


http://www.smilecentre.in/