മദ്യപാനവും പുകവലിയും സോറിയാസിസിന്റെ ശത്രുക്കൾ
Tuesday, August 9, 2016 3:25 AM IST
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടുശതമാനംപേരെ ബാധിക്കുന്ന ഒരു രോഗമാണ് സോറയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് സോറിയാസിസ് എന്ന വാക്ക് ഉണ്ടായത്. പുരാതനകാലം മുതൽക്കുതന്നെ ഭൂമുഖത്ത് ഈ രോഗം ഉണ്ടായിരുന്നുവത്രേ.

<യ> കെരാറ്റിനൈസേഷൻ

നമ്മുടെ ചർമത്തിൽ നടക്കുന്ന ‘കെരാറ്റിനൈസേഷൻ’ എന്ന പ്രക്രിയയിൽ സംഭവിക്കുന്ന ചില വ്യതിയാനങ്ങളാണ് സോറിയാസിസിനു കാരണം. ചർമത്തിന്റെ ഏറ്റവും ഉപരിതലത്തിൽ കാണുന്ന കുറച്ച് പാതികോശങ്ങൾ മൃതാവസ്‌ഥയിലാണുള്ളത്. ഇതിനെ സ്ട്രാറ്റം കോർണിയം എന്നു വിളിക്കുന്നു. എപ്പിഡെർമിസിന്റെ ഏറ്റവും താഴെ സ്‌ഥിതിചെയ്യുന്ന വളരെ വേഗം വിഭജിക്കുന്ന കോശങ്ങൾക്ക് ചില രൂപമാറ്റങ്ങൾ സംഭവിച്ചാണ് ഈ മൃതകോശങ്ങൾ ഉണ്ടാകുന്നത്. ഇതൊരു സങ്കീർണമായ പ്രക്രിയയാണ്. ഈ പ്രക്രിയയിൽ നമ്മുടെ ചർമത്തിലെ പ്രധാന മാംസ്യങ്ങളിലൊന്നായ കെരാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇതിനെ കെരാറ്റിനൈസേഷൻ എന്നു വിളിക്കുന്നത്. സാധാരണയായി ഇതിന് രണ്ടാഴ്ച സമയമെടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ചുരുങ്ങിയ ദിവസങ്ങൾക്കകം ഈ പ്രക്രിയ പൂർണമാകുന്നു. തത്ഫലമായി ചർമോപരിതലത്തിൽ മൃതകോശങ്ങൾ കട്ടിപിടിച്ചു കിടക്കുന്നു. ഇത് ചർമോപരിതലത്തിൽ ശൽക്കങ്ങളായി കാണപ്പെടുന്നു. ചർമത്തിലുള്ള രക്‌തക്കുഴലുകൾ വികസിക്കുകയും ന്യൂട്രോഫില്ലുകൾ ചർമത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധത്തിന് പ്രധാന പങ്കുവഹിക്കുന്ന കോശങ്ങളാണ് ടി ലിംഫോസൈമുകൾ. ഇവ രക്‌തക്കുഴലിൽനിന്നു ചർമത്തിൽ പ്രവേശിക്കുകയും അവയ്ക്ക് ഉത്തേജനം സംഭവിക്കുകയും ചെയ്യുന്നു. ഇവ ചില പ്രത്യേകതരം രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇവയാണ് സോറിയാസിസ് രോഗം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

<യ> ജനിതക കാരണങ്ങൾ

ജനിതകപരമായ കാരണങ്ങൾകൊണ്ട് ഈ രോഗം ഉണ്ടാകാം. അച്ഛനോ അമ്മയ്ക്കോ ഈ രോഗം ഉണ്ടായാൽ മക്കൾക്കും രോഗമുണ്ടാകാനുള്ള സാധ്യത 14 ശതമാനം വരും. എന്നാൽ രണ്ടുപേർക്കും രോഗമുണ്ടായാൽ മക്കളിൽ രോഗം വരാനുള്ള സാധ്യത 40 ശതമാനത്തോളമാണ്. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഈ രോഗം വരാം. ഞാൻ നേരത്തേ സൂചിപ്പിച്ച ഉത്തേജിപ്പിക്കപ്പെട്ട ടി ലിംഫോസൈറ്റുകൾ മൃഗങ്ങളിൽ കുത്തിവച്ചാൽ അവരിൽ ഈ രോഗം കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.


<യ> മാനസിക സമ്മർദം

രോഗം വരാനുള്ള മറ്റൊരു പ്രധാന കാരണം പല തരത്തിലുള്ള മാനസിക സമ്മർദമാണ്. അത് വ്യക്‌തിപരമോ കുടുംബപരമോ സാമൂഹികപരമോ ആയ വിഷയങ്ങളാവാം. മാനസികസമ്മർദം ഉണ്ടാകുമ്പോൾ രോഗം പ്രത്യക്ഷപ്പെടുകയോ അധികരിക്കുകയോ ചെയ്യാം. സമ്മർദം ലഘൂകരിക്കപ്പെട്ടാൽ അസുഖം ഭേദമാവുകയോ ലക്ഷണങ്ങൾ കുറയുകയോ ചെയ്യാം.

<യ> ചികിത്സാപിഴവല്ല..

ചില ഔഷധങ്ങൾ (വേദനസംഹാരികൾ, വിഷാദരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, രക്‌തസമ്മർദം നിയന്ത്രിക്കാനുപയോഗിക്കുന്നവ, മലേറിയ്ക്കെതിരേ ഉപയോഗിക്കുന്നവ) സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ വർധിപ്പിക്കാനോ കാരണമാകുന്നു. ഈ മരുന്നുകൾ ഞാൻ നേരത്തേ സൂചിപ്പിച്ച പ്രക്രിയയ്ക്ക് ആക്കംകൂട്ടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അല്ലാതെ ഡോക്ടറുടെ ചികിത്സാപ്പിഴവു മൂലമല്ല രോഗം വന്നത് എന്നോർക്കുക. ശരീരത്തിലുണ്ടാകുന്ന മുറിവുകൾ, ശസ്ത്രക്രിയയുടെ കലകൾ, കൊതുകുകടിയേറ്റ ഭാഗം, കുത്തിവയ്ക്കുന്ന ഭാഗം എന്നിവയിൽ സോറിയായിസ് വരാം. അതുപോലെ ഉള്ള രോഗം അധികരിക്കാനും ഇവ കാരണമാകാം. മുറിവിനു സമാന്തരമായി പാടുകൾ പിന്നീട് പ്രത്യക്ഷപ്പെടാം. ഇതും ചിലപ്പോൾ ചികിത്സാപ്പിഴവായി വ്യാഖ്യാനിക്കപ്പെടാം.
ഗർഭകാലത്ത് ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ടേക്കാം. സോറിയാസിസ് ഉള്ള രോഗി ഗർഭിണിയാകുമ്പോൾ രോഗം അധികമാവാനും സാധ്യതയുണ്ട്. മദ്യപാനവും പുകവലിയും ഈ രോഗത്തിന്റെ ശത്രുക്കളാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. (തുടരും)

<യ> ഡോ.പി.ജയേഷ്
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,കണ്ണൂർ