അടുക്കളയിൽ ഉപയോഗിക്കുന്നതെല്ലാം ഔഷധഗുണമുള്ളവ
Saturday, August 13, 2016 4:39 AM IST
ഒരു വീടിനെ സംബന്ധിച്ച് അടുക്കളയാവണം ആശുപത്രി. അടുക്കള കൈകാര്യം ചെയ്യുന്ന വീട്ടമ്മയാകണം ഡോക്ടർ. പണ്ടുകാലത്ത് ഇങ്ങനെയായിരുന്നു കുടുംബങ്ങൾ. അതുകൊണ്ടുതന്നെ മുൻതലമുറയ്ക്ക് രോഗങ്ങളും കുറവായിരുന്നു. സ്വന്തം കുടുംബാംഗങ്ങളുടെ ശാരീരികപ്രവർത്തനങ്ങൾ മനസിലാക്കി അതിനനുസരിച്ച് ചെറിയ ചെറിയ മരുന്നുകൾ കൊടുക്കാൻ പഴയ മുത്തശിമാർ സമർഥരായിരുന്നു. ഒരു കംപ്യൂട്ടർ ഹാർഡ് ഡിസ്ക്പോലെയായിരുന്നു അവരുടെ തലച്ചോറ്. പനിയുണ്ടെങ്കിൽ അതിനോടനുബന്ധിച്ച് ഏതൊക്കെ അസുഖമുണ്ട് എന്നു മനസിലാക്കി അതിനനുസരിച്ച് ഔഷധങ്ങൾ അവർ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്നു.

ഔഷധം മാത്രമല്ല ഭർത്താവിന്റെ ശാരീരിക മാനസികാരോഗ്യത്തിലും മകന്റെയും മകളുടെയും ആരോഗ്യത്തിലും അവർക്കു പ്രത്യേകം കരുതലുണ്ടായിരുന്നു. അസുഖങ്ങൾ ഉണ്ടായാൽ ആദ്യം പനി വരുമെന്നും അത് ദഹനത്തിന് തകരാറു വന്നതുകൊണ്ടാണെന്നും മനസിലാക്കിയിരുന്നു. അടുക്കളയിലെ അടുപ്പിലുള്ളതുപോലെ ഒരു അഗ്നിയാണ് വയറ്റിലുള്ളതെന്നും അതു കുറഞ്ഞാൽ ദഹനം താമസിക്കുമെന്നും കൂടിയാലും പ്രശ്നമാകുമെന്നും മനസിലാക്കിയിരുന്നു. ശരീരത്തിലെ ദഹനപ്രക്രിയ അവർ താരതമ്യം ചെയ്തിരുന്നത് അടുക്കളയോടായിരുന്നു. അതുകൊണ്ടുതന്നെ അടുക്കളയുടെ ശുചിത്വത്തിൽ അവർ പ്രാധാന്യം നൽകിയിരുന്നു. പിന്നീട് അതീവശ്രദ്ധയോടെ ശുചിയാക്കിയിരുന്നത് ശൗചാലയമായിരുന്നു. അവ കഴുകി വൃത്തിയാക്കിവയ്ക്കാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നീട് അവർ സൂക്ഷിച്ചത് അകത്തേക്കു വരുന്നവയെയാണ്. പച്ചക്കറികൾ, പഴങ്ങൾ, പാൽ, വെള്ളം ഇവയൊക്കെ അകത്തേക്കുവരുന്നവയാണ്. ഇവയും ശുദ്ധമായിരിക്കണം. ഇതിനൊപ്പം ഇവ അകത്തേക്കും പുറത്തേക്കും പോകുന്ന കവാടങ്ങളും ശുദ്ധമായിരിക്കണം. ഇന്ദ്രിയങ്ങൾ ശുദ്ധിയുള്ളതായിരിക്കണം എന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മകൾ എവിടെയാ നോക്കിനിൽക്കുന്നത്? മകനെങ്ങോട്ടാണു തിരിഞ്ഞത്? ആരോടാണു വർത്തമാനം പറയുന്നത്? വർത്തമാനം പറയുമ്പോൾ ആ നിൽക്കുന്നയാൾ എന്തെല്ലാം പറഞ്ഞ് അവൾ കേൾക്കും? അവളുടെ ചെവിയിലേക്ക് എന്തെല്ലാം വരും? ആരാണ് അവനെ തൊട്ടുകൊണ്ടിരിക്കുന്നത്? ആ സ്പർശം എങ്ങനെയാണ്? ആരുടെ മടിയിലാണ് തന്റെ കുട്ടി കയറിയിരിക്കുന്നത്? ഇതൊക്കെ അടുക്കളയിൽനിന്നുകൊണ്ട് ഒരമ്മ ശ്രദ്ധിക്കുമായിരുന്നു. ആരോഗ്യത്തിന് ഇതൊക്കെ വളരെ പ്രധാന കാര്യങ്ങളായി അവർ കണ്ടു. ഒരുവാക്കു മതി എന്റെ കുഞ്ഞിനെ നശിപ്പിക്കാനും തദ്വാരാ എന്റെ കുടുംബത്തെ ആകെ നശിപ്പിക്കാനും എന്റെ കുഞ്ഞിന്റെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കാനും... എന്നും അറിഞ്ഞിരുന്നു.


