ജ്യൂസ് തയാറാക്കാം; ശുദ്ധമായി
Tuesday, August 23, 2016 3:32 AM IST
ചിലയിടങ്ങളിലെ ജ്യൂസ് കഴിച്ചശേഷം ഭക്ഷ്യവിഷബാധയുണ്ടാകുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ജ്യൂസ് കടകൾ നടത്തുന്നവർ ചില നിബന്ധനകൾ പാലിക്കണമെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഉളള സ്‌ഥാപനത്തിനു മാത്രമേ ജ്യൂസ് വിൽക്കാൻ അനുവാദമുളളൂ. ഇതു സംബന്ധിച്ച രേഖ സ്‌ഥാപനത്തിൽ എല്ലാവർക്കും കാണാവുന്ന സ്‌ഥലത്തു പ്രദർശിപ്പിക്കണം. ഗുണനിലവാരമില്ലാത്ത വെളളവും ഐസും കാലാവധി കഴിഞ്ഞ പാലും മറ്റും ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി വിൽപ്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന വെളളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരമുളളതും സുരക്ഷിതവും ആയിരിക്കണം. ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് ഉൾപ്പെടെയുളള ഭക്ഷ്യ ഉത്പന്നങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഉളള സ്‌ഥാപനത്തിൽ നിന്നു മാത്രമേ വാങ്ങാവൂ. അവയുടെ ബില്ലുകൾ സൂക്ഷിക്കണം. വാങ്ങുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിൽ നിയമാനുസരണം ലേബൽ ഉണ്ടായിരിക്കണം. അതു സംബന്ധിച്ച തീയതി, സാധനം വിറ്റ ആളിന്റെ/സ്‌ഥാപനത്തിന്റെ പേര്, അളവ്, വില എന്നിവ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ശുദ്ധമായ സ്രോതസിൽ നിന്നായിരിക്കണം ജ്യൂസ് തയാറാക്കുന്നതിനു വെളളം ശേഖരിക്കേണ്ടത്. ഇത് ആറു മാസത്തിലൊരിക്കൽ വകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബുകളിൽ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പാക്കി റിപ്പോർട്ട് കടയിൽ സൂക്ഷിക്കണം. വെളളം ഉൾപ്പെടെ സ്‌ഥാപനത്തിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കൃത്യമായ അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ സൂക്ഷിക്കണം. ഇത് എല്ലായ്പ്പോഴും അടച്ചുസൂക്ഷിക്കണം.

പഴകിയതോ കേടായതോ പൂപ്പൽ വന്നതോ ആയ പഴങ്ങൾ ജ്യൂസിന് ഉപയോഗിക്കരുത്. കീടബാധയേറ്റ പഴങ്ങളും നട്സും ജ്യൂസിൽ ഉപയോഗിക്കരുത്. ജ്യൂസിനായി വാങ്ങുന്ന പഴങ്ങൾ നന്നായി കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഐസ് സൂക്ഷിക്കുന്നതിനു തെർമോകോൾ ഉപയോഗിക്കരുത്. ഫ്രീസറിലോ വൃത്തിയുള്ള പാത്രങ്ങളിലോ ഐസ് ബോക്സിലോ അടച്ചു സൂക്ഷിക്കേണ്ടതാണ്. മുറിച്ച പഴങ്ങളും ജ്യൂസും അധികനേരം ഫ്രീസറിൽ വയ്ക്കരുത്. അവ അടപ്പുളള ഫുഡ് ഗ്രേഡ് പാത്രങ്ങളിൽ വയ്ക്കണം. ആ ഫ്രീസറിൽ മറ്റൊന്നും സൂക്ഷിക്കാൻ പാടില്ല. പാക്കറ്റ് പാൽ ഫ്രീസറിൽ വച്ച് കട്ടിയാക്കികാലാവധി കഴിഞ്ഞും ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കരുത്. വകുപ്പ് നിരോധിച്ചിട്ടുളളതും നിലവാരം കുറഞ്ഞതുമായ പാൽ ഉപയോഗിക്കരുത്.


ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണം. അവർക്കു മികച്ച ശുചിത്വശീലങ്ങൾ ഉണ്ടായിരിക്കണം. ചർമരോഗം ഉളളവരെയും പകർച്ചവ്യാധി ഉളളവരെയും ജോലിക്ക് നിർത്തരുത്. സ്‌ഥാപനത്തിന്റെ ഉൾവശവും പരിസരവും മാലിന്യങ്ങളില്ലാത്തതും വൃത്തിയുളളതും ആയിരിക്കണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പരിസരവും വൃത്തിയുളളതായിരിക്കണം. വൃത്തിയുളള കത്തി ഉപയോഗിച്ചുവേണം പഴങ്ങൾ മുറിക്കാൻ. സ്‌ഥാപനത്തിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അടപ്പുളള പാത്രങ്ങളിൽ ശേഖരിച്ചുവച്ച് കൃത്യസമയത്ത് നീക്കംചെയ്യണം

മലിനജലം പരിസരമലിനീകരണമുണ്ടാകാതെ നീക്കം ചെയ്യണം. ജ്യൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന മിക്സി, ജ്യൂസർ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ഓരോ ഉപയോഗത്തിനുശേഷവും ബൗളും ബ്ലേഡും ഉൾപ്പെടെ കഴുകി വൃത്തിയാക്കേണ്ടതുമാണ്. റഫ്രിജറേറ്റർ, ഫ്രീസർ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. ഈ വിവരങ്ങൾ ഒരു ചാർട്ട് രൂപത്തിൽ ഫ്രിഡ്ജിൽ പ്രദർശിപ്പിക്കണം.
പല്ലി, പാറ്റ മറ്റു ക്ഷുദ്രജീവികൾ എന്നിവ കയറാത്തവിധം അടച്ചുറപ്പുളളതായിരിക്കണം സ്‌ഥാപനം. എല്ലാ ഭക്ഷ്യവസ്തുക്കളും അടച്ചുസൂക്ഷിക്കണം.

ജ്യൂസ് ഉണ്ടാക്കുന്ന സ്‌ഥലം സ്റ്റെയിൻലെസ് സ്റ്റീൽ, മാർബിൾ തുടങ്ങിയ ജലം ആഗിരണം ചെയ്യാത്ത വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചതായിരിക്കണം. വകുപ്പു പരിശോധനയിൽ ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
കടപ്പാട്: ഭക്ഷ്യസുരക്ഷാ വകുപ്പ്.