മരുന്നുകളെ അപകടത്തിലാക്കുന്ന മദ്യം
Friday, July 29, 2016 3:50 AM IST
മിക്ക മരുന്നുകളുമായും ആൽക്കഹോൾ പ്രതിപ്രവർത്തിക്കുന്നുണ്ട്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ, മെഡിക്കൽ സ്റ്റോറുകളിൽ നിന്നു നേരിട്ടു വാങ്ങുന്ന മരുന്നുകൾ, ഔഷധസസ്യങ്ങളിൽ നിന്നു തയാറാക്കുന്ന മരുന്നുകൾ... എല്ലാത്തരം മരുന്നുകളും മദ്യവുമായി വ്യത്യസ്ത രീതികളിൽ പ്രതിപ്രവർത്തിക്കുന്നു. ഫലമോ, മരുന്നുകളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. അത്തരം മാറ്റങ്ങൾ ആരോഗ്യജീവിതത്തിനു ദോഷകരമാകുന്നു.

ഉദാഹരണത്തിന്, പരക്കെ ഉപയോഗിക്കപ്പെടുന്ന പാരാസെറ്റമോൾ കരളിന്റെ ആരോഗ്യത്തിന് ദോഷകരമാണ് എന്നത് ഏവർക്കും അറിയാവുന്ന വസ്തുതയാണ്. മദ്യപാനം പാരാസെറ്റമോളിനെ കൂടുതൽ അപകടകാരിയാക്കുന്നു. അഥവാ, മദ്യത്തിന്റെ സാന്നിധ്യത്തിൽ പാരാസെറ്റമോൾ കരളിൽ
ചെലുത്തുന്ന ദോഷം കൂടുന്നു.

അതുപോലെതന്നെ, ഓപ്പിയേറ്റ് കലർന്ന മരുന്നുകൾ കഠിനമായ വേദനകളിൽ നിന്ന് ആശ്വാസം നല്കുന്നതിന് ഡോക്ടർമാർ പലപ്പോഴും നിർദേശിക്കാറുണ്ട്. ഇത്തരം മരുന്നുകളുടെ സെഡേറ്റിംഗ് ഇഫക്ട് മദ്യത്തിന്റെ സാന്നിധ്യത്തിൽ കൂടുന്നു. മദ്യത്തിന്റെ സാന്നിധ്യത്തിൽ ആസ്പിരിൻ ആമാശയത്തിൽ അസ്വസ്‌ഥതകൾക്ക് ഇടയാക്കുന്നു.

അമിതമദ്യപാനം കരളിലെ ചില എൻസൈമുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. നാം കഴിക്കുന്ന മരുന്നുകളുടെ വിഘടനം സാധ്യമാക്കുന്ന എൻസൈമുകളും ഇക്കൂട്ടത്തിലുണ്ട്. ഫലമോ മരുന്നുകൾ സാധാരണയിലും വേഗത്തിൽ വിഘടിക്കപ്പെടുന്നു. ഇതു മരുന്നുകളുടെ ഫലപ്രാപ്തികുറയുന്നതിന് ഇടയാക്കുന്നു. ബെൻസോ ഡയാസെപിൻസ്, ഓപ്പിയേറ്റ്സ്, പാരാസെറ്റമോൾ, ആന്റിഡിപ്രസന്റ്സ്, ആന്റിബയോട്ടിക്കുകൾ, ആന്റിഹിസ്റ്റാമീൻസ്, ആന്റി – ഇൻഫ്ളമേറ്ററി ഡ്രഗ്സ്, ഹൈപ്പോഗ്ലൈസെമിക് ഏജന്റ്സ്, വാർഫാറിൻ, ബാർബിറ്റ്യുറേറ്റ്സ് തുടങ്ങിയവയുമായും ഹൃദയരോഗങ്ങൾക്കുളള ചില മരുന്നുകളുമായും ആൽക്കഹോൾ പ്രതിപ്രവർത്തിക്കുന്നു. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർ മദ്യപാനം

നിർത്തുന്നതാണ് ആരോഗ്യകരം. ആൽക്കഹോൾ മരുന്നുകളുമായി പ്രതിപ്രവർത്തിക്കുമോ, അതുയർത്തുന്ന അപകടം... ഇത്തരം സംശയങ്ങൾക്കു ഡോക്ടറുടെ ഉപദേശം തേടുന്നതും ഉചിതം. ഇത്തരം മരുന്നുകൾ മദ്യവുമായി പ്രതിപ്രവർത്തിക്കുമെന്നതിനാൽ അവ ഉപയോഗിക്കുന്ന മദ്യപർ ഡ്രൈവിംഗിൽ ഏർപ്പെടുമ്പോഴും സങ്കീർണമായ മെഷീനുകൾ പ്രവർത്തിപ്പിക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തണം.

മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന മദ്യപാനികൾക്കും അപകടസാധ്യതയേറെയാണ്. സെഡേറ്റീവ്സ്(ഉത്കണ്ഠയും മാനസികവിക്ഷോഭവും കുറച്ച് മനസിനെ ശാന്തമാക്കുന്ന തരം മരുന്നാണ് സെഡേറ്റീവ്) വിഭാഗത്തിലുളള മരുന്നുകൾ കഴിക്കുന്നവർ അതിനൊപ്പം മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുമ്പോൾ സെഡേഷൻ ഇഫക്റ്റ്(മയക്കം) വർധിക്കുന്നു; പ്രത്യേകിച്ചും വാഹനമമോടിക്കുമ്പോൾ, ഇത് അപകടസാധ്യത ക്ഷണിച്ചുവരുത്തും.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്