വേഗരോധം അഥവാ പ്രകൃതിദത്തമായ ആവശ്യങ്ങളെ (മലമൂത്രവിസർജനം, ഏമ്പക്കം, തുമ്മൽ തുടങ്ങിയവ) തടയൽ അല്ലെങ്കിൽ ബലപ്പെട്ടു പുറപ്പെടുവിക്കൽ രോഗകാരണമാണ് എന്ന് അവർ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ പിറകെ അവരുണ്ടായിരുന്നു. കുട്ടി മുക്കി മലമൂത്രവിസർജനം ചെയ്യുന്നു എന്നു കണ്ടാൽ അതിൽ ഇടപെടുമായിരുന്നു. സൂര്യപ്രകാശം ഏൽക്കാത്ത കുട്ടിയുടെ ഭാഗങ്ങൾ പ്രത്യേകിച്ചു ഗുഹ്യഭാഗങ്ങൾ അതീവ ശുചിയാക്കി വയ്ക്കുന്നതിനു കുട്ടിക്കാലത്തുതന്നെ അമ്മമാർ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

അടുക്കളയിൽ നാം ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാംതന്നെ ഔഷധഗുണമുള്ളവയാണ്. ഇഞ്ചി, കടുക്, കറിവേപ്പില, വെളുത്തുള്ളി, കായം എന്നു തുടങ്ങി എല്ലാത്തിനും ഏതെങ്കിലും ഒരു ഔഷധഗുണമുണ്ട്. കറിവേപ്പിലയെ നോക്കൂ. കറിവേപ്പിലയുടെ ഇല മലബന്ധം മാറ്റി മലശോധനയുണ്ടാക്കുമെങ്കിൽ കറിവേപ്പില തണ്ട് വയറിളക്കം മാറ്റും. ഉദരരോഗങ്ങൾക്ക് കൈക്കൊണ്ട ഔഷധമാണ് കറിവേപ്പില. കുടുംബാംഗങ്ങൾക്ക് ദഹനക്കേടുണ്ടാകുമ്പോൾ അത് എന്തുമൂലം ഉണ്ടായതാണ് എന്നു നോക്കി അവർ അടുക്കളയിലെ സാധനങ്ങൾ നൽകിയിരുന്നു. ചക്ക തിന്നുന്നതുമൂലം ഉണ്ടാകുന്ന ദഹനക്കേടിന് മരുന്ന് ചുക്ക് ആണ് എന്നും മാങ്ങ തിന്നുന്നതുമൂലമുണ്ടാകുന്ന ദഹനക്കേടിന് മരുന്ന് കല്ലുപ്പാണ് എന്നും അവർ മനസിലാക്കിയിരുന്നു. പ്രമേഹം വരാതിരിക്കാനും ഉള്ളവർക്കു കുറയാനും നല്ലതാണ് മോര്. കറിവേപ്പിലയും ഇഞ്ചിയും ചേർത്തുണ്ടാക്കിയ സംഭാരം ആരോഗ്യദായകമാണ്. പനിക്കോള് കണ്ടാൽ ഉടൻ ചുക്കും കുരുമുളകും തുളസിയും കരിപ്പെട്ടിയും ചേർത്ത് ഒരു കാപ്പി ഉണ്ടാക്കി നൽകുമായിരുന്നു. ചൂടോടെ ഇതു കുടിക്കുന്നയാൾ വിയർത്തുതുടങ്ങും. അങ്ങനെ എത്രയെത്ര ഔഷധങ്ങൾ...

<യ> ഡോ.രാമകൃഷ്ണൻ ദ്വരസ്വാമി
ചീഫ് ഫിസിഷ്യൻ, ചിരായു ആയുർവേദ സ്പെഷാലിറ്റി ക്ലിനിക്, കുടയംപടി, കോട്ടയം.