കണ്ണിന്റെ പ്രശ്നങ്ങൾ അവഗണിക്കരുത്
Saturday, August 27, 2016 5:25 AM IST
ദ്രവം നിറഞ്ഞ ഒരു ചെറിയ ഗോളമാണ് കണ്ണ്. ശക്‌തമായ സമ്മർദമുണ്ടായാൽ നേത്രഗോളം പൊട്ടാൻ സാധ്യതയുണ്ട്. സാധാരണയായി കണ്ണിനുനേർക്ക് ഏതെങ്കിലും ഒരു വസ്തു പാഞ്ഞുവന്നാൽ നമ്മൾ പെട്ടെന്നു കണ്ണുകളടയ്ക്കും. ഇമകൾ ഒരു പരിധിവരെ കണ്ണുകൾക്കു സംരക്ഷണം നല്കുന്നുണ്ട്. എങ്കിലും പലപ്പോഴും അപകടങ്ങളിൽ കണ്ണുകൾക്കു പരിക്കേൽക്കാറുണ്ട്.

കണ്ണുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുദ്ധജലത്തിൽ സോപ്പുപയോഗിച്ചു മുഖം കഴുകി വൃത്തിയായി സൂക്ഷിക്കണം. കണ്ണിനെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങളും വിഷമതകളും അവഗണിക്കരുത്. കാഴ്ചക്കുറവ്, ചൊറിച്ചിൽ, ചുവപ്പ്, പീളകെട്ടൽ എന്നിവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു നേത്രരോഗവിദഗ്ധനെ കാണിച്ച് ഉപദേശം തേടണം

കണ്ണുകളിൽ പൊടി, അശുദ്ധജലം, ലായനികൾ എന്നിവ വീഴാതെ സൂക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടു വെൽഡിംഗ്, സൂര്യഗ്രഹണം എന്നിവ കാണരുത്.

കുട്ടികൾക്കു കോങ്കണ്ണ് ഉണ്ടെന്നു സംശയമുണ്ടെങ്കിൽ ഒട്ടും വൈകാതെ നേത്രരോഗവിദഗ്ധനെ കാണിച്ച് പരിശോധന നടത്തണം. കോങ്കണ്ണിനു നേരത്തേ വേണ്ടത്ര ചികിത്സ കൊടുത്തില്ലെങ്കിൽ കാഴ്ച മങ്ങാൻ സാധ്യതയുണ്ട്.

<യ> കണ്ണിൽ പൊടി, ആസിഡ്, കറ വീണാൽ

സാധാരണയായി കണ്ണിനു നേരേ ഏതെങ്കിലും വസ്തു പാഞ്ഞുവന്നാൽ ഇടമകൾ അടയും. ഒരു പരിധിവരെ മറ്റു വസ്തുക്കൾ കണ്ണിൽ വീഴാതിരിക്കാൻ ഇതു സഹായിക്കും. അഥവാ കണ്ണിൽ പൊടിവീണാൽ രണ്ടു വിരലുകൾ കൊണ്ടു കണ്ണു തുറന്നുപിടിച്ച് ധാരാളം വെളളമൊഴിച്ചു കണ്ണു കഴുകണം. ആസിഡ്, ആൽക്കലി പോലെയുളളവ കണ്ണിൽ തെറിച്ചാൽ ഒരു പരന്ന പാത്രത്തിൽ ശുദ്ധജലമെടുത്ത് കണ്ണ് തുറന്നുപിടിച്ച് അതിൽ കഴുകണം. അതിനുശേഷം പ്രയാസം അനുഭവപ്പെട്ടാൽ ഡോക്ടറെ കാണേണ്ടതാണ്. ചെടികൾ വെട്ടുമ്പോൾ അതിന്റെ കറ കണ്ണിൽ വീഴാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കണ്ണുകൾ ശുദ്ധജലത്തിൽ നല്ലതുപോലെ കഴുകണം, പിന്നീടു വിദഗ്ധാഭിപ്രായം തേടണം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.

