രക്‌തശുദ്ധിക്കു മുരിങ്ങയില
Tuesday, August 2, 2016 4:12 AM IST
മുരിങ്ങയില ശീലമാക്കിയാൽ ബിപി നിയന്ത്രിച്ചു നിർത്താം. ഉത്കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവർക്കു രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീർക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്.

മുരിങ്ങയില ജ്യൂസും കാരറ്റ് ജ്യൂസും ചേർത്തു കഴിച്ചാൽ ഡൈയൂറിറ്റിക് ആയി പ്രവർത്തിക്കുമത്രേ...പ്രത്യേകിച്ചു മുരിങ്ങയുടെ പൂവിനാണ് ഈ ഗുണം കൂടുതൽ. മൂത്രത്തിന്റെ അളവു കൂട്ടുന്ന മരുന്നോ മറ്റു പദാർഥങ്ങളോ ആണ് ഡൈയൂറിറ്റിക്...

മുറിവുകളോ അസുഖങ്ങളോ മൂലം ശരീരഭാഗങ്ങളിൽ നീരോ വെള്ളക്കെട്ടോ ഉള്ളവർ മുരിങ്ങയില കഴിച്ചാൽ അതു കുറയുമത്രേ.

മുരിങ്ങയുടെ പൂവിന് ആന്റി ബയോട്ടിക് ഗുണവുമുണ്ട്. മുരിങ്ങയുടെ പൂവ് തോരൻ വയ്ക്കാം. സാലഡിൽ ചേർക്കാം. മറ്റു തോരനുകൾക്കൊപ്പവും ചേർക്കാം.

മുരിങ്ങയിലയിൽ നാരുകൾ കൂട്ടത്തോടെയാണു വാസം. മലബന്ധം കുറയ്ക്കുന്നതിനു നാരുകൾ സഹായകം. അതായതു മുരിങ്ങയിലവിഭവങ്ങൾ ആമാശയത്തിന്റെ ആരോഗ്യത്തിനു മൊത്തത്തിൽ ഗുണപ്രദം.

പാലൂട്ടുന്ന അമ്മമാർ മുരിങ്ങയില തീർച്ചയായും കഴിക്കണം. മുലപ്പാലിന്റെ അളവു

കൂട്ടാൻ മുരിങ്ങയിലയ്ക്കു കഴിവുണ്ടത്രേ. മുരിങ്ങയില ഉപ്പുവെളളത്തിൽ തിളപ്പിച്ചശേഷം വെളളം നീക്കിക്കളയുക. ഇതിൽ നെയ് ചേർത്തു കഴിച്ചാൽ മുലപ്പാലിന്റെ അളവു കൂടുമത്രേ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷമുളള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും. അതുപോലെ തന്നെ വിളർച്ചയുള്ള അമ്മമാരും മുരിങ്ങയില കഴിക്കണം. ഇരുമ്പിന്റെ കലവറയാണു മുരിങ്ങയില. പല്ലിന്റെയും എല്ലിന്റെയും കരുത്തിന് അതിലുളള കാൽസ്യവും മറ്റുപോഷകങ്ങളും ഗുണപ്രദം. രക്‌തശുദ്ധിക്ക് ഇത്രത്തോളം മറ്റൊന്നുമില്ല.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്