എല്ലുകളുടെ ആരോഗ്യത്തിനു വിറ്റാമിൻ ഡി
Friday, July 29, 2016 3:50 AM IST
വെയിലു കൊണ്ടതു കൊണ്ടുമാത്രം വിറ്റാമിൻ ഡി ശരീരത്തിനു മതിയാവോളം കിട്ടില്ല. ത്വക്കിൽ കാൻസറിനുവരെ കാരണമാകുന്ന അൾട്രാവയലറ്റ് കിരണങ്ങൾ സൂര്യപ്രകാശത്തിലുളളതിനാൽ ഏറെനേരം വെയിലു കൊളേളണ്ട. മുട്ട, മീനെണ്ണ, മൃഗങ്ങളുടെ കരൾ, പാൽ, കൂൺ, അയല, മത്തി, തൈര്, വെണ്ണ എന്നിവയിൽ വിറ്റാമിൻ ഡി ധാരാളം. കൊഴുപ്പിൽ ലയിക്കുന്നതരം വിറ്റാമിനാണിത്.

ആഹാരത്തിൽ നിന്ന് കാൽസ്യത്തിന്റെ ആഗിരണത്തിനും ഫോസ്ഫറസിന്റെ ഫലപ്രദമായ വിനിയോഗത്തിനും വിറ്റാമിൻ ഡി വേണം. എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന് വിറ്റാമിൻ ഡി അവശ്യമെന്നു ചുരുക്കം. വിറ്റാമിൻ ഡി കാത്സിഫെറോൾ എന്നും അറിയപ്പെടുന്നു. വിറ്റാമിൻ ഡി ആവശ്യത്തിനു കിട്ടിയില്ലെങ്കിൽ കുട്ടികളിൽ റിക്കറ്റ്സിയ എന്ന രോഗവും മുതിർന്നവരിൽ എല്ലുകൾക്കു തകരാറും ഉണ്ടാകാനിടയുണ്ട്. എല്ലുകൾ ദുർബലമായി അസ്‌ഥികൾക്കു വൈരൂപ്യം സംഭവിക്കുന്ന രോഗമാണ് റിക്കറ്റ്സിയ. സ്തനാർബുദസാധ്യത കുറയ്ക്കുന്നതിനു വിറ്റാമിൻ ഡി സഹായകമെന്നു ചില പഠനങ്ങൾ പറയുന്നു. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും സഹായകം.


ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും വിറ്റാമിൻ ഡി സഹായകമെന്നു ചില പഠനങ്ങൾ പറയുന്നു. അന്റാസിഡുകൾ(ആമാശയ അസിഡിറ്റിക്കുളള മരുന്നുകൾ), കൊളസ്ട്രോൾ കുറയ്ക്കുന്ന ചിലതരം മരുന്നുകൾ, സ്റ്റിറോയ്ഡുകൾ എന്നിവയുടെ ദീർഘകാല ഉപയോഗം
വിറ്റാമിൻ ഡിയുടെ ആഗിരണം തടസപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ട്.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്