ശക്‌തമായ വെയിലിൽ സൺഗ്ലാസ് കണ്ണുകൾക്കു സംരക്ഷണം നല്കുന്നു. വഴിയോരങ്ങളിൽ വിൽക്കപ്പെടുന്ന തീരെ വിലകുറഞ്ഞ സൺഗ്ലാസുകൾ വാങ്ങി ഉപയോഗിക്കരുത്. അംഗീകൃത ലെൻസ് ഷോപ്പുകളിൽ നിന്നു ഗുണനിലവാരമുളളവ തെരഞ്ഞെടുക്കണം. കണ്ണട കണ്ണിനു മുന്നിൽ പിടിച്ച് ഇരു വശങ്ങളിലേക്കും നീക്കി നോക്കുക. അതിലൂടെ കാണുന്ന വസ്്തുക്കൾക്കു രൂപവ്യത്യാസം വരുന്നില്ലെന്നു തീർച്ചപ്പെടുത്തണം. ചില്ലിനു നേരിയ വളവുണ്ടെങ്കിൽ കാണുന്ന വസ്തുക്കളുടെ രൂപത്തിൽ വ്യത്യാസം അനുഭവപ്പെടും. രൂപവ്യത്യാസം വരുന്നുണ്ടെങ്കിൽ ആ ചില്ലിനു നേരിയ തോതിലുളള പവർ ഉണ്ടെന്നു മനസിലാക്കാം. അത്തരം സൺഗ്ലാസുകളുടെ ഉപയോഗം കണ്ണിനു പ്രയാസങ്ങൾ ഉണ്ടാക്കും. ബ്രാൻഡഡ് കണ്ണടകൾ(ഞമശയമി, ജീഹശരല തുടങ്ങിയവ)ഉപയോഗിക്കുന്നതു നല്ലതാണ്. പക്ഷേ, വിലയും കൂടും. ലോംങ് സൈറ്റിനും ഷോർട്ട് സൈറ്റിനും ലെൻസുകൾ ഉപയോഗിക്കുന്നവർക്ക് അതു കളറിൽ ചെയ്തുകിട്ടും. അൾട്രാവയലറ്റ് രശ്മികളെ തടയുന്ന തരം സൺഗ്ലാസ് കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനു ഗുണപ്രദം


<യ> കുട്ടികൾക്കു വേണ്ടത് ഫൈബർ ഫ്രെയിം

കാഴ്ചക്കുറവ് അനുഭവപ്പെടുന്നുവെങ്കിൽ ഒരു നേത്രരോഗവിദഗ്ധനെത്തന്നെ ആദ്യം കാണണം. മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലെന്നു തീർച്ച വരുത്തണം. അതിനുശേഷം ഡോക്ടർ കുറിച്ചുതരുന്ന പ്രകാരമുളള കണ്ണട കണ്ണാടിക്കടയിൽ നിന്നു തന്നെ വാങ്ങണം. ആദ്യത്തെ നേത്രപരിശോധന ഒരു ഡോക്ടർ തന്നെ ചെയ്യണം.

കണ്ണാടിയുടെ ഫ്രേയിം തെരഞ്ഞെടുക്കുമ്പോൾ മുഖത്തിനു ചേർന്ന വിധത്തിലുളളതു തെരഞ്ഞെടുക്കണം. തീരെ ചെറുതോ വലുപ്പമേറിയതോ തെരഞ്ഞെടുക്കരുത്. കൃഷ്ണമണി ഫ്രേയിമിന്റെ നടുവിൽ വരും വിധത്തിൽ വേണം കണ്ണടയുടെ സ്‌ഥാനം. നല്ല ഗുണനിലവാരമുളള ലെൻസ് തെരഞ്ഞെടുക്കണം.

കളിക്കുമ്പോഴും മറ്റുമുണ്ടാകുന്ന വീഴ്ചയിൽ വീണ് ലോഹ ഫ്രെയിം ഒടിഞ്ഞു കണ്ണിൽ തറച്ച് അപകടങ്ങൾക്കു സാധ്യതയുണ്ട്. അതിനാൽ കുട്ടികൾക്കു ഫൈബറിന്റെ ഫ്രെയിം ആണ് ഉത്തമം.

വിവരങ്ങൾ: <യ> ഡോ.വർഗീസ് മാത്യു
അസിസ്റ്റന്റ് പ്രഫസർ. ഒഫ്ത്താൽമോളജി വിഭാഗം പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല ഫോൺ 9496570630.