സോറിയാസിസ്: ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം
Saturday, August 13, 2016 4:38 AM IST
ചികിത്സ
ചർമത്തിന് എണ്ണമയം പ്രദാനം ചെയ്യുന്ന ലേപനങ്ങൾ ആവശ്യത്തിന് പുരട്ടേണ്ടിവരും. ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ചർമകോശങ്ങൾ ഇത്തരം ലേപനങ്ങൾ പുരട്ടുമ്പോൾ പരസ്പരം ഒട്ടിനിൽക്കുന്നതിനു കാരണമാകുന്നു. ഇതുമൂലം നേരത്തേ സൂചിപ്പിച്ച വേഗത്തിൽ നടക്കുന്ന കെരാറ്റിനൈസേഷൻ മന്ദഗതിയിലാകാൻ സഹായിക്കും. ഇവ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക. ശരീരത്തിൽ എപ്പോഴും എണ്ണമയം നിലനിർത്താൻപാകത്തിൽ ഉപയോഗിക്കുക. എണ്ണ ശരീരത്തിൽനിന്ന് ഒലിച്ചിറങ്ങാൻ പാകത്തിൽ പുരട്ടിയാൽ നമ്മുടെ രോമക്കുഴികൾ നിറഞ്ഞ് അവിടെ തടസം സൃഷ്ടിക്കുകയും അവിടങ്ങളിൽ അണുബാധയുണ്ടാവുകയും ചെയ്യുമെന്ന് ഓർക്കുക. അമിതമായാൽ അമൃതും വിഷമെന്നത് എത്രമാത്രം ശരിയാണെന്ന് മനസിലായിക്കാണുമല്ലോ.

ചൊറിച്ചിൽ അനുഭവപ്പെടുന്നവർ ആന്റിഗിസ്റ്റമിനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള കുളി നല്ലതാണ്. പുറമേ ചുരുങ്ങാനുള്ള സ്റ്റിറോയ്ഡ് ലേപനങ്ങൾ മാതമായി ഉപയോഗിക്കാവുന്നതാണ്. ഗാഢത, തന്മാത്ര എന്നിവയ്ക്കനുസരിച്ച് പലതരം സ്്റ്റിറോയ്ഡ് ലേപനങ്ങൾ വിപണിയിലുണ്ട്. ആയതിനാൽ വിളമ്പുന്നത് പാത്രമറിഞ്ഞാവുന്നതാണ് ഉചിതം.

തൊലിപ്പുറത്തുള്ള ചികിത്സ ഗുണംചെയ്യാത്തവർ, ഇരുപതു ശതമാനത്തിലധികം ശരീരം ചർമങ്ങളിൽ അസുഖം ബാധിച്ചവർ, എറിത്രോഡെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, സോറിയാറ്റിക് ആർത്രോപതി ബാധിച്ചവർ തുടങ്ങിയവർക്ക് ഉള്ളിൽ മരുന്ന് കഴിക്കേണ്ടിവരും. റെറ്റിനോയിഡുകൾ, മീത്രോട്രെക്സേറ്റ്, സൈക്ലോസ്പോറിൻ എന്നിവ ഇവയിൽ ചിലതാണ്. കൃത്യമായ ഇടവേളകളിൽ രോഗപരിശോധനയോടൊപ്പം രക്‌തപരിശോധന, എക്സ്–റേ പരിശോധന എന്നിവയും ഇത്തരക്കാർക്ക് വേണ്ടിവരും.


ബയോളജിക്കൽസ് എന്ന കുത്തിവയ്പിലൂടെ നൽകാവുന്ന മരുന്നുകളും വിപണിയിൽ ലഭ്യമാണ്. കേരളത്തിൽ വൻകിട നഗരങ്ങളിൽ മാത്രമേ ലഭിക്കൂ എന്നുള്ളതും വളരെ കൂടുതലാണ് വില എന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത. നല്ല ഗുണം ലഭിക്കാൻ ഇവയെ ആശ്രയിക്കുന്നവരും വിരളമല്ല.

ഒമേഗ 3 ഫാറ്റി അമ്ലങ്ങൾ അടങ്ങിയ മത്സ്യങ്ങളായ മത്തി, അയല, നത്തോലി പോലുള്ളവ നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകതരം മുറിക്കകത്ത് പ്രത്യേകതരം തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് ബി കിരണങ്ങൾ ചർമത്തിൽ പതിപ്പിച്ചും ഈ രോഗം ചികിത്സിക്കുന്നുണ്ട്. ഈ പ്രത്യേകതരം ചേംബറിന് ലക്ഷങ്ങൾ വിലവരും. സൊറീലിയ കൊറീലി ഫോളിയ എന്ന സസ്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന സൊറാലൻ എന്ന മരുന്ന് ഗുളികകളായോ ലേപനങ്ങളായോ ഉപയോഗിച്ച് വെയിൽകൊള്ളുന്ന പുവ തെറാപ്പി, കോൾട്ടാർ ലേപനങ്ങൾ ചേർന്ന വെള്ളത്തിൽ കുളിക്കുന്ന കോൾട്ടാർ ബാത്ത് തെറാപ്പി എന്നിവയും സോറിയാസിസ് ചികിത്സയായി വിധിക്കാറുണ്ട്.

കൃത്യമായ രീതിയിൽ ഡോക്ടർ നിർദേശിക്കുന്ന കാലമത്രയും മരുന്ന് ഉപയോഗിക്കുകയും ശരിയായ ജീവിതരീതി പിന്തുടരുകയും ചെയ്താൽ സോറിയാസിസിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്ന കാര്യത്തിൽ തർക്കം വേണ്ടാ.

<യ> ഡോ.പി.ജയേഷ്
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ.